എൻ.ഡി.എ. സർക്കാർ അധികാരത്തിൽവന്നതിനെത്തുടർന്ന് ഔഷധ-സ്റ്റെന്റ് വിലനിയന്ത്രണം, അശാസ്ത്രീയങ്ങളായ ഔഷധച്ചേരുവകളുടെ നിരോധനം, കുറഞ്ഞവിലയ്ക്ക് മരുന്നുകൾ ജനങ്ങൾക്കെത്തിക്കുന്നതിനുള്ള ജൻ ഔഷധി മരുന്നുകടകളുടെ സ്ഥാപനം, ആരോഗ്യനയപ്രഖ്യാപനം, ജനറിക് ഔഷധ പ്രോത്സാഹനം തുടങ്ങിയ നടപടികളാണ് പ്രധാനമായും സ്വീകരിച്ചിട്ടുള്ളത്. ഇവയിൽ പലതും സ്വാഗതാർഹങ്ങളാണെങ്കിലും  മിക്കനയങ്ങളുടെ നടത്തിപ്പിലും പല അപാകങ്ങളും  വൈകല്യങ്ങളും കാണാൻകഴിയും. 

ഔഷധവില കമ്പോളശക്തികൾക്ക് 

കഴിഞ്ഞ മൂന്നുവർഷത്തിനിടയ്ക്ക് പലതവണയായി വിവിധ ബ്രാൻഡുകളിൽ വിറ്റുവരുന്ന  ഏതാണ്ട് മുന്നൂറോളം അടിസ്ഥാന ഔഷധങ്ങളുടെ വില ദേശീയ ഫാർമസ്യൂട്ടിക്കൽ അതോറിറ്റി പുതുക്കി നിശ്ചയിച്ചിട്ടുണ്ട്.ഇന്ത്യയിൽ വിറ്റുവരുന്ന 82,000-ത്തോളം ബ്രാൻഡ് മരുന്നുകളിൽ കേവലം 15 ശതമാനത്തിന്റെ വിലകൾ മാത്രമാണ് നിയന്ത്രണവിധേയമാക്കിയിട്ടുള്ളത്. ഇവയുടെയെല്ലാം മൊത്തം വില കണക്കാക്കിയാൽ 1.7 ശതമാനം വിലക്കുറവ് മാത്രമാണ് ഫലത്തിൽ ജനങ്ങളെ സംബന്ധിച്ചിടത്തോളം അനുഭവപ്പെടുന്നത്. അതിനുള്ള പ്രധാനകാരണം യു.പി.എ. സർക്കാർ 2011 മുതൽ നടപ്പാക്കിയ മാർക്കറ്റ് അധിഷ്ഠിത ഔഷധവില നിശ്ചയിക്കൽനയം എൻ.ഡി.എ. സർക്കാർ അതേപടി തുടരുന്നു എന്നതാണ്. 

സ്റ്റെന്റിന്റെ കാര്യത്തിൽ ഏറ്റവുമധികം ഉപയോഗത്തിലുള്ള ഡ്രഗ് എല്യൂട്ടിങ്‌ സ്റ്റെന്റിന്റെ ഇറക്കുമതി വില 14,223 രൂപയാണ്. മറ്റ് സ്റ്റെന്റുകളുടെ കാര്യത്തിലെന്നപോലെ 15 ശതമാനംമാത്രം ലാഭവിഹിതം അനുവദിച്ചിരുന്നെങ്കിൽ വില 16,500 രൂപ മാത്രമാവുമായിരുന്നു. എന്നാൽ, വിലനിശ്ചയിച്ച് നൽകിയതാവട്ടെ 29,500 രൂപയും. ഈ വിവേചനത്തിനുള്ള കാരണം സർക്കാർ വ്യക്തമാക്കിയതുമില്ല. 

പേറ്റന്റ് മരുന്നുകൾ അമിതവിലയ്ക്ക്

ഔഷധവില നിയന്ത്രണത്തിന്റെ കാര്യത്തിലുള്ള ഏറ്റവും വലിയ വെല്ലുവിളിയായ പേറ്റന്റ് മരുന്നുകളുടെ അതിവില ഉയർത്തുന്ന പ്രശ്നം നേരിടാനും സർക്കാർ തയ്യാറായില്ല. പുതിയ പേറ്റന്റ് നിയമം 2005-ൽ നടപ്പാക്കിയതിനുശേഷം മാർക്കറ്റ്ചെയ്യപ്പെടുന്ന പേറ്റന്റ് മരുന്നുകൾ വൻവിലയ്ക്കാണ് വിറ്റുവരുന്നത്. പേറ്റന്റ് കാലാവധി കഴിയുന്ന 20 വർഷത്തേക്ക് മറ്റ് കമ്പനികൾക്ക് ഈ മരുന്നുകൾ ഉത്‌പാദിക്കാനും പറ്റില്ല.  മിക്കതും കാൻസർ ചികിത്സയ്ക്കുള്ള മരുന്നാണുതാനും. പേറ്റന്റ് മരുന്നുകൾ  ഔഷധവിലനിയന്ത്രണത്തിന്റെ പരിധിയിൽ കൊണ്ടുവരാൻ സർക്കാർ തയ്യാറായിട്ടില്ല.  

അശാസ്ത്രീയ ഔഷധച്ചേരുവകൾ

ഇന്ത്യയിലെ ജനകീയാരോഗ്യ പ്രവർത്തകരെല്ലാം മുന്നൂറോളം അശാസ്ത്രീയ ഔഷധച്ചേരുവകൾ നിരോധിക്കാനുള്ള കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തിരുന്നു. എന്നാൽ, സാങ്കേതികകാരണങ്ങളുന്നയിച്ച് വൻകിട സ്വകാര്യകമ്പനികൾ കോടതികളിൽനിന്ന്‌ സ്റ്റേ ഉത്തരവ് സമ്പാദിച്ച് ആരോഗ്യത്തിന് ഹാനികരമായ ഇത്തരം മരുന്നുകൾ വിറ്റുവരികയാണ്. സ്റ്റേനടപടികൾ അവസാനിപ്പിക്കാനോ ഉചിതമായ നിയമഭേദഗതികൾ വരുത്താനോ കേന്ദ്രസർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. 

പൊതുമേഖലാ  മരുന്നുകമ്പനികൾ പ്രതിസന്ധിയിൽ 

കുറഞ്ഞവിലയ്ക്ക് മരുന്നുകൾ ലഭ്യമാക്കാനുള്ള ജൻഔഷധി മരുന്നുകടകൾ സ്ഥാപിച്ചുവരുന്നതും ജനറിക്ക് ഔഷധനിർദേശം പ്രോത്സാഹിപ്പിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനവും അനുമോദനാർഹംതന്നെ. എന്നാൽ, ജനറിക് ഔഷധങ്ങൾ വൻതോതിൽ ഉത്‌പാദിപ്പിച്ചെങ്കിൽ മാത്രമേ അവ ജൻഔഷധി സ്റ്റോറുകളിൽ ലഭ്യമാക്കാനും ഡോക്ടർമാർക്ക് നിർദേശിക്കാനും  കഴിയൂ. ഇന്ത്യയിൽ വിറ്റുവരുന്ന ഒരുലക്ഷം കോടി രൂപയ്ക്കുള്ള മരുന്നുകളിൽ ജനറിക്ക് മരുന്നുകൾ കേവലം 10,000 കോടിക്കുള്ളവ മാത്രമാണുള്ളത്. ജനറിക് ഔഷധങ്ങൾ ഉത്‌പാദിപ്പിക്കാൻ സ്വകാര്യകമ്പനികൾക്ക് സ്വാഭാവികമായും താത്പര്യമുണ്ടാവാൻ സാധ്യതയില്ല. അതുകൊണ്ട് പൊതുമേഖലാ ഔഷധക്കമ്പനികൾവഴി ജനറിക് ഔഷധങ്ങൾ വൻതോതിൽ ഉത്‌പാദിപ്പിക്കാൻ സർക്കാർ ശ്രമിക്കണം. 

(കേരള സർവകലാശാലാ മുൻ വി.സിയും പൊതുജനാരോഗ്യപ്രവർത്തകനുമാണ്‌ ലേഖകൻ)