1934 ജനുവരി  12. പയ്യന്നൂര്‍.
മഹാത്മ ഗാന്ധി വന്നു. ഒരു മാവിന്‍ തൈ നട്ടു. അതു വളര്‍ന്നു.
എട്ടര പതിറ്റാണ്ടാവുന്നു. ഗാന്ധിമാവു പടര്‍ന്നിട്ടുണ്ട്. അതിന്റെ പുതിയ തൈകള്‍ പലരും നട്ടിട്ടുണ്ട്.
ആ സമരം തുടര്‍ന്നു. രാജ്യം സ്വതന്ത്രമായി. സ്വതന്ത്രഭാരതത്തില്‍ അരക്കൊല്ലം തികച്ചു ജീവിച്ചില്ല മഹാത്മാവ്. 
1948 ജനുവരി 30-ന് അദ്ദേഹത്തെ വെടിവച്ചു കൊന്നു. 
ഹേ റാം...

അവസാനവും അദ്ദേഹം വിളിച്ചതു രാമനാമമാണ്. രമിപ്പിക്കുന്നവന്റെ പേര്. പകയില്ലാതെ സമൂഹം ഒന്നാവണമെന്ന ആഗ്രഹം അനവരതം നിലനിര്‍ത്തി ആ യാത്ര തീര്‍ന്നു.

ഗാന്ധിജിയില്‍നിന്ന് അതിവേഗം ഓടിയകന്നു കേരളം. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍നിന്നു കോണ്‍ഗ്രസ് സോഷ്യലിസ്റ്റുകളും പിന്നീട് കമ്മ്യൂണിസ്റ്റുകളുമുണ്ടായി. ഗാന്ധിയന്‍ ധാരകളെ അതിനിശിതം വിമര്‍ശിച്ചു സഖാവ് ഇഎംഎസ്  നിരന്തരം എഴുതി. തീവ്രഹിന്ദുത്വം നാല്‍പതുകളില്‍ തന്നെ കേരളത്തിലും കൊടി ഉയര്‍ത്തി. ചത്ത കുതിരയെന്നു നെഹ്റു വിളിച്ച ലീഗ് അധികാരരാഷ്ട്രീയത്തിന്റെ സമവാക്യം നിര്‍ണയിക്കുന്നവരായി.

പണ്ട് ആല്‍ബര്‍ട് ഐന്‍സ്റ്റീന്‍ പറഞ്ഞു: ഇങ്ങനെ ഒരാള്‍ ജീവിച്ചിരുന്നു എന്നു ഭാവി തലമുറ വിശ്വസിക്കില്ല.
അതു ഗാന്ധിയെ കുറിച്ചായിരുന്നു.

ഇതെല്ലാം ഓര്‍ക്കാന്‍ കാരണം അമിത് ഷായുടെ യാത്രയും ദിലീപിന്റെ ആര്‍പ്പുവിളികളുമാണ്.

പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കില്‍നിന്നാണ്  ബിജെപി ദേശീയാധ്യക്ഷന്‍ ഈ യാത്ര ആരംഭിക്കുന്നത്. അമിത് ഷായുടെ ശരിക്കുള്ള യാത്ര തുടങ്ങുന്നത് 1983-ലാണ്. പിതാവ് അനില്‍ ചന്ദ്ര ഷായുടെ പിവിസി കച്ചവടം പിന്തുടരേണ്ടെന്നു തീര്‍ച്ചപ്പെടുത്തി അദ്ദേഹം എബിവിപിയില്‍ ചേര്‍ന്നു. ആ വളര്‍ച്ച ഇന്ന് ഇന്ത്യ കണ്ട ഏറ്റവും ശക്തമായ അധികാരദ്വയത്തിലൊന്നിന്റെ കേന്ദ്രബിന്ദുവാക്കി അദ്ദേഹത്തെ മാറ്റി(ഇന്ദിര-സഞ്ജയും സോണിയ-മന്‍മോഹനും മനസ്സില്‍വെച്ചേക്കുക).

കേരളത്തിലെത്തുമ്പോള്‍ പിണറായി വിജയനോട് അമിത് ഷാ പറഞ്ഞ വാചകമുണ്ട്. ''നിങ്ങളുടെ കയ്യില്‍ ചോരക്കറയുണ്ട്. താമര വിരിയാന്‍ പാകത്തിലുള്ള ചെളിക്കുണ്ടാണു നിങ്ങള്‍ ഒരുക്കുന്നത്.'' 

സൊറാബുദ്ദീന്‍ ഷേഖിനേയും കൗസര്‍ബാനുവിനേയും തുള്‍സി പ്രജാപതിയേയും ഓര്‍മ്മിപ്പിച്ച് അമിത് ഷായുടെ വാക്കുകള്‍ ഭീഷണിയും വെല്ലുവിളിയുമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ തിരിച്ചടിക്കുന്നു. കോടിയേരിയും പറയുന്നതു ചോരയുടെ ചരിത്രമാണ്.

എന്നാല്‍ അമിത് ഷായുടേത്, സത്യം പറഞ്ഞാല്‍, ഒരു നന്ദിപ്രകടനമാണ്. ഹിംസാത്മകമായ രാഷ്ട്രീയത്തെ മലയാളനാട്ടില്‍ പ്രതിഷ്ഠിച്ച എല്ലാവര്‍ക്കുമുള്ള നന്ദിപ്രകടനം. കേരളത്തിന്റെ സമതലഭൂമികയില്‍ ചരിത്രപരമായി ഹിംസയ്ക്കു വലിയ സാധ്യതയൊന്നും ഇല്ലായിരുന്നു. വലിയ പ്രകൃതി ദുരന്തങ്ങളോ പടയോട്ടങ്ങളോ യുദ്ധങ്ങളോ കലാപങ്ങളോ ഇല്ലാത്ത നാട്. പാടത്തു കൃഷിയിറക്കുന്നതായിരുന്നു എക്കാലവും വലിയ പണി. അതില്‍ ഒരു കൂട്ടായ്മ ഉണ്ടായിരുന്നു. ഒരു കണ്ടത്തില്‍ വരുന്ന ചാഴിക്കേട് അടുത്ത കണ്ടത്തിലും പടരും എന്ന തിരിച്ചറിവായിരുന്നു വലിയ സത്യം. 

നാണ്യവിളകളിലേക്കു കേരളം മാറിയതോടെ ഈ കൂട്ടായ്മ നഷ്ടമായി. മനുഷ്യബന്ധങ്ങളില്‍ അധിഷ്ഠിതമല്ലാത്ത തൊഴിലിടങ്ങള്‍ സൃഷ്ടിക്കപ്പെട്ടതോടെ അന്യവല്‍ക്കരണം രൂക്ഷമായി. പരസ്പരം സ്നേഹത്തോടെ ഒന്നും പറയാനില്ലാത്ത സമൂഹത്തിനു സിനിമയും കക്ഷിരാഷ്ട്രീയവും മാത്രം വിഷയമായി. പോകെപ്പോകെ അതിനു രണ്ടിനും ഹിംസയുടെ വിഷം തീണ്ടി. 

കറവയറ്റ പശുക്കളെ പോലെ പതിറ്റാണ്ടുകള്‍ അറവുശാലകളിലേക്കു പോയി. കാസര്‍കോട്ടെ ഹൊസങ്കടിയില്‍നിന്നു തിരുവനന്തപുരത്തേക്കു യാത്രകള്‍ പലതും കടന്നു പോയി. ചില റൂട്ടുകളില്‍ മാറ്റം ഉണ്ടായി. നേതാക്കള്‍ പിറന്നു. ഭാരതപ്പുഴ വറ്റി. ജാഥയുടെ പേരുകള്‍ മാറി. ജോര്‍ദാന്‍ നദീതീരത്തെ മണല്‍ത്തരികളെപ്പോലെ പക പെറ്റുപെരുകി.

യൂദാ ഉപദേശിക്കു പോലും ഇടം നല്‍കിയ നാടാണു കേരളം. തെയ്യവും തിറയും ഏകമനസ്സായി ഒന്നിച്ചു നടത്തിയ കണ്ണൂര്‍ പിന്നീടു പഴയ നന്മകളെ കയ്യൊഴിഞ്ഞു പാര്‍ട്ടി ഗ്രാമങ്ങളായത് എങ്ങനെയാണ്? എതിര്‍ശബ്ദങ്ങളെ തച്ചു തകര്‍ക്കാനുള്ള ആണ്‍കോയ്മയുടെ ധാര്‍ഷ്ട്യത്തിലേക്കു നാടു നടന്നു കയറിയത് എങ്ങനെയാണ്?
 
കണ്ണൂരിനെ കുറ്റം പറയുന്ന മറ്റു മലയാളികളും സഹിഷ്ണുതയുടെ കാര്യത്തില്‍ തെല്ലും ഭേദമല്ല എന്ന അവസ്ഥയിലേക്കു നാടും സമൂഹവും എത്തിച്ചേര്‍ന്നുകഴിഞ്ഞു. നവമാധ്യമങ്ങളിലെ വൈകാരിക വിസ്ഫോടനങ്ങളോളം നീളുന്നു അതിന്റെ വിരലറ്റം. അഹിതം പറയുന്നവന്റെ തലയെടുക്കണമെന്ന ശാഠ്യമായി അതു നിറയുന്നു. ആത്മപരിശോധന നടത്തണം നാമോരുരുത്തരും; എത്രത്തോളം എതിരാളികളെ നമുക്ക് ഉള്‍ക്കൊള്ളാനാവുന്നു എന്ന്. 

തിയേറ്ററിലെ പടത്തേക്കാള്‍ ആവേശത്തോടെ അനുയായികള്‍ ദിലീപിനെ ജയിലില്‍നിന്നു റിലീസ് ചെയ്തതും സമാനമാണ്. നിരപരാധിയല്ലെന്നു ബോധ്യപ്പെടുവോളം ഒരാള്‍ കുറ്റവാളിയാണെന്ന ജോര്‍ജ് ഓര്‍വെല്‍ വചനങ്ങളെ അറിഞ്ഞ മലയാളിയുടെ പിന്മുറക്കാര്‍  ആലുവ ജയിലിനു മുന്നില്‍ ലഡ്ഡു വിതറി. രാമന്‍കുട്ടി അച്ചനും ബാലഗംഗാധര മേനോനും ടിഒ ബാവയ്ക്കുമൊന്നും കിട്ടാത്ത നേട്ടം(ആരാധകരേ, അവരൊക്കെ എറണാകുളത്തെ പഴയ സ്വാതന്ത്യ സമര സേനാനികളായിരുന്നു. കിംഗിലെ കുതിരവട്ടം പപ്പുവില്ലേ, അതു പോലെ!).

സിനിമയിലെ ആണ്‍കോയ്മയെ അടയാളപ്പെടുത്തുന്നു ദിലീപ്.  സ്വന്തം ആവേശങ്ങളാല്‍ ഒരു പെണ്‍കുട്ടിയോട് നിശ്ശബ്ദമാകാന്‍  അനുയായികള്‍ ആജ്ഞാപിക്കുന്നു. ദിലീപിന്റെ കടകള്‍ അടിച്ചു തകര്‍ത്ത യുവജന സംഘടനകള്‍ അന്തം വിട്ടു നില്‍ക്കുന്നു. അവര്‍ അറിയുന്നു. അണികള്‍ മറ്റൊരു യാത്രയിലാണ്.

ഉച്ചത്തില്‍ ആക്രോശിച്ചും തല്ലിയും കൊലവിളിച്ചും കൊന്നും ബസ്സിനു കല്ലെറിഞ്ഞും പോലീസ് ജീപ്പ് കത്തിച്ചും  നേടിയതൊന്നും വിജയങ്ങള്‍ ആയിരുന്നില്ലെന്നു മനസ്സിലാക്കാന്‍ പറയുകയാണു കാലം. മംഗലശ്ശേരി നീലകണ്ഠനു പണ്ടേ മനസ്സിലായ കാര്യം. സ്വപ്നം കാണാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ടവരുടെ നിലപാടുകള്‍ മാറുന്നത് എങ്ങനെ ആണെന്ന് സോവിയറ്റ് ഗുലാഗുകള്‍ മാത്രമല്ല വംഗനാട്ടിലെ തൊഴിലാളികളും നമ്മെ പരിചയപ്പെടുത്തുണ്ട്.

എന്നിട്ടും ഒന്നും കാണാത്തവരായി മാറുകയാണു മലയാളി. നെല്‍സണ്‍ മണ്ഡേലയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച സമൂഹം ട്രമ്പും കിം ജോങ് ഉന്നും തമ്മിലുള്ള ആണവ പോര്‍മുനവെച്ച സംസാരത്തെ അറിയുന്നതായി പോലും ഭാവിക്കുന്നില്ല. 

അരിയെവിടെ തുണിയെവിടേ പറയൂ പറയൂ നമ്പൂരീ എന്നു പറഞ്ഞവര്‍, പപ്പായത്തണ്ടില്‍ മണ്ണെണ്ണ നിറച്ച് പന്തം കൊളുത്തി പ്രകടനം നടത്തിയവര്‍, ആരും നാള്‍തോറും വര്‍ദ്ധിക്കുന്ന വിലകളെ  കാണുന്നതേയില്ല. 

ഗൗരി ലങ്കേഷിന്റെ വിധി ആരെയും തേടി വരാം. ഒന്നു തീര്‍ച്ച. തോക്കു പിടിക്കുന്ന കൈകളെ നയിക്കുന്ന മനസ്സില്‍  തീര്‍ച്ചയായും അഹിംസയോ രാഷ്ട്രപിതാവോ ഇല്ല. നിലയ്ക്കാത്ത യാത്രകള്‍ തുടരുകയാണ്. ചൈനീസ് ചിന്തകന്‍ പറഞ്ഞ മാതിരി ലക്ഷ്യമോ സമയപ്പട്ടികയോ ഇല്ലാത്തതല്ലാ ഈ യാത്രകള്‍ ഒന്നും തന്നെ.

കാഴ്ചക്കാരായ നമുക്കു മുന്നിലും അവശേഷിക്കുന്നത് അതേ വാക്കുകള്‍ മാത്രം.

ഹേ റാം..