ഇന്ത്യയിലെ മൊത്തം സംഘടിത മേഖലയിലെ  (സര്‍ക്കാര്‍-സ്വകാര്യ മേഖല) തൊഴിലിന്റെ 80 ശതമാനത്തോളം  (ഏകദേശം ആറു കോടി തൊഴിലുകള്‍) കൈയടക്കി വച്ചിരിക്കുന്നത് ആരാണ്? ഉത്തരം : 30% വരുന്ന മുന്നോക്ക  ജാതിക്കാര്‍.

ജനസംഖ്യയില്‍ 70 ശതമാനത്തോളം വരുന്ന പിന്നോക്ക ജാതിക്കാരുടെ കൈവശം സംഘടിത മേഖലയിലെ എത്ര തൊഴില്‍ ഉണ്ട്? ഉത്തരം : കേവലം 20% (ഒന്നര കോടി). 

40 കേന്ദ്ര മന്ത്രാലയങ്ങളിലെ 48 വകുപ്പുകളിലെ OBC പ്രാതിനിധ്യം  വെറും 12%.  ST പ്രാതിനിധ്യം  4%.  SC 12%.  മൊത്തത്തില്‍ 28%.  ഓര്‍ക്കുക, 50%  സംവരണം നടപ്പിലായി രണ്ടു പതിറ്റാണ്ടിനു ശേഷത്തെ കഥയാണിത്.

 40 സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റികളിലെ  സംവരണ തസ്തികകളില്‍ നികത്തപ്പെടാത്തവ  80 ശതമാനത്തോളം. ഐ.ഐ.ടികളുടെ കാര്യം എടുത്താല്‍ മൊത്തം തസ്തികകളില്‍ 90% മുന്നാക്കക്കാര്‍ തന്നെ.

സാമൂഹിക നീതിയില്‍ ഊന്നിയ നയങ്ങള്‍ മുന്നാക്കക്കാരനുള്ള വിദ്യാഭ്യാസ-തൊഴില്‍ അവസരങ്ങളെ ഏതെങ്കിലും തരത്തില്‍ ഇല്ലാതാക്കിയോ എന്നുപോലും പഠിക്കാതെയാണ് ഈ നിയമനിര്‍മാണം

ന്ത്യാ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ നിയമനിര്‍മാണമാണു മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്കുള്ള 10%  സാമ്പത്തിക സംവരണത്തിന്റെ കാര്യത്തില്‍ സംഭവിച്ചത്.  2019  ജനുവരി ആറിനു കേന്ദ്ര ക്യാബിനെറ്റില്‍ ഒരു ഭരണഘടന ഭേദഗതി ബില്‍ വരിക, മൂന്നേ മൂന്നു ദിവസം കൊണ്ട് പാര്‍ലമെന്റിന്റെ രണ്ടു സഭകളും യാതൊരു തര്‍ക്കവും ഇല്ലാതെ പാസ്സാക്കുക. ആറാം ദിവസം,  ജനുവരി പന്ത്രണ്ടിനു  ഇന്ത്യന്‍ പ്രസിഡന്റ് തുല്യം ചാര്‍ത്തി നിയമം ആക്കുക. ബുള്ളറ്റ് ട്രെയിനിനേക്കാള്‍ വേഗം! ഇതിനു സമാനതയുള്ളത്,  നിര്‍ഭയ കേസിനെ തുടര്‍ന്ന് സ്ത്രീ പീഡന നിരോധന നിയമ നിര്‍മാണത്തിനു വേണ്ടി രാജ്യം ഒരേ മനസ്സോടെ ദ്രുതഗതിയില്‍ നിയമ നിര്‍മാണം നടത്തിയ സംഭവത്തിനാണ്.  പക്ഷേ, ഏകദേശം ആറു മാസം എടുത്തു ആ ബില്‍ നിയമമാകാന്‍.  എന്നാല്‍ സാമ്പത്തിക സംവരണ നിയമത്തിന്റെ ആവശ്യകത എന്ത് എന്നു പോലും മനസിലാക്കുന്നതിന് മുന്‍പേ അതു നിയമം ആയി. ഒരു മാധ്യമ വിചാരണയും  അക്കാഡമിക് വിശകലനവും 124-ാം ഭരണഘടനാ ഭേദഗതി നേരിട്ടില്ല.

സാമ്പത്തിക സംവരണം എന്ന ആവശ്യം പുതിയതല്ല എന്നതു സത്യം തന്നെ. പക്ഷേ,  ഇത്ര അടിയന്തിരമായി കൈകാര്യം ചെയ്യേണ്ടതാണോ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്കകാരുടെ വ്യഥ?  സാമൂഹിക നീതിയില്‍ ഊന്നിയ നയങ്ങള്‍ മുന്നാക്കക്കാരനുള്ള വിദ്യാഭ്യാസ-തൊഴില്‍ അവസരങ്ങളെ ഏതെങ്കിലും തരത്തില്‍ ഇല്ലാതാക്കിയോ എന്നുപോലും പഠിക്കാതെയാണ് ഈ നിയമനിര്‍മാണം എന്നതാണു ശ്രദ്ധേയം.

പരമ പ്രധാനമായ കാര്യം, സംവരണത്തിന്റെ  പ്രയോജനം സര്‍ക്കാര്‍ മേഖലയിലെ തൊഴിലിനും വിദ്യാഭ്യാസത്തിനും മാത്രമേ ലഭിക്കുകയുള്ളൂ എന്നതാണ്. മൊത്തം ഉത്പാദനത്തിന്റെ 90 ശതമാനവും  തൊഴിലിന്റെ 80 ശതമാനവും പ്രദാനം ചെയ്യുന്ന സ്വകാര്യ മേഖലയില്‍ സംവരണ നിയമങ്ങള്‍ ബാധകമല്ല. 1991 നു ശേഷം വിപണിയില്‍ അധിഷ്ഠിതമായ  (Market -Driven)  സമ്പദ് വ്യവസ്ഥയാണ് നാം പിന്തുടരുന്നത്. പൊതു മേഖലയുടെ വലുപ്പം കുറച്ചു മല്‍സരാധിഷ്ഠിതമായ സ്വകാര്യ മേഖലയെ പ്രോല്‍സാഹിപ്പിക്കുകയാണ് അന്നുമുതല്‍ നാം പിന്തുടരുന്ന നയം.

ഇന്ത്യയിലെ മൊത്തം തൊഴിലിന്റെ വെറും 6% മാത്രമാണ് പൊതു-സ്വകാര്യ മേഖല ഉള്‍പ്പെടെയുള്ള സംഘടിത മേഖലയില്‍ ഉള്ളത്. സര്‍ക്കാര്‍ ഉള്‍പ്പെടുന്ന പൊതു മേഖലയിലാകട്ടെ ഇതിന്റെ നാലിലൊന്ന് അതായത് 1.5%  തൊഴില്‍ മാത്രമേ ഉള്ളൂ. സ്വകാര്യ മേഖലയില്‍ ഉദ്യോഗാര്‍ത്ഥിയുടെ കഴിവു മാത്രമാണ് മാനദണ്ഡം. എന്നാല്‍ ഇന്ത്യന്‍ സ്വകാര്യ മേഖലയില്‍ കഴിവിനോടൊപ്പം  ജാതിയും മതവും കുടുംബത്തിന്റെ സാമ്പത്തിക-വിദ്യാഭ്യാസ-സാമൂഹിക പശ്ചാത്തലവും  ചേര്‍ന്ന സാമൂഹിക മൂലധനവും (Social Capital)  ഒരു  ഉദ്യോഗാര്‍ത്ഥിക്ക് അനിവാര്യമാണ്. അതുകൊണ്ട്, സ്വകാര്യമേഖലയിലെ തൊഴില്‍ അവസരങ്ങളുടെ  പ്രായോജകര്‍ എന്നും സാമൂഹികവും സാമ്പത്തികവുമായി മുന്നില്‍ നിന്ന മുന്നാക്ക ജാതിക്കാര്‍ തന്നെയാണ്.

ഇനി വിദ്യാഭ്യാസത്തിന്റെ കാര്യം എടുത്താലോ?   സ്‌കൂള്‍ തലത്തില്‍ സ്വകാര്യ സ്ഥാപനങ്ങളുടെ നടത്തിപ്പുകാരും പ്രായോജകരും  പ്രധാനമായും മുന്നാക്കക്കാര്‍ തന്നെ.   സര്‍ക്കാര്‍ സ്‌കൂളുകളെ ആശ്രയിക്കുന്ന മുന്നാക്കക്കാര്‍ നന്നേ കുറവാണ്.  പ്രത്യേകിച്ചും ഗ്രാമങ്ങളില്‍, പിന്നാക്കക്കാര്‍ മാത്രമാണു സര്‍ക്കാര്‍ സ്‌കൂളുകളെ ആശ്രയിക്കുന്നത്. ജാതിമതസംഘടനകള്‍ കയ്യാളുന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പിന്നാക്കക്കാര്‍ക്ക് അവസരം നിഷേധിക്കുന്നതു പോലും സാധാരണമാണ്.

പക്ഷേ, സ്‌കൂള്‍ തലം കഴിഞ്ഞാലോ? ഇവിടെയാണു വിരോധാഭാസം. സ്‌കൂള്‍ തലത്തില്‍ പൊതു മേഖലയെ തഴയുന്നവര്‍ ഉന്നത വിദ്യാഭ്യാസത്തിനായി പൊതു മേഖലയിലേക്ക് ഇടിച്ചു കയറുന്ന അവസ്ഥയാണ് നമ്മുടെ രാജ്യത്ത്.  

അതായത്,  മൂന്നു ദശ്ശാബ്ദത്തെ സ്വകാര്യവല്‍ക്കരണത്തിനു ശേഷവും തൊഴിലിനും ഉന്നത വിദ്യാഭ്യാസത്തിനും ഇന്ത്യന്‍ മധ്യവര്‍ഗത്തിനു  (210 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളുടെ കൂട്ടം) സര്‍ക്കാര്‍ മേഖല കഴിഞ്ഞേയുള്ളൂ, മറ്റെന്തും. ഉന്നത വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ സ്വകാര്യ സ്ഥാപനങ്ങളുടെ നിലവാരത്തകര്‍ച്ചയും സ്വകാര്യ തൊഴില്‍ രംഗത്തെ ചൂഷണവും അസ്ഥിരതയും ആണ് ഇതിനു കാരണങ്ങള്‍. അതിന്റെ പരിണത ഫലമാണ് മുന്നാക്ക സാമ്പത്തിക സംവരണം.

ചുരുക്കത്തില്‍, 'ജനാധിപത്യം എന്തിന്?' എന്നു ചോദിക്കുന്നവനും 'രാജഭരണമായിരുന്നു നല്ലത്' എന്നു നെടുവീര്‍പ്പിടുന്നവനും സര്‍ക്കാര്‍ ജോലിയും സര്‍ക്കാര്‍ കോളേജിലെ അഡ്മിഷനും തന്നെ വേണം. സംവരണം ആണ് ഇന്നാട്ടിലെ സകല പ്രശ്‌നങ്ങള്‍ക്കും കാരണമെന്നു വാദിക്കുന്നതും മുന്നാക്ക ജാതികളിലെ പാവപ്പെട്ടവര്‍ക്കായി (8 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍) 10% സംവരണം കൊണ്ടുവരുന്ന ഭരണഘടനാ ഭേദഗതിക്കു കയ്യടിക്കുന്നതും ഇവര്‍ തന്നെയാണ്.  എന്തു കൊണ്ട് നമ്മുടെ നാട്ടിലെ മുന്നാക്കക്കാര്‍, അവര്‍ ഇന്നോളം തള്ളിപ്പറഞ്ഞ സംവരണത്തിന്റെ ആനുകൂല്യം അവകാശപ്പെടുന്നു?

ഉദാരവല്‍ക്കരണം മൂലം തൊഴില്‍ മേഖലയിലെ അസ്ഥിരത വര്‍ധിച്ചു എന്നതു ശരിയാണ്. പക്ഷേ,   സമ്പദ് വ്യവസ്ഥ അഭൂതപൂര്‍വ്വമായി  വളരുകയും അതിലൂടെ പുതിയ വിപണികളും അവസരങ്ങളും സൃഷ്ടിക്കപ്പെടുകയും ചെയ്തു. ഉന്നത സാങ്കേതിക വിദ്യാഭ്യാസം ലഭിച്ചവര്‍ക്കു മികച്ച അവസരങ്ങള്‍ സമൃദ്ധമായി ലഭിച്ചു. വിദ്യാസമ്പന്നരായ മധ്യവര്‍ഗക്കാര്‍  ആയിരുന്നു ഇതിന്റെ  പ്രധാന പ്രയോജകര്‍. ഇതേ കാലത്താണു മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് അംഗീകരിക്കപ്പെടുന്നതും OBC  സംവരണം നടപ്പാക്കപ്പെട്ടതും. ഇതോടെ,  ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരങ്ങളിലും സര്‍ക്കാര്‍ ജോലികളിലും പിന്നാക്ക ജാതിക്കാരായ OBC വിഭാഗങ്ങള്‍ക്ക്  അവരുടെ രാഷ്ട്രീയ വിലപേശല്‍ ശക്തി ഉപയോഗിച്ച് സംവരണാനുകൂല്യം സാമാന്യം നല്ല തോതില്‍ കൈവരിക്കാനായി. OBC സംവരണത്തോടെ 49.5% സംവരണം നടപ്പിലാകുക മാത്രമല്ല,  സംവരണം നടപ്പിലാക്കുന്നതു സസൂക്ഷ്മം നിരീക്ഷിക്കപ്പെടാന്‍ വഴിയൊരുങ്ങുകയും ചെയ്തു. പ്രത്യേകിച്ചും ഉന്നത വിദ്യാഭ്യാസ മേഖലയില്‍. ഇതോടെ, പല മേഖലകളിലും മുന്നാക്കക്കാരുടെ അപ്രമാദിത്വം ചോദ്യം ചെയ്യപ്പെട്ടു. 

reservation

സംവരണം ഔദാര്യമല്ലെന്നും അവകാശമാണെന്നും അത് നേടാനും അവസരങ്ങള്‍ ഉപയോഗിക്കാനും തക്ക ബൗദ്ധികമിടുക്ക് തങ്ങള്‍ക്ക് ഉണ്ട് എന്നും തെളിയിച്ച പിന്നാക്കക്കാരുടെ എണ്ണം കഴിഞ്ഞ രണ്ട് ദശകത്തില്‍ പെരുകി. ഇതു മുന്നാക്കക്കാരുടെ ജാതിക്കോയ്മയ്ക്ക് കനത്ത ആഘാതമായി.  കാരണം,  ജാതി പ്രാമാണ്യത്തില്‍ അഭിമാനിച്ചിരുന്ന മുന്നോക്കക്കാരില്‍ വിദ്യാഭ്യാസം കുറഞ്ഞവരും ഗ്രാമീണ മേഖലയില്‍ കൃഷിയിലും അനുബന്ധ മേഖലകളിലും ഒതുങ്ങിയവരും ആയവര്‍ക്ക് ഉദാരവല്‍ക്കരണ  നയങ്ങള്‍ കൊണ്ട് കാര്യമായ പ്രയോജനം ലഭിച്ചിരുന്നില്ല. ഇതു കൊണ്ടു നേട്ടമുണ്ടാക്കിയതു മുന്നാക്കക്കാരിലെ സാമ്പത്തിക മുന്നാക്കക്കാര്‍ ആണ്. ഇന്ത്യയിലെ 77% സമ്പത്ത് കയ്യാളുന്നത്  ജനസംഖ്യയുടെ 1% ജനമാണ്. ഇവരില്‍ 99 ശതമാനവും മുന്നോക്ക ജാതിക്കാരും. ഈ സാമ്പത്തിക അന്തരവും അതുമൂലം ഒരേ ജാതിക്കുള്ളിലും ഉയര്‍ന്നു വന്ന സാമൂഹിക അസമത്വവും ആണു മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ എന്ന ആശയത്തെ സൃഷ്ടിച്ചത്. 

സംവരണ നയം ഫലപ്രദമായി നടപ്പായതു വഴി പിന്നാക്കക്കാരിലെ മിടുക്കര്‍ ഉയര്‍ന്നുവന്നതോടെ സംവരണം എന്ന ആശയം തങ്ങളുടെ മേല്‍ക്കോയ്മയെ വെല്ലുവിളിക്കുന്നു എന്നായി മുന്നാക്കക്കാരില്‍ ഒരു വിഭാഗത്തിന്റെ ധാരണ. അതിനോട് അവര്‍ പ്രതികരിച്ചതു സംവരണം എന്ന ആശയത്തെത്തന്നെ അവഹേളിച്ചു കൊണ്ടാണ്. പക്ഷേ, സംവരണം ഇല്ലായ്മ ചെയ്യുക സാധ്യമല്ലെന്നു ബോധ്യപ്പെട്ടതോടെ എങ്കില്‍ തങ്ങള്‍ക്കും നല്‍കണം സംവരണം എന്നായി അവരുടെ നിലപാട്.  ഗുജറാത്തിലെ പട്ടേല്‍മാരും ഹരിയാനയിലെ ജാട്ടുകളും ജാത്യഭിമാനം ഒരു തരത്തിലും കൈവിടാന്‍ താല്‍പര്യപ്പെടാത്ത കേരളത്തിലെ നായര്‍ സമുദായം ഉള്‍പ്പെടെയുള്ള ചില മുന്നാക്കക്കാരും സാമ്പത്തിക സംവരണമാണു രാജ്യത്തെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം എന്നു വാദിച്ചു തുടങ്ങി.

സത്യത്തില്‍, പിന്നാക്ക സംവരണം മുന്നാക്കക്കാരുടെ പ്രാമുഖ്യത്തെ ഏതെങ്കിലും തരത്തില്‍ ചോദ്യം ചെയ്തിരുന്നോ?  ഇതിനുള്ള ഉത്തരം കണക്കുകള്‍ പറയും :

ഇന്ത്യയിലെ മൊത്തം സംഘടിത മേഖലയിലെ (Informal Sector)  (സര്‍ക്കാര്‍-സ്വകാര്യ മേഖല) തൊഴിലിന്റെ 80 ശതമാനത്തോളം  (ഏകദേശം ആറു കോടി തൊഴിലുകള്‍) കൈയടക്കി വച്ചിരിക്കുന്നത് ആരാണ്? ഉത്തരം : 30% വരുന്ന മുന്നോക്ക  ജാതിക്കാര്‍.

ജനസംഖ്യയില്‍ 70 ശതമാനത്തോളം വരുന്ന പിന്നോക്ക ജാതിക്കാരുടെ കൈവശം സംഘടിത മേഖലയിലെ എത്ര തൊഴില്‍ ഉണ്ട്? ഉത്തരം : കേവലം 20% (ഒന്നര കോടി).

ഓര്‍ക്കുക, അമ്പതു ശതമാനത്തോളം  സംവരണം നിലനില്‍ക്കുന്ന രാജ്യത്താണു സംഘടിത തൊഴില്‍ മേഖലയില്‍ മുന്നാക്കക്കാരന്റെ ഈ ആധിപത്യം. താരതമ്യമില്ലാത്ത ഈ അസമത്വത്തിനു കാരണം ലളിതമാണ്; നേരത്തെ വ്യക്തമാക്കിയതുമാണ്   മൊത്തം സംഘടിത  മേഖലയുടെ 80%   തൊഴിലുകളും  സ്വകാര്യമേഖലയിലാണ്. അതായത് സംവരണ നയങ്ങള്‍ ബാധകമാകുന്നത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ഉത്പാദിപ്പിക്കപ്പെടുന്ന മൊത്തം തൊഴിലിന്റെ വെറും 20 ശതമാനത്തിനു മാത്രം.  

ഇനി, സംവരണം നിലവിലുള്ള പൊതു മേഖലയില്‍ പോലും അര്‍ഹരായവര്‍ക്കു സംവരണ ആനുകൂല്യം കിട്ടുന്നുണ്ടോ?  ഈ ചോദ്യത്തിന് ഉത്തരം സര്‍ക്കാര്‍ തന്നെ നല്‍കുന്നു: 2015 ല്‍  RTI പ്രകാരം കിട്ടിയ ഉത്തരം അനുസരിച്ച്  40 കേന്ദ്ര മന്ത്രാലയങ്ങളിലെ 48 വകുപ്പുകളിലെ OBC പ്രാതിനിധ്യം  വെറും 12%.  ST പ്രാതിനിധ്യം  4%.  SC 12%.  മൊത്തത്തില്‍ 28%.  ഓര്‍ക്കുക, 50%  സംവരണം നടപ്പിലായി രണ്ടു പതിറ്റാണ്ടിനു ശേഷത്തെ കഥയാണിത്.  

നമ്മുടെ രാജ്യത്തെ പിന്നാക്കക്കാര്‍ എങ്ങനെയാണു ജീവിക്കുന്നത്?  ഇന്ത്യയിലെ മൊത്തം തൊഴിലിന്റെ 94% പ്രദാനം ചെയ്യുന്ന അസംഘടിത മേഖലയിലെ അസ്ഥിര തൊഴിലാളികളാണ് അവര്‍ 

വേറൊരു RTI രേഖ പ്രകാരം നേരിട്ട് നിയമനം കിട്ടിയ ഐ.എ.എസുകാരില്‍  ടഇ 13.9%, ടഠ 7.3%, ഛആഇ 12.9%.  അതായത് 50% പേര്‍ വേണ്ടിടത്തു 34% മാത്രം. തീര്‍ന്നില്ല,  കചഉകഅടജഋചഉ  2017 ല്‍ നടത്തിയ പഠന പ്രകാരം കേന്ദ്ര സര്‍വീസില്‍ 15% മാത്രമാണ്  ഛആഇ കള്‍. അതേ സമയം, മൊത്തം കേന്ദ്ര സര്‍വീസിന്റെ 65% കൈയ്യടക്കിയിരിക്കുന്നതോ മുന്നോക്കക്കാരും.

അതുപോലെ,  2018ലെ ലെ ഒരു RTI രേഖ  പ്രകാരം 40 സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റികളിലെ  സംവരണ തസ്തികകളില്‍ നികത്തപ്പെടാത്തവ  80 ശതമാനത്തോളം. ഐ.ഐ.ടികളുടെ കാര്യം എടുത്താല്‍ മൊത്തം തസ്തികകളില്‍ 90% മുന്നാക്കക്കാര്‍ തന്നെ.

 സംവരണത്തോടുള്ള നമ്മുടെ മനോഭാവത്തിന്റെ നേര്‍ക്കാഴ്ചയാണ് ഈ കണക്കുകള്‍. സംവരണ ഒഴിവുകള്‍ നികത്തുന്നതിലെ കാലതാമസവും അതു ചോദ്യം ചെയ്യപ്പെടാത്തതുമാണ് ഇതിനു കാരണം.   

പിന്നാക്കക്കാരില്‍ അര്‍ഹതയുള്ളവര്‍ ഇല്ലാത്തതു കൊണ്ടാണോ ഇങ്ങനെ സംഭവിക്കുന്നത്?  അതിനുള്ള  ഉത്തരം യൂണിവേഴ്‌സിറ്റി സെലക്ഷന്‍ കമ്മിറ്റിയില്‍ പലതവണ പങ്കെടുത്ത ഒരു സുഹൃത്താണു നല്‍കിയത് :  ജനറല്‍ ഒഴിവുകളില്‍ വരുന്നവരുടെ കുലനാമം ആണ് ആദ്യം നോക്കുന്നത്.  അവരോട് ബുദ്ധിമുട്ടുള്ള ചോദ്യങ്ങള്‍ ചോദിക്കാറില്ല. എന്നാല്‍ സംവരണ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളെ കടന്ന് ആക്രമിക്കുന്ന തരത്തില്‍ കഠിന ചോദ്യങ്ങള്‍ ചോദിക്കും. ഉത്തരം മുട്ടുന്നതു വരെ ചോദ്യം ചെയ്യല്‍ തുടരും.  അവസാനം ആരെയും തിരഞ്ഞെടുക്കാതെ ആ പോസ്റ്റ് ഒഴിച്ചിടും.  മുന്നാക്ക പ്രാതിനിധ്യം ഉള്ള സെലക്ഷന്‍ കമ്മിറ്റികള്‍ നിലനില്‍ക്കുന്ന കാലത്ത് ഇങ്ങനെയേ നടക്കൂ എന്നായിരുന്നു സുഹൃത്തിന്റെ നിരീക്ഷണം.

അപ്പോള്‍, സംവരണത്തില്‍ അഭിരമിക്കുന്ന നമ്മുടെ രാജ്യത്തെ പിന്നാക്കക്കാര്‍ എങ്ങനെയാണു ജീവിക്കുന്നത്?  ഇന്ത്യയിലെ മൊത്തം തൊഴിലിന്റെ 94% പ്രദാനം ചെയ്യുന്ന അസംഘടിത മേഖലയിലെ അസ്ഥിര തൊഴിലാളികളാണ് അവര്‍. ദിവസവേതനക്കാരായും കരാറു തൊഴിലാളികളായും അവര്‍ നമ്മളെ ചുറ്റിപ്പറ്റി ജീവിക്കുന്നു.  അവരിലെ ഒരു ചെറിയ ശതമാനത്തിനു മാത്രമേ സംവരണം കൊണ്ട് എന്തെങ്കിലും പ്രയോജനം ലഭിച്ചിട്ടുള്ളൂ.

ഇനി, പൊതു ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സീറ്റുകളുടെ കാര്യമോ?  1990നു ശേഷം സ്‌കൂള്‍ വിദ്യാഭ്യാസം നേടിയവരുടെ എണ്ണം ക്രമാതീതം വര്‍ദ്ധിച്ചു.  പ്രത്യകിച്ചും പിന്നാക്കക്കാര്‍ ധാരാളമായി സ്‌കൂളുകളില്‍ എത്തി. അതനുസരിച്ച് ഉന്നത വിദ്യാഭ്യാസം തേടുന്നവരുടെ എണ്ണവും അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളുടെ എണ്ണവും വര്‍ദ്ധിച്ചു. എന്നാല്‍  ഈ വര്‍ദ്ധന  നേരിടാന്‍ സര്‍ക്കാര്‍ തലത്തില്‍ പുതിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സൃഷ്ടിക്കപ്പെട്ടില്ല. നിലവിലുള്ളവയില്‍, വളരെ കുറഞ്ഞ തോതിലേ വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിപ്പിച്ചുള്ളൂ.  എന്നാല്‍ ഇതേ കാലത്ത് ഉന്നത വിദ്യാഭ്യാസ രംഗത്തു സ്വകാര്യ മേഖല അഭൂതപൂര്‍വ്വമായി വളര്‍ന്നെങ്കിലും ആ സ്ഥാപനങ്ങളില്‍  ഒന്നുപോലും ഗുണമേന്മയില്‍ പൊതു/ സര്‍ക്കാര്‍ മേഖലയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കൊപ്പം എത്തിയില്ല.  പക്ഷേ, ഇവ ഭീമമായ ഫീസ് ഈടാക്കുകയും ചെയ്തു.   

ചുരുക്കത്തില്‍, സ്വകാര്യ സ്‌കൂളുകളില്‍  വന്‍ തുക ഫീസ് നല്‍കി പഠിച്ചവരും,  മൊത്തം ഐ.ഐ.ടി - എം.ബി.ബി.എസ്. ഫീസിന്റെ ഇരട്ടിയിലേറെ എന്‍ട്രന്‍സ് കോച്ചിങ്ങിനു ചിലവാക്കിയവരും  വിദ്യാഭ്യാസ സബ്സിഡിയെ പരിഹസിച്ചവരുമായ വലതു പക്ഷപാതികളായ ഇന്ത്യന്‍ മധ്യവര്‍ഗ്ഗം ഉന്നത വിദ്യാഭ്യാസത്തിനു പൊതുമേഖലയില്‍ത്തന്നെ അടിഞ്ഞു. ഈ സ്ഥാപനങ്ങളില്‍ പലതിലും  ബിരുദ തലത്തില്‍ പോലും സംവരണം പൂര്‍ണമായും നടപ്പിലാക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. ബിരുദാനന്തര ബിരുദത്തിനും ഗവേഷണത്തിനും പ്രവേശന പരീക്ഷ നല്ല രീതിയില്‍ ജയിച്ചാലും വാചാ പരീക്ഷയില്‍ പിന്നാക്കജാതിക്കാര്‍ തോല്‍ക്കുകയാണ് ഇവിടങ്ങളിലും  പതിവ്.  ഇതു മുന്‍പറഞ്ഞ സെലക്ഷന്‍ കമ്മിറ്റി കഥയുടെ ആവര്‍ത്തനമാണ്. രോഹിത് വെമുലയുടെ മരണത്തെത്തുടര്‍ന്ന് വെളിച്ചത്തുവന്ന എത്രയോ കഥകള്‍ ഇതിനു തെളിവായുണ്ട്.  സ്‌കൂള്‍ തലത്തില്‍ പൊതു മേഖലയെ പുച്ഛിക്കുന്ന ഇന്ത്യന്‍ മധ്യവര്‍ഗം കോളജ് വിദ്യാഭ്യാസത്തിന് പൊതു മേഖലയിലേക്ക് ഇടിച്ചു കയറാന്‍ കാരണം ഈ മേഖലയിലെ സ്വകാര്യ സ്ഥാപനങ്ങളുടെ തകര്‍ച്ച അല്ലെങ്കില്‍ കാലാനുസരണമായ വളര്‍ച്ചയില്ലായ്മ ആണ്.

പിന്നാക്കക്കാരന്‍ ഒരു ഡോക്ടര്‍ ആയാല്‍, IAS ആയാല്‍, എന്തിന്, സ്‌കൂള്‍ ടീച്ചര്‍ ആയാല്‍പ്പോലും സംവരണം നേടിയതിന്റെ പേരില്‍ പരിഹസിക്കാന്‍ മടിയില്ലാത്ത സമൂഹം ആണിത്. ഇവിടെയാണ് 124ാം  ഭരണഘടനാ ഭേദഗതി പരിഹാസ്യമാകുന്നത്

ഈ കണക്കുകള്‍ വ്യക്തമാക്കുന്നത് മുന്നാക്കക്കാരിലെ സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്നവരുടെരുടെ അവസരങ്ങള്‍ തട്ടിയെടുക്കുന്നതു വെറൊരു മുന്നാക്കക്കാരന്‍ തന്നെയാണ് എന്നാണ്. ചുരുക്കത്തില്‍, ഭരണത്തിലും ഉദ്യോഗസ്ഥവൃന്ദത്തിലും ഉള്ള സ്വാധീനം ഉപയോഗിച്ചു തൊഴില്‍- വിദ്യാഭ്യാസ സംവരണം നടപ്പിലാക്കണോ വേണ്ടയോ എന്നു മുന്നാക്കക്കാര്‍ തീരുമാനിക്കുന്ന സ്ഥിതി വിശേഷമാണ്  ഇന്നു നിലവില്‍. എന്നിട്ടും തങ്ങളിലെ കുറച്ചുപേരുടെ സാമ്പത്തിക പരാധീനതയെ പെരുപ്പിച്ചു കാട്ടി സാമ്പത്തിക സംവരണം വേണമെന്ന ആവശ്യം ഉയര്‍ത്തി,  അതിന് ഉന്നത നിയമ നിര്‍മാണ സഭയില്‍നിന്ന് ഇമ ചിമ്മും വേഗത്തില്‍   അംഗീകാരം നേടിയപ്പോള്‍  ആരും  ചോദിക്കാതെ പോയ ഒരു ചോദ്യം ഉണ്ടായിരുന്നു : സഹസ്രാബ്ദങ്ങളായി സാമ്പത്തികവും സാമൂഹികവും  ഭരണപരവുമായി  ഇത്രയേറെ പ്രമാണിത്തം ഉണ്ടായിരുന്നിട്ടും മുന്നാക്കക്കാരിലെ ഒരു വിഭാഗം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നെങ്കില്‍ ഇക്കാലമത്രയും എന്നും എല്ലാ തരത്തിലും അടിച്ചമര്‍ത്തലും പാര്‍ശ്വവല്‍ക്കരണവും  അനുഭവിച്ചു ജീവിക്കുന്ന പിന്നാക്കക്കാരിലെ ഭൂരിപക്ഷത്തിന്റെ സ്ഥിതിയോ? അവര്‍ ഇനി എന്നാണു സാമൂഹിക തുല്യത നേടാന്‍ പോകുന്നത്?  പിന്നാക്കക്കാരന്‍ ഒരു ഡോക്ടര്‍ ആയാല്‍, IAS ആയാല്‍, എന്തിന്, സ്‌കൂള്‍ ടീച്ചര്‍ ആയാല്‍പ്പോലും സംവരണം നേടിയതിന്റെ പേരില്‍ പരിഹസിക്കാന്‍ മടിയില്ലാത്ത സമൂഹം ആണിത്. ഇവിടെയാണ് 124ാം  ഭരണഘടനാ ഭേദഗതി പരിഹാസ്യമാകുന്നത്.

2014ല്‍  മോദി ഭരണത്തില്‍ വന്നത് ഒരു വര്‍ഷം 2 കോടി പുതിയ തൊഴിലവസരം ഉണ്ടാക്കുമെന്ന വാഗ്ദാനം നല്‍കിക്കൊണ്ടായിരുന്നു. 2018ല്‍ മാത്രം ഒരു കോടി പത്തു ലക്ഷത്തോളം തൊഴില്‍ ഇല്ലാതായി എന്നതാണ് സത്യം.

പാര്‍ശ്വവല്‍ക്കരണത്തിന്റെ ഇരുട്ടടികള്‍ മുന്നോക്കക്കാരനെയും വീഴ്ത്തിത്തുടങ്ങി.  ഉദാരവല്‍ക്കരണത്തെ തുടര്‍ന്ന് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 68% എന്ന നിരക്കില്‍ GDP വാര്‍ഷിക വളര്‍ച്ച നേടിയപ്പോള്‍ ഉത്പാദനം മാത്രമല്ല ഉപഭോഗവും കൂടി. എന്നാല്‍  ചെലവു ചുരുക്കലിന്റെ ഭാഗമായി സര്‍ക്കാര്‍ തൊഴില്‍ അവസരങ്ങള്‍ വെട്ടിക്കുറച്ചു. സാമൂഹികക്ഷേമ പരിപാടികളുടെയും വരുമാന പുനര്‍ വിതരണ പരിപാടികളുടെയും വിദ്യാഭ്യാസത്തിന്റെയും ആരോഗ്യത്തിന്റെയും ബജറ്റ്  നീക്കിയിരുപ്പ് GDP വളര്‍ച്ചക്ക് അനുസരിച്ചു വര്‍ദ്ധിപ്പിച്ചില്ല. മാത്രമല്ല, ജനസംഖ്യാടിസ്ഥാനത്തില്‍ പ്രതിശീര്‍ഷ ഉപഭോഗം (Per Capita Spending) കുറഞ്ഞു കുറഞ്ഞു വന്നു. ഈ കാലഘട്ടത്തില്‍ സര്‍ക്കാര്‍ തലത്തിലെ തൊഴില്‍ അവസരങ്ങള്‍ കുത്തനെ ഇടിഞ്ഞു. എങ്കിലും ആറാം ശമ്പള കമ്മിഷന്‍  സ്വകാര്യ മേഖലയെക്കാള്‍ വളരെ മെച്ചപ്പെട്ട ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഉറപ്പുവരുത്തി. അപ്പോള്‍ എണ്ണത്തില്‍ കുറഞ്ഞ സര്‍ക്കാര്‍ ജോലിക്ക് ആവശ്യക്കാര്‍ ഏറി. ഏഴാം ശമ്പള കമ്മിഷന്‍ അടുത്ത വന്‍ കുതിപ്പുകൂടി നടത്തിയപ്പോള്‍, സര്‍ക്കാരിലെ തുടക്ക ശമ്പളം സ്വകാര്യ മേഖലയിലെ മധ്യ (Middle Level) നിര തൊഴിലാളിയുടേതിനൊപ്പമോ അതില്‍ കൂടുതലോ ആയി. സ്വകാര്യമേഖലയിലെ  ഉത്പാദനവരുമാന വളര്‍ച്ചയുടെ പ്രയോജനം തൊഴിലാളിക്ക് ലഭിക്കുന്നില്ല എന്ന് അര്‍ത്ഥം. ഒപ്പം തൊഴില്‍ നിയമങ്ങളിലെ ഉദാരവല്‍ക്കണത്തോടെ സ്വകാര്യ മേഖലയിലെ തൊഴില്‍ സ്ഥിരത നഷ്ടപ്പെടുകയും ചെയ്തു. കുറഞ്ഞ വരുമാനം, പരിമിത ആനുകൂല്യങ്ങള്‍, മറ്റു നിയന്ത്രണങ്ങള്‍ എന്നിവ കൊണ്ട് സ്വകാര്യ മേഖലയിലെ തൊഴില്‍ അഭികാമ്യമല്ലാതായി. അങ്ങനെ, സര്‍ക്കാര്‍ തലത്തിലെ ഒരു പ്യൂണ്‍ തസ്തികയ്ക്കു PhDക്കാര്‍ അടക്കം ആയിരക്കണക്കിന് അപേക്ഷകര്‍ ഉണ്ടായി.

 

Justice

പക്ഷേ,  ഈ പറഞ്ഞതൊന്നും പുതിയ കാര്യങ്ങളല്ല. എന്നിട്ടും ഒരു പ്രധാന ഭരണഘടനാ ഭേദഗതിയിലൂടെ മുന്നാക്ക സംവരണ നിയമം ധൃതി പിടിച്ചു നടപ്പാക്കാന്‍ മോദി സര്‍ക്കാരിനെ പ്രേരിപ്പിച്ചത് എന്തായിരിക്കും? 2010 നു ശേഷം സ്വകാര്യ മേഖലയിലെ തൊഴിലിന്റെ എണ്ണം ഘട്ടം ഘട്ടമായി കുറയുകയാണ്.  2014ല്‍  മോദി ഭരണത്തില്‍ വന്നത് ഒരു വര്‍ഷം 2 കോടി പുതിയ തൊഴിലവസരം ഉണ്ടാക്കുമെന്ന വാഗ്ദാനം നല്‍കിക്കൊണ്ടായിരുന്നു. എന്നാല്‍ ആദ്യ രണ്ടു വര്‍ഷങ്ങളിലും  20-25 ലക്ഷം തൊഴില്‍ മാത്രമാണ് അധികമായി ഉണ്ടായത്. 2017-18ല്‍  തൊഴില്‍ ഉത്പാദനം  വിപരീതമായി. അതായത് പുതിയതായി ഉണ്ടായ തൊഴിലിന്റെ പത്തിരട്ടിയിലേറെ പേര്‍ക്ക് ഉള്ള തൊഴില്‍ നഷ്ടപ്പെട്ടു. 2018 ഡിസംബറിലെ CMIE കണക്കുപ്രകാരം 2018ല്‍ മാത്രം ഒരു കോടി പത്തു ലക്ഷത്തോളം തൊഴില്‍ ഇല്ലാതായി. 2016ലെ നോട്ട് നിരോധനവും 2017ല്‍ GST നടപ്പിലാക്കിയ രീതിയും ഉത്പാദന-വിതരണ മേഖലകളെ അതികഠിനമായി ബാധിച്ചു. അതിന്റെ  പരിണത ഫലമാണ് ഈ വന്‍തോതിലുള്ള തൊഴില്‍ നഷ്ടം.

അതായത്,  ഉദാരവല്‍ക്കരണ നയങ്ങളിലെ പാളിച്ചകളും മോദി സര്‍ക്കാരിന്റെ സാമ്പത്തിക അബദ്ധങ്ങളും കൂടി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ കൊടും തകര്‍ച്ചയുടെ വക്കില്‍ എത്തിച്ചിരിക്കുകയാണ്. വികലമായ സാമ്പത്തിക നയങ്ങള്‍ ബഹുഭൂരിപക്ഷത്തെയും പാര്‍ശ്വവല്‍ക്കരിക്കുന്നു എന്ന  തത്വത്തിനു തെളിവാണ് വര്‍ത്തമാനകാല ഇന്ത്യയുടെ അവസ്ഥ. നയങ്ങള്‍ ജന നന്മക്കുള്ളതാണ് എന്നതു മറന്ന് കുറുക്കു വഴികളാണ് ഇടതുപക്ഷം അടക്കമുള്ള രാഷ്ട്രീയ നേതൃത്വവും സ്വീകരിക്കുന്നത് എന്ന യാഥാര്‍ഥ്യം പ്രശ്‌നങ്ങളെ വീണ്ടും സങ്കീര്‍ണമാക്കുന്നു.

ഇതുകൊണ്ടുള്ള കോട്ടം,  സംവരണത്തിലൂടെ സാമൂഹിക ഉന്നതി എന്നത് വെറും മനക്കോട്ടയായി തുടരും എന്നതാണ്. ജാതിമുന്നാക്കക്കാരും സാമ്പത്തിക മുന്നാക്കക്കാരും കാര്യങ്ങള്‍ തീരുമാനിക്കും. മുന്നാക്ക ജാതിക്കാരുടെ രാഷ്ട്രീയ പ്രാബല്യവും മാധ്യമങ്ങള്‍ അടക്കമുള്ള സകല മേഖലകളിലെയും  അധീശത്വവും  തെളിയിക്കുന്നതു കൂടിയാണ് വെറും ആറു ദിവസം കൊണ്ട് നടപടികള്‍ പൂര്‍ത്തിയായി നിയമമായ 124 ാം ഭരണഘടനാ ഭേദഗതി. ഭരണഘടനയുടെ അന്ത:സത്തയെ തന്നെ ചോദ്യം ചെയ്യുന്ന ഒന്നായിട്ടു പോലും ഇതിന് പാര്‍ലമെന്റിനു പുറത്ത് സംവാദം വേണമെന്ന ആവശ്യം ഒരു കോണില്‍ നിന്നും ഉയര്‍ന്നില്ല എന്നത് ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്നതിന് തെളിവാകുന്നു.

ഡല്‍ഹിയിലെ ജവാഹര്‍ ലാല്‍ നെഹ്റു യൂണിവേഴ്‌സിറ്റി സാമ്പത്തിക സംവരണത്തിനു പകരം 1994ല്‍ നടപ്പിലാക്കിയ അധ:സ്ഥിതാവസ്ഥാ സൂചിക (Deprivation Point System) പ്രകാരമുള്ള അഡ്മിഷന്‍ നയം പോലെ ഒരെണ്ണം നടപ്പിലാക്കിയിരുന്നെങ്കില്‍ അതു സാമൂഹിക നീതിക്ക് നിരക്കുന്നതും മുന്നോക്കകാരന്റെ ആശങ്കകളെ ഉള്‍ക്കൊള്ളുന്നതും ആവുമായിരുന്നു. എന്നാല്‍ ഇത്തരം ഒരു സംവാദത്തിനു പോലും സമയം ഉണ്ടായില്ല.

വികലമായ സാമ്പത്തിക നയങ്ങള്‍ കൊണ്ടു സൃഷ്ടിക്കപ്പെട്ട സാമൂഹിക പ്രശ്‌നങ്ങളെ കൂടുതല്‍ വികലമായ സംവരണ നയം കൊണ്ട് നേരിടാമെന്നു രാഷ്ട്രീയവും ബൗദ്ധികവും ആയ ഒരു സമൂഹവും സര്‍ക്കാരും തീരുമാനിക്കുന്നിടത്ത് ഇന്ത്യയുടെ സാമൂഹിക പുരോഗതിയുടെ പാത അടയുകയാണ്.

ഉദാരവല്‍ക്കരണത്തെ  രണ്ടു കൈയ്യും നീട്ടി സ്വീകരിക്കുന്ന വലത് പക്ഷപാതികളും  അതിനെ നിരന്തരം ചോദ്യം ചെയ്യുന്ന ഇടത് പക്ഷക്കാരും ഒരേ ആവേശത്തോടെ  മോദി സര്‍ക്കാരിന്റെ മറ്റൊരു 'സര്‍ജിക്കല്‍ സ്‌ട്രൈക്ക്' എന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ നീക്കത്തെ സ്വീകരിച്ചത് വോട്ടു മാത്രം ലാക്കാക്കിയാണ്. പക്ഷേ, മുന്നാക്കക്കാര്‍ക്കായുള്ള സാമ്പത്തിക സംവരണം എന്ന ആശയം തകര്‍ന്നു കൊണ്ടിരിക്കുന്ന ഒരു സമ്പദ് വ്യവസ്ഥയുടെ ഏറ്റവും നല്ല തെളിവാണ്. ഇത് ഒരു തുടക്കം മാത്രമാണ്.

(വികസനോന്മുഖ സാമ്പത്തിക വിദഗ്ധയാണ് ലേഖിക)

content highlights: 10% general category reservation, analysis with data