ഇടതുപക്ഷ ജനാധിപത്യമുന്നണി മന്ത്രിസഭയ്ക്ക് ഒരു വയസ്സ് തികയുകയാണ്. 2017-ൽ ഭരണരംഗത്ത് പൊതുവേ നാലുകാര്യങ്ങളിൽ ഊന്നാനാണ് ഞങ്ങൾ ശ്രദ്ധിച്ചത്.
ഒന്ന്: ജീർണമായ ഒരു രാഷ്ട്രീയസംസ്കാരത്തെ ആരോഗ്യവത്തായ ഒരു രാഷ്ട്രീയസംസ്കാരംകൊണ്ട്‌ പകരംവെക്കാൻ കഴിഞ്ഞു എന്നതാണ് ഏറ്റവും പ്രധാനം.   ജീർണിച്ച ഭരണസംവിധാനം നവീകരിച്ച് സുതാര്യവും ശക്തവുമാക്കി. ഐ.എ.എസ്. അടക്കമുള്ള സിവിൽ സർവീസിലുള്ളവരെ ഭരണനിർവഹണത്തിൽ പാലിക്കേണ്ട ഉത്തരവാദിത്വം ബോധ്യപ്പെടുത്താൻ ശ്രമിച്ചു. കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് അടക്കമുള്ള വിഷയങ്ങളിൽ ശരിയും ശക്തവുമായ തീരുമാനങ്ങളെടുത്തു.

രണ്ട്‌: തടസ്സപ്പെട്ടുകിടന്നിരുന്ന അടിസ്ഥാനസൗകര്യവികസനം ദ്രുതഗതിയിൽ മുന്നോട്ടുപോകാൻ ശ്രമമാരംഭിച്ചു. മെട്രോ റെയിലും കണ്ണൂർ വിമാനത്താവളവും വിഴിഞ്ഞം പദ്ധതിയും ഗെയിൽ പൈപ്പ് ലൈനും നാഷണൽ ഹൈവേയും എല്ലാം വേഗത്തിൽ തീർക്കാനും പുതിയ നിരവധി പദ്ധതികൾ ഏറ്റെടുക്കാനും കഴിഞ്ഞു. പൊതുമേഖലയെ ശക്തിപ്പെടുത്തുന്ന നിലപാടുകളെടുത്തു. അതിന്റെ ഫലമായി പൊതുമേഖലാ സ്ഥാപനങ്ങളുടെ മൊത്തം നഷ്ടം 131.6 കോടിയായിരുന്നത് 71.34 കോടിയായി കുറഞ്ഞു. നഷ്ടത്തിലായിരുന്ന നിരവധി വ്യവസായങ്ങൾ ലാഭത്തിലാക്കി.
മൂന്ന്: സാമൂഹികക്ഷേമമേഖലയിൽ ശ്രദ്ധചെലുത്താനും സമൂഹത്തിലെ അടിസ്ഥാനവർഗത്തിന് പ്രയോജനകരമാകുന്ന  തീരുമാനങ്ങളെടുക്കാനും ശ്രമിച്ചു. സാമൂഹികക്ഷേമ പെൻഷൻ 1100 രൂപയായി വർധിപ്പിച്ചു. കുടിശ്ശിക കൊടുത്തുതീർത്തു. പൂട്ടിക്കിടന്ന കശുവണ്ടിഫാക്ടറികൾ തുറന്നുപ്രവർത്തിപ്പിച്ചു. കശുവണ്ടിത്തൊഴിലാളികൾക്കും മത്സ്യമേഖലയിലെ തൊഴിലാളികൾക്കുംവേണ്ടി ഗുണകരമായ പ്രവർത്തനങ്ങൾ നടത്തി. കൈത്തറിപോലുള്ള പരമ്പരാഗത വ്യവസായങ്ങളുടെ വികസനത്തിനും ശ്രമങ്ങൾ നടത്തി. ഇതരസംസ്ഥാന തൊഴിലാളികൾക്ക് ഹെൽത്ത് ഇൻഷുറൻസ് സ്കീം പ്രഖ്യാപിച്ചു. നഴ്‌സറി ടീച്ചർമാരുടെയും ആയമാരുടെയും ഓണറേറിയം 600 ശതമാനത്തോളം വർധിപ്പിച്ചു.

നാല്: പ്രശസ്തമായ കേരള മോഡൽ നേരിടുന്ന പ്രശ്നങ്ങളെ മറികടക്കാനും ദീർഘവീക്ഷണത്തോടെ ഭാവികേരളം കെട്ടിപ്പടുക്കാനുമുള്ള ശ്രമങ്ങൾ ആരംഭിച്ചു. അതിനായി വിഭാവനംചെയ്ത് നടപ്പാക്കിയവയാണ് പൊതുവിദ്യാഭ്യാസയജ്ഞവും ആർദ്രം മിഷനും ലൈഫ് മിഷനും ഹരിതകേരള മിഷനും.രോഗം വന്നാൽ നല്ല ചികിത്സ കിട്ടണമെങ്കിൽ സ്വകാര്യാസ്പത്രികളിൽപ്പോയി ലക്ഷങ്ങൾ ചെലവിടണമെന്നതാണ്‌ പൊതുസ്ഥിതി. ആ സൗകര്യങ്ങളൊക്കെ, പൊതു ആരോഗ്യമേഖലയിൽത്തന്നെ വളർത്തിയെടുത്താൽ ആസ്പത്രി നടത്തിപ്പ് എന്ന ബിഗ് ബിസിനസ് ക്ഷീണിക്കും. അതേസമയം, കുറഞ്ഞ ചെലവിൽ മികച്ച ശുശ്രൂഷ ലഭിക്കുന്ന സർക്കാരാസ്പത്രികൾക്ക് പുതിയ സ്വീകാര്യത ലഭിക്കും. അതാണ് ‘ആർദ്രം’ എന്ന പേരിലുള്ള മിഷനിലൂടെ ഈ സർക്കാർ മുമ്പോട്ടുവെച്ചിട്ടുള്ള പുതിയ ബദൽ. അഗതികളായ എല്ലാവർക്കും കിടപ്പാടവും ജീവിതോപാധിയും സാധ്യമാക്കുക എന്ന  ബദൽനയമാണ് ലൈഫ് മുന്നോട്ടുവയ്ക്കുന്നത്.  രൂക്ഷമായ പ്രകൃതിവിഭവചൂഷണംകൊണ്ടും ഉദാരീകരണത്തിന്റെ തള്ളിക്കയറ്റം കൊണ്ടും രോഗാതുരമായ നമ്മുടെ മണ്ണിനെയും ജലത്തെയും കൃഷിയെയും തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള മറ്റൊരു ജനകീയ ബദലാണ് ഹരിതകേരള മിഷൻ. 

1957-ൽ ആദ്യ കേരളമന്ത്രിസഭ ഒരുക്കിയ അടിത്തറയിൽ നവകേരളം കെട്ടിപ്പടുക്കാനുള്ള കർമപദ്ധതികൾ ആവിഷ്കരിച്ച്‌ നടപ്പാക്കുന്നു എന്നതാണ് 2017-ന്റെ പ്രത്യേകത. ഒന്നാം വാർഷികത്തെ അഭിമാനിക്കാൻ വകയുള്ളതാക്കുന്നത് ഇതുപോലുള്ള ജനപക്ഷ ബദലുകളാണ്. സാമ്പ്രദായികവും ഗതാനുഗതികവുമായി ചിന്തിക്കുന്ന രീതി മാറ്റി, നവീനവും ചടുലവുമായി ചിന്തിച്ച്‌ മുമ്പോട്ടുപോവുകയാണ് സർക്കാർ. അതിന്റെ ഉദാഹരണമാണ് ബജറ്റിനുള്ളിൽ ഒതുങ്ങിനിന്നുകൊണ്ടുള്ള വികസനമെന്ന കാഴ്ചപ്പാട് പൊളിച്ചുകൊണ്ട്‌ ബജറ്റിനുപുറത്തുള്ള വിഭവസമാഹരണമെന്ന കാഴ്ചപ്പാട്. പരിമിതമായ വിഭവസമാഹരണ സാധ്യത മാത്രമുള്ള നമ്മുടെ ബജറ്റിനുപുറത്ത് 50,000 കോടി രൂപ സമാഹരിച്ച് അടിസ്ഥാനവികസനമൊരുക്കുകയാണ്‌ സർക്കാർ. അതാണ് കിഫ്ബി. ആവേശകരമായി അത്‌ മുന്നോട്ടുനീങ്ങുകയാണ്. പൊതുവിതരണസമ്പ്രദായം ദേശീയതലത്തിൽത്തന്നെ ചുരുക്കപ്പെടുമ്പോൾ കേന്ദ്രത്തിൽനിന്ന് അരി കിട്ടാതിരുന്നിട്ടുകൂടി സ്വന്തംനിലയ്ക്ക് അരി എത്തിച്ചതും കൺസ്യൂമർഫെഡിനെയും സപ്ലൈകോയെയും കമ്പോളത്തിലിടപെടുവിച്ച് വില നിയന്ത്രിച്ചതും ജനപക്ഷ ബദലിന്റെ മറ്റൊരു മുഖം കാട്ടിത്തന്നു.

എൻഡോസൾഫാൻ ദുരിതബാധിതരുടെ വായ്പകൾക്കുമേൽ മൊറട്ടോറിയം പ്രഖ്യാപിച്ചതും അവർക്കുള്ള സഹായധനം അടിയന്തരമായി കൊടുത്തുതീർക്കാൻ ശ്രമിക്കുന്നതും ദുരിതബാധിതരുടെ പുനരധിവാസത്തിനായി ഇടപെടലുകൾ നടത്തുന്നതും ബഡ്സ് സ്കൂൾ സ്ഥാപിച്ചതും  സർക്കാരിന്റെ ജനകീയമുഖം വ്യക്തമാക്കുന്നു. പൊതുമേഖലാ സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്ന നയം നവ ഉദാരീകരണത്തിന്റെ ഭാഗമായി ദേശീയതലത്തിൽ നടപ്പാക്കുമ്പോൾ പാലക്കാട്ടുള്ള ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡ് ഏറ്റെടുക്കുന്നതും എഫ്.എ.സി.ടി.യിലെ അടച്ചുപൂട്ടിയ യൂറിയ പ്ലാൻറ് ആധുനികീകരിച്ച് തുറന്നുപ്രവർത്തിപ്പിക്കാൻ നടപടിയെടുക്കുന്നതും ജനകീയബദലിന്റെ മറ്റൊരു മുഖം വ്യക്തമാക്കുന്നു. നമ്മുടെ പൊതുമേഖലാ ബാങ്കുകൾ ഉപഭോക്താക്കൾക്ക് പ്രതികൂലമായ നിരവധി വ്യവസ്ഥകൾ നടപ്പാക്കുകയാണ്. പൊതുമേഖലാബാങ്കുകളിൽനിന്ന് ഉപഭോക്താക്കളെ ന്യൂ ജനറേഷൻ ബാങ്കുകളുടെ തട്ടകത്തിലേക്കെത്തിച്ചുകൊടുക്കാനാണോ ഈ തന്ത്രങ്ങളെന്ന്‌ സംശയിക്കണം. ഇത്തരമൊരു സാഹചര്യത്തിലാണ് ‘കേരള ബാങ്ക്’ എന്ന സാമ്പത്തികരംഗത്തെ ബദൽ സംവിധാനവുമായി കേരളസർക്കാർ ധീരമായി മുന്നോട്ടുവരുന്നത്.നിയമനമരവിപ്പ്‌ മാറ്റി 36,047 പേർക്ക് പി.എസ്.സി.വഴി ജോലികൊടുത്തതും രണ്ടായിരത്തിയഞ്ഞൂറിലേറെ പുതുതസ്തികകൾ സൃഷ്ടിച്ചതും വിദ്യാഭ്യാസവായ്പകൾ സർക്കാർ ഏറ്റെടുത്തതും ജനപക്ഷ ബദൽ നയങ്ങളുടെ ശക്തിയാണ് കാണിക്കുന്നത്.
തകർച്ചനേരിടുന്ന കാർഷികരംഗം ശക്തിപ്പെടുത്താനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്‌. 2015-‘16ൽ 1.97 ലക്ഷം ഹെക്ടർ നെൽകൃഷി ഉണ്ടായിരുന്നത് 2016-17ൽ 2.02 ലക്ഷം ഹെക്ടറായി വർധിപ്പിക്കാൻ സാധിച്ചു. റബ്ബറിന്റെ വിലസ്ഥിരതാഫണ്ടിനായി വകയിരുത്തിയ 500 കോടിയിൽ 449.77 കോടി രൂപ 3.3 ലക്ഷം റബ്ബർ കർഷകർക്കായി വിതരണം ചെയ്തു.

മികവാർന്ന പോലീസിങ്ങിനുള്ള നാഷണൽ പോലീസ് എക്സലൻസ് അവാർഡ് കേരളത്തിനാണ് ലഭിച്ചത്. ഏറ്റവും നന്നായി ക്രമസമാധാനം പാലിക്കപ്പെടുന്നത് കേരളത്തിലാണെന്ന് ഇന്ത്യ ടുഡേ സർവേ കണ്ടെത്തി. ഇന്ത്യയിലെ ആദ്യ സമ്പൂർണ വെളിയിടവിസർജനവിമുക്ത സംസ്ഥാനമായി കേരളം മാറി. സമ്പൂർണ വൈദ്യുതീകൃത സംസ്ഥാനമായും കേരളം മാറി. അങ്ങനെ മലയാളികൾക്കാകെ അഭിമാനകരമായ ഒരു സാഹചര്യം ഭരണനിർവഹണത്തിലൂടെ കൊണ്ടുവരാനായി എന്നതിൽ സർക്കാരിന് ഏറെ ചാരിതാർഥ്യമുണ്ട്‌.  അതിവേഗത്തിലുള്ള മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്ന ദേശീയരാഷ്ട്രീയത്തിൽ ജനനന്മ മുൻനിർത്തിയുള്ള ബദൽ എന്നനിലയിൽ പ്രതീക്ഷയോടെ ജനങ്ങൾ നോക്കിക്കാണുന്ന സർക്കാരാണ് കേരളത്തിലുള്ളത്. ഇത് ഞങ്ങളെ കൂടുതൽ ഉത്തരവാദിത്വമുള്ളവരാക്കുന്നു.