ടക്കേ വയനാട്ടിലെ കുഞ്ഞോം എന്ന ഉള്‍ഗ്രാമത്തില്‍നിന്ന് നാലു കിലോമീറ്ററോളം കാടു കടന്നുവേണം ചുരുളിയിലെത്താന്‍. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി എന്ന സിനിമ പുറത്തിറങ്ങിയതോടെ കാടിനുള്ളിലെ ഈ ഗ്രാമത്തിലേക്കും പുറംലോകത്തിന്റെ ശ്രദ്ധപതിഞ്ഞു. സിനിമയിലെ ഗ്രാമവും കഥാപശ്ചാത്തലവും സാങ്കല്പികമാണെങ്കിലും ചുരുളി എന്ന പേരുതന്നെയാണ് ആകര്‍ഷണം. ഭാഷയും പ്രയോഗവും കൊണ്ട് ചുരുളി വിവാദങ്ങളില്‍ നിറയുമ്പോള്‍ ഇതൊന്നും ഈ ഗ്രാമത്തിനെ സ്പര്‍ശിച്ചിട്ടില്ല. സിനിമയിലെ ഭാഷാപ്രയോഗങ്ങള്‍ ഈ നാടുമായി ചേര്‍ത്തുവായിക്കാന്‍ ഇവര്‍ ഇഷ്ടപ്പെടുന്നില്ല. അതിലപ്പുറം ചുരുളി എന്ന പേരും അതിനെ ചുറ്റിയുള്ള ജീവിതവുമാണ് ഇവര്‍ക്ക് ഇപ്പോഴും പ്രധാനം. ഗതാഗതയോഗ്യമായ റോഡും പാലങ്ങളും ഒരു ആശുപത്രിയുമെല്ലാമാണ് ഇവരുടെ എന്നത്തെയും സ്വപ്നം.

churuli
ചുരുളിയിലെ കാട്ടുപാത

ദുര്‍ഘടമായ പാതകള്‍

തുടക്കത്തില്‍ അല്പദൂരം കോണ്‍ക്രീറ്റ് പാത കഴിഞ്ഞാല്‍ പിന്നെ മൂന്നു കിലോമീറ്ററോളം മണ്‍റോഡാണ്. ഇരുവശങ്ങളും കുട ചൂടിയ കാട്ടിലൂടെ വേണം ചുരുളിയിലെത്താന്‍. പുറം ലോകത്ത് നിന്നെല്ലാം അകലെയാണെങ്കിലും നാലുതലമുറകള്‍ക്ക് മുന്നിലും ഇവിടെ ആള്‍ത്താമസമുണ്ട്. ഗോത്ര വിഭാഗക്കാരായ കുറിച്യസമുദായം മാത്രമാണ് കാടിനുള്ളിലെ അന്തേവാസികള്‍. നാല്‍പ്പത് കുടുംബങ്ങളിലായി മുന്നൂറോളം പേരാണ് ഇവിടെ താമസക്കാരായിട്ടുള്ളത്. പ്രകൃതിയോടും മണ്ണിനോടും ഇണങ്ങിയ ജീവിതരീതികളില്‍ ഇവരുടെ ലോകം നിശ്ശബ്ദമായ വിപ്ലവത്തിന്റേത് കൂടിയാണ്. വയനാട്ടിലെ പുരാതനമായ നെല്‍വിത്തുകളുടെ സംരക്ഷണം മുതല്‍ കാര്‍ഷിക ജീവിതത്തിന്റെ തുടിപ്പുകളാണ് ഈ ഗ്രാമത്തിന്റെ പുരാവൃത്തം.

churuli
ഫോട്ടോ : രമേശ് വെള്ളമുണ്ട

ചുറ്റിലും കാടായതിനാല്‍ ഇവിടേക്കുള്ള കാട്ടുവഴികളിലെല്ലാം ഏതു സമയവും വന്യജീവികളെ പ്രതീക്ഷിക്കണം. കാട്ടുപോത്തും കാട്ടാനയുമെല്ലാം മുന്നില്‍പ്പെട്ടേക്കാം. നെല്ലും ഒന്നാന്തരം വയനാടന്‍ കുരുമുളകും കാപ്പിയുമെല്ലാം വിളയുന്ന കൃഷിയിടത്തില്‍നിന്നുള്ള വരുമാനമാണ് ഇവരുടെ ജീവിതമാര്‍ഗം. പത്തു വര്‍ഷം മുമ്പാണ് വനസംരക്ഷണ സമിതി ഈ ഗ്രാമത്തിലേക്കുള്ള യാത്രയ്ക്ക് പ്രദേശവാസികള്‍ക്ക് ഒരു ജീപ്പ് വാങ്ങി നല്‍കിയത്. കാടുകടന്നുള്ള കിലോമീറ്ററോളം നീളുന്ന കാല്‍നട യാത്രയ്ക്ക് ഇതോടെയാണ് ചെറിയ ആശ്വാസമായത്. രോഗികളെയും കിലോമീറ്ററോളം അകലത്തിലുള്ള ജില്ലാ ആശുപത്രിയിലും മറ്റുമെല്ലാം എത്തിക്കാന്‍ ഇതായിരുന്നു ആശ്രയം. സിനിമയില്‍ കാണുന്നതുപോലെ ദുര്‍ഘടമായ കാട്ടുപാതയിലൂടെ ഈ ജീപ്പ് പുറംലോകത്തേക്കും അവിടെനിന്ന് കാടിനുള്ളിലേക്കും മുടങ്ങാതെ സഞ്ചരിക്കാന്‍ തുടങ്ങി. ഈ ജീപ്പ് അങ്ങനെ ഇവരുടെ ഗ്രാമത്തിലെത്തിയ ആദ്യ വാഹനമായിമാറി. ഇന്നിതിനൊപ്പം രണ്ടു ജീപ്പുകള്‍ കൂടി വന്നതോടെ ചുരുളിയുടെ സഞ്ചാര വഴികളില്‍ ഓഫ് റോഡ് സഞ്ചാരത്തിന്റെ ഇരമ്പല്‍ കൂടി. കുട്ടികള്‍ക്ക് കാട് കടന്ന് പത്തിരുപത് കിലോമീറ്റര്‍ അകലത്തിലുള്ള വിദ്യാലയങ്ങളില്‍ പോകാനും ചുരുളിയിലേക്ക് സാധനങ്ങള്‍ എത്തിക്കാനുമെല്ലാം ഈ ജീപ്പുകള്‍ തന്നെയാണ് ആശ്രയം.

churuli
ചുരുളിയിലെ അമ്പലം | ഫോട്ടോ : രമേശ് വെള്ളമുണ്ട

മാവോവാദികളുടെ ചിതറിയ ലക്ഷ്യം

ചുരുളി എന്ന പേര് സിനിമയ്ക്കുമുമ്പ് പുറം ലോകത്ത് അറിഞ്ഞത് മാവോവാദികളുടെ സാന്നിധ്യംകൊണ്ടാണ്. മാവോവാദികള്‍ തുടക്കത്തില്‍ ഈ ഗ്രാമത്തെ ലക്ഷ്യമിട്ടിരുന്നു. കാടിന് നടുവിലുള്ള ഈ സങ്കേതം അവരെയും ആകര്‍ഷിച്ചു. തൊട്ടടുത്ത വനഗ്രാമമായ ചപ്പയിലെല്ലാം എത്തുന്നതുപോലെ ഇവിടെയും പലതവണ മാവോവാദികളെത്തി മടങ്ങി. ഗ്രാമത്തിലേക്ക് സൗകര്യപ്രദമായ റോഡില്ലാത്തതും ഗ്രാമവാസികള്‍ക്ക് വീടില്ലാത്തതുമെല്ലാം ഉയര്‍ത്തിക്കാട്ടി ഇവരുടെ പിന്തുണ നേടുകയായിരുന്നു ലക്ഷ്യം. എന്നാല്‍, മാവോവാദികള്‍ക്ക് ചുരുളിയുടെ മനസ്സ് കീഴടങ്ങിയില്ല. ഇന്ന് വനസംരക്ഷണസമിതിയും ജനമൈത്രി പോലീസുമെല്ലാം ഇവിടെ ഗ്രാമവാസികളുമായി വളരെ അടുപ്പത്തിലാണ്. 

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

വയനാട്ടിലെ സഞ്ചരിക്കുന്ന റേഷന്‍കട മാസത്തില്‍ രണ്ടുതവണയെത്തുന്ന ഏക വനഗ്രാമം കൂടിയാണ് ചുരുളി.

churuli
ഫോട്ടോ : രമേശ് വെള്ളമുണ്ട

കൃഷിയാണ് ജീവിതം

churuli
ചുരുളിയിലെ ഗോത്രകാരണവർ വെള്ളൻ

കുന്നുകള്‍ക്കിടയില്‍ ഏഴോളം ഗ്രാമങ്ങളിലായി ചിതറിക്കിടക്കുന്ന ഗ്രാമത്തില്‍ ഓരോ സങ്കേതങ്ങളിലും പത്തും ഇരുപതും കുടുംബങ്ങള്‍മാത്രമാണുള്ളത്. കരഭൂമിയെക്കാള്‍ വയലാണ് കൂടുതലുള്ളത്. ഫലഭൂയിഷ്ഠമായ ഈ വയലുകള്‍ മാത്രം മതിയായിരുന്നു ഒരു കാലത്ത് ഇവര്‍ക്ക് ജീവിക്കാന്‍. വെളിയനും വയനാടന്‍ തൊണ്ടിയും ഗന്ധകശാലയുമെല്ലാം കൃഷി ചെയ്ത വയലില്‍ ഇപ്പോള്‍ പാവല്‍ക്കൃഷിയും ഇടം പിടിച്ചിരിക്കുന്നു. വയനാടന്‍ നേന്ത്രവാഴയും കൃഷിചെയ്യുന്ന ഇവര്‍ക്ക് മാര്‍ക്കറ്റ് വിലയെക്കാള്‍ അഞ്ചോ പത്തോ രൂപ കുറച്ചാണ് കിലോയ്ക്ക് വില ലഭിക്കുക. കാട്ടുപാതകള്‍ പിന്നിട്ട് ഇതിനായി വാഹനമെത്തുന്നത് ചെലവേറിയതാണെന്നാണ് ഇവിടെയത്തുന്ന കച്ചവടക്കാരുടെ വാദം. എങ്കിലും കൃഷി ഉപേക്ഷിക്കാന്‍ ഇവരിന്നും തയ്യാറല്ല. ഒരു കാലത്ത് പഠനസൗകര്യങ്ങളുടെ പരിമിതി പറഞ്ഞ് ഇവിടത്തെ കുട്ടികളെല്ലാം പ്രാഥമിക വിദ്യാലയങ്ങള്‍ക്കപ്പുറം പഠിക്കാന്‍ പോയിരുന്നില്ല. ഇപ്പോഴും യാത്രാസൗകര്യങ്ങള്‍ കുറവായതിനാല്‍ ഹോസ്റ്റല്‍ വിദ്യാഭ്യാസത്തെയാണ് ഇവിടത്തെ കുട്ടികള്‍ ആശ്രയിക്കുന്നത്. ബിരുദവും ബി.ടെക്കുമെല്ലാം യോഗ്യതയുള്ള പുതിയ തലമുറകള്‍ ഇന്ന് ഈ കാടിനുള്ളിലുണ്ട്.

chruli
ചുരുളി ഗ്രാമം

ഇംഗ്ലീഷുകാരുടെ താവളം

പഴശ്ശി പോരാട്ട കാലഘട്ടത്തില്‍ ഈ കാടിനുള്ളില്‍ ഇംഗ്ലീഷുകാര്‍ തമ്പടിച്ചിരുന്നു. ഇവിടെയൊരു ബംഗ്ലാവും അവര്‍ പണിതിരുന്നു. പഴശ്ശിപ്പടയുടെ നീക്കങ്ങള്‍ നിരീക്ഷിക്കാനും പോരാട്ടങ്ങളെ ശിഥിലമാക്കാനും നിര്‍മിച്ച ബംഗ്ലാവും പരിസരങ്ങളും ചുരുളിയുടെ ഓര്‍മകളുടെ പരിസരങ്ങളിലുണ്ട്. മക്കി സായ്പിന്റെ ബംഗ്ലാവും അതിനോടുചേര്‍ന്ന ചരിത്രവുമെല്ലാം പിന്നീട് ബ്രീട്ടിഷ് രേഖകളിലും ഇടം തേടി. സായ്പന്മാര്‍ കുതിരപ്പുറത്ത് കാടിനുള്ളിലെ ചുരുളിയിലെത്തി കാലങ്ങളോളം ക്യാമ്പ് നടത്തിയിരുന്നു.

content highlights: Churuli Village of wayanad