സ്വദിച്ച് വണ്ടിയോടിക്കാവുന്ന ഹൈവേകള്‍ നമ്മുടെ രാജ്യത്ത് പൊതുവേ കുറവാണ്. വളവും തിരിവും അസഹനീയമായ ട്രാഫിക്കും കാരണം കടുത്ത സമര്‍ദ്ദം ഉണ്ടാക്കുന്ന ജോലിയായി ഡ്രൈവിങ്ങ് മാറുന്നു. എന്നാല്‍ വ്യത്യസ്തമായ അനുഭവം നല്‍കുന്ന രാജപാതയാണ് ഹൈദരാബാദ് ബാംഗ്ലൂര്‍ഹൈവേ. ആറുവരിയില്‍ നോക്കെത്താദൂരത്തേക്ക് നീണ്ടു കിടക്കുന്ന പാത കാറിന്റെ സ്പീഡോമീറ്ററിനെ നമ്മളറിയാതെ തന്നെ മുന്നോട്ടു നയിക്കും. ഇരുഭാഗത്തു നിന്നും ഉള്‍ഗ്രാമങ്ങളിലേക്കുള്ള റോഡുകള്‍ കാണാം. ഈ റോഡുകളിലേക്കിറങ്ങി ആന്ധ്രാപ്രദേശിലെ ഗ്രാമങ്ങളിലേക്ക് ഡ്രൈവ് ചെയ്യുന്നതും മറ്റൊരു രീതിയില്‍ രസകരമായ അനുഭവമാണ്. ഞാനും ഫോട്ടോഗ്രാഫര്‍ എസ് എല്‍ ആനന്ദും ചേര്‍ന്ന് നടത്തിയ അത്തരമൊരു യാത്രയെ കുറിച്ചാണ് പറഞ്ഞു വരുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമുള്ള പ്രകൃതിദത്തമായ ഗുഹാസമുച്ചയമായ ബേലത്തേക്കായിരുന്നു ആ യാത്ര.

ഹൈദരാബാദില്‍ നിന്ന് 215 കിലോമീറ്റര്‍ പോന്നാല്‍ കുര്‍ണൂര്‍. കൂര്‍ണൂറില്‍ നിന്ന് നൂറ്റിപ്പത്ത് കിലോമീറ്റര്‍ പോയാല്‍ ബേലത്തെത്തും. അത്ര വീതിയില്ലാത്ത റോഡിലേക്ക് വണ്ടിതിരിച്ചു. ഷോലെ സിനിമയില്‍ കണ്ടപോലുള്ള ഗ്രാമങ്ങള്‍. എല്ലാം ഈസ്റ്റ്മാന്‍ കളറിലാണ്. വരണ്ട മണ്ണിന്റെ ചാരയും ഗ്രാനൈറ്റ് കുന്നുകളുടെ ചുമപ്പും ഇടക്കെങ്ങാന്‍ കാണുന്ന പുളിമരങ്ങളുടെ ഇലയുടെ വരണ്ട പച്ചയും... 

ആന്ധ്രയിലെ തനി ഗ്രാമീണരായ ചില മനുഷ്യരെ അറിയാനും ഇടപഴകാനും അവസരമുണ്ടായി എന്നതായിരുന്നു ആ യാത്രയുടെ ധന്യത.

 15ാം വയസ്സിൽ 15 വയസ്സിനു മുതിർന്നയാളെ വിവാഹം ചെയ്ത ശിവമ്മ

35 കിലോമീറ്റര്‍ ചെന്നപ്പോള്‍ സിസിപ്പള്ളിയെന്ന ബോര്‍ഡ്. ചെറിയൊരു കവല. കൊടുംവെയിലത്ത് ഒരു ഇളനീര്‍ കച്ചവടക്കാരി, നാല്‍പതിനുമേല്‍ പ്രായം തോന്നിക്കുന്ന, കടുംവര്‍ണത്തിലുള്ള ചേലയണിഞ്ഞ ശിവമ്മ. ഇളനീര്‍ കുടിച്ച് കാശു കൊടുത്തപ്പോള്‍ തിരിച്ചു തരാന്‍ ചില്ലറയില്ല. ഒരു ഇളനീര്‍ കൂടി തലചെത്തിയെടുത്ത് നീട്ടി. വേണ്ട, കാശ് വെച്ചോളൂ എന്നു പറഞ്ഞെങ്കിലും അവര്‍ പൊരുത്തപ്പെടുന്നില്ല.  ഇളനീര്‍ വാങ്ങി ശിവമ്മക്കൊപ്പമുണ്ടായിരുന്ന മകള്‍ക്ക് കൊടുത്തു. അവളും മടിച്ചു നില്‍ക്കുന്നു. ഏറെ നിര്‍ബന്ധിച്ചപ്പോള്‍ വാങ്ങി, ഭംഗിയുള്ളൊരു ചിരി പകരം തന്നു. ശിവമ്മയെ പോലാണ് ആന്ധ്രയിലെ സ്ത്രീകളിലധികവും. വീട്ടുജോലികളുമായി അകത്തളങ്ങളില്‍ ഒതുങ്ങികൂടുന്നവരല്ല. പുറത്തിറങ്ങി പണിയെടുക്കുന്നവരാണ്. അല്ലെങ്കില്‍ അതിനു നിര്‍ബന്ധിതരായവരാണ്.

ശിവമ്മ പതിനഞ്ചാം വയസ്സില്‍ വിവാഹിതയായവളാണ്. തന്നേക്കാള്‍ പതിനഞ്ചു വയസ്സ് മുതിര്‍ന്ന ബന്ധുവായിരുന്നു വരന്‍. പത്തു വര്‍ഷമേ ദാമ്പ്യത്യം നീണ്ടു നിന്നുള്ളൂ. ഒരു കുഞ്ഞിനെ സമ്മാനിച്ച് അദ്ദേഹം ഇഹലോക വാസം വെടിഞ്ഞു. അമിത മദ്യപാനമായിരുന്നു കാരണം. ജീവിച്ചിരിക്കെ തന്നെ അയാളെ കൊണ്ട് വീട്ടിലേക്ക് വലിയ കാര്യമൊന്നും ഉണ്ടായിരുന്നില്ല. ശിവമ്മ ജോലിക്ക് പോയാണ് കുടുംബം പോറ്റിയതും ഭര്‍ത്താവിന് ചാരായം കഴിക്കാന്‍ കാശു നല്‍കിയിരുന്നതും. 

ലോറിയിലെത്തുന്ന ഇളനീര്‍ കടമായി വാങ്ങി വഴിയാത്രികര്‍ക്ക് വില്‍ക്കുകയാണ് അവര്‍. ഒന്ന് വിറ്റാല്‍ നാലു രൂപ കിട്ടും. അങ്ങനെ ഇളനീര്‍ വിറ്റുകിട്ടുന്ന പണം കൊണ്ടാണ് ശിവമ്മയും മകളും ജീവിക്കുന്നത്. ഗ്രാമത്തില്‍ സ്വന്തമായി ചെറിയ സ്ഥലവും വീടുമുണ്ട്. അമ്മയുടെ വകയായി കിട്ടിയ പരമ്പരാഗത സ്വത്താണത്. മകളെ പഠിപ്പിച്ച് എഞ്ചിനീയറാക്കണമെന്നാണ് മോഹം. അതിന് കുറേ പണം വേണം. അതിനായി റോഡരികില്‍ ചെറിയൊരു ചായക്കടയിടുന്ന കാര്യവും പരിഗണനയിലുണ്ട്. 

Image: SL Anand
ജീവിതം കരുപ്പിടിപ്പിക്കാനായി വണ്ടി തടഞ്ഞ് സംഭാവന വാങ്ങുന്ന സ്ത്രീകൾ | ഫോട്ടോ : എസ്. എൽ ആനന്ദ്

ഇളനീര്‍ കുടിച്ച് ദാഹം മാറ്റി യാത്ര തുടര്‍ന്നു. വഴി വിജനമാണ്. കാര്യമായ ട്രാഫിക്കില്ല. വീതികുറവല്ലാത്ത നല്ല റോഡ്. കാര്‍ എണ്‍പത് കിലോമീറ്റര്‍ വേഗത്തില്‍ മുന്നോട്ടുകുതിക്കുന്നു. പെട്ടെന്നതാ കടും നിറമുള്ള ചേലയണിഞ്ഞ ഒരു സംഘം പെണ്ണുങ്ങള്‍ വഴി തടഞ്ഞുകൊണ്ടു മുന്നില്‍. കാര്‍ നിര്‍ത്തി. വനിതാ നക്‌സലുകളോ? ആദ്യം ചിന്തിച്ചത് അങ്ങിനെയാണ്. പക്ഷെ ഭയക്കാനില്ല. അവര്‍ കൈയ്യില്‍ ചിലമ്പുമായി പാട്ടുപാടി നൃത്തംവെക്കുന്നു. കൂട്ടത്തില്‍ പ്രായമായ സ്ത്രീയാണ് നേതാവ്. അവരുടെ കൈയ്യില്‍ ഹനുമാന്റെ ചില്ലിട്ട ഫോട്ടോ. തൊട്ടടുത്ത് ചെറിയൊരു മണ്ഡപവുമുണ്ട്. ഹനുമാന്റെ അമ്പലമാണത്രെ. സംഗതി സിംപിള്‍, പണംപിരിവാണ്. ഹോളിയാണെന്നാണ് അവര്‍ പറയുന്ന കാരണം. ഹോളിക്ക് ഇനിയുമില്ലേ മാസങ്ങള്‍ ? അത്തരം ചോദ്യങ്ങളൊന്നും വിലപ്പോവില്ല. പത്തു രൂപ കൊടുത്തപ്പോള്‍ സന്തോഷ സൂചകമായി നടുറോട്ടില്‍ ഒരു ഡാന്‍സ് ഷോ കൂടി.

Image: SL Anand
പണം പിരിക്കാനായി വഴിയരികിൽ കാത്തു നിൽക്കുന്ന സ്ത്രീകൾ | ബേതം ചെര്‍ല ഗ്രാമത്തിൽ നിന്നുള്ള കാഴ്ച | ഫോട്ടോ : എസ്. എൽ ആനന്ദ്

ഒരു കിലോമീറ്റര്‍ കൂടി പോയപ്പോള്‍ മറ്റൊരു സംഘം കൂടി. അതേനടപടികള്‍ ആവര്‍ത്തിക്കപ്പെട്ടു. ഞങ്ങളുടെ കാര്‍ കല്ലുവെച്ചാണ് തടഞ്ഞത്. അതിനിടയില്‍ ആന്ധ്രാപ്രദേശ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ്സ് ഹോണ്‍ മുഴക്കിക്കൊണ്ടു വന്നു. രണ്ടു സ്ത്രീകള്‍ ഓടിച്ചെന്ന് കല്ലുകള്‍ മാറ്റിക്കൊടുത്തു. എന്നിട്ടും ബസ് ഡ്രൈവര്‍ തലപുറത്തേക്കിട്ട് ഉച്ചത്തില്‍ എന്തോ പറഞ്ഞു, മുട്ടന്‍ തെറിയാണെന്ന് സ്ത്രീകളുടെ മുഖഭാവത്തില്‍ നിന്ന് വ്യക്തം. ഈ ഗ്രാമത്തിന്റെ പേര് ബേതം ചെര്‍ലയെന്നാണെന്ന് ഞങ്ങളെ യാത്രയാക്കും മുമ്പ് അവര്‍ പറഞ്ഞുതന്നു. 

Image: SL Anand
ഫോട്ടോ : എസ്. എൽ ആനന്ദ്

പിന്നീടുള്ള യാത്ര ശിലായുഗത്തിലൂടെയായിരുന്നു. ചുറ്റും ഗ്രാനൈറ്റും കടപ്പയും ഇടിച്ചെടുക്കുന്ന കുന്നുകള്‍ മാത്രം. ഇടക്കെങ്ങാനും കാണുന്ന വീടുകള്‍ ഗ്രാനൈറ്റ് കല്ലുകള്‍ അട്ടിയായി അടുക്കിവെച്ച് നിര്‍മിച്ചവയാണ്. ട്രാക്ടറുകളില്‍ ഗ്രനൈറ്റ് ശിലകള്‍ കൂട്ടിവെച്ച് സംസ്‌കരണ കേന്ദ്രങ്ങളിലേക്ക് കൊണ്ടു പോവുന്നു. യാത്രക്കും സാധനങ്ങള്‍ കൊണ്ടു പോവാനും ഇവരുപയോഗിക്കുന്നത് ട്രാക്ടറുകളാണ്. ഇവരുടെ ദേശീയ വാഹനവും ട്രാക്ടര്‍ തന്നെ. 

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

ബേലം ഗുഹ സന്ദര്‍ശിച്ച് തിരിച്ചു വരുമ്പോഴും മറ്റൊരു ഗ്രാമീണ വനിതയെ പരിചയപ്പെടാന്‍ അവസരം ലഭിച്ചു. അനന്ത്പൂരില്‍ ചെന്ന് ബാംഗ്ലൂര്‍ ഹൈവേയില്‍ കയറാനായിരുന്നു ഞങ്ങളുടെ പദ്ധതി. രാത്രിയാവുമ്പോഴേക്കും അനന്ത്പൂരിലെത്തണം. അല്ലെങ്കില്‍ ചുറ്റിപ്പോവും. പക്ഷെ അത്ര വേഗത്തില്‍ പോവാനും വയ്യ. റോഡ് ഇടുങ്ങിയതാണ്. ചോളപ്പുല്ലും ഗ്രനൈറ്റ് ശിലകളുമായി വരുന്ന ട്രാക്ടറുകള്‍ക്ക് കടന്നുപോവാന്‍ കാര്‍ ഇടക്കിടെ ഒതുക്കിയിടേണ്ടി വന്നു. അഞ്ചോ ആറോ കിലോമീറ്റര്‍ വന്നതേയുള്ളൂ കാര്‍ ചതിച്ചു. നേരത്തെ കല്ലുകള്‍ വെച്ച് സ്്ത്രീകള്‍ കാര്‍ തടഞ്ഞപ്പോള്‍ ഒരു കല്ലില്‍ കാര്യമായി ഒന്നിടിച്ചിരുന്നു. അതിന്റെ ആഘാതമാവും വണ്ടി നിന്നത് ഒരു കൊച്ചുതെരുവിലാണ്. വര്‍ക്ക്‌ഷോപ്പ് പോയിട്ട് നല്ലൊരു മാടക്കട പോലുമില്ല. രാത്രി കാറില്‍ തന്നെ തങ്ങേണ്ടിവരും. വിശപ്പാണെങ്കില്‍ സഹിക്കാനുമാകുന്നില്ല. അടുത്തുള്ള വീട്ടില്‍ നിന്ന് ഓംലറ്റിന്റെ മണം. പതുക്കെ കയറി നോക്കി. ഒരു സ്ത്രീയും മകനും ചേര്‍ന്ന് ഭക്ഷണം പാകം ചെയ്യുന്നു. രംഗമ്മയെന്നാണ് അവരുടെ പേര്. ഭക്ഷണത്തിനായി അപേക്ഷിച്ചു. 'ശരി, പണം തന്നാല്‍ ഭക്ഷണം തയ്യാറാക്കി തരാം.'  ചൂടോടെ പൊറാട്ടയും ഓംലെറ്റും, തനി മല്ലു സ്‌റ്റൈല്‍. വെറുതെയല്ല, രംഗമ്മയുടെ ഭര്‍ത്താവ് പാതിമലയാളിയാണ്. അടുത്തുള്ള സിമന്റ് ഫാക്ടറിയില്‍ നിന്ന് ലോഡെടുക്കാന്‍ വന്ന ലോറിയുടെ ഡ്രൈവറായെത്തി ലോഹ്യം കൂടിയതാണ്. പക്ഷെ തിരുന്നെല്‍വേലിക്കാരനായ  അയാള്‍ക്ക് നാട്ടില്‍ വേറെ ഭാര്യയുണ്ടോയെന്ന സംശയമുണ്ട്. അതെന്തായാലും വേണ്ടില്ല. കുടുംബം കഴിയാനുള്ള പണം അയാള്‍ നല്‍കുന്നുണ്ട്. അതാണ് രംഗമ്മയുടെ ആശ്വാസം.

Content Highlights: Rural India Trip Belum near Hyderabad