ന്‍ ടി രാമറാവുവിനെയും എം ജി രാമചന്ദ്രനേയും  പരാമര്‍ശിക്കാതെ രജനികാന്തിലേക്ക് വരാനാവില്ല.  1982 ല്‍ തെലുഗുദേശത്തിന് രൂപം നല്‍കി ഒരു വര്‍ഷത്തിനുള്ളില്‍ ആന്ധ്രയില്‍ അധികാരം പിടിച്ച കക്ഷിയാണ് എന്‍ ടി ആര്‍. അതുപോലൊരു മാജിക് ഇന്ത്യയില്‍ മറ്റൊരിടത്തും മറ്റൊരു ചലച്ചിത്ര നടനും സാദ്ധ്യമായിട്ടില്ല. തെലുങ്കരുടെ ആത്മവീര്യം ഉണര്‍ത്തിയാണ് എന്‍ ടി ആര്‍ കോണ്‍ഗ്രസ്സിനെ തുരത്തിയത്. അന്നത്തെ ആന്ധ്ര മുഖ്യമന്ത്രി ടി അഞ്ജയ്യയെ  കോണ്‍ഗ്രസ് നേതാവ് രാജീവ് ഗാന്ധി ഹൈദരാബാദ് വിമാനത്താവളത്തില്‍ പരസ്യമായി അപമാനിച്ചിടത്തു നിന്നായിരുന്നു എന്‍ ടി ആറിന്റെ തുടക്കം. എം ജി ആറിന്റേത് ഒരു സുപ്രഭാതത്തിലുള്ള വളര്‍ച്ചയായിരുന്നില്ല. കല്ലിന്മേല്‍ കല്ലെടുത്തുവെച്ച് പടി പടിയായാണ് എം ജി ആര്‍ അണ്ണാഡിഎംകെയെ  വളര്‍ത്തിയത്. അണ്ണാദുരൈ പോലെ തികഞ്ഞൊരു രാഷ്ട്രീയ ഗുരുവര്യന്റെ ശിക്ഷണം ഇതിനായി എം ജി ആറിനെ പാകപ്പെടുത്തിയിരുന്നു.

  രജനികാന്ത് ലക്ഷ്യമിടുന്നത് തമിഴരുടെ ആത്മവീര്യമാണെന്ന് ഞായറാഴ്ച രാവിലെ അദ്ദേഹം നടത്തിയ പ്രഖ്യാപനം വ്യക്തമാക്കുന്നുണ്ട്. പക്‌ഷേ, എന്‍ ടി ആറിന്റെയും എം ജി ആറിന്റെയും നയതന്ത്രജ്ഞതയോ ബുദ്ധികൂര്‍മ്മതയോ ഇതുവരെ രജനിയില്‍ കണ്ടിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. രാഷ്ട്രീയവും സിനിമയും രണ്ടാണ്. സിനിമ ആത്യന്തികമായി സംവിധായകന്റെ കലയാണെങ്കില്‍ രാഷ്ട്രീയം വ്യക്തമായും നേതാവിന്റെ കലയാണ്. ഉചിതമായ തീരുമാനങ്ങള്‍ തക്കസമയത്ത് എടുക്കുക എന്നതാണ് രാഷ്ട്രീയത്തില്‍ ഒരു നേതാവിനെ നേതാവാക്കുന്നത്. തീരുമാനങ്ങള്‍ എടുക്കുന്ന കാര്യത്തില്‍ രജനിയെപ്പോലെ സന്ദേഹിയായ ഒരു നടന്‍ തമിഴകത്ത് വേറെയില്ല. 

   1996 ആയിരുന്നു തമിഴക രാഷ്ട്രീയത്തില്‍  രജനിയുടെ വര്‍ഷം. അന്ന് ജയലളിതയുടെ ദുര്‍ഭരണത്തിനെതിരെ രജനിയെ രാഷ്ട്രീയത്തിലിറക്കാന്‍ കോണ്‍ഗ്രസ് നേതാവ് ജി കെ മൂപ്പനാര്‍ പഠിച്ച പണി പതിനെട്ടും നോക്കി. പക്‌ഷേ, ജയലളിതയ്‌ക്കെതിരെ ഒരു പ്രസ്താവന മാത്രമിറക്കിക്കൊണ്ട് രജനി അന്ന് രാഷ്ട്രീയത്തിലേക്കിറങ്ങാതെ മാറി നിന്നു. അന്നിറങ്ങിയിരുന്നെങ്കില്‍  കരുണാനിധിക്കു പകരം രജനിയാകുമായിരുന്നു ആ വര്‍ഷം തമിഴകത്തിന്റെ മുഖ്യമന്ത്രി എന്ന് കരുതുന്നവര്‍ ഏറെയാണ്. 2004 ലാണ് രജനി പിന്നീട് സമാനമായൊരു നീക്കം തേടിയെത്തിയത്. '' എന്റെ വോട്ട് ബിജെപിക്ക് '' എന്നായിരുന്നു അന്ന് രജനിയുടെ പ്രഖ്യാപനം. തമിഴക രാഷ്ട്രീയ ത്തില്‍ രജനിയുടെ സ്വാധീനം അതീവ ദുര്‍ബലമാണെന്ന് തെളിയിച്ച തിരഞ്ഞെടുപ്പായിരുന്നു 2004 ലേത്.തമിഴ്‌നാട്ടില്‍ ഒരിടത്തു പോലും രജനി പിന്തുണച്ച ബി. ജെ.പി-എ. ഐ. എ. ഡി. എം. കെ. സഖ്യത്തിന് ജയിക്കാനായില്ല.വ്യക്തിപരമായി രജനി എതിര്‍ത്ത പട്ടാളി മക്കള്‍ കക്ഷി യുടെ എല്ലാ സ്ഥാനാര്‍ഥികളും 2004 ല്‍ വിജയിക്കുകയും ചെയ്തു.

rajani

അഭിനയത്തില്‍ ശിവാജി ഗണേശനും കമലഹാസനും കാട്ടിയിട്ടുള്ള റേഞ്ച് രജനിയില്‍ കണ്ടിട്ടില്ല.പരീക്ഷണങ്ങള്‍ക്ക് സന്നദ്ധമായ ഒരു മനസ്സും രജനിക്കുണ്ടെന്ന് പറയാനാവില്ല. രജനിയുടെ സിനിമകള്‍ മുന്നോട്ട് വെക്കുന്ന ആശയങ്ങളാണെങ്കില്‍ വിപ്ലവകരവും പുരോഗമനപരവുമല്ലതാനും. പക്ഷേ, സിനിമയില്‍ രജനി ഒരു ബാദ്ഷാ തന്നെയാണ്. സാമാന്യ യുക്തികള്‍ നിഷേധിക്കുന്ന എന്തോ ഒന്ന് രജനി എന്ന നടനും പ്രേക്ഷകര്‍ക്കുമിടയിലുണ്ട്. പൊതുവേദിയില്‍ തന്റെ യഥാര്‍ത്ഥ പ്രായം വെളിപ്പെടുത്തിക്കൊണ്ട് പ്രത്യക്ഷപ്പെടുന്നതിനുള്ള ധീരതയും രജനിക്ക് മാത്രം സ്വന്തമാണ്. മുടി കറുപ്പിക്കാതെ, വിഗ്ഗ് വെക്കാതെ നമ്മുടെ മറ്റേത് സൂപ്പര്‍ സ്റ്റാറിനാണ് പൊതുവേദിയില്‍ വരാനാവുക. രണ്ട്, രജനികളെ കൃത്യമായി പ്രതിഷ്ഠിക്കാന്‍ ഇതിലൂടെ രജനിക്ക് കഴിഞ്ഞു. സിനിമയിലെ രജനിയല്ല ജീവിതത്തിലെ രജനിയെന്ന ഈ പ്രഖ്യാപനമാണ് രജനിയെ നിത്യഹരിത നായകനാക്കുന്നത്.വിപണിയെ സ്വന്തം ചൊല്‍പ്പടിക്ക് നിര്‍ത്താനായി എന്നതാണ് രജനിയുടെ വലിയൊരു സവിശേഷത. ഒരു ഉത്പന്നത്തിന്റെയും പ്രയോക്താവായി ഒരു പരസ്യത്തിലും രജനിയെ നമ്മള്‍ കണ്ടിട്ടില്ല. കാശു കിട്ടുമെങ്കില്‍ ഏതു വിഷവും വില്ക്കാന്‍ തയ്യാറാവുന്ന സൂപ്പര്‍ താരങ്ങള്‍ക്ക് ഒരു ക്ഷാമവുമില്ലാത്ത നാടാണ് ഇന്ത്യയെന്നോര്‍ക്കുക.

  സിനിമയല്ല രാഷ്ട്രീയമെന്ന് രജനിക്ക് നന്നായറിയാം. എന്നിട്ടും എന്തുകൊണ്ട് രജനി ഇപ്പോള്‍ ഈ പാനപാത്രത്തില്‍ നിന്ന് കുടിക്കാന്‍ തയ്യാറെടുക്കുന്നുവെന്ന് ചോദിച്ചാല്‍ അതിനുള്ള ഒരുത്തരം ബിജെപി എന്നു തന്നെയാണ്. ബിജെപി എന്നു പറഞ്ഞാല്‍ നിലവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് ആര്‍ക്കെങ്കിലും പറഞ്ഞുകൊടുക്കേണ്ടതുണ്ടെന്നു തോന്നുന്നില്ല. ജയലളിതയുടെ മരണശേഷം തമിഴകത്തിനായി ബിജെപി തയ്യാറാക്കിയ തിരക്കഥ പാളിപ്പോയതിന്റെ വ്യക്തമായ സൂചനയാണ് ആര്‍ കെ നഗര്‍ ഉപതിരഞ്ഞെടുപ്പിലുണ്ടായത്. എടപ്പാടി പഴനിസാമിയും ഒ.പനീര്‍ശെല്‍വവും നയിക്കുന്ന ഒരു അണ്ണാഡിഎംകെയിലൂടെ തമിഴകം പിടിക്കാനാവില്ലെന്ന് ബിജെപിക്ക് ബോദ്ധ്യപ്പെട്ടു കഴിഞ്ഞു. ഈ പരിസരത്തിലാണ് തമിഴകത്ത് ബിജെപിയുടെ സൈദ്ധാന്തികനും പ്രയോക്താവുമായ എസ്. ഗുരുമൂര്‍ത്തി ഇരുവര്‍ക്കുമെതിരെ തീക്ഷണ വിമര്‍ശമുയര്‍ത്താന്‍ തുടങ്ങിയിരിക്കുന്നത്. ഇപിഎസ്സിനും ഒപിഎസ്സിനുമാവാത്തത് രജനിയിലൂടെ നേടാനാവും എന്നാണ് ബിജെപിയുടെ വിശ്വാസം.

     കഴിഞ്ഞ രണ്ട് ദശകങ്ങളായി ഏതെങ്കിലുമൊരു രാഷ്ട്രീയ നേതാവുമായി രജനി നിരന്തര സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ടെങ്കില്‍ അത് നരേന്ദ്ര മോദിയുമായിട്ടാണ്. തുഗ്‌ളക്ക് മുന്‍ പത്രാധിപര്‍ ചോ രാമസ്വാമിയായിരുന്നു മോദിക്കും രജനിക്കുമിടയിലുള്ള കണ്ണി. ചോയ്ക്കു ശേഷം ഇപ്പോള്‍ ആ കണ്ണി ഗുരുമൂര്‍ത്തിയാണ്. നിയമസഭാ തിരഞ്ഞെടുപ്പിനെക്കുറിച്ച് മാത്രമാണ് ഞായറാഴ്ച രജനി പറഞ്ഞതെന്നത് ശ്രദ്ധേയമാണ്. 2019 ല്‍ തമിഴകത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാതിരഞ്ഞെടുപ്പും നടക്കാനുള്ള സാദ്ധ്യത ഏറെയാണ്. അങ്ങിനെ വന്നാല്‍ പാര്‍ലമെന്റിലേക്ക് മോദിയെ പിന്തുണയ്ക്കുക എന്ന നയമായിരിക്കും രജനി എടുക്കുക എന്നതില്‍ സംശയമില്ല. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തമിഴകത്ത് ചുരുങ്ങിയത് 25 സീറ്റെങ്കിലും പിടിക്കുക എന്നതാണ് ബിജെപിയുടെ അജണ്ട. ഈ അജണ്ടയില്‍ രജനികാന്തിന് നിര്‍ണ്ണായകമായ പങ്കാണ് ബിജെപി വിഭാവനം ചെയ്യുന്നത്.                                    

   ജയലളിത തിരശ്ശീലയ്ക്ക് പിന്നിലേക്ക് മറയുകയും കലൈഞ്ജര്‍ കരുണാനിധി സജീവ രാഷ്ട്രീയത്തില്‍ നിന്ന് പിന്‍വാങ്ങുകയും ചെയ്തിരിക്കെ തമിഴക രാഷ്രടീയത്തില്‍ ഒരു യഥാര്‍ത്ഥ നേതാവിന്റെ അസാന്നിദ്ധ്യമുണ്ട്.ദേശം ഒന്നടങ്കം കാതോര്‍ക്കുന്ന ഒരു നേതാവ് ഇന്നിപ്പോള്‍ തമിഴകത്തില്ല.ഈ ശൂന്യത നികത്താന്‍ രജനിക്കാവുമെന്നാണ് ബിജെപി കരുതുന്നത്. പക്‌ഷേ, ഇപ്പോഴും ദ്രാവിഡ പ്രസ്ഥാനങ്ങള്‍ക്ക് ശക്തമായ വേരോട്ടമുള്ള തമിഴകത്തെ പശിമരാശി മണ്ണില്‍ ബിജെപിക്കൊപ്പം നിലയുറപ്പിക്കുന്നത് എത്രകണ്ട് ഗുണകരമാവുമെന്ന സന്ദേഹം രജനിക്കുണ്ട്.മാത്രമല്ല ആത്യന്തികമായി ഒരു രാഷ്ട്രീയ നേതാവിനുള്ള സ്റ്റഫല്ല തന്റേതെന്നും രജനിക്കറിയാം.സ്വകാര്യതയ്ക്ക് വലിയ വില കല്‍പിക്കുന്നയാളാണ് രജനി.ആരാധകരോട് കൃത്യമായ അകലം പാലിക്കുന്ന വ്യക്തി. ജയലളിതയും ഇതേ പാതയാണ് പിന്തുടര്‍ന്നിരുന്നതെങ്കിലും ജനങ്ങളും ജയലളിതയും തമ്മിലുള്ള രസതന്ത്രം തീര്‍ത്തും വ്യത്യസ്തമായിരുന്നു. ജയലളിതയോട് ഒരു തരം വിഗ്രഹാരാധനയായിരുന്നു അനുയായികള്‍ക്ക്.ഈ ഒരു തലത്തിലേക്ക് രജനി എത്തിപ്പെടാനുള്ള സാദ്ധ്യത വിരളമാണ്. ഒരു കടങ്കഥയുടെ പരിവേഷം രജനിക്ക് ചുറ്റും എപ്പോഴുമുണ്ട്. ജനങ്ങള്‍ക്കിടയില്‍ വെള്ളത്തില്‍ മീനെന്ന പോലെയായിരിക്കണം രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന മാവോ വചനം രജനിക്ക് വഴങ്ങില്ല. 

 അപ്പുറത്ത് കമലഹാസനും രാഷ്ട്രീയത്തിലിറങ്ങാന്‍ കോപ്പുകൂട്ടുന്നുണ്ട്. രജനിയുടെ കരിസ്മയില്ലെങ്കിലും കമലിനു ചുറ്റും അണിനിരക്കാനും ആളുണ്ടാവും. ഇതിനടയിലാണ് ടി ടി വി ദിനകരന്‍ അണ്ണാഡിഎംകെ പിടിക്കാന്‍ നീക്കം നടത്തുന്നത്. തമിഴക രാഷ്ട്രീയം ഇങ്ങനെ കുഴഞ്ഞുമറിയുമ്പോള്‍ സ്വാഭാവികമായും ഡിഎംകെയും സ്റ്റാലിനും നേട്ടം കൊയ്യേണ്ടതാണ്. പക്‌ഷേ, സ്റ്റാലിന്റെ ജനിതകത്തില്‍ എവിടെയോ ഒരു രണ്ടാമൂഴക്കാരന്റെ നിഴല്‍ പതിഞ്ഞുകിടക്കുന്നുണ്ട്. രജനിയുടെ പാര്‍ട്ടി വളര്‍ത്താന്‍ സംഘപരിവാര്‍ പിന്നണിയിലുണ്ടാവുമന്നെതില്‍ സംശയമില്ല. ആത്യന്തികമായി തന്റേത് ഒരു ആത്മീയ പ്രസ്ഥാനമായിരിക്കുമന്നെ രജനിയുടെ പ്രഖ്യാപനം ശ്രദ്ധിക്കാതിരിക്കാനാവില്ല. രജനിയാണോ സ്റ്റാലിനാണോ ടി ടി വി ദിനകരനാണോ തമിഴകത്തിന്റെ ഭാഗധേയം നിര്‍ണ്ണയിക്കുകയെന്നറിയാന്‍ 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ കാത്തിരുന്നാല്‍ മതിയാവും.

content highlights: Rajanikanth, Rajanikanth political entry, rajanikanth and Modi,BJP and rajanikanth 

Readmore: രാഷ്ട്രീയപാര്‍ട്ടി രൂപവത്കരിക്കും,അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കും - രജനീകാന്ത്