വളർച്ച മുരടിപ്പ്, നാണയപ്പെരുപ്പം, ധനക്കമ്മി എന്നിവ കൊടുമ്പിരികൊണ്ടിരിക്കുമ്പോഴാണ് മൂന്നുവർഷം മുൻപ്‌ നരേന്ദ്ര മോദി ഇന്ത്യൻ പ്രധാനമന്ത്രിയായി സ്ഥാനമേൽക്കുന്നത്. ഈ മന്ത്രിസഭയുടെ പ്രവർത്തനങ്ങൾക്ക് മാർക്കിടാൻ പറഞ്ഞാൽ ബൃഹദ്‌ സമ്പദ് വ്യവസ്ഥയുടെ നിർവഹണം  (macro economic management)  മികച്ചതായിരുന്നു എന്നു പറയേണ്ടിവരും.

സാമ്പത്തിക മേഖലയിൽ ഉണർവ്

എൻ.ഡി.എ. സർക്കാരിന് സാമ്പത്തിക മേഖലയിൽ ഒരു പുത്തനുണർവ് വരുത്താൻ കഴിഞ്ഞിട്ടുണ്ട്. ജി.ഡി.പി. 7.1 ശതമാനമായുർന്ന് വേഗം വളരുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യ മാറി. നാണയപ്പെരുപ്പം നാലു ശതമാനത്തിലും താഴെയായി. സാമ്പത്തിക കമ്മി പത്തുകൊല്ലത്തിലും ഏറ്റവും താഴ്ന്ന നിലയിലെത്തി. എന്നാൽ സാമ്പത്തികരംഗത്തെ പ്രവർത്തനങ്ങളാകട്ടെ ഗുണദോഷ സമ്മിശ്രമാണ്. 
പ്രധാനമന്ത്രിയാകുന്നതിനു മുൻപ് ബിസിനസ്സുകാർക്ക് ഏറെ പ്രിയപ്പെട്ടയാൾ എന്ന പ്രതിച്ഛായയായിരുന്നു മോദിക്കുണ്ടായിരുന്നത്. മിനിമം ഗവൺമെന്റ്, മാക്സിമം ഗവേണൻസ് എന്നതായിരുന്നു മുദ്രാവാക്യം പോലും.

ഏറ്റവും വലിയ നിരാശയുണ്ടാക്കിയ വസ്തുത ‘മിനിമം ഗവൺമെന്റ്’ എന്ന നയം നടപ്പിലാക്കാൻ വേണ്ടുന്ന ഒരു നടപടിയും മോദിയുടെ ഭാഗത്തുനിന്നുണ്ടായില്ല എന്നതാണ്. പൊതുമേഖലാ സ്ഥാപനങ്ങളായ എയർ ഇന്ത്യ, സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ, ബി.എസ്.എൻ.എൽ. എന്നിവ ഇപ്പോഴും നഷ്ടത്തിൽത്തന്നെയാണ്. ഈ സ്ഥാപനങ്ങൾക്ക് മത്സരക്ഷമതയുമില്ല. ഇവയും നികുതിദായകന്റെ ചുമലിലായി. പൊതുമേഖല ബാങ്കുകളിൽ കിട്ടാക്കടം പെരുകുകയും  സാധാരണ ഇടപാടുകാരനെ കഷ്ടത്തിലാക്കി ഖജനാവിനെ ബാധിക്കുകയും ചെയ്തു.  ബാങ്കിങ് മേഖലയെ മെച്ചപ്പെടുത്താൻ സർക്കാർ വിവിധ പദ്ധതികൾ കൊണ്ടുവന്നെങ്കിലും കുഴഞ്ഞുമറിഞ്ഞ അവസ്ഥ തന്നെയാണിപ്പോഴും.

കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധം

മറ്റൊരു പ്രധാന നയമായി പറയാവുന്നത് സംസ്ഥാനങ്ങൾക്കും തദ്ദേശസ്ഥാപനങ്ങൾക്കും കൂടുതൽ വിഹിതം നൽകുന്ന കോ-ഓപ്പറേറ്റീവ് ഫെഡറലിസം നടപ്പിലാക്കിയതാണ്. ഇതുവഴി സംസ്ഥാനങ്ങൾക്ക് 32 ശതമാനം മുതൽ 42 ശതമാനം വരെ ഫണ്ടുകൾ ലഭിക്കുകയും ഏതൊക്കെ ഇനങ്ങളിൽ ഇത് ചെലവഴിക്കണമെന്ന് തീരുമാനിക്കുവാനുള്ള അധികാരവും ലഭിച്ചു. സംസ്ഥാന സർക്കാരിന്റെ സാന്പത്തിക തീരുമാനങ്ങളിൽ പ്ലാനിങ് കമ്മീഷനെപ്പോലെ കൈകടത്താതെ ഫണ്ട് വിനിയോഗിക്കുന്നതിൽ ഉപദേഷ്ടാവായി നീതി ആയോഗുമുണ്ട്. സംയുക്ത വ്യവസ്ഥിതിയിലേക്കുള്ള മടക്കമെന്നപോലെ തന്നെ മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്ത വിധം സാമ്പത്തിക കാര്യങ്ങളിലും കേന്ദ്ര-സംസ്ഥാന സർക്കാർ ഒന്നിച്ചു പ്രവർത്തിക്കേണ്ടുന്ന സ്ഥിതിവിശേഷവുമുണ്ട്. ജൂലായിൽ ചരക്കുസേവന നികുതി നിലവിൽ വരുന്നതോടെ രാജ്യം ഏകവിപണിയായി മാറും. രാജ്യത്തെല്ലായിടത്തും ഉത്പന്നങ്ങൾക്ക്‌ ഒരേ നികുതിയാകും. ഇതോടെ ചരക്കു നീക്കം സുഗമമാകുകയും വ്യാപാരമേഖല ശക്തിപ്രാപിക്കുകയും ചെയ്യും. 

 

അഭിമാനമായി ജൻധൻ അക്കൗണ്ട്

അടിസ്ഥാനസൗകര്യവികസനവും മോദി സർക്കാരിന്റെ മുഖ്യ അജൻഡയായിരുന്നു. റോഡ്, തുറമുഖവികസനം, റെയിൽവേ, വൈദ്യുതി, ഡിജിറ്റൽവത്കരണം എന്നിവയുെട വികസനത്തിന് വൻതുക ചെലവിടുകയും ചെയ്തു. മോദി സർക്കാരിന്റെ ഏറ്റവും വലിയ നേട്ടം 2014-ൽ അവതരിപ്പിച്ച ജൻധൻ അക്കൗണ്ടാണ്. ഒരാഴചയ്ക്കുള്ളിൽ 1.8 കോടി ജനങ്ങൾ ജൻധൻ അക്കൗണ്ട് തുറന്ന് ഗിന്നസ് െറക്കോഡിൽ ഇടം നേടി. 28.5 കോടി പാവപ്പെട്ട ജനങ്ങൾക്ക് ഇതുവഴി ബാങ്ക് അക്കൗണ്ട് തുറക്കാൻ സാധിച്ചു. ഗ്യാസ് സബ്സിഡി, ദേശീയ തൊഴിലുറപ്പു പദ്ധതി വേതനം എന്നിവ അക്കൗണ്ടുകൾ വഴിയാക്കിയതോടെ ചോർച്ചയും താമസവും തടയാനായി. ചെറുകിട സംരംഭകരെ ഉദ്ദേശിച്ചു ആവിഷ്കരിച്ച മുദ്ര സാമ്പത്തിക പദ്ധതി ഇനിയും ജനകീയമായിട്ടില്ല. 

നോട്ടസാധുവാക്കലിന്റെ ഫലങ്ങൾ

നോട്ടസാധുവാക്കലിനെക്കുറിച്ച് പരാമർശിക്കാതെ മോദിയുടെ സാമ്പത്തിക റെക്കോഡ്‌ പൂർത്തിയാക്കാനാവില്ല. നോട്ടസാധുവാക്കൽ സാധാരണക്കാരന്റെ ജീവിതത്തെ ദുസ്സഹമാക്കി, സാമ്പത്തിക വളർച്ചയെ ബാധിച്ചു, പരോക്ഷമേഖലയെ ഞെരുക്കത്തിലാക്കി. എല്ലാം ശരായാണ്. എന്നാലിത് നികുതി പിരിവിനെ മെച്ചപ്പെടുത്തി, ഡിജിറ്റൽ ഇടപാടുകൾ വർധിപ്പിച്ചു എന്നതും ഓർക്കേണ്ടതുണ്ട്. 
ചെലവിനേക്കാൾ സാമ്പത്തിക നേട്ടമുണ്ടായിട്ടുണ്ടോയെന്ന് കുറച്ച് വർഷങ്ങൾക്കു ശേഷം മാത്രം ബോധ്യപ്പെടും.

തൊഴിലുറപ്പ് പദ്ധതി, ആധാർ, പൊതുജനക്ഷേമം തുടങ്ങി യു.പി.എ. സർക്കാരിന്റെ സാമ്പത്തികനയങ്ങൾ തന്നെയാണ് മോദിയും പിന്തുടർന്നത്. എന്നാൽ മോദി തന്റെതന്നെ ഭരണത്തെ ഭാവി വളർച്ചയ്ക്കു വഴിതെളിക്കുന്ന അഴിമതിരഹിത സദ്ഭരണമായാണ് കണക്കാക്കുന്നതെന്നു മാത്രം. മോദിയുടെ ചില നയങ്ങൾ സമൂലമാറ്റങ്ങളുണ്ടാക്കുന്നതാണെങ്കിലും ഇതിന്റെ ആത്മാവ് ഇടതാശയങ്ങളോട് കൂടുതൽ ചേർന്നു നിൽക്കുന്നതാണെന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും കിട്ടാക്കടം തിരിച്ചുപിടിക്കുന്നതിലും സ്വകാര്യ നിക്ഷേപങ്ങൾ കൊണ്ടുവരുന്നതിലും മോദി ഇഫക്ട് കാണാത്തത് സങ്കടകരമായ അവസ്ഥയാണ്.

(കോഴിക്കോട്‌ ഐ.ഐ,എമ്മിൽ സാമ്പത്തികശാസ്‌ത്രവിഭാഗത്തിൽ പ്രൊഫസറാണ്‌ ലേഖകൻ)