irula colony"uncle Tom's cabin" എന്ന നോവലിലൂടെയും "12 years a slave" എന്ന സിനിമയിലൂടെയും മറ്റുമായിരിക്കും കേരളത്തിലെ മധ്യവർഗ്ഗത്തിന് അടിമത്തത്തെ കുറിച്ചുള്ള ഏറ്റവും വേദനാജനകമായ തിരിച്ചറിവുകൾ. വൈവിധ്യങ്ങളുടെയും സാംസ്കാരികോന്നതിയുടെയും ആഘോഷങ്ങൾക്കിടിയലും അതിദയനീയമായ ദരിദ്രരുടെ ഒരു  ഇന്ത്യ കൂടിയുണ്ട് നമുക്ക് മുന്നിൽ. ദയനീയ ചുറ്റുപാടിലുഴലുന്ന ഗ്രാമീണ ഇന്ത്യ. തമിഴ്നാട്ടിലെ ഇരുളക്കോളനിയിൽ നിന്നുള്ള അനൂപ് ദാസിന്റെ അനുഭവക്കുറിപ്പ് വായിക്കാം 

കാശി വെള്ളം ചോദിക്കുന്നു.
വീട് ചോദിക്കുന്നു,
കുഞ്ഞുങ്ങള്‍ക്ക് വിദ്യാഭ്യാസവും
തൊഴിലും ചോദിക്കുന്നു.
മണ്ണില്‍ അവകാശം നല്‍കൂ എന്ന് കേഴുന്നു.

കാശി അടിമത്തൊഴിലില്‍ നിന്ന് സ്വതന്ത്രനാണ്.
പക്ഷേ, അവകാശങ്ങളില്ല.
ഇപ്പോഴും നിസ്വരാണ്.
പരിധികള്‍ക്ക് പുറത്താണ്.
പുറമ്പോക്കില്‍ തന്നെയാണ്.

2019 ആഗസ്ത് മാസമാണ് ഇതിന് മുന്‍പ് കാശിയെ കണ്ടതു. രക്ഷിക്കണേ, എന്ന് കേണ് ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യന്റെ കാലില്‍ വീണ് കിടക്കുന്ന ദൃശ്യം അന്ന് ഈ ഗ്രാമത്തില്‍ എത്തിച്ചു. അതേ കാശിയെ വീണ്ടും കാണാൻ പോവുകയാണ്....

വിജനമായ, നീണ്ട പാത. ഇരുപുറവും വയലില്‍ നെല്‍ച്ചെടികള്‍ പച്ചപ്പണിയിച്ചു. വഴിയില്‍, വശങ്ങളിലെ ചെമ്മണ്ണ് ഇളകിപ്പറക്കുന്നുണ്ട്. അടുത്ത തിരിവിനപ്പുറം ഊര്, ഇരുളക്കോളനി. രണ്ട് വര്‍ഷം മുന്‍പത്തെ ഓര്‍മ്മയില്‍ പൊടിപിടിക്കാതെ കിടന്ന വഴിയിലൂടെയാണ് യാത്ര. കാഞ്ചീപുരത്ത് നിന്ന് കൂറോം റെയില്‍വേ ഗേറ്റ്. അവിടെ നിന്ന് ഒരു കിലോ മീറ്റര്‍ നടന്നാല്‍ പെരിയ കെരമ്പൂര്‍. കാശിയുടേയും അയ്യപ്പന്റേയും പാര്‍വ്വതിയുടേയുമെല്ലാം കോളനി. ആ കഥ ആദ്യം പറയാം.

 

irula colony
ഇരുളക്കോളനി

തമിഴ്നാട്ടിലെ കൃഷിയിടങ്ങളില്‍ നിന്നും വിറക് വെട്ടു കേന്ദ്രത്തില്‍ നിന്നും അരിമില്ലുകളില്‍ നിന്നും ഇഷ്ടികച്ചൂളകളില്‍ നിന്നും അടിമത്തൊഴിലാളികളെ മോചിപ്പിക്കുന്നത് നിത്യ സംഭവമായിരുന്നു.

അവകാശപ്പെട്ട കൂലിയോ വിശ്രമമോ ഭക്ഷണമോ ഒന്നും നല്‍കാതെ മനുഷ്യരെ അടിമകളെപ്പോലെ തൊഴിലെടുപ്പിക്കുന്ന സമ്പ്രദായം വ്യാപകമാണ് ഇവിടെ. അതേക്കുറിച്ചുള്ള വാര്‍ത്തകള്‍ പല തവണ റിപ്പോര്‍ട്ട് ചെയ്തതുമാണ്. അതിനിടെയാണ് കാഞ്ചീപുരത്തെ ഒരു വിറക് വെട്ടു കേന്ദ്രത്തില്‍ ആര്‍ഡിഒയും തഹസില്‍ദാരുമെല്ലാം പരിശോധനയ്ക്കെത്തിയത്. നീണ്ട് മെലിഞ്ഞ ഒരു മനുഷ്യര്‍ കയ്യിലെ വെട്ടു കത്തി വലിച്ചെറിഞ്ഞ്, രക്ഷിക്കണേ എന്ന് പറഞ്ഞ് ആര്‍ഡിഒയുടെ കാലില്‍ വീഴുന്ന ചിത്രം വ്യാപകമായി പ്രചരിച്ചു. കാശിയാണ് അത്. ചെറിയ തുക കടംവാങ്ങിയതിന്റെ പേരില്‍ കാശിയേയും കുടുംബത്തേയും നടരാജന്‍ എന്ന മുതലാളി അടിമത്തൊഴിലാളികളാക്കി വെച്ചതായിരുന്നു. ചെറിയ കാലയളവല്ല, 14 വര്‍ഷം.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ ലേഖനങ്ങള്‍ വായിക്കാന്‍ JOIN Mathrubhumi Social and environmental  Whatsapp group

 

ആദിവാസി വിഭാഗമായ ഇരുളരാണ് കാശിയും കുടുംബവും. വിദ്യാഭ്യാസപരമായും സാമൂഹ്യമായുമെല്ലാം ഏറെ പിന്നാക്കം നില്‍ക്കുകയും വലിയ ബുദ്ധിമുട്ടു നേരിടുകയും ചെയ്യുന്ന ആ മനുഷ്യരുടെ നിസ്സഹായവസ്ഥയേയും അറിവില്ലായ്മയേയും നടരാജന്‍ ചൂഷണം ചെയ്യുകയായിരുന്നു. കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചു. പുറമ്പോക്ക് ഭൂമിയില്‍ അവര്‍ വളച്ചുകെട്ടിയ കൂരകളിലേക്ക് പോകാന്‍ അനുവദിച്ചില്ല. വല്ലപ്പോഴും ഒന്നോ രണ്ടോ ആളുകളെ മാത്രം വീട്ടില്‍ പോകാന്‍ അനുവദിച്ചു. ഭക്ഷണം കൃത്യമായി നല്‍കാതെ രാപ്പകല്‍ വിറക് വെട്ടു കേന്ദ്രത്തില്‍ പണിയെടുപ്പിച്ചു. 'കൊത്തടിമൈ' എന്നതാണ് തമിഴിലെ പ്രയോഗം. അടിമത്തൊഴിലാളികളായി ജീവിതം തകര്‍ന്നു തരിപ്പണമായ മനുഷ്യരെ നേരില്‍ പോയി കാണാന്‍ തീരുമാനിച്ചു. അങ്ങനെ രണ്ട് വര്‍ഷം മുന്‍പ് പെരിയകെരമ്പൂരിലെത്തി കാശിയേയും കുടുംബത്തേയും കണ്ടു. 

അന്ന് മാതൃഭൂമി ന്യൂസിന് വേണ്ടി തയ്യാറാക്കിയ പ്രത്യേക പരിപാടി താഴെ നല്‍കുന്നു.


പിന്നേയും പല തവണ പെരിയകെരമ്പൂരിലെ പരിചയക്കാരെ വിളിച്ച് കാശിയെക്കുറിച്ച് അന്വേഷിക്കാറുണ്ടായിരുന്നു. അവര്‍ നന്നായിരിക്കുന്നു എന്ന മറുപടി ലഭിച്ചുകൊണ്ടേയിരുന്നു. നേരില്‍ പോകണം, ആ കുടുംബത്തെ വീണ്ടും കാണണം എന്ന ആഗ്രഹം പല തവണയായി വന്നതാണ്. ഇപ്പോള്‍ അതിനുള്ള സമയമായി, ആ യാത്രയാണ് ഈ പാതയില്‍ എത്തി നില്‍ക്കുന്നത്.

hut
ഇരുളക്കോളനിയിലെ കൂര

പനയോല വെട്ടി, ഉണക്കി മുളങ്കാലില്‍ തിരുകിവെച്ച കൂരകള്‍. അന്നത്തേയും ഇന്നത്തേയും കാഴ്ചയ്ക്ക് മാറ്റമൊന്നുമില്ല. നഗരങ്ങളില്‍ അടുത്തടുത്ത് മാനം മുട്ടെ ഉയര്‍ന്ന ഫ്ലാറ്റുകളെങ്കില്‍ ഇവിടെ അടുത്തടുത്ത് നിലം പറ്റി കൂരകളാണ്. നൂണ്ട് നിവര്‍ന്ന് വേണം അകത്ത് കയറാന്‍.

കൂരകള്‍ക്കിടയിലെ ചെറിയ വിടവില്‍ നിലത്ത് വിരിച്ച തുണിയില്‍ ഒരാള്‍ കിടക്കുന്നു. അടുത്ത് ഒരു കുഞ്ഞ് കളിക്കുന്നു. മറ്റാരെയും അവിടെയൊന്നും കാണാനില്ല.

''കാശിയണ്ണാ''

അദ്ദേഹം വിളി കേട്ടു.
തീരെ ക്ഷീണിതനാണ്. പഴയതിലും ക്ഷീണിതന്‍.
എന്നെ ഓര്‍മയുണ്ടോ എന്ന ചോദ്യത്തിന് തലയാട്ടി. അന്ന് കേരളത്തില്‍ നിന്ന് വന്നയാള്‍ എന്ന് കൂടി പറഞ്ഞപ്പോള്‍ കാശിയണ്ണന്റെ ഓര്‍മ്മയിലെ തെളിച്ചത്തിലേക്ക് എന്റെ മുഖം കയറിയെത്തിയെന്ന് തോന്നുന്നു, അദ്ദേഹം ചിരിച്ചു. ഞാനും.

കഴിഞ്ഞ ഒരു മാസമായി വിട്ടുമാറാത്ത പനിയും ക്ഷീണവുമെന്ന് അദ്ദേഹം പറഞ്ഞു. മൂന്ന് തവണ ആശുപത്രിയില്‍ പോയി. കഴിഞ്ഞ ദിവസങ്ങളിലാണ് വീട്ടിന് പുറത്തേയ്ക്ക് ഇറങ്ങിയത്.

സുഖമാണോ?

ഇതാ ഇത് പോലെയെന്ന് മറുപടി.

"അയ്യപ്പനും പൊന്നിയമ്മാളും മുരളിയുമെല്ലാം പണിക്ക് പോയി. കാഞ്ചീപുരം നഗരസഭയില്‍ താത്ക്കാലിക ജീവനക്കാരാണ് അവരിപ്പോള്‍. നഗരത്തിലെ ശുചീകരണത്തൊഴിലാളികള്‍. ബാക്കിയുള്ളവര്‍ കൂലിപ്പണിയ്ക്ക് പോയിരിക്കയാണ്. വൈകീട്ടേ വരു ", അദ്ദേഹം പറഞ്ഞു.

ഒരു കുടം വെള്ളവും കൊണ്ട് ദൂരെ നിന്ന് ഒരു സ്ത്രീ നടന്നു വരുന്നു. അടുത്ത് കണ്ടപ്പോള്‍ ആളെ ഓര്‍മ്മ വന്നു. ശാന്തിയമ്മയാണ്, കാശിയുടെ ഭാര്യ. ഏഴ് മക്കളുടെ അമ്മ. ആ മുറ്റത്ത് ഞങ്ങള്‍ക്കൊപ്പം ശാന്തിയും ഇരുന്നു.

''പാര്‍വതി എവിടെപ്പോയി''?

ആ ചോദ്യത്തോട് ശാന്തിയമ്മ പതിയെയാണ് മറുപടി പറഞ്ഞത്. ''അവള് പോയി. ഇതാ നമ്മളിരിക്കുന്ന  ഇവിടെ വെച്ചാണ് മരിച്ചത്. പ്രസവത്തിന്റെ അന്ന്, കുഞ്ഞും അവളും മരിച്ചു. അപ്പുറത്ത് ഞങ്ങടെ ചുടുകാട്ടില്‍ അടക്കി.''

hut
കോളനിയിലെ ക്ഷേത്രത്തിന്റെ ഉൾഭാഗം

അതൊരു ഞെട്ടിപ്പിക്കുന്ന മറുപടിയായിരുന്നു. അന്ന് ആ ആഗസ്തില്‍, പൊട്ടിക്കരഞ്ഞു കൊണ്ട് ജീവിതം പറഞ്ഞ ആ പെണ്‍കുട്ടി എന്റെ കണ്‍മുന്നിലുണ്ട്. പാര്‍വതിയുടെ അമ്മയ്ക്ക് കാന്‍സറായിരുന്നു. ചികിത്സിക്കാന്‍ പോകാന്‍ ക്രൂരനായ മുതലാളി നടരാജന്‍ സമ്മതിച്ചില്ല. ഒടുവില്‍ രോഗം മൂര്‍ച്ഛിച്ചപ്പോള്‍ പണിയിടത്ത് നിന്ന് ഇറക്കി വിട്ടു. ചികിത്സയ്ക്കായി അഞ്ച് പൈസയും നല്‍കിയില്ല. മദിരാശി തെരുവില്‍ അമ്മയേയും ഇരുത്തി കീറത്തുണി വിരിച്ച് പണത്തിനായി യാചിച്ച അച്ഛന്റെ ഗതികേട് പറഞ്ഞപ്പോള്‍ പാര്‍വതിയും കണ്ടു നിന്ന ഞങ്ങളും കരഞ്ഞു പോയതാണ്. അമ്മ മരിച്ചു, അത് തീര്‍ത്ത ശൂന്യതയില്‍, വേദനയില്‍, ഭ്രാന്ത് പിടിച്ച അച്ഛന്‍ എവിടേക്കോ ഓടിപ്പോയി. അപ്പോഴും പാര്‍വതിക്ക് അടിമത്തൊഴിലിടത്തില്‍ പണിയെടുക്കേണ്ടി വന്നു. ഒടുവില്‍ രക്ഷപ്പെട്ട്, ചെറുപ്രായത്തില്‍ തന്നെ അശോകിനെ വിവാഹം കഴിച്ച് ജീവിക്കുന്നതിനിടെയിലാണ് മരണം. അന്ന് വയസ്സ് ചോദിച്ചപ്പോള്‍ അവള്‍ക്ക് അറിയില്ലായിരുന്നു. 20 തികഞ്ഞിട്ടില്ല എന്ന് ഉറപ്പാണ്. രണ്ട് വര്‍ഷത്തിനിപ്പുറം നടന്നെത്തിയത് പാര്‍വതിയില്ലാത്ത ഊരിലാണ് എന്ന യാഥാര്‍ത്ഥ്യം അതുകൊണ്ടെല്ലാം തന്നെ വേദനമാത്രം നല്‍കി.

കാശിയും ശാന്തിയമ്മയും ഞങ്ങളെ അവരുടെ കുലദൈവത്തിനടുത്തേക്ക് കൂട്ടിക്കൊണ്ടു പോയി. ആകെ തകര്‍ന്ന കോവില്‍ വീണ്ടും കെട്ടിയുയര്‍ത്തുന്ന കാലത്താണ് മുമ്പ് ഇവിടെ വന്നത്. ഇപ്പോള്‍ പൂജയുണ്ട്. ഏറ്റവും പിറകില്‍ കുറേ ദൈവങ്ങളുടെ ചിത്രങ്ങള്‍. കണ്ണിയമ്മന്റെ ചിത്രം വലുതായി നടുവില്‍. മുന്നില്‍ വിളക്കും ശൂലവും കര്‍പ്പൂരത്തട്ടും. ആ പനയോലക്കെട്ടിന്റെ അരികില്‍ സൂക്ഷിച്ച ചെറിയ പാത്രത്തില്‍ നിന്ന് നാല് കര്‍പ്പൂരം കാശി തട്ടിലേക്കിട്ടു. തീപ്പെട്ടിയുരച്ച് കത്തിച്ച് ഞങ്ങള്‍ക്ക് നേരെ നീട്ടി. ഭസ്മം തൊട്ടു.

''കണ്ണിയമ്മന്‍ കാത്തോളും ഞങ്ങളെ''
കാശി പറഞ്ഞു.

കാശിക്ക് സുഖമില്ലാതായതോടെ ഭാര്യ ശാന്തിയമ്മയും ഇപ്പോള്‍ മകള്‍ അമുളുമാണ് പൂജാ കര്‍മ്മങ്ങള്‍ ചെയ്യുന്നത്. ആ കോവിലിന് മുന്നില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല എന്ന ബോര്‍ഡും കണ്ടില്ല.

''സര്‍ക്കാര് എന്തെങ്കിലും സഹായം ചെയ്തോ?''

കാശിയാണ് മറുപടി പറഞ്ഞത്,
''തിരഞ്ഞെടുപ്പിന് മുമ്പ് കുറച്ച് പേര്‍ വന്ന് വീട് തരാം എന്നൊക്കെ പറഞ്ഞിരുന്നു''

ആ പറച്ചിലില്‍ എല്ലാമുണ്ട്.
കൂടുതല്‍ ചോദിച്ചില്ല.

അന്‍പതോളം ഇരുളക്കുടിലുകളുണ്ട് ഈ ഊരില്‍. പത്ത് കുടിലില്‍ മാത്രം വൈദ്യുതി. ബാക്കിയുള്ളിടത്ത് ഇരുട്ട്. പ്ലസ്ടു വരെയെങ്കിലും വിദ്യാഭ്യാസം ഉള്ളത് ഒരാള്‍ക്ക് മാത്രം. ബാക്കി എല്ലാവരുടേയും വിദ്യാഭ്യാസം ഒന്നാം ക്ലാസിലും മൂന്നാം ക്ലാസിലും ആറാം ക്ലാസിലുമെല്ലാം അവസാനിച്ചു. ചെറിയ കുട്ടികള്‍ സ്‌കൂളില്‍ പോകുന്നുണ്ടായിരുന്നു, സ്ഥിരമായില്ല. ഓണ്‍ലൈന്‍ ക്ലാസുകളെക്കുറിച്ച് ഇവര്‍ക്ക് വലിയ അറിവൊന്നുമില്ല. സ്മാര്‍ട്ട് ഫോണ്‍ ആരുടേയും കയ്യിലില്ല. ഒരു കൂരയ്ക്ക് പോലും പട്ടയമില്ല. ആരുടെ വീട്ടിലും കിണറില്ല. ഒരിടത്തും കുടിവെള്ള പൈപ്പ് ഇല്ല.

content highlights: Slavery days of Kaashi, A story from Rural Tamilnadu