ലൈംഗികത നിഷേധിച്ചാൽ ഭാര്യയെ തല്ലാമെന്ന് 25% മലയാളി പുരുഷൻമാർ, പരസ്ത്രീ ബന്ധവുമാവാം


നിലീന അത്തോളി

മലയാളി സ്ത്രീക്ക് ഭർത്താവിനെ പേടിയാണ്. 43 ശതമാനം സ്ത്രീകളും മിക്കവാറും സമയം ഭര്‍ത്താക്കന്‍മാരോട് പേടി തോന്നിയിട്ടുള്ളവരാണ്. 17 ശതമാനം സ്ത്രീകളും അവര്‍ക്ക് ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ പങ്കാളിയോട് പേടി തോന്നിയിട്ടുണ്ട്. 6.8 ശതമാനം സ്ത്രീകള്‍ മാത്രമാണ് ഒരിക്കലും ഭര്‍ത്താക്കന്‍മാരെ പേടിച്ചിട്ടില്ലെന്ന അഭിപ്രായപ്പെട്ടത്.

Representative image | MBI

ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ഭാര്യ നിഷേധിക്കുകയാണെങ്കില്‍ അവളോട് ദേഷ്യപ്പെടാമെന്നും അവളെ ശകാരിക്കാമെന്നും അഭിപ്രായപ്പെട്ട് നാലിലൊന്ന് മലയാളി പുരുഷൻമാർ. 24.6 ശതമാനം പുരുഷന്‍മാരാണ് ലൈംഗികത നിഷേധിക്കുന്ന ഭാര്യമാരെ തല്ലാമെന്ന അഭിപ്രായം മുന്നോട്ടുവെച്ചത്. ദേശീയ ആരോഗ്യ സർവേയിലാണ് (NFHS5) ഈ കണക്കുകളുള്ളത്. ലൈംഗിക ബന്ധം നിഷേധിക്കുകയാണെങ്കില്‍ ഭാര്യയ്ക്കുള്ള സാമ്പത്തിക സഹായം നിഷേധിക്കാമെന്ന് 11.9 പുരുഷന്‍മാരും അഭിപ്രായപ്പെട്ടു. ഭാര്യയ്ക്ക് ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ താത്പര്യമില്ലെങ്കില്‍ ബലം പ്രയോഗിച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെടാമെന്ന് 9.2 ശതമാനം പേരും ഭാര്യ ലൈംഗികത നിഷേധിക്കുകയാണെങ്കിൽ മറ്റൊരു സ്ത്രീയുമായി ലൈംഗിക ബന്ധം പുലര്‍ത്താമെന്നാണ് 13.4 ശതമാനം കേരളീയ പുരുഷന്‍മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഏറ്റവും പുതിയതായി പുറത്തിറങ്ങിയ 2019-20 NFHS 5 സര്‍വ്വേ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

പോസിറ്റീവായി പ്രതികരിച്ചവരാണ് ഭൂരിഭാഗവും

അതേസമയം ഭര്‍ത്താവുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ താത്പര്യമില്ലെങ്കില്‍ അത് പ്രകടിപ്പിക്കാനുള്ള അവകാശം സ്ത്രീകള്‍ക്കുണ്ടെന്ന് കേരളത്തിലെ 75 ശതമാനം പുരുഷന്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. 72 ശതമാനം സ്ത്രീകളും ഇതേ അഭിപ്രായം വെച്ചു പുലര്‍ത്തി. ഭാര്യ ലൈംഗിക ബന്ധം ചില സന്ദര്‍ഭങ്ങളില്‍ നിരാകരിക്കുകയാണെങ്കില്‍ അവളെ ചീത്തവിളിക്കാനോ, അവളോട് ദേഷ്യപ്പെടാനോ സാമ്പത്തിക സഹായം നിഷേധിക്കാനോ ലൈംഗികബന്ധത്തിന് അവളെ നിര്‍ബന്ധിക്കാനോ പാടില്ലെന്നാണ് കേരളത്തിലെ 69 ശതമാനം പുരുഷന്‍മാരും അഭിപ്രായപ്പെട്ടത്.

Violence

18നും 49നും വയസ്സിനിടയിലുള്ള കേരളത്തിലെ 11 ശതമാനം സ്ത്രീകള്‍ ഭര്‍ത്താവില്‍ നിന്ന് ശാരീരികമോ, മാനസികമോ, ലൈംഗികമോ ആയ പീഡനം നേരിട്ടവരാണ്. 10 ശതമാനം ശാരീരിക പീഡനവും 2 ശതമാനം ലൈംഗിക പീഡനവും ഭര്‍ത്താവില്‍ നിന്ന് നേരിട്ടിട്ടുണ്ട്. ഏഴ് ശതമാനം സ്ത്രീകള്‍ ഭര്‍ത്താവില്‍ നിന്ന് മാനസിക പീഡനവും നേരിടുന്നവരാണ്.

  • ഏതെങ്കിലും തരത്തിലുള്ള ലൈംഗിക പീഡനം ഭര്‍ത്താവില്‍ നിന്ന് നേരിട്ടവര്‍ - 2(1.5) ശതമാനം
  • ആഗ്രഹമില്ലാത്തപ്പോള്‍ ലൈംഗികബന്ധത്തിന് ബലപ്രയോഗം നടത്തിയവര്‍ - 1.3
  • ഇഷ്ടമില്ലാത്ത ലൈംഗിക കേളിക്ക് നിര്‍ബന്ധിതയാവര്‍ - 0.1
  • ഭീഷണിമുഴക്കിയോ മറ്റോ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കപ്പെട്ടവര്‍ - .7
helpline
ആരുമറിയാതെ പോകുന്ന അക്രമങ്ങള്‍

ശാരീരികമോ ലൈംഗികമോ ആയ അക്രമം ഏറ്റുവാങ്ങിയ സ്ത്രീകളില്‍ 57 ശതമാനവും ഈ വിഷയം ആരോടും പറഞ്ഞിട്ടുമില്ല സഹായവും തേടിയിട്ടില്ലെന്നാണ് കണക്കുകള്‍ പറയയുന്നത്. 19 ശതമാനം സഹായം തേടാത്തവരും പക്ഷെ അടുത്തറിയുന്നവരോട് അക്രമ വിവരം പറഞ്ഞവരുമാണ്. 23.8 ശതമാനം മാത്രമാണ് സഹായം തേടിയത്

എല്ലാ വിഭാഗം സ്ത്രീകളും പങ്കാളിയില്‍ നിന്നുള്ള പീഡനം ഏല്‍ക്കുന്നുണ്ടെങ്കിലും വിദ്യാഭ്യാസം നേടുന്നതിന് അനുസരിച്ച് ഇക്കാര്യങ്ങളില്‍ മാറ്റങ്ങളുണ്ട്. സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ 9ല്‍ ഒരു സ്ത്രീയാണ് പങ്കാളിയില്‍ നിന്ന് ശാരീരികവും മാനസികവും ലൈംഗികവുമായ അതിക്രമം നേരിട്ടിട്ടുള്ളത്. നഗര മേഖലയിലാണ് പങ്കാളിയില്‍ നിന്നുള്ള അതിക്രമം കൂടുതലായും സ്ത്രീകള്‍ നേരിട്ടിട്ടുള്ളത്- 14 ശതമാനം. ഗ്രാമമേഖലയിലത് 12 ശതമാനം മാത്രമാണ്. മാത്രവുമല്ല ഭര്‍ത്താക്കന്‍മാരില്‍ നിന്ന് പീഡനം നേരിടുന്ന സ്ത്രീകളിൽ 20 ശതമാനം സ്വന്തമായി തൊഴിലുള്ളവരാണ്. അതേ സമയം അക്രമം നേരിട്ട സ്ത്രീകളിൽ തൊഴിലില്ലാത്ത സ്ത്രീകൾ 10 ശതമാനം ആണ്. തൊഴിലുള്ള സ്ത്രീകൾ അഭിപ്രായം തുറന്നു പറയുകയും അവകാശത്തിനായി പോരാടുകയും ചെയ്യും. ഇത് സ്വാഭാവികമായും കുടുംബന്തരീക്ഷത്തിൽ സംഘർഷങ്ങൾ സൃഷ്ടിക്കും അതിനാലാണ് ഈ വ്യത്യാസമെന്ന് സാമൂഹിക നിരീക്ഷകയും ആക്ടിവിസ്റ്റുമായ ഡോ. ജയശ്രീ അഭിപ്രായപ്പെടുന്നത്.

എ.കെ. ജയശ്രീ, സാമൂഹിക നിരീക്ഷക

(കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി)