ണ്ണന്താനത്തിലൂടെ ബി.ജെ.പി. കണ്ണുവയ്ക്കുന്നത് എന്താണ്? രാഷ്ട്രീയ മണ്ഡലത്തില്‍ പൊതുസ്വീകാര്യത കൈവരിക്കുക എന്നതുതന്നെ. എസ്.ഡി.പി.ഐയെപ്പോലെയോ സോളിഡാരിറ്റിയെപ്പോലെയോ സ്വീകാര്യതയുടെ സങ്കുചിതതലം മാത്രമാണ് ബി.ജെ.പിക്കും കേരളത്തില്‍ ഉണ്ടായിരുന്നത്. ഒരു തീവ്രഹിന്ദു പാര്‍ട്ടി. ജയിക്കുമെന്ന നിശ്ചയം പാര്‍ട്ടിക്കില്ല, ജയിപ്പിക്കണമെന്ന ആവശ്യം കേരളത്തിനുമില്ല. ഇതാണ് ഇരുവരും പരസ്പരം അംഗീകരിച്ചുവന്ന യാഥാര്‍ത്ഥ്യം. പാര്‍ലമെന്ററി രംഗത്തു പ്രവര്‍ത്തിക്കുകയും അതിന്റെ സാമൂഹ്യപ്രാതിനിധ്യം കിട്ടാതെ പോവുകയും ചെയ്യുന്ന ഏതു പാര്‍ട്ടിക്കാണ് ഉത്തരവാദപ്പെട്ട നേതൃനിര ഉണ്ടാവുക. കിട്ടുന്നത് നേട്ടമെന്ന ഒരു കൈത്തഴക്കത്തിലേക്ക് ബി.ജെ.പി. നേതൃത്വം ഒതുങ്ങുന്നത് അങ്ങനെയാണ്. കിട്ടുന്നത് എന്നുവച്ചാല്‍ കൈമടക്ക്. വോട്ട് മറിക്കലായിരുന്നു ആദ്യഘട്ടങ്ങളിലെ വരുമാനം. ഞങ്ങള്‍ക്കോ ഗുണമില്ല. എന്നാല്‍ ഗുണമുള്ളവര്‍ക്ക് കിട്ടട്ടെ എന്ന മട്ട്. കേന്ദ്രാധികാരം കിട്ടിയപ്പോള്‍ ഇടനില നിന്നുള്ള പണം പിടുങ്ങലായി. ഗ്യാസും പെട്രോള്‍ പമ്പും വരുമാനമാര്‍ഗമായി. ഇപ്പോള്‍ മെഡിക്കല്‍ കോഴയും. ഒരു കമ്മീഷന്‍ റിപ്പോര്‍ട്ടിലൂടെ അതെല്ലാം പുറത്തുവന്നെന്നു മാത്രം. 

മുമ്പെല്ലാം കേരള ബി.ജെ.പിയുടെ ഇത്തരം ഉദരപൂരണം കേന്ദ്രം കണ്ടില്ലെന്നു നടിക്കുകയായിരുന്നു പതിവ്. എന്നാല്‍ അമിത് ഷാ വന്നതോടെ സാഹചര്യം മാറി. ബി.ജെ.പിയുടെ വളര്‍ച്ച ഉറപ്പിക്കല്‍ ദൗത്യമായി ഏറ്റെടുത്തു. അതിന്റെ കര്‍മപദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കാന്‍ സംസ്ഥാന നേതൃത്വത്തെ ചുമതലപ്പെടുത്തി. അത് പാളിയെന്നു മനസിലായപ്പോഴാണ് അമിത് ഷായുടെ ചുവടുമാറ്റം. വളര്‍ച്ച നടക്കില്ല. എന്നാല്‍ സ്വീകാര്യത നേടുകയാണ് അടുത്ത സാധ്യതയെന്ന് അമിത് ഷാ തിരിച്ചറിഞ്ഞു. ആ ദൗത്യം സ്വയം ഏറ്റെടുത്ത് നടപ്പാക്കാനും അമിത് ഷാ തീരുമാനിച്ചു. 

കഴിഞ്ഞ തവണ അമിത് ഷാ കേരളത്തില്‍ വന്നപ്പോള്‍ മുഖ്യ അജണ്ടയായി നിശ്ചയിച്ചത് കേരളത്തിലെ സഭാധ്യക്ഷന്മാരുമായുള്ള കൂടിക്കാഴ്ചയായിരുന്നു. അവര്‍ ആവശ്യപ്പെട്ടിട്ടല്ല, അങ്ങോട്ട് ആവശ്യപ്പെട്ടിട്ടായിരുന്നു ആ കൂടിക്കാഴ്ച. ആ സന്ദര്‍ശനത്തിനു ശേഷം അമിത് ഷാ മാധ്യമങ്ങളോട് സംസാരിച്ചില്ല. എന്താകാം അരമനരഹസ്യമെന്ന ആകാംക്ഷ നാടിനുണ്ടായിരുന്നതുകൊണ്ട് മാധ്യമങ്ങള്‍ സഭാനേതാക്കളെ കണ്ട് എന്തെല്ലാം സംവദിച്ചെന്ന് ആരാഞ്ഞു. സഭ ഒന്നും വിട്ടുപറഞ്ഞില്ല. എന്നാല്‍ ഇപ്പോള്‍ അതിന്റെ പ്രത്യക്ഷഫലം കണ്ടിരിക്കുന്നു. കണ്ണന്താനത്തിന്റെ കേന്ദ്രമന്ത്രിപദം!

റിച്ചാഡ് ഹേയെ പാര്‍ലമെന്റില്‍ എത്തിച്ചതിന്റെയും ജോര്‍ജ് കുര്യനെ ന്യൂനപക്ഷ കമ്മീഷന്‍ അംഗമാക്കിയതിന്റെയും തുടര്‍ച്ചയായി വേണം കണ്ണന്താനത്തെ കേന്ദ്രമന്ത്രിയാക്കിയതിനെയും കാണേണ്ടത്. മറ്റാര്‍ക്കും മനസിലായില്ലെങ്കിലും സഭയ്ക്ക് അത് മനസിലായിട്ടുണ്ട്. ലത്തീന്‍ കത്തോലിക്കാ സഭാ ആര്‍ച്ച് ബിഷപ് സൂസൈപാക്യം ഒരു ദേശീയ ദിനപത്രത്തോട് പറഞ്ഞത് ഇങ്ങനെയാണ്: Latin Catholic Church is closely analysing Amit Shah's assurance that BJP is not interested in practicing politics of alienation. We never asked for an audience with him. He sought a meeting and met us with the assurances. The induction of Alphonse Kannanthanam in the cabinet, despite not being an elected member from the state, can be seen a first step towards the BJP fulfilling the promise. 

ഇതിലും വലിയ സാക്ഷ്യപത്രം വേണോ. കഴിഞ്ഞില്ല. അതേ പത്രത്തോട് മലങ്കര സഭ ആര്‍ച്ച് ബിഷപ് ക്ലീമിസ് തിരുമേനി പറയുന്നു: So far Christian presence was lacking in the Union government. Though its not fair to say that there should be a Christian minister in the cabinet, the induction of Kannanthanam certainly would help ensure rightful representation to the Christian community in the Union cabinet.

അതാണ് അമിത് ഷാ മാജിക്. വന്നു, കണ്ടു, കീഴടക്കി ലൈന്‍. അതുകൊണ്ടാണ് സൂസൈപാക്യം വ്യക്തമാക്കിയത്, മുമ്പ് സഭ കമ്യൂണിസ്റ്റ് പാര്‍ട്ടികളുമായി യോജിച്ചു പോകാറില്ലായിരുന്നു. എന്നാല്‍ അവര്‍ നിലപാട് മാറ്റിയപ്പോള്‍ ഞങ്ങളും മാറ്റി. അതുപോലെ ബി.ജെ.പിയും നിലപാട് പുന:പരിശോധിച്ചാല്‍ അവരോടുള്ള ഞങ്ങളുടെ സമീപനവും മാറിക്കൂടായ്കയില്ല എന്ന്. പ്രബലര്‍ തമ്മിലുള്ള ധാരണയാണ് രാഷ്ട്രീയത്തില്‍ പ്രതിഫലിക്കപ്പെടുക എന്നാണ് സഭാമേലാവില്‍നിന്നു വരുന്ന ഈ കല്പനയുടെ അന്തഃസാരം. അതുകേട്ടാല്‍ സി.പി.എമ്മിനു മാത്രമല്ല ബി.ജെ.പിക്കും നന്നെന്നു സാരം. കണ്ണന്താനം എന്ന താക്കോലിട്ട് ബി.ജെ.പി. തുറന്നതും പരസ്പര ധാരണയുടെ ആ വാതില്‍ തന്നെ.

എന്തുകൊണ്ട് കണ്ണന്താനം എന്ന് പലരും ചോദിച്ചുകണ്ടു. ജനകീയ നേതാവല്ല. വിജയം ഉറപ്പാക്കപ്പെട്ട സ്വന്തം മണ്ഡലമില്ല. ബഹുജന പിന്തുണയില്ല. പോരാത്തതിന് ഒറ്റയാനെന്ന അലങ്കാരവും. ചുരുക്കത്തില്‍ രാഷ്ട്രീയത്തിന് ഇണങ്ങുന്ന ഒരു ചേരുവയുമില്ലാത്തയാള്‍. പിന്നെന്തിന് കണ്ണന്താനം? ഇതൊന്നുമല്ല കണ്ണന്താനത്തിന് കേന്ദ്രം ഏല്‍പ്പിച്ചുകൊടുത്തിരിക്കുന്ന ജോലി. കണ്ണന്താനത്തിന്റെ വകുപ്പുകളിലേക്ക് ഒന്ന് കണ്ണോടിക്കൂ. ടൂറിസം, ഐടി. പിന്നെ ഇലക്ട്രോണിക്സും. കേരളത്തെ സംബന്ധിച്ച് പരമപ്രധാനമായ മൂന്നു മേഖലകള്‍ തന്നെയാണ് ഇവ. ഈ വകുപ്പുകള്‍ കയ്യില്‍വച്ച് രാഷ്ട്രീയമായി ഇടപെടാനല്ല കണ്ണന്താനത്തെ ചുമതലപ്പെടുത്തിയിരിക്കുന്നത്. സാമ്പത്തികമായും സാമൂഹ്യമായും ഇടപെടാനാണ്. സാമ്പത്തികവും സാമൂഹ്യവുമായ ഇടപെടലാണ് സഭയ്ക്കും ഏറ്റവും എളുപ്പം മനസിലാകുന്ന ഭാഷ. ശബരി റെയില്‍ പാതയും ആറന്മുളയ്ക്ക് പകരമുള്ള വിമാനത്താവളവുമെല്ലാം ഈ സാമ്പത്തിക-സാമൂഹ്യ ഇടപെടലിന്റെ ഭാവിസാധ്യതകളാണ് വരച്ചിടുന്നത്. ശബരി പാതയെന്നത് പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിരീക്ഷണത്തില്‍ പെടുത്തിയ പദ്ധതിയാണെന്നും ഓര്‍മിക്കണം. അപ്പോള്‍ ഒന്നും കാണാതെയല്ല പട്ടര്‍ കുളത്തില്‍ ചാടിയത്. 

ഗോവ മോഡല്‍ പരീക്ഷണമാണ് കേരളത്തിലും കേന്ദ്ര ബി.ജെ.പി. പയറ്റുന്നത്. ഗോവയില്‍ പരീഖര്‍ എന്ന പാലമിട്ടാണ് ബി.ജെ.പി. സഭയെ വിശ്വാസത്തിലെടുത്തത്. പരീഖറും നമ്മുടെ കണ്ണന്താനത്തെപ്പോലെ ഒരു ചോയ്സായിരുന്നു. ജനകീയനേതാവോ പയറ്റിത്തെളിഞ്ഞ രാഷ്ട്രീയക്കാരനോ ഒന്നുമല്ല. വിശ്വാസികള്‍ സഭയെ വിശ്വസിക്കുന്ന പോലെ സഭ വിശ്വസിക്കുന്ന സഭാസഹായി. അതാണ് പരീഖര്‍. അതുകൊണ്ടാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വലിയ ഒറ്റക്കക്ഷി ആയിട്ടും ഇരുട്ടി വെളുക്കും മുമ്പ് ഗോവ ബി.ജെ.പി. പിടിച്ചത്. ജനാധിപത്യ സംവിധാനത്തെ ബി.ജെ.പിയല്ല അട്ടിമറിച്ചത്, സഭയാണ്. ഭരണം വേണമെങ്കില്‍ പരീഖറെ തന്നെ കൊണ്ടുവരണമെന്ന സഭയുടെ പിടിവാശി ബി.ജെ.പി. ശിരസാ വഹിച്ചതുകൊണ്ടാണ് അവിടെ അധികാരത്തുടര്‍ച്ച ഉണ്ടായത്. അധികാരത്തുടര്‍ച്ച ഉണ്ടായതാകട്ടെ അധികാരമാറ്റത്തിനുള്ള ജനവിധിയെ റദ്ദു ചെയ്തുകൊണ്ടും. ഇടയ്ക്ക് നടന്ന തിരഞ്ഞെടുപ്പിലെ ജനവിധിയുടെ സത്ത അസാധുവാക്കിയാണല്ലോ ഗോവയില്‍ ഭരണത്തുടര്‍ച്ചയുണ്ടായത്. രാജ്യത്തിന്റെ പ്രതിരോധമന്ത്രി തന്നെ സഭയുടെ ആവശ്യപ്രകാരം ഗോവയില്‍ പറന്നിറങ്ങി. 

ഗോവ ഒരു ചെറു സംസ്ഥാനമാണ്. സഭയ്ക്ക് നല്ല സ്വാധീനമുള്ള സ്ഥലവും. അതുപോലെ നാല് മധ്യകേരള ജില്ലകളെ ഗോവയായി സങ്കല്പിച്ചാല്‍ പരീഖറുടെ ചെറു പതിപ്പാണ് സഭയെ സംബന്ധിച്ച് കണ്ണന്താനം. 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വോട്ട് ശതമാനം കേവലം 6% ആയിരുന്നു. 2016ല്‍ അത് 16% ആയി വര്‍ധിപ്പിക്കാന്‍  കഴിഞ്ഞു. എന്നാല്‍ കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ ആകെ കൂടിയത് 600 വോട്ടുകള്‍ മാത്രം. ബി.ജെ.പിയെ ഇരുത്തി ചിന്തിപ്പിക്കുന്ന കണക്കുകളാണിത്. 2011-ലെ സെന്‍സസ് പ്രകാരം 18 ശതമാനത്തിനു മുകളിലാണ് കേരളത്തിലെ ക്രിസ്തീയ ന്യൂനപക്ഷം. സഭയുമായി താരതമ്യം ചെയ്താല്‍ ബി.ജെ.പിയാണ് അപ്പോള്‍ ന്യൂനപക്ഷം. സഭ ഭൂരിപക്ഷവും. അതുകൊണ്ട് ഭൂരിപക്ഷ വര്‍ഗീയത ആളിക്കത്തിക്കാനൊന്നും ഈ ന്യൂനപക്ഷ ബിജെപി ശ്രമിക്കാന്‍ പോകുന്നില്ല. സഭയുടെ ഭൂരിപക്ഷത്തെ അംഗീകരിക്കുകയാണ് ബി.ജെ.പിയുടെ അതിജീവന തത്വം. 

പ്രത്യക്ഷമായ ഇടപെടലിലൂടെയല്ല സഭ കേരളത്തില്‍ രാഷ്ട്രീയം കളിക്കുന്നത്. എന്നാല്‍ കളിക്കുമ്പോഴാകട്ടെ ഏതൊരു കക്ഷിരാഷ്ട്രീയ പാര്‍ട്ടിയെപ്പോലെയും അത് തനിനിറം കാട്ടുകയും ചെയ്യും. ഇടുക്കി മാത്രം മതി അതിന് ഉദാഹരണമായി. ഗാഡ്ഗില്‍ കമ്മറ്റിയെ അനുകൂലിച്ചെന്ന ഒറ്റക്കാരണത്താലാണ് പി.ടി. തോമസിനെ സഭ ഇടുക്കിയില്‍ നിന്ന് പുറത്താക്കിയത്. ഹൈറേഞ്ച് സംരക്ഷണ സമിതി എന്ന ഓമനപ്പേരില്‍ ഒരു തീവ്രരാഷ്ട്രീയപ്പാര്‍ട്ടിയുടെ അതേ സ്വഭാവത്തിലാണ് സഭയുടെ പ്രതിഷേധം ഇടുക്കിയില്‍ പ്രവര്‍ത്തിച്ചത്. സ്വന്തം രാഷ്ട്രീയവും സ്വന്തം സ്ഥാനാര്‍ത്ഥിയുമെല്ലാം അതോടെ ഉയര്‍ന്നുവന്നു. സി.പി.എം. തരംപോലെ കളിച്ചതുകൊണ്ട് ആ നേട്ടം അവര്‍ സ്വന്തം കീശയിലാക്കുകയും ചെയ്തു. 

ഇതേ കളിയാണ് കണ്ണന്താനത്തെ വച്ചും സിപിഎം 2006-ല്‍ കളിച്ചത്. ക്രിസ്തീയ മേല്‍ക്കൈയുള്ള മണ്ണ് ഇന്നും സി.പി.എമ്മിന് വേര് കിളിര്‍ക്കാത്ത ഭൂമികയാണല്ലോ. മികച്ച ഭൂരിപക്ഷം കിട്ടിയ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും സി.പി.എമ്മിന്റെ തേര്‍ പുതഞ്ഞു പോയത് നാല് മധ്യകേരള ജില്ലകളിലാണല്ലോ. അവിടേയ്ക്ക് ഒരു വാതായനം തുറക്കാനുള്ള എളിയ ശ്രമമായിരുന്നു സി.പി.എമ്മിനെക്കൊണ്ട് കണ്ണന്താനത്തില്‍ കണ്ണുവെപ്പിച്ചത്. ആ കണ്ണന്താനമാണ് ഇപ്പോള്‍ അതേ ദൗത്യം ബി.ജെ.പിക്കു വേണ്ടി ഏറ്റെടുത്തിരിക്കുന്നത്. പരസ്പര ധാരണയുടെ സ്വകീയമായ ദൗര്‍ബല്യമാണിത്. ഉണ്ണാനിരിക്കുമ്പോള്‍ ഇല കാണാതാകും!. കണ്ണന്താനത്തിന്റെ കൂറുമാറ്റം നാളെ ഇടുക്കിയിലും സംഭവിക്കില്ലെന്ന് ആരു കണ്ടു. ഗാഡ്ഗിലിലും കസ്തൂരിരംഗനിലും പ്രതീക്ഷയര്‍പ്പിച്ച് സി.പി.എം. ആ സാധ്യതയെ തള്ളിക്കളയാന്‍ നോക്കരുത്. ഗാഡ്ഗിലിനെ അനുകൂലിക്കുന്നതാണ് ബി.ജെ.പിയുടെ നിലപാടെങ്കിലും ഗാഡ്ഗിലിന്റെയും കസ്തൂരിയുടെയും കടയ്ക്കല്‍ കത്തിവയ്ക്കുന്ന നിലപാട് കേന്ദ്രസര്‍ക്കാര്‍ എടുത്തുകഴിഞ്ഞിട്ടുണ്ട്. വളഞ്ഞ വഴിയിലാണെന്നു മാത്രം. ദേശീയ ഹരിത ട്രൈബ്യൂണലിനെ കേന്ദ്രസര്‍ക്കാരിന്റെ പാവയാക്കി പുന:ക്രമീകരിച്ചാണ് അവര്‍ അതു നടപ്പാക്കിയത്. ഇടുക്കിയില്‍ ഇനി മണിമുഴങ്ങുന്നത് ആര്‍ക്കുവേണ്ടിയാകുമെന്ന് അതുകൊണ്ട് സി.പി.എം. കാത്തിരുന്നു കാണുക. 

ചുരുക്കത്തില്‍ സഭയും ബി.ജെ.പിയും കണ്ണന്താനത്തിലൂടെ കൈകോര്‍ത്തിരിക്കുന്നു. ആ സഹകരണത്തിന്റെ ഊടും പാവും ഇനി നെയ്തെടുക്കുക 2019 ലാക്കാക്കിയുള്ള നീക്കങ്ങളാകും. ഇപ്പോള്‍തന്നെ കെ.എം. മാണിയെ ഇരുമുന്നണികളിലും പെടാത്ത നിലയില്‍ എത്തിച്ചതില്‍ കേന്ദ്ര ബി.ജെ.പിയുടെ പങ്ക് എത്രത്തോളം ഉണ്ടെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു. വെറും ബാര്‍ കോഴയിലെ കോണ്‍ഗ്രസ് വഞ്ചനയോടുള്ള പ്രതിഷേധം മാത്രമല്ല അതിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. അതൊക്കെ വരുംനാളുകളില്‍ വ്യക്തമാകാനിരിക്കുന്നതാണ്. ഇരുമുന്നണികളിലും അല്ലാതെ നില്‍ക്കുക എന്നതു തന്നെ ബി.ജെ.പി. മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയത്തിന്റെ ഭാവി മണ്ഡലമാണ്. അതാണ് മാണി കോണ്‍ഗ്രസിന്റെ വേറിട്ടുള്ള നില്പ് ഊട്ടിയുറപ്പിക്കുന്നതും. ആദ്യം സഭയുടെ വിശ്വാസം നേടിയെടുത്താല്‍ മാണിയുടെ മണി കെട്ടാനും അമിത് ഷായുടെ അടവുകള്‍ക്കു കഴിയും. അതുകൊണ്ട് ബി.ജെ.പിയുടെ വിജയരഹസ്യം ഉറങ്ങിക്കിടക്കുന്നത് അങ്ങാടിയിലല്ല, അരമനയില്‍ തന്നെയാണ്.