സ്വാതന്ത്ര്യം ഒരു പ്രതിമ മാത്രമായ അമേരിക്കയെക്കുറിച്ച് ഒരിക്കല്‍ ഒരു കവി എഴുതിയിരുന്നു. സ്വാതന്ത്ര്യത്തിന്റെ എക്കാലത്തെയും സമ്മോഹന സ്വപ്നഭൂമികയായി വിശേഷിപ്പിക്കപ്പെടുന്ന അമേരിക്കയില്‍ നടക്കുന്ന സ്വാതന്ത്ര്യ ധ്വംസനങ്ങളാണ് കവിയെ പ്രകോപിപ്പിച്ചത്. പ്രതിമകള്‍ മനുഷ്യ സൃഷ്ടികളാണ്. അമേരിക്കയിലെ സ്വാതന്ത്ര്യ പ്രതിമയായാലും ത്രിപുരയിലെ ലെനിന്‍ പ്രതിമയായാലും തമിഴകത്തെ പെരിയാര്‍ പ്രതിമയായാലും ബംഗാളിലെ ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമയായാലും അതെല്ലാം തന്നെ ഒരു സമൂഹത്തിന്റെ ആശയാഭിലാഷങ്ങളുടെ പ്രകാശനമാണ്.

പെരിയാറും ലെനിനും പ്രതിമകളില്‍ വിശ്വസിച്ചിരുന്നില്ല. രണ്ടു കൂട്ടരും എല്ലാ അര്‍ത്ഥത്തിലും വിഗ്രഹ ഭഞ്ജകരുമായിരുന്നു. ഗണേശ പ്രതിമകള്‍ ഉടച്ചുകൊണ്ടാണ് പെരിയാര്‍ തമിഴകത്ത് ദ്രാവിഡ ചിന്താവിപ്ലവം മുന്നോട്ടുകൊണ്ടു പോയത്. പക്ഷേ, പെരിയാറിന്റെ ഏറ്റവും പ്രശസ്തനായ ശിഷ്യന്‍ അണ്ണാദുരൈ ഈ വിഗ്രഹഭഞ്ജനത്തെ പ്രായോഗികമായാണ് സമീപിച്ചത്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഒരുമ്പെട്ടിറങ്ങിയ അണ്ണാദുരൈയുടെ ഏറെ ഘോഷിക്കപ്പെടുന്ന ഒരു പരാമര്‍ശം ഇതായിരുന്നു '' ഞങ്ങള്‍ പിള്ളായാറെയും ഉടയ്ക്കില്ല, തേങ്ങയും ഉടയ്ക്കില്ല.'' വിനായകന്‍ വലിയൊരു ജനസമൂഹത്തിന്റെ വിശ്വാസ വികാരങ്ങളുടെ പ്രതീകമാണെന്ന് തിരിച്ചറിയാനുള്ള വിവേകം അണ്ണാദുരൈയ്ക്കുണ്ടായിരുന്നു.  ഉള്‍ക്കൊള്ളലും സ്വാംശീകരണവുമാണ് ഏതൊരു പ്രസ്ഥാനത്തെയും സാമൂഹ്യ സ്വീകാര്യതയിലേക്ക് നയിക്കുന്നതെന്നും അണ്ണായ്ക്കറിയാമായിരുന്നു.

Ambedkar statue

ത്രിപുരയില്‍ ലെനിന്‍ പ്രതിമ തകര്‍ക്കപ്പെടുമ്പോള്‍, ബംഗാളില്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമ തകര്‍ക്കപ്പെടുമ്പോള്‍, തമിഴകത്ത് പെരിയാര്‍ പ്രതിമകള്‍ തകര്‍ക്കുമെന്ന മുന്നറിയിപ്പുകളുണ്ടാവുമ്പോള്‍ അണ്ണാദുരൈയുടെ വാക്കുകള്‍ കൂടുതല്‍ കൂടുതല്‍ പ്രസക്തമാവുകയാണ്. വിഗ്രഹങ്ങള്‍ ഉടയേണ്ടത് അല്ലെങ്കില്‍ വിഗ്രഹഭഞ്ജനം നടക്കേണ്ടത് ചിന്തയിലായിരിക്കണമെന്നതാണ് ആധുനിക ജനാധിപത്യം ആവശ്യപ്പെടുന്നത്. 2002-ല്‍ ചെന്നൈയില്‍ മറീന ബീച്ചില്‍ നിന്ന് കണ്ണകിയുടെ പ്രതിമ പിഴുതുമാറ്റപ്പെട്ടത് വന്‍ വിവാദമായിരുന്നു. ഒരു രാത്രി ചെന്നൈയിലെ ട്രാഫിക് പോലീസാണ് കണ്ണകിയെ മറീനയില്‍നിന്ന് എടുത്തു മാറ്റിയത്.

ഗതാഗതം സുഗമമാക്കുന്നതിനാണ് ഈ നടപടിയെന്ന് പോലീസ് നിലപാടെടുത്തെങ്കിലും കണ്ണകി അവിടെ നില്‍ക്കുന്നത് വാസ്തുശാസ്ത്ര പ്രകാരം ജയലളിതയ്ക്ക് നല്ലതിനല്ലെന്ന് ചില ജ്യോതിഷികള്‍ കവടി നിരത്തിയതാണ് യഥാര്‍ത്ഥ കാരണമെന്നാണ് ഡിഎംകെ നേതാവ് കരുണാനിധി ആരോപിച്ചത്. 2006 ല്‍ ഡിഎംകെ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയപ്പോള്‍ കരുണാനിധി കണ്ണകിയെ മറീനയില്‍ പുനഃസ്ഥാപിക്കുകയും ചെയ്തു. അതേസമയം മറീനയില്‍ തന്നെ കരുണാനിധി സര്‍ക്കാര്‍ സ്ഥാപിച്ച ശിവാജിഗണശന്‍ പ്രതിമ ഹൈക്കോടതി വിധിയെ തുടര്‍ന്ന് എ ഐ എ ഡി എം കെ  സര്‍ക്കാര്‍ നീക്കിയപ്പോള്‍ കാര്യമായ പ്രതിഷേധമൊന്നുമുണ്ടായില്ല. കാരണം ശിവാജിയുടെ പ്രതിമ മറീനയില്‍  ഗതാഗത തടസ്സമുണ്ടാക്കുന്നുണ്ടെന്ന ഹൈക്കോടതിയുടെ നിരീക്ഷണം അങ്ങിനെയങ്ങ് ആര്‍ക്കും തള്ളിക്കളയാനാവുമായിരുന്നില്ല.

വിഗ്രഹങ്ങളില്‍ വിശ്വാസമില്ലാതിരുന്ന ലെനിനും പെരിയാറും പിന്നീട് വിഗ്രഹങ്ങളാവുകയും അവരുടെ പ്രതിമകള്‍ കവലകള്‍ തോറും സ്ഥാപിക്കപ്പെടുകയും ചെയ്തു. ലോകം കണ്ട ഏറ്റവും വലിയ വിഗ്രഹഭഞ്ജകരിലൊരാളെന്ന് നിസ്സംശയം പറയാവുന്ന നാരായണ ഗുരുവിനാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിമകളുള്ളതെന്നത് ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ്. പ്രതിമകളും വിഗ്രഹങ്ങളും ശൂന്യതയില്‍ നിന്നുണ്ടാവുന്നവയല്ല. സാമൂഹികവും രാഷ്ട്രീയവും സാംസ്‌കാരികവുമായ ഒരു പരിസരത്തിലാണ് പ്രതിമകള്‍ സൃഷ്ടിക്കപ്പെടുന്നത്. അതിപ്പോള്‍ മിഠായി തെരുവിലെ എസ് കെ പൊറ്റക്കാടിന്റെ പ്രതിമയായാലും മലമ്പുഴയിലെ യക്ഷി ശില്‍പമായാലും അതിനു പിന്നില്‍ ഒരു സമൂഹത്തിന്റെ ശരീരവും മനസ്സുമുണ്ട്. അംബദ്കറുടെ ഒരു പ്രതിമ ഉയരുമ്പോള്‍ അതില്‍ ഒരു ജനതയുടെ അതിജീവനത്തിന്റെ ദൃഢതയാര്‍ന്ന പ്രഖ്യാപനമുണ്ട്.

ലെനിന്‍ ഏകാധിപതിയാണെന്ന് വാദിക്കുന്നവരുണ്ട്, പെരിയാര്‍  ജാതീയത വളര്‍ത്തിയെന്ന് തര്‍ക്കിക്കുന്നവരുണ്ട്. തര്‍ക്കങ്ങളും വാദങ്ങളും മനുഷ്യസഹജമാണ്. തര്‍ക്കങ്ങളില്ലെങ്കില്‍ ഏതു സമൂഹമാണ് മുന്നോട്ട് പോവുക പക്ഷേ, തര്‍ക്കങ്ങള്‍ ശാരീരിക ആക്രമണങ്ങളിലല്ല ചിന്താവിപ്ലവത്തിലാണ് കലാശിക്കേണ്ടത്. സ്വാതന്ത്ര്യം ഒരു പ്രത്യേക വിഭാഗത്തിന്റേത് മാത്രമാവുകയാണെങ്കില്‍ അത് സ്വാതന്ത്ര്യമല്ലെന്ന് പ്രഖ്യാപിച്ചത് ലെനിന്റെ സമകാലികയും പല തലങ്ങളിലും ലെനിനിസത്തെ നിശിതമായി വിമര്‍ശിക്കുകയും ചെയ്ത ജര്‍മ്മന്‍ ചിന്തക റോസ ലക്സംബര്‍ഗാണ്. തന്റെ ഈ വിമര്‍ശകയെ പക്ഷേ, അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ പരുന്തെന്ന് വിളിക്കാന്‍ ലെനിന്‍ മടിച്ചില്ല. വിയോജിപ്പാണ് ജനാധിപത്യത്തെ നിര്‍ണ്ണയിക്കുന്നത്. വിയോജിക്കാനുള്ള അവകാശമില്ലെങ്കില്‍ ജനാധിപത്യം  അപൂര്‍ണ്ണവും അചേതനവുമാകുന്നു. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന ഗുരു വചനത്തെ ജാതിയില്ല മതമില്ല ദൈവമില്ല മനുഷ്യന് എന്ന് സഹോദരന്‍ അയ്യപ്പന്‍ തിരുത്തിയപ്പോള്‍ ആ ശിഷ്യനെ തള്ളിക്കളയുകയല്ല നെഞ്ചോട് ചേര്‍ത്തു പിടിക്കുകയാണ് ഗുരു ചെയ്തത്. ഗുരുവും ശിഷ്യനും പിന്നീട് പ്രതിമകളായി. 

ത്രിപുരയില്‍ ലെനിന്റെ പ്രതിമ തകര്‍ത്തപ്പോള്‍ അതിനെ ന്യായീകരിച്ചവര്‍ ഏറെയാണ്. വിദേശിയായ ലെനിന് ഈ പഞ്ചായത്തിലെ അരിമണി പെറുക്കാന്‍ എന്താണ് കാര്യം എന്നാണ് പ്രതിമാ ഭഞ്ജകര്‍ ചോദിക്കുന്നത്. വസുധൈവ കുടുംബകം എന്നും ലോകാ സമസ്താ സുഖിനോ ഭവന്തു എന്നുമൊക്കെ നാഴികയ്ക്ക് നാല്‍പതുവട്ടം പറയുന്നതും ഇക്കൂട്ടര്‍ തന്നെയാണ്. ഗാന്ധിജിയുടെ പ്രതിമ ലോകത്തെത്രയോ സ്ഥലങ്ങളിലുണ്ട്.

ആദിവാസി യുവാവ് മധു നിഷ്ഠൂരമായി കൊല്ലപ്പെട്ടപ്പോള്‍ അതിനെതിരെയുണ്ടായ ഏറ്റവും ശക്തമായ പ്രതികരണങ്ങളിലൊന്ന് ഡാവിഞ്ചി സുരേഷ് എന്ന യുവ ശില്‍പിയില്‍ നിന്നായിരുന്നു. വിദേശിയായ ഡാവിഞ്ചിയുടെ പേര് ആ ചെറുപ്പക്കാരന്‍ അദ്ദേഹത്തിന്റെ പേരിനു മുന്നില്‍ എന്തിനാണ് വെയ്ക്കുന്നതെന്ന് മണ്ടന്‍ ചോദ്യം ചോദിക്കാനും ഇവിടെ ആളുണ്ടായാല്‍ അത്ഭുതപ്പെടേണ്ടതില്ല. 

നിങ്ങളുടെ ചിന്തയെ സ്വാധീനിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന ഒരാളുടെ പ്രതിമ സ്ഥാപിക്കാനോ അയാളുടെ പേര് ഉപയോഗിക്കാനോ  നിങ്ങള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ അതിനെ ഞാന്‍ എന്തിനാണെതിര്‍ക്കുന്നത്. തനിക്കു മുന്നില്‍ കാലിന്മേല്‍ കാല്‍ കയറ്റി വെച്ചിരുന്ന ചെറുപ്പക്കാരന്റെ പ്രവൃത്തിയെ അയാള്‍ അയാളുടെ കാലിന്മേല്‍ അയാളുടെ കാല്‍ കയറ്റിവെയ്ക്കുന്നതുകൊണ്ട് എനിക്കെന്താണ് പ്രശ്നമെന്ന് പറഞ്ഞ് ന്യായീകരിച്ച കക്ഷിയാണ് പെരിയാര്‍. ആ പെരിയാറിന്റെ പ്രതിമ തകര്‍ക്കുമെന്ന് ബിജെപി നേതാവ് എച്ച്. രാജ പറയുമ്പോള്‍ അത് തനി തോന്നിവാസമാണെന്നും തെമ്മാടിത്തരമാണെന്നും പറയാന്‍ പെരിയാറിന്റെ ചിന്തകളുടെ കടുത്ത ആരാധകനൊന്നുമാവേണ്ട കാര്യമില്ല. 

രാജയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ദ്രാവിഡ വിടുതലൈ കഴകം എന്ന സംഘടനയുടെ ആളുകള്‍ ചെന്നൈയില്‍ അക്രമത്തിലേര്‍പ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഒരിക്കലും ന്യായീകരിക്കാനാവാത്ത പ്രവൃത്തിയാണിത്. ഈ വൃത്തികേടുകള്‍ കണ്ട് പെരിയാര്‍ തന്റെ ശവകുടീരത്തില്‍ തീര്‍ച്ചയായും ഞെരിപിരി കൊള്ളുന്നുണ്ടാവണം. തമിഴകത്ത് കാലുറപ്പിക്കാനുള്ള തത്രപ്പാടില്‍ തങ്ങള്‍ നീങ്ങുന്നത് ശരിയായ ദിശയിലാണോയെന്ന് ബിജെപി നേതൃത്വം ചോദിക്കേണ്ടതായുണ്ട്. എച്ച്. രാജയെപ്പോലുള്ളവര്‍ക്കെതിരെ എത്രയും പെട്ടെന്ന് നടപടിയെടുത്തുകൊണ്ടാണ് ഇക്കാര്യത്തില്‍ ബിജെപി ആത്മാര്‍ത്ഥത തെളിയിക്കേണ്ടത്. രാജ്യം ഭരിക്കുന്ന ഒരു കക്ഷിയില്‍നിന്ന് തീര്‍ച്ചയായും ഇങ്ങനെ ചില ഉത്തരവാദിത്തങ്ങള്‍ ജനങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. പ്രതിമകളല്ല, പ്രതിസന്ധി ഘട്ടങ്ങളില്‍ പ്രതമികളാവുന്ന ഭരണകൂടമാണ് ജനാധിപത്യത്തിന്റെ ശാപം.