പ്രതിസന്ധികളില്‍ പതറിയ ചരിത്രം ഉമ്മന്‍ ചാണ്ടിക്കില്ല. അത് തരണം ചെയ്താണ് പഴക്കം. പ്രായം ചെല്ലും തോറും ഉമ്മന്‍ ചാണ്ടിയുടെ തന്ത്രങ്ങള്‍ക്ക് വീര്യം കൂടുകയാണ്. അസ്ത്രങ്ങള്‍ക്ക് മൂര്‍ച്ച കൂടി. പണ്ട് ഒറ്റ അടവില്‍ ഒരാളെ നിഷ്പ്രഭനാക്കിയപ്പോള്‍ ഇപ്പോള്‍ ഒറ്റ പ്രയോഗത്തില്‍ പലരാണ് അമ്പരന്ന് നിരായുധരാകുന്നത്. വെല്ലുവിളികളും പ്രതിസന്ധികളുമാണ് കുഞ്ഞൂഞ്ഞിന്റെ മാര്‍ക്കറ്റ്. അത് ഏറ്റവും നന്നായി അറിയുന്ന ആളും അദ്ദേഹം തന്നെ. മുഖ്യമന്ത്രിയായിരിക്കെ കേരളം അത് പലതവണ കണ്ടു. അഞ്ചാം മന്ത്രി വിവാദത്തെ നിശബ്ദമാക്കിയത് തിരുവഞ്ചൂരിന് ആഭ്യന്തരവും അടൂര്‍ പ്രകാശിന് റവന്യുവും താലത്തില്‍ വച്ച് നീട്ടിയാണ്. അലി സത്യപ്രതിജ്ഞ ചെയ്യുമ്പോഴാണ് അന്ന് പി.സി.സി. പ്രസിഡന്റായ ചെന്നിത്തല പോലും ഇത് അറിഞ്ഞത്. 

ബാറുകള്‍ പൂട്ടി ആദര്‍ശത്തിന്റെ വീര്യം കൂട്ടാന്‍ സുധീരന്‍ ശ്രമിച്ചപ്പോള്‍ മുഴുവന്‍ ബാറും പൂട്ടിയാണ് ഉമ്മന്‍ ചാണ്ടി സുധീരന്റെ വീര്യം കെടുത്തിയത്. 2012 ല്‍ നടക്കാത്തത് തക്കം പാര്‍ത്തിരുന്ന് 2018 ല്‍ ഉമ്മന്‍ ചാണ്ടി നടപ്പാക്കി. അതാണ് രാജ്യസഭാ സീറ്റ് മാണിയിലെത്തിച്ചത്. രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനം വീണ്ടും അലങ്കരിക്കാന്‍ കുപ്പായം തയ്പിച്ച് ഇസ്തിരിയിടാന്‍ കൊടുത്ത് കാത്തിരുന്ന കുര്യന്‍ ഇതെങ്ങനെ സഹിക്കും.

മറ്റാരേക്കാളും മുമ്പെ ഉമ്മന്‍ ചാണ്ടിയിലെ തന്ത്രശാലിയെ തിരിച്ചറിഞ്ഞതു ലീഡര്‍ കെ. കരുണാകരന്‍ തന്നെയായിരുന്നു. ഐ ഗ്രൂപ്പിന്റെ അപ്രമാദിത്വം വിളയാടിയ കാലത്തും കരുണാകരന്‍ മുരളിയെ ഓര്‍മ്മിപ്പിച്ചത് എ ഗ്രൂപ്പിലെ ഒന്നും രണ്ടുമായ ആന്റണിയേയോ വയലാര്‍ രവിയേയോ അല്ല, ഉമ്മന്‍ ചാണ്ടിയെ സൂക്ഷിക്കണം എന്നാണ്. 

Sudheeran

കരുണാകരന്റെ മുന്നറിയിപ്പ് തെറ്റിയില്ല. അത് നന്നായി അറിഞ്ഞാണ് കരുണാകരന്‍ വിട പറഞ്ഞതും. ഉമ്മന്‍ ചാണ്ടിയെ കൃത്യമായി അളന്നതിന്റെ ഗുണം മുരളിക്ക് ഇപ്പോഴുണ്ട്. പാര്‍ട്ടിയില്‍ തിരികെ എത്തിയ ശേഷം എ ഗ്രൂപ്പിലേക്ക് ചാഞ്ഞാണ് മുരളിയുടെ നില്‍പ്. കെ.പി.സി.സി. തലപ്പത്തേക്ക് കണ്ണുവെച്ചിരിക്കുന്നവരെല്ലാം പിണക്കാതെ മൗനത്തിലാണ്. എന്തിനും പ്രതികരിച്ചിരുന്ന സതീശനു പോലും തീരെ മിണ്ടാട്ടമില്ല. ഇനി പുതിയ അധ്യക്ഷനേയും ടീമിനേയും പ്രഖ്യാപിക്കുമ്പോള്‍ അടുത്ത കളി കാണാം. അതുവരെ ഇടവേളയാണ്.

രാജ്യസഭയിലേക്ക് പോകാന്‍ മുഴുവന്‍ സാധ്യതയും പി.ജെ. കുര്യന് തന്നെയായിരുന്നു. കുര്യന്‍ തെറിച്ചതില്‍ ആഹ്ലാദമുള്ള കോണ്‍ഗ്രസുകാര്‍ക്ക് സീറ്റ് മാണി കൊത്തിക്കൊണ്ട് പോയതോടെ ആഹ്ലാദിക്കണോ സങ്കടപ്പെണോ എന്ന ആശയക്കുഴപ്പത്തിലായി. മാണിക്ക് രാജ്യസഭാ സീറ്റ് ദാനം ചെയ്തുവെന്ന് കോണ്‍ഗ്രസുമാര്‍ പരിഭവിക്കുന്നു. ഒരു രാജ്യസഭാ സീറ്റിന് വേണ്ടി ലോക്സഭയില്‍ യു.പി.എയുടെ അംഗബലം കുറച്ചുവെന്നാണ് ആക്ഷേപം. പക്ഷേ തിരിച്ച് ആലോചിച്ചാലോ. ഇനിയിപ്പോള്‍ സീറ്റ് മാണിക്ക് കൊടുത്തില്ലെങ്കിലോ? 

ചിലപ്പോള്‍ കുഞ്ഞാലി-കുഞ്ഞുമാണി സഖ്യം സി.പി.എമ്മിന്റെ അധിക വോട്ടില്‍ രാജ്യസഭയില്‍ ജോസ് മോനെ എത്തിച്ചാല്‍ കോണ്‍ഗ്രസുകാര്‍ ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ. പ്രായോഗികത ആദര്‍ശത്തിനൊപ്പം വേവാത്ത ഇനമാണ്. ഇനി അത് സംഭവിച്ചില്ലെങ്കിലോ? ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഉറപ്പുള്ള ഒരു സീറ്റ് ഉറപ്പായും തോറ്റേനേ. എവിടെ നിന്നാലും ജോസ് കെ. മാണിയെ കോണ്‍ഗ്രസുകാര്‍ തന്നെ വാരി തോല്‍പിക്കും. അത് തര്‍ക്കമില്ലാത്ത സംഗതിയാണ്. 

അപ്പോള്‍ ജോസ് കെ. മാണി രാജ്യസഭയിലെത്തിയതോടെ കോട്ടയം സീറ്റില്‍ ഒരു കോണ്‍ഗ്രസുകാരന് ജയിക്കാനുള്ള വഴി തെളിഞ്ഞില്ലേ. അതിന് കോണ്‍ഗ്രസുകാര്‍ ഉമ്മച്ചനോട് നന്ദി പറയേണ്ടേ. അതിപ്പോള്‍ ഉമ്മന്‍ ചാണ്ടി തന്നെ കോട്ടയത്ത് മത്സരിച്ചാലോ? അപ്പോള്‍ മാത്രമേ ഉമ്മന്‍ ചാണ്ടി രചിച്ച് നടപ്പാക്കിയ ഓപ്പറേഷന്‍ രാജ്യസഭയുടെ ക്ലൈമാക്‌സ് ആകൂ. ഇപ്പോള്‍ ഇടവേളയാണ്. 

P J Kurien

തിരിഞ്ഞുനോക്കിയാല്‍ രാജ്യസഭാ സീറ്റും കോട്ടയം സീറ്റും. ഒന്ന് കിട്ടി. രണ്ടാമത്തേതില്‍ ഏറക്കുറേ ഉറപ്പ്. അല്ലെങ്കിലോ രാജ്യസഭയില്‍ കോണ്‍ഗ്രസുകാരനെത്തിയാല്‍ യുഡിഎഫിന് കോട്ടയം നഷ്ടമാകും. രാജ്യസഭയിലും ലോക്‌സഭയിലും 2019 ല്‍ ഒരോ അംഗം ഉറപ്പായി. മാണി-കോണി ഇക്കണോമിക്‌സില്‍ ബോണസല്ലേയുള്ളൂ. മകന്റെ കസേരയ്ക്കായി മാണിയുടെ ബുദ്ധിക്ക് കുഞ്ഞാപ്പയും കുഞ്ഞൂഞ്ഞും സംഘടിച്ചപ്പോള്‍ കുര്യനും ചാക്കോയും സുധീരനും ഒറ്റയടിക്ക് ഔട്ട്. 10 ശതമാനം സാധ്യതയേ രാജ്യസഭയിലേക്ക് പി.സി ചാക്കോയ്ക്കും സുധീരനുമുണ്ടായിരുന്നുള്ളൂ. യുവനേതാക്കള്‍ പ്രയോഗിച്ച അസ്ത്രം ഒരു യുവാവിനേയും രാജ്യസഭയിലെത്തിക്കില്ലായിരുന്നു.

വിശ്വസ്തനായ ഫിലിപ്പോസ് തോമസ്(ഇപ്പോള്‍ എല്‍.ഡി.എഫില്‍) റാന്നിയില്‍ മൂന്നുവട്ടം മത്സരിച്ചിട്ടും ജയിക്കാത്തതില്‍ കുര്യനെ ഉമ്മന്‍ ചാണ്ടിക്ക് പണ്ടേ സംശയമാണ്. രണ്ട് പേരും ഒരേ സമുദായക്കാര്‍. കുര്യന്‍ ഇപ്പോള്‍ പറയുന്നത് 2009-ല്‍ ഫിലിപ്പോസ് തോമസിനെ പത്തനംതിട്ടയില്‍ മത്സരിപ്പിക്കാതിരുന്നതിന് കാരണക്കാരന്‍ ഉമ്മന്‍ ചാണ്ടിയാണെന്നാണ്. കോട്ടയത്ത് തോറ്റ ആന്റോ ആന്റണിയുടെ പേര് പത്തനംതിട്ടയില്‍ ചേര്‍ത്തത് ആന്റണിയാണെന്ന് അറിയാവുന്നവരല്ല കോണ്‍ഗ്രസുകാര്‍. കൊച്ചി സീറ്റില്‍ ഡൊമിനിക്കിന് പകരം ടോണി ചമ്മണിയാണെങ്കില്‍ ജയിച്ചേനെ എന്ന് പറഞ്ഞ സുധീരന്‍ പക്ഷേ, താന്‍ ഇടപെട്ട് നിര്‍ത്തിയ സൂരജ് രവിയും(കൊല്ലം), സുന്ദരന്‍ കുന്നത്തുള്ളിയും(പുതുക്കാട്) തോറ്റതിന്റെ പഴി ആരില്‍ ചാര്‍ത്തും എന്ന് പറഞ്ഞില്ല.

രാജ്യസഭ സീറ്റ് വിവാദം ഇടവേളയ്ക്ക് പിരിയുമ്പോള്‍ ഉമ്മന്‍ ചാണ്ടിക്ക് ശത്രുക്കള്‍ കൂടുകയാണ്. അങ്ങ് ഡല്‍ഹിയില്‍ ആന്റണിയിലാണ് ശത്രുപാളയത്തിന്റെ കാണാച്ചരട്. തൊഴില്‍രഹിതനായി കുര്യന്‍, വിഷമവൃത്തത്തില്‍ പി.സി ചാക്കോ. അപായം മണക്കുന്നത് കെ.വി. തോമസിനാണ്. തിരുതയൊന്നും തോമസ് മാഷിനെ അടുത്ത തവണ രക്ഷിക്കില്ല. അത് മനസ്സിലാക്കിയാണ് മാഷ് ഉമ്മന്‍ ചാണ്ടിക്കെതിരെ തിരിഞ്ഞത്. 

ചാലക്കുടിക്കായി പിടിവാശി കാട്ടി ചാലക്കുടിയും തൃശൂരും നഷ്ടപ്പെടുത്തിയത് മാത്രം മതി അടുത്ത തവണ ചാക്കോയുടെ വിധി തീര്‍ക്കാന്‍. ശത്രുവിനെതിരെ ആയുധമെടുക്കാന്‍ തക്കംപാര്‍ത്തിരുന്ന സുധീരന്‍ ഒന്നൊന്നായി വെടി പൊട്ടിക്കുകയാണ്. അത് ബുധനാഴ്ചത്തെ ഒന്നര മണിക്കൂര്‍ ലൈവോടെ പെയ്ത് തീര്‍ന്നുകാണും. കുര്യന്റെ കലി ഇനിയും അടങ്ങിയിട്ടില്ല. തിരുവല്ലയില്‍ പറഞ്ഞതും ബാക്കിയുള്ളതും ചേര്‍ത്ത് ഹൈക്കമാന്‍ഡിന്റെ തട്ടകത്തില്‍വച്ച് തന്നെ കുര്യന്‍ വീണ്ടും ഉമ്മന്‍ ചാണ്ടിക്കെതിരെ തൊടുത്തു. പക്ഷേ, ഉമ്മന്‍ ചാണ്ടി മൗനത്തിലാണ്. കുര്യനും സുധീരനും തന്റെ പ്രിയപ്പെട്ടവരാണെന്ന് അദ്ദേഹം വീണ്ടും ആണയിടുന്നു. ആന്ധ്രയില്‍നിന്ന് തിരിച്ചെത്തി നേരെ ചെന്ന് ചെന്നിത്തലയെ കണ്ടു. പരസ്യപ്രസ്താവന വേണ്ടെന്ന് തീരുമാനിച്ചു പിരിഞ്ഞു. അതായത് ഇതിലും വലുത് പറഞ്ഞാലും അവര്‍ മിണ്ടില്ല. അധികാര ശീതിളമയില്‍നിന്ന് എടുത്തെറിയപ്പെട്ടത് കുര്യന് മാത്രം ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. 

തന്ത്രം ഫലിച്ചതിന്റെ ഗൂഢമായ ചിരി ഉമ്മന്‍ ചാണ്ടി സൂക്ഷിക്കുമ്പോഴും അണിയറയില്‍ ശത്രുക്കള്‍ കൈകോര്‍ക്കുകയാണ്. ഗ്രൂപ്പിന്റെ മേല്‍വിലാസം അധികപറ്റായി കണ്ട് മൊഴിചൊല്ലിയ സുധീരനും കുര്യനും അങ്കത്തിനൊരുങ്ങുകയാണ്. ഇടുക്കി സീറ്റിന്റെ പേരില്‍ വഴിപിരിഞ്ഞ പി.ടി. തോമസും ഇവര്‍ക്കൊപ്പം ചേര്‍ന്നേക്കാം.  

ഉമ്മന്‍ ചാണ്ടി വിരുദ്ധ ചേരി ഇതുവരെ ഐ ഗ്രൂപ്പായിരുന്നെങ്കില്‍ ഇനി അങ്ങനെയല്ല സ്ഥിതി. ഉമ്മന്‍ ചാണ്ടിയോട് ഇടഞ്ഞാല്‍ അത് സ്വന്തം കസേരയ്ക്കും ഭീഷണിയാണെന്ന് ചെന്നിത്തലയ്ക്ക് അറിയാം. മുരളിയെ പോലെ ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയോട് മുട്ടിയാല്‍ ഏശില്ല എന്ന് മനസ്സിലാക്കിയ ആളാണ്. ആന്റണിയുടെ ആശിര്‍വാദത്തോടെ സുധീരനെ മുന്‍നിര്‍ത്തി കുര്യനേയും ചാക്കോയേയും നിരത്തി ഒരു അച്ചുതണ്ട് രൂപപ്പെടുന്ന ലക്ഷണങ്ങള്‍ ഇതില്‍ വായിച്ചെടുക്കാം. 

ഉമ്മന്‍ ചാണ്ടി -കുഞ്ഞാലിക്കുട്ടി-കെ.എം. മാണി അച്ചുതണ്ട് വീണ്ടും കരുത്താര്‍ജിക്കുമ്പോള്‍ മറുവശത്ത് മറ്റൊരു അച്ചുതണ്ടിന്‌ അരങ്ങൊരുങ്ങുന്നു. കെ.പി.സി.സി. തലപ്പത്ത് വരുന്ന പുതിയ മാറ്റങ്ങളില്‍ നിന്നായിരിക്കും ഈ അങ്കത്തിന്റെ ഭാവി. ഇപ്പോഴത്തെ വിവാദം ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തെ ചോദ്യം ചെയ്യുന്നത് കണ്ടു. അതിനെ എത്രപേര്‍ പിന്തുണക്കുന്നു എന്നത് ചോദ്യമാണെങ്കിലും അതില്‍ ഒരു അപായം എ ഗ്രൂപ്പ് കാണുന്നുണ്ട്. അങ്ങനെയെങ്കില്‍ സുധീരനെ വീഴ്ത്തിയ എ-ഐ സംയുക്ത നീക്കം വീണ്ടും തലപൊക്കും. 

ലോക്‌സഭ വഴി ഡല്‍ഹിയിലെത്താന്‍ പണി തുടങ്ങുന്ന കുര്യനും ചാക്കോയും ഓര്‍ക്കുന്നത് നന്ന്. കളി ഉമ്മന്‍ ചാണ്ടിയോടാണ്. അവിടെ ഇവര്‍ക്കെതിരെ യുവാക്കളെ രംഗത്തിറക്കുക ഫെയ്‌സ്ബുക്കിലായിരിക്കില്ല. സ്ഥാനാര്‍ഥി ആയിട്ടായിരിക്കും. തത്കാലം ആന്ധ്രയില്‍ ചാണ്ടി മാജിക് ഫലിക്കാതിരിക്കാന്‍ മെഴുകുതിരി കത്തിക്കുന്നാതായിരിക്കും നല്ലത്. ജഗനെ കൂടെക്കൂട്ടിയോ അല്ലെങ്കില്‍ ടി.ഡി.പിയുമായി കൈകോര്‍ത്തോ അവിടെനിന്ന് 10 സീറ്റെങ്ങാനും കോണ്‍ഗ്രസിന് കിട്ടിയാല്‍ പിന്നെ സാക്ഷാല്‍ ആന്റണിക്ക് മുകളിലായിരിക്കും ഒ.സി. 

പഴയ എ ഗ്രൂപ്പിലെ ചാണക്യന്മാര്‍ രണ്ട് ചേരിയായി മാറുകയാണ്. കളമറിഞ്ഞ് കളിക്കാറുള്ള വയലാര്‍ രവിയും ഉമ്മന്‍ വിരുദ്ധ ചേരിക്ക് ഊര്‍ജം പകരും. കരുണാകരനും ഇതുപോലെ കൈവിട്ട കളികളിച്ചതാണ്. പക്ഷേ ആ പതനം ഓര്‍ക്കുന്നത് ഉമ്മന്‍ ചാണ്ടിക്കും നല്ലതാണ്‌

Content Highlights; Oommen chandy tactics