രമേശ് ചെന്നിത്തല (പ്രതിപക്ഷനേതാവ് ) 
ഒരൊറ്റവർഷംകൊണ്ട് ജനങ്ങളുടെ വെറുപ്പ് ഇത്രയേറെ സമ്പാദിച്ചുകൂട്ടിയ മറ്റൊരു സർക്കാർ കേരളത്തിന്റെ ചരിത്രത്തിലില്ല. അഴിമതിയും അനാശാസ്യവുമില്ലാത്ത ഒരു രാഷ്ട്രീയാന്തരീക്ഷം സൃഷ്ടിക്കാൻ കഴിഞ്ഞു എന്നതാണ് ഏറ്റവും വലിയ നേട്ടമായി മുഖ്യമന്ത്രി പിണറായി വിജയൻ ഉയർത്തിക്കാട്ടുന്നത്. പൊതുമേഖലാസ്ഥാപനങ്ങളിലെ  ഉയർന്ന ഉദ്യോഗങ്ങളെല്ലാം നിർലജ്ജം ബന്ധുക്കൾക്ക് പതിച്ചുനൽകി അഴിമതിയും ഭരണഘടനാലംഘനവും നടത്തിയതിനല്ലേ മന്ത്രിസഭയിലെ രണ്ടാമനായിരുന്ന ഇ.പി.ജയരാജന് രാജിവയ്ക്കേണ്ടി വന്നത്? മറ്റൊരു മന്ത്രിയായ എ.കെ. ശശീന്ദ്രൻ രാജിവച്ചത് ധീരോദാത്തമായ എന്തെങ്കിലും ആദർശത്തിന്റെ പേരിലാണോ? ഇത്രയുംകാലം അഴിമതിക്കാരെന്ന് പറഞ്ഞിരുന്ന ആർ. ബാലകൃഷ്ണപിള്ളയോടും കെ.എം. മാണിയോടും എന്തൊരു സ്നേഹമാണ്  ഇപ്പോൾ ഇടതുമുന്നണിക്ക്? 

ഒരു രാഷ്ട്രീയപ്രസ്ഥാനവും ഒരിക്കലും കാണിക്കാൻ പാടില്ലാത്ത നെറികേടാണ് പാമ്പാടി നെഹ്രു കോളേജ് വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ ദുരൂഹമരണം കൈകാര്യംചെയ്തതിൽ ഇടതുസർക്കാർ കാട്ടിയത്.  സ്ത്രീപീഡനക്കേസുകളിൽ നിരക്കെയുണ്ടായത് പോലീസ് വീഴ്ചകളാണ്. ഇരകളോടൊപ്പമല്ല, വേട്ടക്കാരോടൊപ്പമാണ് പോലീസ് നിലകൊണ്ടത്. പ്രളയംപോലെയാണ് സ്ത്രീപീഡനം കേരളത്തിലെമ്പാടും അലയടിച്ചുകയറിയത്.  സ്ത്രീകളുടെ മാനത്തിന് സംരക്ഷണംനൽകാതെ പോലീസും ഭരണകൂടവും അക്രമികൾക്കൊപ്പം ചേരുമ്പോൾ സ്വയരക്ഷയ്ക്കായി സ്ത്രീക്ക് നിയമം കൈയിലെടുക്കേണ്ട ദുരവസ്ഥയാണ്  വന്നുചേർന്നിരിക്കുന്നത്. 

ചരിത്രത്തിലാദ്യമായി റേഷൻവിതരണം മുടക്കിയ സർക്കാരാണിത്. അരിവില കുതിച്ചുകയറി അൻപത് രൂപ എത്തുംവരെ കാഴ്ചക്കാരായി  നിൽക്കുകയായിരുന്നു സർക്കാർ. വിജിലൻസ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെ കയറൂരിവിട്ട് ഭരണരംഗത്ത് അരാജകത്വം സൃഷ്ടിച്ച സർക്കാരിന് ഒടുവിൽ അദ്ദേഹത്തെ കെട്ടുകെട്ടിക്കേണ്ടിവന്നു. ഡി.ജി.പി. സ്ഥാനത്തുനിന്ന് അപമാനിച്ച് പടിയിറക്കിവിട്ട സെൻകുമാറിനെ തിരികെ നിയമിക്കാൻ സുപ്രീംകോടതി നൽകിയ ഉത്തരവ് മന്ത്രിസഭയുടെ ധാർഷ്ട്യത്തിന് ലഭിച്ച മുഖമടച്ച അടിയാണ്. സ്പോർട്‌സ് കൗൺസിൽ പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാജ്യത്തിന്റെതന്നെ അഭിമാനമായ ഒളിമ്പ്യൻ അഞ്ജു ബോബിജോർജിനെ അപമാനിച്ച് ഇറക്കിവിടാനും സർക്കാരിന് മടിയുണ്ടായില്ല. നാവിന് നിയന്ത്രണമില്ലാതെ വായിൽ വരുന്നതെല്ലാം വിളിച്ചുകൂവി പൊതുസമൂഹത്തെ മലീമസമാക്കുന്ന എം.എം. മണിയെ മന്ത്രിസ്ഥാനത്ത് തുടരാനനുവദിക്കാൻ ഇടതുമുന്നണിക്ക് നാണമില്ല.
ഉന്നതോേദ്യാഗസ്ഥർ  ഇതുപോലെ കൂട്ടയടി നടത്തിയ മറ്റൊരു ഘട്ടം കേരളചരിത്രത്തിലില്ല.  കൃഷിവകുപ്പിലെ ഐ.എ.എസ്. മേധാവികളുടെ പോരാണ് ഏറ്റവും ഒടുവിലത്തെ എപ്പിസോഡ്.  
മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്വമില്ല എന്നതുപോലെ ഭരണമുന്നണിക്ക് കെട്ടുറപ്പുമില്ല. അതിരപ്പിള്ളി പദ്ധതിമുതൽ മൂന്നാർ ഒഴിപ്പിക്കലിൽവരെ സി.പി.എമ്മും സി.പി.ഐ.യും പൊരിഞ്ഞ യുദ്ധത്തിലാണ്. ഇതിനിടെ, കൊട്ടും കുരവയുമായി ആരംഭിച്ച മൂന്നാർ ഒഴിപ്പിക്കൽ കോൾഡ് സ്റ്റോറേജിലുമായി. 

യു.ഡി.എഫ്. സർക്കാർ അവസാനിപ്പിച്ച രാഷ്ട്രീയ കൊലപാതകങ്ങളെ മടക്കിക്കൊണ്ടുവന്നത് പിണറായി സർക്കാരിന്റെ മാപ്പർഹിക്കാത്ത പാതകമാണ്. 18 രാഷ്ട്രീയകൊലപാതകങ്ങളാണ് ഒരു വർഷത്തിനിടയിൽ മാത്രമുണ്ടായത്.