25 വര്‍ഷം മുന്‍പ് ഇതുപോലൊരു തെരഞ്ഞെടുപ്പ് കാലത്തിനു തൊട്ടു മുന്‍പ് 1996 ഏപ്രില്‍ ഒന്നാം തീയതി മുഖ്യമന്ത്രി എ. കെ. ആന്റണി സംസ്ഥാനത്ത് ചാരായം നിരോധിച്ചു കൊണ്ട് ഉത്തരവിട്ടു. വീട്ടമ്മമാര്‍ സന്തോഷിച്ചെങ്കിലും കുടിയന്മാരും ഷാപ്പ് മുതലാളിമാരും തൊഴിലാളി യൂണിയനുകളും ബഹളം വെച്ചു.

ചാരായ നിരോധനത്തിന്റെ സന്ദേശം ജനങ്ങളില്‍ എത്തിക്കാന്‍ വിവിധ പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടിരുന്നു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്ന നിലയില്‍ കാസര്‍കോട് ജില്ലയിലെ പരിപാടികളുടെ ചുമതല എനിക്കായിരുന്നു. പ്രശസ്ത ചിത്രകാരന്‍ പുണിഞ്ചിത്തായയുടെ വീട്ടിലെ കലാഗ്രാമത്തില്‍  സ്‌കൂള്‍ കുട്ടികളുടെ ചിത്രരചന, നഗരത്തില്‍  കലാകാരന്‍മാരുടെ  പോസ്റ്റര്‍ രചന, സെമിനാര്‍, പൊതുയോഗങ്ങള്‍ അങ്ങിനെ നിരവധി പരിപാടികള്‍. ചാരായ നിരോധനത്തിന്റെ തലേ ദിവസമായ മാര്‍ച്ച് 31 ന് വൈകുന്നേരം ആയിരുന്നു  പ്രചാരണത്തിന്റെ കൊട്ടി കലാശമായി ചാരായ രാക്ഷസനെ കടലില്‍ ഒഴുക്കല്‍.  13 അടി പൊക്കത്തിലുള്ള പ്ലാസ്റ്റര്‍ ഓഫ് പാരീസില്‍ ഉണ്ടാക്കിയ രാക്ഷസന്റെ കഴുത്തില്‍ ചാരായ കന്നാസുകളും കുപ്പികളും കെട്ടി തൂക്കി. കളക്ടര്‍ സത്യജിത് രാജനും മറ്റും ചേര്‍ന്ന് കൈകള്‍ പിന്നില്‍ ബന്ധിച്ചു രാക്ഷസനെ കയറില്‍ വരിഞ്ഞു കെട്ടി ജില്ലാ ബാങ്ക് പരിസരത്ത് നിന്ന് വാഹനത്തില്‍ കയറ്റി തള്ളി അന്ത്യ യാത്രയാക്കി.

 ഒരു ലോറിയില്‍ രാക്ഷസനെയും എഴുന്നള്ളിച്ചു കൊട്ടും കുരവയുമായി നെഹ്‌റു യുവകേന്ദ്ര വളണ്ടിയര്‍മാരും എന്‍. എസ്. എസ്. വളണ്ടിയര്‍മാരും മദ്യ വര്‍ജന സമിതി പ്രവര്‍ത്തകരും ജില്ലയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി വലിയ ജനക്കൂട്ടം നഗരം ചുറ്റി  വിലാപ യാത്രയായി കാസര്‍കോട്ടെ ലൈറ്റ് ഹൗസ് പരിസരത്ത് കടപ്പുറത്തെത്തി. ചാരായ രാക്ഷസനെ ഇതാ കടലില്‍ തള്ളുന്നെ എന്ന് ആര്‍ത്തു വിളിച്ചു ഞങ്ങൾ അവനെ കടലില്‍ തള്ളി. ഇതിനിടയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച മദ്യപാനിയായ ഒരു യുവാവിനെ പോലീസ് തൂക്കി ജീപ്പില്‍ കയറ്റി.  രാക്ഷസന്റെ അന്ത്യം കാണാന്‍ കുട്ടികള്‍ അടക്കം നൂറ് കണക്കിന് ആളുകള്‍ എത്തിയിരുന്നു. നാക്ക് നീട്ടിയ രാക്ഷസന്‍ കടലില്‍ മുങ്ങി താഴുന്നത് കണ്ടു ജനങ്ങള്‍ കയ്യടിച്ചു. എ. ഡി.എം.ജയിംസ് ജോസഫ്, ചിത്രകാരന്‍ പുണിഞ്ചിത്തായ, ഡോ.എന്‍.പി.ഹാഫിസ് മുഹമ്മദ് , പ്രൊഫ. കെ .പി.ജയരാജന്‍ തുടങ്ങി ഒട്ടേറെ പേര്‍ രാക്ഷസന്റെ അന്ത്യ കര്‍മ്മങ്ങള്‍ക്ക് സാക്ഷിയായി.

പരിപാടി വന്‍ വിജയമായതിന്റെ സന്തോഷത്തില്‍ ആളുകള്‍ പിരിഞ്ഞു പോയി. മുഖ്യ സംഘാടകരായ ഞങ്ങള്‍ രണ്ടു മൂന്നു പേര്‍  മാത്രമേ അപ്പൊള്‍ കടപ്പുറത്തുള്ളു. ഞങ്ങളും മടങ്ങാന്‍ തുടങ്ങുമ്പോള്‍ മത്സ്യ തൊഴിലാളികളായ കുറച്ചു  ആളുകള്‍ ഓടി വന്നു ഞങ്ങളെ തടഞ്ഞു.'പോകാന്‍ വരട്ടെ, ശക്തമായ തിരയില്‍  രാക്ഷസന്‍ തിരിച്ചു വന്നു കരയ്ക്കടിഞ്ഞിരിക്കുന്നു '  അതിനെ എന്തെങ്കിലും ചെയ്യാതെ പോകാന്‍ അനുവദിക്കില്ലെന്ന് ഭീഷണിയുടെ സ്വരത്തില്‍ അവര്‍ പറഞ്ഞു. 

ഞങ്ങള്‍ പുലിവാല്‍ പിടിച്ച അവസ്ഥയിലായി. ഞാനും അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. എച്ച്. ആനന്ദയും  രാക്ഷസന്റെ ശില്പി സദാനന്ദനും എന്ത് ചെയ്യും എന്ന് ആലോചിക്കുമ്പോള്‍ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ മുന്നിട്ടു ഇറങ്ങിയത് കടപ്പുറത്തെ പ്രമാണിയായ പോര്‍ട്ട് ഓഫീസര്‍  സി.ശ്രീകുമാര്‍ ആണ്. അദ്ദേഹം ചിലരെ മാറ്റി നിര്‍ത്തി അടക്കം പറയുന്നത് കണ്ടു. പിന്നീട് എന്നെ വിളിച്ചു അമ്പത് രൂപ കൊടുക്കാന്‍ ആവശ്യപ്പെട്ടു. കുറച്ചു ചാരായം അടിച്ചാല്‍ മാത്രമേ ഇത്തരം പണിക്ക് ആളെ കിട്ടുവത്രെ. 

രൂപ വാങ്ങി പോയ അവര്‍ പത്ത് മിനുട്ടിനുള്ളില്‍ ചാരായ ലഹരിയുടെ ആവേശത്തില്‍  തിരിച്ചു വന്നു  ചാരായ രാക്ഷസനെ ഒരു തോണിയില്‍ കയറ്റി ഉള്‍ക്കടലില്‍ കൊണ്ടുചെന്ന് തള്ളി.

ഞാന്‍ മൂക്കത്ത് വിരല്‍ വെച്ച് പോയി.ചാരായ രാക്ഷസനെ നാട് കടത്താനും ചാരായം! ഈ രാക്ഷസനെ സംഹരിക്കാന്‍ ആരു  വിചാരിച്ചാലാണ് സാധ്യമാവുക ?.