കേരളത്തില്‍ പണ്ട് സജീവമായി നിലനിന്ന കലാരൂപമാണ് ചാക്യാര്‍ കൂത്ത്. ക്ഷേത്രങ്ങള്‍ സാംസ്‌കാരിക കേന്ദ്രങ്ങള്‍ കൂടി ആയിരുന്ന കാലത്ത് ആക്ഷേപഹാസ്യത്തിന്റെ അനുപമ മാതൃകകളായി കൂത്തുവേദികള്‍ മാറി. ഐതിഹ്യമാലയില്‍ നിന്നാണ്. ഭസ്മത്ത് എന്ന പേരുള്ള വിഷയലമ്പടനായ നമ്പൂതിരി ചാക്യാരെ കേള്‍ക്കാന്‍ ഒരു ദിവസം എത്തി. നമ്പൂതിരിയ്ക്ക് കൂത്തിനേക്കാള്‍ താല്‍പര്യം കൂത്തു കേള്‍ക്കാന്‍ വന്ന സ്ത്രീജനങ്ങളിലാണെന്ന് ചാക്യാര്‍ക്ക് മനസ്സിലായി. ചാക്യാര്‍ കഥ തുടര്‍ന്നു. അതിനിടെ കഥയില്‍ നായകന്റെ ഒരുക്കങ്ങളായി രംഗം. ചാക്യാര്‍ പറഞ്ഞു. 

'' കുളിച്ച് വന്ന് അദ്ദേഹം ചമയം തുടങ്ങി. പട്ടുടയാടകള്‍ പലവിധം അണിഞ്ഞു. മാലകള്‍ ധരിച്ചു. മുടി കോതിയൊതുക്കി. കണ്ണാടിയില്‍ പലവട്ടം നോക്കി. പിന്നെ ഭസ്മം തൊട്ടു.''  ഒന്നു നിര്‍ത്തി സ്ത്രീകളെ നോക്കി തുടര്‍ന്നു. ' ഭസ്മം അപ്പുറത്ത് ഇരുപ്പുണ്ട്. ഭസ്മം തൊടാത്തവരുണ്ടെങ്കില്‍ പോയി നോക്കാവുന്നതാണ്'' 
ഭസ്മത്ത് നമ്പൂതിരി അടക്കമുള്ളവര്‍ ഇളിഭ്യരായി. എല്ലാവരും ചിരിച്ചു. ചാക്യാര്‍ കൂത്തു തുടര്‍ന്നു.

രാജാവിനെ പോലും തുറന്ന് ആക്ഷേപിച്ചതാണ് മലയാളത്തിന്റെ ചരിത്രം. കുഞ്ചന്‍ നമ്പ്യാര്‍ ചിരിപ്പിച്ചപ്പോഴൊക്കെ അധികാരം തുറന്നു കാട്ടപ്പെട്ടു. സമൂഹവും. എന്തിനും വാളെടുത്ത് പോരിന് പോകുന്ന നായന്മാരെ എന്നിട്ടരിശം തീരാഞ്ഞവനാ പുരയുടെ ചുറ്റും മണ്ടിനടന്നു എന്ന് പരിഹസിച്ചു നമ്പ്യാര്‍. പെരുന്നയില്‍ നിന്ന് ആരും ഇനിയും കേസ് കൊടുത്തിട്ടില്ല.

മതങ്ങള്‍ അവയുടെ ആക്ഷേപഹാസ്യത്തിന് ഇടം കൊടുത്തു എന്നതാണ് കേരളത്തിലെ സവിശേഷത. മുടിനാരേഴായി കീറിയ പാലത്തിലൂടെ വീഴാതെ നടന്നില്ലെങ്കില്‍ നരകത്തില്‍ വീഴുമെന്നതിനെ കെ.ടി. മുഹമ്മദ് പൊളിച്ചടുക്കിയത് നമ്മുടെ ഭൂമിയിലാണ്. പള്ളീലച്ചന്മാരെ പറ്റിയുള്ള ഫലിതങ്ങള്‍ക്ക് ഒരു ഇടവകയിലും പഞ്ഞമില്ല. നമ്പൂരിഫലിതങ്ങളും ഹാജ്യാര്‍ഫലിതങ്ങളും എല്ലാവരേയും ചിരിപ്പിച്ചു.

ആ ഭൂമിയിലേക്കാണ് കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റുകളും വന്നത്. കൃഷ്ണപിള്ളയും എകെജിയും ഇഎംഎസ്സുമൊക്കെ വി.ടി. ബല്‍റാമിന്റെ പാര്‍ട്ടിയുടെ പഴയ നേതാക്കളാണ്. അന്ന് പക്ഷേ കേരളം ഇതായിരുന്നില്ല. ജാതിയും ചൂഷണവും പട്ടിണിയും നിലനിന്ന കാലം. എല്ലാ നേതാക്കളും സ്വന്തം സൗകര്യങ്ങളെ വലിച്ചെറിഞ്ഞു. തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും നാട്ടുകാരിലേക്ക് അവര്‍ ഇറങ്ങി.
 
തിരുവിതാംകൂറില്‍ ശക്തമായ സമരം തന്നെ നടന്നു. സ്വന്തം നേതാക്കള്‍ പഴയ അണികള്‍ക്ക് ശത്രുക്കളായി. പലരും ഒറ്റുകാരായി. സര്‍ സിപിയുടെ ചോറ്റുപട്ടാളം തേര്‍വാഴ്ച നടത്തിയ കാലത്ത് ആലപ്പുഴയും കുട്ടനാടും ഒക്കെ ഒളിത്താവളങ്ങളായി. അതിനാലാണ് ചേര്‍ത്തല, വയലാര്‍, മാരാരിക്കുളം, കടക്കരപ്പള്ളി, അര്‍ത്തുങ്കല്‍, മുഹമ്മ, കഞ്ഞിക്കുഴി, ചെട്ടികാട്, അമ്പലപ്പുഴ, കൈനകരി, തകഴി,കായംകുളം എന്നൊക്കെ കേള്‍ക്കുമ്പോള്‍ പല സഖാക്കള്‍ക്കും ഇന്നും ഓര്‍മ്മകള്‍ ജ്വലിക്കുന്നത്.

വി.ടി. ബല്‍റാം ഭാഗ്യവാനാണ്. അക്കാലം ഒക്കെ കഴിഞ്ഞാണ് ജനിച്ചത്. രാഷ്ട്രീയ പ്രവര്‍ത്തനത്തിന് കോളേജുകളില്‍ എസ്എഫ്‌ഐക്കാര്‍ മാത്രമേ വിഘാതം സൃഷ്ടിച്ചിട്ടുണ്ടാവുള്ളൂ. നാട്ടില്‍ ചിലപ്പോള്‍ ആര്‍എസ്എസ്സുകാരും. സത്യന്‍ അന്തിക്കാടിന്റെ സിനിമയില്‍ ഒരു അയ്മനം സിദ്ധാര്‍ത്ഥന്‍ ഉണ്ട്. ഖസാക്കിന്റെ ഇതിഹാസം വായിച്ചിട്ടുണ്ടോ എന്ന് അമലാ പോള്‍ ചോദിക്കുന്ന രംഗമുണ്ടതില്‍. ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവായ  അയ്മനം പറയുന്നു. ' ഖസാക്കിന്റെ ഇതിഹാസം വായിച്ചിട്ടില്ല. അങ്ങേരുടെ മറ്റെന്തൊക്കയോ പുസ്തകങ്ങളാണ് വായിച്ചത്'' 
 അന്തം വിട്ട് നായിക ചോദിക്കുന്നു. ''മനസ്സിലായില്ലേ ഖസാക്ക്.''?
''ഓ പിന്നെ,  ഈ സിനിമയ്ക്ക് ഒക്കെ കഥ എഴുതുന്ന ആളല്ലേ. മലബാറിലേ മറ്റോ ഉള്ളത്. ടിഎ ഖസാക്ക്'' 

വിടി ബല്‍റാമിനെ അയ്മനം സിദ്ധാര്‍ത്ഥനായി കാണാന്‍ ആഗ്രഹിക്കുന്നില്ല മലയാളി. മറിച്ച് ഒരു കേവല രാഷ്ട്രീയക്കാരന് വേണ്ടതിലേറെ വിദ്യാഭ്യാസമുള്ള, അത്യാവശ്യം വിവരം ഉണ്ട് എന്ന് വിശ്വസിക്കുന്ന ഒരു ചെറുപ്പക്കാരനാണ് പൊതുവേ മലയാളിക്ക് ബല്‍റാം. ഇപ്പോഴത്തെ കടല്‍ക്കിഴവന്മാരുടെ കാലം കഴിഞ്ഞാല്‍ കേരളത്തിന് പ്രത്യാശ പകരാവുന്ന ആളുകളിലൊരാള്‍. അദ്ദേഹമാണ് ആയില്യത്ത് കുറ്റ്യേരി ഗോപാലനെ പറ്റി അയ്മനം സിദ്ധാര്‍ത്ഥന്‍ നിലവാരത്തില്‍ സംസാരിക്കുന്നത്. 

പ്രതിപക്ഷ നേതാവായിരുന്നു ലോക്സ്സഭയില്‍ എകെജി. അന്ന് അദ്ദേഹത്തിന്റെ മുറി ഇംഗ്ലീഷിനെ പരിഹസിച്ച കോണ്‍ഗ്രസ് നേതാക്കളോട് എകെജി പറഞ്ഞു. ' ഞങ്ങളുടെ ഇംഗ്ലീഷ് ഉടഞ്ഞതായിരിക്കാം (broken) . പക്ഷേ നിലപാട് ഉറപ്പുള്ളതാണ്'' അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിരാഗാന്ധിയോട് അവരുടെ വീട്ടില്‍ ചെന്ന് അച്ഛന്‍ ജവഹര്‍ലാലും താനുമൊക്കെ പൊരുതി നേടിയ സ്വാതന്ത്യം ബലി കഴിക്കുന്നത് വിവരക്കേടാണ് എന്ന് തുറന്നു പറഞ്ഞ ഒരു പക്ഷേ ഏക നേതാവും എകെജി ആയിരുന്നു. 

അത് പോട്ടെ. വിടി ബല്‍റാം അറിയാന്‍ മറ്റൊരു കഥ പറയാം. ബല്‍റാമിന്റെ നേതാവ് വയലാര്‍ രവിയുണ്ടല്ലോ. രവിയുടെ അച്ഛനമ്മമാര്‍ ദേവകിയും കൃഷ്ണനും ഉറച്ച കമ്മ്യൂണിസ്റ്റുകാര്‍ ആയിരുന്നു പണ്ട്. അക്കാലം അവരുടെ വീട്ടിലും എകെജി ഒളിവു ജീവിതം നയിച്ചിട്ടുണ്ട്. അന്നൊരിക്കല്‍ പോലീസ് എകെജിയെ തേടി വയലാറിലെത്തി. ദേവകി ടീച്ചര്‍ ഒരു മുഷിഞ്ഞ മുണ്ടെടുത്ത് എറിഞ്ഞുകൊടുത്തിട്ട് എകെജിയോട് ഉറക്കെ തന്നെ കല്‍പിച്ചു. ''ആ മുറ്റത്ത് ഇട്ടിരിക്കുന്ന വിറകൊക്കെ കീറിയിട്ടാലേ കഞ്ഞി തരൂ'' കീറമുണ്ടുടുത്ത് എകെജി വിറക് കീറിത്തുടങ്ങി. പോലീസ് അകത്തു കയറി പരിശോധിച്ചു. പോകും മുമ്പേ ഇന്‍സ്‌പെക്ടര്‍ക്ക് ചെറിയൊരു സംശയം. വിറക് കീറുന്ന ആള്‍ ശരിയല്ലല്ലോ. കൂടെയുള്ളവരെ പറഞ്ഞുവിട്ട ശേഷം, ഉള്ളില്‍ എകെജിയെ ആരാധിച്ചിരുന്ന, ആ  ഇന്‍സ്പക്ടര്‍ നേരേ ചെന്ന് പറഞ്ഞു. ' സഖാവ് ഇനി ഇവിടെ നില്‍ക്കേണ്ട'' 

ചീരപ്പന്‍ചിറയില്‍ മാത്രമല്ല എകെജിയുടെ ഒളിവുജീവിതം എന്ന് ഓര്‍മ്മിപ്പിച്ചെന്നേയുള്ളൂ ബല്‍റാമിനെ. അയ്യപ്പസ്വാമി കളരി പഠിച്ചതെന്ന് കരുതുന്ന തറവാടാണ് ചീരപ്പന്‍ ചിറ. എകെജി മാത്രമല്ല കൃഷ്ണപ്പിള്ളയും ഇഎംഎസ്സും തൊട്ട് ഒട്ടുമിക്ക നേതാക്കളും ഒളിവില്‍ പാര്‍ത്തിട്ടുണ്ട് ആലപ്പുഴയില്‍. കയര്‍ തൊഴിലാളികള്‍ക്കൊപ്പം ഇടപഴകിയിട്ടുണ്ട്. മഴയും വെയിലും കൊണ്ട് പണിയെടുത്തിട്ടുണ്ട്. 

അപ്പോള്‍ മരിച്ച് പതിറ്റാണ്ടുകള്‍ കഴിഞ്ഞ ശേഷം കിണറ്റിന്‍കരയിലെ പുലഭ്യംവിളി പോലെ പറയേണ്ടതല്ല എകെജി സ്മൃതി. കേരളത്തിന്റെ സ്വാതന്ത്യസമര നേതാക്കളില്‍ ഒരാളെ പറ്റി പറയുമ്പോള്‍ മിനിമം വിനയം നാമൊക്കെ പുലര്‍ത്തേണ്ടതുണ്ട്. പ്രത്യേകിച്ചും വി.ടി. ബല്‍റാമിനെ പോലെ ഒരാള്‍. സ്വന്തം പിഴവ് കാലം മനസ്സിലാക്കിക്കൊടുക്കട്ടെ ബല്‍റാമിന്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ അതിനുള്ള നിലമൊരുക്കുന്നതും സ്വാഗതാര്‍ഹം തന്നെ. 

പക്ഷേ എകെജിയുടെ പാര്‍ട്ടിക്കാരോ. ? 
ബല്‍റാമിനെതിരേ പോരിനിറങ്ങിയ സൈബര്‍ ചെമ്പട കൊട്ടിക്കയറുന്നത് എവിടേയ്‌ക്കൊക്കെയാണ്?. എകെജി പോലും ആദരിച്ചിരുന്ന നെഹ്‌റുവിലേക്കും ഗാന്ധി കുടുംബത്തിലേക്കുമോ. മരിക്കുവോളം എകെജി വിഗ്രഹമായി കണ്ട മഹാത്മാഗാന്ധിയെ തന്നെയോ? അതിലേറെ നികൃഷ്ടമായ സ്ത്രീ വിരുദ്ധതകളിലേക്കോ? 
ഒരു പടയാളിയുടെ കുറിപ്പ് ഇങ്ങനെ. ' അച്ഛന്‍ ആരെന്ന് ചോദിച്ചപ്പോള്‍ ബല്‍റാമിനെ കോണ്‍ഗ്രസ് സമ്മേളനത്തില്‍ കൊണ്ടു ചെന്നാക്കി അമ്മ പറഞ്ഞു. ഇതാ നിന്റെ അച്ഛന്‍മാര്‍''
ബല്‍റാമിന്റെ ഭാര്യയേയും അമ്മയേയും ആക്ഷേപിക്കാനുള്ള സ്വാതന്ത്ര്യമാണോ കമ്മ്യൂണിസ്റ്റ് രോഷത്തിന്റെ നൈതികത? രശ്മി ആര്‍ നായരുടെ പോസ്റ്റുകള്‍ ഷെയര്‍ ചെയ്ത് ബല്‍റാമിനെ ആക്രമിക്കുന്‌പോള്‍ ഫെമിനിസം കൊണ്ട് അച്ചാര്‍ ഇടുന്ന ഒരു വനിതാ നേതാവിനേയും കണ്ടില്ല സ്വന്തം അണികളെ നിലയ്ക്ക് നിര്‍ത്താന്‍. 

ഇപ്പോള്‍ ബല്‍റാമിനെ കല്ലെറിയുന്നതിന്റെ പത്തിലൊന്ന് ആവേശം ആരും ഗണേഷ് കുമാറിന് എതിരേ പ്രകടിപ്പിച്ചും കണ്ടിട്ടില്ല. വി.എസ്. അച്യുതാനന്ദനെ പോലെ സമാദരണീയനായ ഒരു നേതാവിനെ ഞരമ്പ് രോഗിയെന്ന് വിളിച്ച മകനെ അച്ഛനൊപ്പം ആദരിക്കുകയായിരുന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി.
ഗാന്ധി കുടുംബത്തിലെ സ്ത്രീകള്‍ പ്രസവം നിര്‍ത്തിയാല്‍ കോണ്‍ഗ്രസ്സിന് പ്രസിഡണ്ട് ഇല്ലാതാവും എന്ന് പറഞ്ഞത് സിപിഎമ്മിന്റെ പി.ബി. അംഗം കൂടിയായ കോടിയേരിയാണ്. എം.ഒ. മത്തായിയുടെ പുസ്തകത്തിലെ ഒഴിവാക്കിയ പേജുകള്‍ പരസ്യപ്പെടുത്തി നെഹ്‌റുവിനെ തെറിവിളിക്കുന്ന ഉറച്ച സഖാക്കളുണ്ട്. വിത്തും വേരും ചികഞ്ഞ് വിനോദയാത്ര നടത്തുന്നവര്‍ വിസ്മരിക്കുന്നത് യഥാര്‍ത്ഥ പോരാട്ടത്തിന്റെ ചരിത്രമാണ്. 

എഡ്വീനാ മൗണ്ട് ബാറ്റനും നെഹ്‌റുവും തമ്മിലുള്ള ബന്ധത്തെ പറ്റി പരാമര്‍ശം വന്നപ്പോള്‍ അടല്‍ബിഹാരി വാജ്‌പേയിയും ഇന്ദ്രജിത് ഗുപ്തയും ഒരേ സ്വരത്തിലാണ് പറഞ്ഞത്. ''ഇന്ത്യന്‍ സ്വാതന്ത്യ സമരത്തിന്റെ അടയാളങ്ങളെ അപമാനിക്കുന്നത് ചരിത്രത്തോട് കാണിക്കുന്ന അനാദരവാണ്. അതിനായി പോരടിച്ച് മരിച്ചവരോട് ചെയ്യുന്ന അനീതിയാണ് '
അല്ലെങ്കിലും ആവിഷ്‌കാര സ്വാതന്ത്ര്യം കുറച്ചുകാലമായി സെലക്ടീവാണ് കേരളത്തില്‍. അവനവന് ഇഷ്ടപ്പെട്ടാല്‍ മാത്രമേ അത് അംഗീകരിക്കൂ. എന്‍. പ്രഭാകരന്റെ കഥ വന്നപ്പോള്‍ അധ്യാപക സംഘടനകള്‍ക്ക് ആവിഷ്‌കാര സ്വാതന്ത്യം പ്രശ്‌നമല്ലാതായി. ആറാം തിരുമുറിവ് തൊട്ട് ഇങ്ങോട്ട് എന്നും ആവിഷ്‌കാരസ്വാതന്ത്യത്തിന് വാദിച്ചവര്‍ പോലും കഥയ്ക്ക് എതിരേ രംഗത്തെത്തി.

പി. ശശിക്ക് എതിരേയും ഗോപി കോട്ടമുറിക്കലിന് എതിരേയും ആരോപണങ്ങള്‍ വന്നപ്പോള്‍ ഒരു വനിതാ ചുവപ്പന്‍ പോരാളിയും ഇരയുടെ ന്യായം പറയാന്‍ വന്നില്ല. ഒളിക്യാമറകളില്‍ ഇരയായവരുടേയും. എത്രത്തോളം സ്ത്രീവിരുദ്ധമാവുന്നു നമ്മുടെ രാഷ്ട്രീയമെന്ന് ബോധ്യപ്പെടുത്തുകയാണ് ഈ പോരാട്ടങ്ങള്‍. 
എതിരാളികളെ തറപറ്റിക്കാന്‍ എന്തു തറവേലയും കാണിക്കാന്‍ ഒരുക്കമാണ് നവമാധ്യമപോരാളികള്‍. ആഘോഷങ്ങള്‍ക്കും അപമാനങ്ങള്‍ക്കും അപ്പുറം മറ്റൊന്നും വിഷയമാവുന്നതേയില്ല. കേവലമായ പുലഭ്യം പറച്ചിലുകള്‍ക്ക് പുറത്തേക്ക് കടക്കാനാവാതെ മുടന്തുന്നു സ്വന്തം രാഷ്ട്രീയ ഗ്വാഗ്വാകളെന്ന് പോലും മനസ്സിലാവാത്ത മന്ദബുദ്ധികളായി മാറുന്നുണ്ട് പലരും മിക്കപ്പോഴും.

ഉള്ളിലെ അസഹിഷ്ണുതയെ മൂടി വച്ച് അന്യന്റെ അസഹിഷ്ണുതയെ കല്ലെറിയുകയാണ് സൈബര്‍ മലയാളി. ഒരു കാലിലെ മന്ത് മറ്റേക്കാലിലേക്ക് മാറ്റാന്‍ വരം ചോദിച്ച മഹാനായ നാറാണത്ത് ഭ്രാന്തന്‍ എത്രമേല്‍ ക്രാന്തദര്‍ശി എന്ന് ബോധ്യപ്പെടുത്തുന്നു നമ്മുടെ കാലം. 
ചാക്യാരെ മറക്കരുത്. നിഷ്‌കളങ്കമായിരുന്നു ഫലിതം. അത് ആസ്വദിക്കാന്‍ ശേഷി ഉണ്ടായിരുന്നു ഇന്ന് പോരടിക്കുന്നവരുടെ അച്ഛനമ്മമാര്‍ക്ക്. സ്വന്തം വാദം മാത്രം കേള്‍ക്കാന്‍ തയ്യാറാവുന്നവര്‍ ഓര്‍ക്കണം ചുട്ടുകൊല്ലപ്പെട്ട ശാസ്ത്രജ്ഞന്‍ ബ്രൂണോയെ. ഇല്ലെങ്കില്‍ കേള്‍ക്കണം ബര്‍തോള്‍ഡ് ബ്രെഹ്തിന്റെ ഗലീലിയോയെ. 
'' ശാസ്ത്രീയാന്വേഷണത്തിന്റെ ലക്ഷ്യം  പരമമായ അറിവിലേക്കുള്ള വാതില്‍ തുറക്കല്‍ മാത്രമല്ല, പരമമായ പിഴവുകളെ പ്രതിരോധിക്കുക കൂടിയാണ്'' 
കൂത്തമ്പലത്തില്‍ ചാക്യാരുടെ ഫലിതങ്ങളെ ആരെങ്കിലും തുറന്നെതിര്‍ത്താല്‍ പിന്നെ ആ ക്ഷേത്രത്തില്‍ കൂത്ത് നടക്കാറില്ല. അക്കാലം നമ്മുടെ അമ്പലങ്ങളില്‍ കൂത്ത് മുടങ്ങിയതേയില്ല.