മുത്തങ്ങയിലെ ദേശീയപാതയില്‍നിന്ന് ഒന്നിറങ്ങിയാല്‍ പലവഴിക്കുപോവുന്ന പാടവരമ്പുകളിലെത്താം. പാടം കടന്നുവരുന്ന കാറ്റ്, മുളകൊണ്ട് ഊടും പാവുമിട്ടൊരു വീടിനെ വന്ന് തൊടുമ്പോള്‍ ജയിംസച്ചന്‍ ഇറങ്ങിവരും. എന്നിട്ട് നിര്‍ത്താതെ മഴപെയ്‌തൊരു ദിവസത്തിലേക്ക് നടക്കും. എണ്‍പതില്‍ മഴ കനത്തുപെയ്‌തൊരു ജൂണ്‍ മാസത്തിലാണ് അദ്ദേഹം മുത്തങ്ങയില്‍ വന്നിറങ്ങിയത്. കാടിനുനടുവിലെ ആദിവാസിഗ്രാമങ്ങളായിരുന്നു ലക്ഷ്യം. പിന്നെ ഒരുപാട് മഴ പെയ്തുതോര്‍ന്നു.

അച്ചന്‍ എന്ന വിളിപ്പേരിനപ്പുറം അന്നുമിന്നും അയാള്‍ക്ക് പുരോഹിതന്റെ ആടയാഭരണങ്ങളും വേഷങ്ങളുമില്ല. കറുത്തകരയുള്ള ചാരമുണ്ടും ഷര്‍ട്ടുമിട്ടൊരു മനുഷ്യന്‍ പാടങ്ങളിലേക്കും കൂരകളിലേക്കും ഇറങ്ങിനടന്നു. മാറ്റിനിര്‍ത്തപ്പെടുകയും സങ്കടപ്പെടുകയും ചെയ്തവരിലേക്ക് അയാള്‍ നസ്രത്തിലെ തച്ചനെപ്പോലെ ചെന്നു. അവരുടെ വേദനകളില്‍ കൂടപ്പിറപ്പിനെപ്പോലെ മുത്തി. അവര്‍ക്കൊപ്പം ചെറിയ കൂട്ടായ്മകള്‍ കെട്ടിയുയര്‍ത്തി, മുളകള്‍ നട്ടു, മുളകൊണ്ട് വീടുകളും കസേരകളും മേശകളുമുണ്ടാക്കി. വയലില്‍ വിത്തുവിതച്ചു, കൊയ്തു, പാടങ്ങളില്‍ കാവലിരുന്നു. ജാതിയും മതവും വേര്‍തിരിക്കാതെ ഒരു ദേശമൊന്നാകെ അയാളുടെ ഇടവകജനമായി.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

വിദ്യാലയങ്ങള്‍ കെട്ടാന്‍ മുന്നില്‍നിന്നു, അറിവകങ്ങളെന്ന് പേരിട്ട് ഗ്രന്ഥപ്പുരയുണ്ടാക്കി. അതായിരുന്നു ജെയിംസച്ചന്റെ ദിവ്യബലി. ഇപ്പോള്‍ അമ്പതുവര്‍ഷമായിരിക്കുന്നു ഫാ. ജെയിംസ് ചക്കാലക്കലിന്റെ പൗരോഹിത്യജീവിതത്തിന്. പ്രയാസപ്പെടുന്നവര്‍ക്കൊപ്പം ജീവിച്ച കാലത്തെപ്പറ്റി പറയുമ്പോള്‍ ജെയിംസച്ചന്റെ കണ്ണുകളിലും വാക്കുകളിലും ഒരേ അഭിമാനം. ''അര്‍ഹിക്കുന്നവര്‍ക്കൊപ്പം ജീവിക്കാനായതാണ് യഥാര്‍ഥ ബലിയര്‍പ്പണം. യേശുവിന്റെ ബലിയര്‍പ്പണവും അതുതന്നെയാണ്.''

father james
 ജയിംസച്ചനൊപ്പം പ്രദേശവാസികള്‍ | പോട്ടോ : ഷമീർ മച്ചിങ്ങൽ

ഒറ്റയ്‌ക്കൊരു വഴിവെട്ടുമ്പോള്‍

കത്തോലിക്കാസഭയ്ക്കുകീഴില്‍ ഇറ്റലിക്കാരനായ അല്‍ഫോണ്‍സസ് ലിഗോറി സ്ഥാപിച്ച റിഡം ടു റിസ്റ്റ് എന്ന ദിവ്യരക്ഷകസഭയാണ് ജെയിംസിന്റെ പൗരോഹിത്യജീവിതം പാവങ്ങള്‍ക്കായി പകുത്തുനല്‍കാന്‍ പ്രേരണയായത്. അഞ്ചുതെങ്ങിനടുത്ത് പൂത്തുറയിലെ കടലോരഗ്രാമമായിരുന്നു ആദ്യതാവളം. പിന്നെയാണ് വയനാട്ടിലെ വനഗ്രാമങ്ങളെക്കുറിച്ച് കേള്‍ക്കുന്നത്. അങ്ങനെയാണ് പൂത്തുറയിലെ ഉപ്പുമണമുള്ള കാറ്റില്‍നിന്ന് മുത്തങ്ങയിലെ കാട്ടിനുള്ളിലേക്കുള്ള പലായനമൊരുങ്ങിയത്.

ദേശീയപാതയോരത്തെ അതിര്‍ത്തി ഗ്രാമത്തിന്റെ വന്യതയില്‍ വന്നിറങ്ങിയപ്പോള്‍ കണ്ട കാഴ്ചകള്‍ തങ്ങളുടെ തീരുമാനം ഒന്നുകൂടെ ശരിവെച്ചതായി അച്ചനോര്‍ക്കുന്നു. പുല്ലുകൊണ്ടുണ്ടാക്കിയ കൂണുപോലെ മുളച്ച വീടുകളായിരുന്നു അന്ന് മുത്തങ്ങയില്‍. പത്താംതരം കടന്നവരാരുമില്ല. അങ്കണവാടിയും സ്‌കൂളുമൊരുക്കി കോളനികളില്‍ അക്ഷരമെത്തിക്കലായിരുന്നു ആദ്യത്തെ പ്രയത്‌നം. ചെറുനാടകങ്ങളും പാട്ടുകളും കഥകളുമായി കോളനികളില്‍നിന്ന് കോളനികളിലേക്ക് അയാളും സംഘവും പുറപ്പെട്ടു. ചെന്നിടത്തൊക്കെ അക്ഷരങ്ങള്‍ പൂവിട്ടു. സമാനഹൃദയരൊക്കെ ചേര്‍ന്നുനിന്നപ്പോള്‍ വിദ്യാലയങ്ങള്‍ ഉണര്‍ന്നു.

father james
ജയിംസച്ചൻ പാടവരമ്പത്ത് | ഫോട്ടോ : ഷമീർ മച്ചിങ്ങൽ

നെല്ല്, മുള... മുളയച്ചന്‍

അവരൊന്നിച്ച് വിതയ്ക്കുകയും കൊയ്യുകയും ചെയ്യുന്നുണ്ടായിരുന്നു. കതിരിനെക്കാള്‍ കഷ്ടപ്പാടായിരുന്നു പക്ഷേ, കളപ്പുരകളില്‍ ബാക്കിയായത്. കാലാവസ്ഥ, കച്ചവടക്കാരുടെ ചൂഷണം... കൃഷിചെയ്തുപുലരുന്ന കുറുമരുടെ പ്രശ്‌നങ്ങള്‍ അങ്ങനെ പലതുമായിരുന്നു. അത് മറികടക്കുകയായിരുന്നു പിന്നത്തെ ലക്ഷ്യം. ചെറിയ സമ്പാദ്യപദ്ധതി തുടങ്ങി. പിന്നെ പുഞ്ചക്കൃഷിയിറക്കി. രണ്ടാം കൃഷിയിറക്കിയതോടെയാണ് മുത്തങ്ങയില്‍ താന്‍ ഹിറ്റായതെന്ന് ജെയിംസച്ചന്‍. വേനല്‍ക്കാലത്തെ കൃഷി വലിയ വെല്ലുവിളിയായിരുന്നു. മൃഗങ്ങളെ ഓടിക്കാന്‍ രാവും പകലുമില്ലാതെ എല്ലാവരും കാവലിരുന്നു. വന്നകാലത്ത് താമസിക്കാന്‍ ഇടമൊരുക്കിയ അന്നത്തെ കോണ്‍ഗ്രസ് നേതാവ് കരിമ്പനും ഇപ്പോഴും നൂലിഴതെറ്റാതെ ഓര്‍മയുണ്ട്.

പുഞ്ചക്കൃഷി വിജയിച്ചതോടെ മുത്തങ്ങയിലെ മുളയിലാണ് പിന്നെ അച്ചന്റെ കണ്ണുപതിഞ്ഞത്. ദേശീയപാതയോരത്ത് മുളകൊണ്ട് മേഞ്ഞ, തണുത്തമുറിയാണ് ജെയിംസച്ചന്റെ അള്‍ത്താര. ആദിവാസികള്‍ക്ക് മുള നന്നായി ഉപയോഗിക്കാനറിയാം. ഭയങ്കര എന്‍ജിനിയറിങ്ങാണ് അവരുടേത്. അതിനെ ഉപയോഗിക്കുകയായിരുന്നു പിന്നീടുള്ള ദൗത്യം. അതുവിജയിച്ചതിന്റെ അടയാളങ്ങള്‍ ദേശവഴിയില്‍ ധാരാളം കാണാം.

വനത്തോടുചേര്‍ന്ന് പള്ളിവയല്‍ ഭാഗത്ത് മേലേമൂലയിലെ കരിമ്പന്റെ സ്ഥലത്തുണ്ടാക്കിയ മുളവീടാണ് ഇക്കൂട്ടത്തില്‍ മനോഹരം. രണ്ടുനിലയിലാണ് കൊമ്മകമെന്ന ഈ മുളവീട്. മുളവീട് കെട്ടിയതോടെ മുളയച്ചനെന്ന വിളിപ്പേരും വീണു ജെയിംസിന്.

ഇനിയും ഇതുപോലെ ജീവിക്കണം

ഞാന്‍ ശരിക്കും ജീവിതത്തിന്റെ അര്‍ഥം കണ്ടെത്തി. ഇനി ഒരവസരം കൂടികിട്ടിയാല്‍ ഇതേവഴി തുടരും. ആരെങ്കിലും സദ്യയ്ക്ക് ക്ഷണിച്ചാല്‍ ഞാനിന്നും അവസാനത്തെ സീറ്റില്‍ത്തന്നെ ഇരിക്കും. യേശുവിലാണ് എന്റെ ഉറച്ചവിശ്വാസം. ഈ വഴി കാണിച്ചതിന് വയലിന്റെ നടുവില്‍നിന്ന് ദൈവത്തിന് സ്തുതി പറയുന്ന അച്ചന് തങ്ങളുടെ സംഘം ചെറുതാവുന്നതിന്റെ വിഷമമുണ്ട്. അധികാരം, സമ്പത്ത് ഒക്കെ വൈദികവൃത്തിയിലെ പ്രലോഭനങ്ങളാണ്. അതുവിട്ട് അധികമാരും വരില്ല. കേരളത്തില്‍ ജെയിംസച്ചന്‍ ഉള്‍പ്പെടെ ഒമ്പതുപേരാണ് ഈ സന്ന്യാസസഭയിലുള്ളത്.

ഏറ്റവും ഉപേക്ഷിക്കപ്പെട്ട, അവഗണിക്കപ്പെട്ടവര്‍ക്കൊപ്പമായിരുന്നു ഇത്രയും കാലത്തെ ജീവിതം. അവരുടെകൂടെ ചേര്‍ന്ന് എന്തെങ്കിലും ചെയ്യണമെന്നേ ആഗ്രഹിച്ചുള്ളൂ. അല്ലാതെ ഞാനൊന്നും കൊണ്ടുവന്നില്ല. എല്ലാം ഇവരോടൊപ്പം ചെയ്തതാണ്. തൊഴിലുറപ്പുജോലിക്കിടെ പാടവരമ്പില്‍ വിശ്രമിക്കുന്ന നാട്ടുകാരെ ചേര്‍ത്ത് പ്രാര്‍ഥനയിലെ വരിപോലെ അയാള്‍ വിനയംപൂണ്ടു. മനുഷ്യന്‍ മനുഷ്യനെ തിരിച്ചറിയുന്നതിനെക്കാള്‍ വലുതായൊന്നുമില്ല, ലോകത്തില്‍. പറഞ്ഞുകൊണ്ടിരിക്കേ പ്രായംചെന്ന ചിക്കുവും ഓണത്തിയും നാട്ടുവര്‍ത്തമാനം പറഞ്ഞെത്തി. ചിക്കുവിന്റെ പല്ലൊക്കെ പോയിത്തീര്‍ന്നല്ലോ എന്ന് അച്ചന്‍. ചിരിയില്‍ കാ ലമൊരുപാട് മറഞ്ഞു. ആലത്തൂര്‍, മേലെമൂല, കല്ലുമുക്ക് കോളനി, അത്തിക്കുനി തുടങ്ങി പോയ വഴികളിലെല്ലാം കണ്ടുമുട്ടുന്നവര്‍ ഇങ്ങനെ അച്ചനെന്നും സാറെന്നുമൊക്കെ മാറിമാറി വിളിക്കും. അച്ചന്റെ തലവെട്ടം കണ്ടാല്‍ പ്രായമായവര്‍ പുറത്തിറങ്ങിവരും.

എല്ലാവരും അയാളുടെ അതിരുകളില്ലാത്ത വലിയ ഇടവകയിലെ സ്‌നേഹജനങ്ങള്‍. വിശേഷങ്ങള്‍ തിരക്കി അയാള്‍ അടുത്ത വരമ്പിലേക്ക് മാറി. കാടിനു നടുവിലാണെങ്കിലും പൂത്തുറയിലെ കടല്‍ക്കാറ്റ് ഇപ്പോഴും അയാളെ വന്നുതൊടുന്നുണ്ട്. കടലും കാടും കടന്ന് അയാള്‍ സഞ്ചരിക്കുന്ന ഒറ്റവരമ്പ് നീണ്ടുപോവുന്നു. ആ വഴിയിലാണ് അയാള്‍ ദൈവരാജ്യം കാത്തിരിക്കുന്നത്

content highlights: James, The Priest serving among the tribal people of Wayanad