ഹൈക്കോടതിയില്‍ നിന്ന് അപ്രത്യക്ഷമായ 13ാം നമ്പര്‍ മുറി, അതിനെതിരായ ഒറ്റയാൾ പോരാട്ടം


ശ്രുതി ലാല്‍ മാതോത്ത്പ്രതീകാത്മക ചിത്രം | ഡിസൈൻ : വി. ബാലു

നാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരായി വളരെയേറെ മുന്നേറ്റങ്ങള്‍ ഉണ്ടായ ഒരു സംസ്ഥാനമാണ് കേരളം. ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍, യുക്തിവാദി പ്രസ്ഥാനങ്ങള്‍, മറ്റു ജാതീയ നവോത്ഥാനങ്ങള്‍, വിദ്യാഭ്യാസം എന്നിവയെല്ലാം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സാമുഹികമായും, ചിന്താപരമായും മുന്നാക്കാവസ്ഥ കേരളത്തില്‍ സൃഷ്ടിക്കുന്നതില്‍ പങ്കുവഹിച്ചിട്ടുണ്ട്. എന്നാല്‍ അവയ്‌ക്കൊന്നും അന്ധവിശ്വാസങ്ങളെ പൂര്‍ണമായും നീക്കാന്‍ സാധിച്ചില്ല. മാത്രമല്ല, പലപ്പോഴും തിരുത്തല്‍ ശക്തികളാവേണ്ടവര്‍ തന്നെ അത്തരം വിശ്വാസത്തിന് ചുവപ്പ് പരവതാനി വിരിക്കുന്നതും കാണേണ്ടി വന്നു. എന്തിനേറേ, ജുഡീഷ്യറി വരെ അത്തരമൊരു വിശ്വാസവുമായി ബന്ധപ്പെട്ട് വിവാദത്തിലകപ്പെട്ടിട്ടുണ്ട്.

1956 നവംബര്‍ 1ന് കേരള സംസ്ഥാനം നിലവില്‍ വന്ന അതേ ദിവസം തന്നെയാണ് എറണാകുളം ആസ്ഥാനമായി കേരള ഹൈക്കോടതിയും സ്ഥാപിതമാവുന്നത്. അന്ന് കേരള ഹൈക്കോടതി പ്രവര്‍ത്തിച്ചിരുന്നത് എറണാകുളത്തെ റാംമോഹന്‍ പാലസിലാണ്. അക്കാലത്ത് 30 മുറികളും കോടതിയിലുണ്ടായിരുന്നു. പഴയ ഈ ഹൈക്കോടതി കെട്ടിടത്തില്‍ കോടതിമുറി 13ഉം പ്രവര്‍ത്തിച്ചിരുന്നു. സ്ഥാപിതമായി 30 വര്‍ഷത്തിലധികം കാലം, അതായത് 90കൾ വരെ കോടതിയിലെ 13ാം നമ്പര്‍ മുറി മറ്റ് മുറികള്‍ പോലെ തന്നെയായിരുന്നു. ഇതിനിടെ 13ാം നമ്പര്‍ ചേംമ്പറില്‍ ജോലി ചെയ്തിരുന്ന ജഡ്ജിമാര്‍ അകാല മൃത്യു അല്ലെങ്കില്‍ രോഗമൂലം മരണപ്പെടുന്നത് സ്ഥിരമാണെന്ന പ്രചാരണം ഉണ്ടാവുന്നത്. എന്നാല്‍ ഇത്തരം പ്രചരണങ്ങളുടെ ഉറവിടവും മറ്റ് കാര്യങ്ങളെ കുറിച്ചോ ആര്‍ക്കും വ്യക്തതയില്ല. എന്തായാലും പ്രചരണം ജഡ്ജിമാരില്‍ ഭയമുണ്ടാക്കിയെന്നും പിന്നാലെ 13ാം നമ്പര്‍ റൂം തിരഞ്ഞെടുക്കാന്‍ അവര്‍ തയ്യാറായില്ലെന്നുമാണ് കഥ. കഥയില്‍ മാത്രം തീര്‍ന്നില്ല ഇതെന്നതാണ് അമ്പരപ്പിക്കുന്ന വസ്തുത. 13ാം നമ്പര്‍ കോടതി മുറി സമുച്ചയത്തില്‍ നിന്ന് തന്നെ അപ്രത്യക്ഷമായി. പതിമൂന്നാം നമ്പര്‍ റും 12എ എന്ന പേരിലേക്ക് മാറ്റുകയായിരുന്നു. ഇക്കാലത്താണ് പുതിയ ഹൈക്കോടതി മന്ദിരത്തിന്റെ ശിലാസ്ഥാപനം (1994 മാര്‍ച്ച് 14ന്) സുപ്രീം കോടതിയുടെ അപ്പോഴത്തെ മുഖ്യന്യായാധിപനായ എം.എന്‍. വെങ്കിട ചെല്ലയ്യ നിര്‍വഹിച്ചത്. 12 വര്‍ഷത്തിന് ശേഷം, 2006 ഫെബ്രുവരിയില്‍ സുപ്രീം കോടതിയുടെ അപ്പോഴത്തെ മുഖ്യന്യായാധിപനായ വൈ.കെ. സബര്‍വാള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമായ ഹൈക്കോടതി സമുച്ചയത്തിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു. ഈ കെട്ടിടത്തിലും 13ാം നമ്പര്‍ മുറിയുണ്ടായിരുന്നില്ല. നൂറുകണക്കിന് മുറികളുളള ഹൈക്കോടതി പുതിയ കെട്ടിട സമുച്ചയത്തില്‍ 13ാം നമ്പര്‍ മുറി മാത്രം എങ്ങനെ അപ്രത്യക്ഷമായി എന്നത് ആര്‍ക്കും അറിയില്ല. ഹൈക്കോടതിയിലെ ഹാളുകള്‍ക്കു നമ്പറിട്ടപ്പോള്‍ 13 ഒഴിവാക്കുകയായിരുന്നുവത്രേ.

ഈ സംഭവം പൊതുജന ശ്രദ്ധയില്‍ വരുന്നത് ഹൈക്കോടതിയില്‍ തന്നെ ഫയല്‍ ചെയ്യപ്പെട്ട ഹര്‍ജിയോടെയാണ്. കണ്ണൂര്‍ ഇരിട്ടി സ്വദേശിയായ നല്ലാച്ചേരി കല്യാടന്‍ എന്‍. കെ ചന്ദ്രമോഹനനാണ് 1995ല്‍ ഹൈക്കോടതിയിലെ 13-ാം നമ്പര്‍ മുറി അന്ധവിശ്വാസത്തെ തുടര്‍ന്ന് ഒഴിവാക്കിയതിനെതിരേ പൊതുതാത്പപര്യ ഹര്‍ജി (ഡബ്ല്യു.പി. 4268/2006) ഫയല്‍ ചെയ്തത്. പഴശ്ശി പദ്ധതി ഭൂമി കൈയ്യറ്റത്തിനെതിരേയുള്ള ഹര്‍ജി ഉള്‍പ്പെടെ ശ്രദ്ധേയമായ ഒട്ടേറെ വിഷയങ്ങള്‍ കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്ന വ്യക്തിയാണ് എന്‍.കെ ചന്ദ്ര മോഹന്‍. കോടതിയിലെ 13ാം നമ്പര്‍ റൂം പുനസ്ഥാപിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. അന്നത്തെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് വി.കെ ബാലി, ജസ്റ്റിസ് എസ് സിരിജഗന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ബെഞ്ചിന് മുന്നിലായിരുന്നു ഹര്‍ജി വന്നത്. ബെഞ്ച് ഈ ഹര്‍ജി തള്ളുക മാത്രമല്ല, 10,000 രൂപ ഹരജിക്കാരന് പിഴ ചുമത്തുകയും ചെയ്തു.

13ാം നമ്പര്‍ കോടതി മുറി ഒഴിവാക്കല്‍ തികച്ചും ഭരണപരമായ തീരുമാനമാണ്, അതിനാല്‍ ഹര്‍ജി പരിഗണിക്കേണ്ടതില്ലെന്ന് നിരീക്ഷിച്ച് കൊണ്ടായിരുന്നു വിധി.

ഒപ്പം 2006 ഫെബ്രുവരിയില്‍ പുതിയ സമുച്ചയത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചത് 13ാം തിയ്യതിയായിരുന്നുവെന്നും ഇത് കോടതിയ്ക്ക് ഇത്തരം ദുശ്ശകുനവിശ്വാസമില്ലെന്നത് വ്യക്തമാക്കുന്നുണ്ടെന്നും ഹര്‍ജിക്കാരന്‍ കോടതിയെ അപകീര്‍ത്തിപ്പെടുത്തുന്നതിനും അപമാനിക്കുന്നതിനും വേണ്ടി നല്‍കിയ ഹര്‍ജിയാണെന്നും ബെഞ്ച് നിരീക്ഷിച്ചു. തോല്‍ക്കാന്‍ തയ്യാറാവാതിരുന്ന ചന്ദ്രമോഹന്‍ നിയമ യുദ്ധവുമായി മുന്നോട്ട് പോയി. സുപ്രീം കോടതിയില്‍ അദ്ദേഹം അപ്പീല്‍ (സിവില്‍ അപ്പീല്‍ 5138/2006, അവലംബം-, main.sci.gov.in) നല്‍കി. കേരള ഹൈക്കോടതിയെ രൂക്ഷമായി വിമര്‍ശിച്ച ചീഫ് ജസ്റ്റിസ് വൈ.കെ. സബര്‍വാള്‍, ജസ്റ്റിസ് സി.കെ. താക്കറും ജസ്റ്റിസ് ആര്‍.വി. രവീന്ദ്രനും ഹൈക്കോടതി ഒരു സ്ഥാപനമാണെന്നും ഒരുതരത്തിലുള്ള അന്ധവിശ്വാസങ്ങളെയും പ്രോത്സാഹിപ്പിക്കരുതെന്നും നിര്‍ദേശിച്ചു. ഈ നാണക്കേടില്‍ നിന്ന് രക്ഷപ്പെടാന്‍ ജഡ്ജിമാരുടെ ചേമ്പറുകളുടെ പേരില്‍ ഹൈക്കോടതി മാറ്റം വരുത്താന്‍ തീരുമാനിച്ചു. എന്നാല്‍ അപ്പോഴും കോടതി മുറികള്‍ക്ക് കെട്ടിട നിലയുടെ പേര് ചേര്‍ത്ത് എ,ബി,സി,ഡി എന്ന് നാമകരണം ചെയ്യാനായിരുന്നു തീരുമാനം. അതായാത് ഒന്നാം നിലയിലെ മുറികള്‍ക്ക് 1-എ, 1-ബി, 1-സി....അങ്ങനെ പേര് നല്‍കി. ഹൈക്കോടതിക്ക് എട്ട് നിലകള്‍ മാത്രമുള്ളതിനാല്‍ നമ്പര്‍ 13 നല്‍കേണ്ട ചോദ്യം ഉയരുന്നില്ല. ചുരുക്കത്തില്‍ സുപ്രീംകോടതി നിര്‍ദേശം വന്നപ്പോഴും ഹൈക്കോടതി 13-ാം നമ്പര്‍ ഒഴിവാക്കാനുള്ള മാര്‍ഗം തന്നെയാണ് സ്വീകരിച്ചതെന്നര്‍ത്ഥം. ഇന്നും അത് അങ്ങനെ തന്നെ തുടരുകയും ചെയ്യുന്നു.

ട്രിസ്‌കൈഡെകഫോബിയ

13 എന്ന നമ്പര്‍ അത്ര ഭാഗ്യമുള്ള നമ്പര്‍ അല്ലെന്ന് ഒരു വിശ്വാസമുണ്ട്. 13ാം ദേവനെ തിന്മയുടെ ദേവനായി കണ്ടിരുന്ന ഗ്രീക്ക് പുരാണങ്ങളില്‍ തുടങ്ങി പതിമൂന്നിന്റെ ദുശ്ശകുനവുമായി ബന്ധപ്പെട്ട നിരവധി കഥകളും ആഗോളതലത്തിലുണ്ട്. ഇത്തരത്തില്‍ 13 എന്ന അക്കത്തിനൊടുള്ള അകാരണമായ പേടിയാണ് ട്രിസ്‌കൈഡെകഫോബിയ. ക്രിസ്തുവിന്റെ അവസാനത്തെ അത്താഴവേളയില്‍ 13 പേരാണുണ്ടായിരുന്നത് എന്നും പതിമൂന്നാമത്തെ ആള്‍ യൂദാസായിരുന്നു എന്നും വലിയൊരുവിഭാഗം ആളുകള്‍ കരുതുന്നു. 13ാമന്‍ യേശുവിനെ ഒറ്റിക്കൊടുത്തതോടെ ആ അക്കത്തിനു ചുറ്റും നിര്‍ഭാഗ്യം നിലയുറപ്പിച്ചുവെന്നാണ് ഒരു വിശ്വാസം.

Content Highlights: 13 number judge chamber of highcourt and the fight of NK Chandramohan, social,superstitions,


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented