mk stalinതമിഴ്നാട്ടിലെ ഗ്രാമങ്ങളിൽ വീശുന്നത് മാറ്റത്തിന്റെ കാറ്റ്, ആവേശമായി അശ്വനിയുടെ പോരാട്ടം, പിന്തുണയുമായി സ്റ്റാലിൻ

നറിക്കുറവര്‍. നാടു ചുറ്റി തൊഴിലെടുത്ത് ഭക്ഷണം തേടി ജീവിച്ച ഗോത്ര വിഭാഗം. മുത്തു കോര്‍ത്ത് മാലയുണ്ടാക്കാന്‍ വലിയ ഇഷ്ടവും പ്രാഗത്ഭ്യവുമാണ് നറിക്കുറവരിലെ സ്ത്രീകള്‍ക്ക്. കാലങ്ങളായി അവരാതൊഴിലെടുക്കുകയും ചെയ്യുന്നു. ഒരിടത്തും സ്ഥിരമായി താമസിക്കാതെ പുതിയ പുതിയ ഇടങ്ങള്‍ തേടിക്കൊണ്ടിരുന്ന ആ ജനവിഭാഗം അടുത്ത കാലത്ത് സ്ഥിര താമസ കേന്ദ്രങ്ങളില്‍ ജീവിക്കുന്നു.

തമിഴ്നാട്ടിലെ ആദിവാസി വിഭാഗങ്ങളില്‍ കുറേയേറെപ്പേര്‍ സര്‍ക്കാര്‍ പുറമ്പോക്കിലാണ് താമസിക്കുന്നത്. അക്കാരണത്താല്‍ തന്നെ രേഖകളും സര്‍ക്കാര്‍ സഹായങ്ങളും ഏറിയ പങ്കും ലഭിക്കാറുമില്ല. പുറമ്പോക്കിലെ ജനങ്ങളെ നാട്ടിലെ മറ്റ് ജനങ്ങളില്‍ വലിയ വിഭാഗം മുഖ്യധാരയില്‍ നിന്ന് മാറ്റി നിര്‍ത്തിക്കൊണ്ടേയിരിക്കുന്നു. അതിന്റെ തുടര്‍ച്ചയാണ് മഹാബലിപുരത്തിനടുത്തെ പൂഞ്ചേരി ഗ്രാമത്തില്‍ സംഭവിച്ചത്.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

മഹാബലിപുരമെന്ന വലിയ ടൂറിസ്റ്റ് കേന്ദ്രത്തെക്കുറിച്ച് കേട്ടവരോ നേരിട്ട് കണ്ടവരോ ആണ് നമ്മളില്‍ പലരും. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് രാജാക്കന്‍മാരുടെ ആജ്ഞയില്‍ കുറേ തൊഴിലാളികള്‍ ചോര നീരാക്കിയതിന്റെ അടയാളമുണ്ടവിടെ. ഒറ്റക്കല്ലിലും പല കല്ലിലും കൊത്തിവെച്ച സുന്ദര ശില്‍പ്പങ്ങള്‍, ക്ഷേത്രങ്ങള്‍. ആ നിര്‍മ്മിതികളുടെ സൗന്ദര്യം അറിയാനെത്തുന്നവരെ കാത്ത് മഹാബലിപുരത്തെ കടലോരത്ത് കയ്യില്‍ മുത്ത് കോര്‍ത്ത മാലയുമായി കുറേപ്പരെ കാണാറില്ലേ? അവരാണ് നറിക്കുറവര്‍. അവരിലൊരാള്‍ അശ്വിനി.

Ashwini
ദേവസ്വം മന്ത്രി പി.കെ.ശേഖര്‍ ബാബു അശ്വിനിക്കൊപ്പം ഭക്ഷണം കഴിക്കുന്നു. Photo : Twitter|Vijayakumar IPS

21 വയസ്സാണ് അശ്വിനിക്ക്. കുഞ്ഞിനേയും ഒക്കത്തിരുത്തി, കുറച്ചു ദിവസം മുന്‍പ് അശ്വിനി മഹാബലിപുരത്തെ സ്ഥലസയന പെരുമാള്‍ ക്ഷേത്ര മുറ്റത്തെത്തി. അശ്വിനിയുടെ കോളനിയില്‍ നിന്ന് വേറെയും കുറച്ചുപേര്‍ അവിടെയുണ്ടായിരുന്നു. ക്ഷേത്രത്തില്‍ അന്നദാനം നടക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതി പ്രകാരം സൗജന്യ അന്നദാനം. ഭക്ഷണം വിളമ്പുന്ന ഹാളിലേക്ക് കയറാന്‍ നോക്കിയ അശ്വിനിയേയും മറ്റ് നരിക്കുറവരേയും ക്ഷേത്ര ഭാരവാഹികളില്‍ ചിലര്‍ തടഞ്ഞു. 'നിങ്ങളൊന്നും അകത്ത് കയറേണ്ട, ഭക്ഷണം ബാക്കി വന്നാല്‍ പുറത്ത് തരാം' എന്ന് അവര്‍ ഉച്ചത്തില്‍ പറഞ്ഞു. സമത്വവും സ്വാഭിമാനവുമെല്ലാം പറഞ്ഞ പെരിയാറിന്റെ നാട്ടില്‍ ജാതി വിവേചനം വീണ്ടും ഉറഞ്ഞു തുള്ളി.

പക്ഷേ, വിവേചനം നേരിട്ടവര്‍ തല താഴ്ത്തി വീട്ടിലിരുന്നില്ല എന്നത് പൂഞ്ചേരി ഗ്രാമത്തില്‍ മാറ്റത്തിന്റെ വഴിവെട്ടി

'ഞങ്ങള്‍ അപമാനിക്കപ്പെട്ടുവെന്ന' അശ്വിനി ഒരു വീഡിയോയിലൂടെ വിളിച്ചു പറഞ്ഞു. തമിഴ്നാട്ടിലാകെ വിഷയം ചര്‍ച്ചയായി. മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ ഇക്കാര്യം ശ്രദ്ധിക്കുകയും ചെയ്തു. ആത്മാഭിമാനത്തിന് മുറിവേറ്റ ജനതയോട് ഐക്യപ്പെട്ട് ആദ്യം വിളിച്ചത് ദേവസ്വം മന്ത്രി പി.കെ.ശേഖര്‍ ബാബു. സഹോദരീ എന്ന് അശ്വിനിയെ അദ്ദേഹം അഭിസംബോധന ചെയ്തു. പിന്നീട് ആ ഗ്രാമത്തിലേക്കെത്തി നറിക്കുറവരേയും കൂട്ടി സ്ഥലസയന പെരുമാള്‍ ക്ഷേത്രത്തില്‍. കുഞ്ഞിനേയും ഒക്കത്തിരുത്തി അശ്വിനിയും.

അപമാനിക്കപ്പെട്ട ഓരോ നറിക്കുറവരും ഇരുളരും ക്ഷേത്രത്തിലേക്ക് കാലെടുത്തുവെച്ചു. അന്ന് അപമാനിച്ച് ഇറക്കി വിട്ടവര്‍ മന്ത്രിയ്ക്കും ആദിവാസികള്‍ക്കും സദ്യ വിളമ്പി.

അവിടം കൊണ്ടും അവസാനിച്ചില്ല.

ഞങ്ങള്‍ക്ക് സ്വന്തമായി ഒരു തുണ്ട് ഭൂമിപോലുമില്ല എന്നും റേഷന്‍ കാര്‍ഡും ജാതി സര്‍ട്ടിഫിക്കറ്റും രേഖകളുമൊന്നുമില്ലായെന്നും ഞങ്ങളുടെ കോളനിക്കടുത്ത് ബസ് നിര്‍ത്താറില്ല എന്നും അശ്വിനി മന്ത്രിയോട് പറഞ്ഞു. പൂഞ്ചേരി ഗ്രാമം ഉള്‍പ്പെടുന്ന ചെങ്കല്‍പ്പേട്ട് ജില്ലയുടെ കലക്ടര്‍ മലയാളിയാണ്. എ.ആര്‍.രാഹുല്‍ നാഥ്. നറിക്കുറവരേയും ഇരുളരേയുമെല്ലാം സംരക്ഷിക്കാനായി നിരന്തരം ഇടപെടല്‍ നടത്തുന്ന രാഹുല്‍ വൈകാതെ ഗ്രാമത്തിലെത്തി. സര്‍ക്കാരിന്റെ അനുകൂല നിലപാട് ഉണ്ടായതോടെ പട്ടയം നല്‍കാനും വീടുനല്‍കാനുമെല്ലാമുള്ള തടസ്സങ്ങള്‍ നീങ്ങി.

stalin
അശ്വനിയുമായി സംസാരിക്കുന്ന മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. photo: MKStalin/facebook page

'' പഴയ കാലത്ത് വീട് വച്ച് നല്‍കിയാലും നറിക്കുറവര്‍ അവിടെ താമസിക്കില്ലായിരുന്നു. നിരന്തരം ഇടം മാറിപ്പൊയ്ക്കൊണ്ടേയിരിക്കും. ഇപ്പോള്‍ സാഹചര്യം മാറി. പൂഞ്ചേരിയില്‍ കുറച്ച് വീടുകള്‍ ചില എന്‍.ജി.ഒകള്‍ കെട്ടിക്കൊടുത്തിട്ടുണ്ടെങ്കിലും അവയൊന്നും പട്ടയമുള്ള സ്ഥലത്തായിരുന്നില്ല. കുറേപ്പേര്‍ക്ക് വീടും വേണ്ടിയിരുന്നു. ജാതി സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകളും വേണം. സര്‍ക്കാര്‍ ഇടപെടല്‍ കൂടി ആയതോടെ ഞാന്‍ വിശദമായ റിപ്പോര്‍ട്ട് കൈമാറി. അത് വേഗം തന്നെ സ്വീകരിക്കപ്പെട്ടു. ദീപാവലി ദിവസം മുഖ്യമന്ത്രി തന്നെ പട്ടയവും ആനുകൂല്യങ്ങളും കൈമാറും എന്ന് പിന്നീട് തീരുമാനിക്കുകയായിരുന്നു'' രാഹുല്‍ നാഥ് മാതൃഭൂമിയോട് പറഞ്ഞു.

നറിക്കുറവരുടെ ചില ആചാരങ്ങളേയും ജീവിത ശൈലിയേയും കുറിച്ച് കൂടി അദ്ദേഹം ചില കാര്യങ്ങള്‍ പറഞ്ഞു. മിക്കവരും 15 വയസ്സ് കഴിഞ്ഞാല്‍ വിവാഹം കഴിക്കും. വിവാഹത്തിന് ശേഷം സ്വന്തം വീട്ടില്‍ താമസിക്കരുത് എന്നാണ്. അതുകൊണ്ട് അവരൊരു പുതിയ കുടുംബമാകുന്നു. ഊരിലെ മൂപ്പന് ഒരു നിശ്ചിത തുക കെട്ടിവെച്ചാല്‍ വിവാഹ ബന്ധം വേല്‍പിരിയാം എന്നൊരു രീതി ഇവര്‍ക്കിടയിലുണ്ട്. അതുകൊണ്ട് വിവാഹ മോചന കേസുകളും കൂടുതല്‍ കാണുന്നു. സ്ത്രീകള്‍ മുത്തുകോര്‍ക്കാന്‍ താത്പര്യമുള്ളവരാണ്. പുരുഷന്‍മാര്‍ കൂലിപ്പണി ചെയ്യും''

അശ്വിനിയുടേയും ഭവാനിയുടേയും ക്ഷണം സ്വീകരിച്ചാണ് എം.കെ.സ്റ്റാലിന്‍ ദീപാവലി ദിവസം ഊരിലെത്തിയത്. ആദ്യം ഇരുവരുടേയും വീട്ടിലെത്തി. അവരോട് സുഖ വിവരം തിരക്കി. ശേഷം ചെറിയൊരു പൊതു വേദിയില്‍ വെച്ച് ആ ഗ്രാമത്തിലെ ജനങ്ങള്‍ക്ക്, അപമാനിക്കപ്പെട്ടവര്‍ക്ക് ആദരവ് നല്‍കി. പുറമ്പോക്കില്‍ താമസിക്കുന്ന 81 കുടുംബങ്ങള്‍ക്ക് പട്ടയം, 21 കുടുംബത്തിന് റേഷന്‍ കാര്‍ഡ്, 34 നറിക്കുറവര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ്, ഇരുള വിഭാഗത്തിലുള്ളവര്‍ക്കും ജാതി സര്‍ട്ടിഫിക്കറ്റ്, വാര്‍ദ്ധക്യ പെന്‍ഷന്‍, 45 പേര്‍ക്ക് ലോണ്‍ എന്നിവയെല്ലാം കൈമാറി. വീട്, അംഗന്‍വാടി, റോഡ്, സമീപത്തെ സ്‌കൂളില്‍ ക്ലാസ് മുറികള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഉള്‍പ്പെടെ 4.53 കോടി രൂപയുടെ സമഗ്ര പാക്കേജും പ്രഖ്യാപിച്ച് അത് നടപ്പിലാക്കാന്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചാണ് സ്റ്റാലിന്‍ മടങ്ങിയത്.

Readmore : ജാതിയുടെ പേരില്‍ ക്ഷേത്ര അന്നദാനത്തില്‍നിന്ന് ഇറക്കിവിട്ടു; യുവതിയെ വീട്ടിലെത്തി കണ്ട് സ്റ്റാലിന്‍

''ഈ ജന്‍മ്മത്തില്‍ നടക്കുമെന്ന് സ്വപ്നം പോലും കാണാന്‍ കഴിയാത്തത് നടന്നു'' എന്ന് സ്റ്റാലിനെ വേദിയിലിരുത്തി അശ്വിനി ആഹ്ലാദത്തോടെ പറഞ്ഞു. ഞങ്ങടെ കുട്ടികള്‍ക്ക് പഠിക്കണമെന്നും ജോലി വാങ്ങണമെന്നും ആദരവോടെ ഈ സമൂഹത്തില്‍ ജീവിക്കണമെന്നും ആഹ്ലാദത്തോടെ തന്നെ പറഞ്ഞു. നടത്തും എന്ന പ്രഖ്യാപനമല്ല സ്റ്റാലിന്‍ ചെയ്തത്. നടത്തിക്കാണിച്ചു, അര്‍ഹരായവര്‍ക്ക് അവ കൈമാറി.

കേരളത്തിന്റെ സാഹചര്യത്തിലിരുന്ന് നമുക്ക് തമിഴ്നാട്ടിലെ ആദിവാസികളുടെ പ്രശ്നങ്ങളെ വിലയിരുത്താനും വിശകലനം ചെയ്യാനും ബുദ്ധിമുട്ടാണ്. ഇരുളരെക്കുറിച്ചുള്ള ഒരു പഠനത്തിന്റെ ഭാഗമായി തമിഴ്നാട്ടിലെ ഗ്രാമങ്ങളിലൂടെയും കേരളത്തില്‍ അട്ടപ്പാടിയിലും നടത്തിയ യാത്രയില്‍ നിന്ന് പ്രാഥമികമായി എനിക്ക് ബോധ്യപ്പെട്ട കാര്യമാണത്. നമ്മുടെ ചിന്തയ്ക്കും അപ്പുറത്തെ ദുരിതം നേരിടുന്ന, ജീവിത പ്രയാസങ്ങളില്‍ ആടിയുലയുന്ന മനുഷ്യരാണ് തമിഴ്നാട്ടിലെ ഇരുളക്കോളനികളിലും മറ്റുമുള്ളത്. പതിറ്റാണ്ടുകളായി ഇവിടുത്തെ ഭരണാധികാരികള്‍ക്ക് പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ ഒരു സാമൂഹ്യമാറ്റത്തിന് സ്റ്റാലിന്‍ മുഖ്യമന്ത്രിയായ ശേഷം വലിയ വേഗം കൈവരിച്ചു എന്ന് ഉറപ്പായും പറയാന്‍ കഴിയും. ഇരുളരുടേയും കുറവരുടേയും ഗ്രാമങ്ങള്‍ ചോദിക്കുന്നത് സ്വന്തമായി ഭൂമിയും വീടുമാണ്. കുഞ്ഞുങ്ങള്‍ക്ക് വിദ്യാഭ്യാസവും തൊഴിലുമാണ്. അതായത് ഒരു മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളാണ്. അത് നല്‍കാന്‍ കഴിയുന്ന ഭരണാധികാരിയാണ് താന്‍ എന്ന് പൂഞ്ചേരിയില്‍ സ്റ്റാലിന്‍ തെളിയിച്ചു. തമിഴ്നാട്ടിലാകമാനവും അതിന് കഴിയട്ടെ.

സ്റ്റാലിന്‍ പറയുന്നു- ''അശ്വിനിയ്ക്ക് നിഷേധിക്കപ്പെട്ടത് ഭക്ഷണമല്ല ബഹുമാനമാണ്. അധികാരം എന്നത് അവള്‍ക്ക് ബഹുമാനം തിരിച്ച് കിട്ടാനുള്ള ഒരു വലിയ അവസരമാണ്. ആരേയും സമൂഹത്തിന്റെ അരികുകളിലേക്ക് മാറ്റി നിര്‍ത്താതെ മനുഷ്യന്റെ ആത്മാഭിമാനവും സാമൂഹ്യ നീതിയും സംരക്ഷിക്കുക എന്നത് ദ്രാവിഡ മുന്നേറ്റത്തിന്റെ ഉത്തരവാദിത്വമാണ്.''

content highlights: Nomadic tribe Narikuravar gets justice after Aswini's protest TamilNadu is changing