ആര്‍ കെ നഗറില്‍ ടി ടി വി ദിനകരന്റെ വിജയം അപ്രതീക്ഷിതമായിരുന്നില്ല. ഒരാഴ്ച മുമ്പ് മണ്ഡലത്തിലടനീളം സഞ്ചരിച്ചപ്പോള്‍ ദിനകരന്റെ  പ്രഭാവം വ്യക്തമായിരുന്നു. പണത്തിന് പണവും ആളിന് ആളും ദിനകരന് വേണ്ടുവോളമുണ്ടായിരുന്നു. ഇക്കാര്യത്തില്‍ ഭരണകക്ഷിയായ എഐഎഡിഎംകെ ഒട്ടും പിന്നിലായിരുന്നില്ല. മണ്ഡലത്തില്‍ കൃത്യമായ വോട്ട്ബാങ്കുള്ള ഡിഎംകെയാണെങ്കില്‍ എഐഎഡിഎംകെ വോട്ടുകള്‍ ഭിന്നിക്കുമെന്ന സ്വപ്‌നത്തിലായിരുന്നു. പക്‌ഷേ, ദിനകരന് മാത്രം കൈമുതലായ ഒരു ഘടകമുണ്ടായിരുന്നു. മത്സരരംഗത്തുണ്ടായിരുന്ന സ്ഥാനാര്‍ത്ഥികളില്‍ കരിസ്മാറ്റിക് എന്നു വിശേഷിപ്പിക്കാന്‍ ദിനകരന്‍ മാത്രമേയുണ്ടായിരുന്നുള്ളൂ. ഈ വ്യക്തി പ്രഭാവമാണ് ദിനകരന് തുണയായത്.

ആര്‍ കെ നഗറില്‍ തൊണ്ടയാര്‍പെട്ട് വെച്ചു കണ്ട ഒരു ചായക്കടക്കാരന്‍  പറഞ്ഞത് ആലോചനാമൃതമായിരുന്നു '' ഒ പി എസ്സിനും എടപ്പാടിക്കും കാശുണ്ട്. പക്‌ഷേ, ചെലവാക്കാനുള്ള മനസ്ഥിതി ദിനകരനു മാത്രമേയുള്ളൂ. '' ദിനകരന്‍ ജയിച്ചാല്‍ മണ്ഡലത്തിന് വേണ്ടി പ്രവര്‍ത്തിക്കും എന്നൊരു വിശ്വാസം ജനങ്ങളിലുണ്ടായിരുന്നു.

 എഐഎഡിഎംകെയ്ക്കും ഡിഎംകെയ്ക്കും ആര്‍ കെ നഗര്‍ അഭിമാനപ്പോരാട്ടമായിരുന്നു. എന്നാല്‍ ദിനകരനെ സംബന്ധിച്ചിടത്തോളം ഇത് അതിജീവനത്തിന്റെ പ്രശ്‌നമായിരുന്നു. ആര്‍ കെ നഗറില്‍ ജയിച്ചില്ലെങ്കില്‍ മുന്നോട്ടുള്ള യാത്ര അതീവ ദുഷ്‌കരമായിരിക്കുമെന്ന് ദിനകരന് നന്നായറിയാമായിരുന്നു. അത് കൊണ്ട് തന്നെ സകല പഴുതുകളുമടച്ചുള്ള പ്രചാരണമാണ് ദിനകരനും കൂട്ടരും നടത്തിയത്. തമിഴകത്തിന്റെ തെക്കല്‍ ജില്ലകളില്‍ നിന്ന് തേവര്‍ സമുദായാംഗങ്ങള്‍ ആര്‍ കെ നഗറിലേക്ക് കൂട്ടമായെത്തിയത് ദിനകരനെ ജയിപ്പിക്കാന്‍ വേണ്ടി മാത്രമാണ്. മധുരയില്‍ നിന്നും തേനിയില്‍ നിന്നും ശിവഗംഗയില്‍ നിന്നും രാമനാഥപുരത്തു നിന്നുമൊക്കെയുള്ള തേവര്‍മാരെ മണ്ഡലത്തിലെവിടെയും കാണാവുന്ന അവസ്ഥയായിരുന്നു. തമിഴക രാഷ്ട്രീയത്തില്‍ ദിനകരനെ ഈ വിജയം കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. ഒരേസമയം കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ഉയര്‍ത്തിയ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടാണ് ഈ വിജയം ദിനകരന്‍ സ്വന്തമാക്കിയിരിക്കുന്നത്. 2004 നു ശേഷം തമിഴകത്ത് ഒരു ഉപതിരഞ്ഞെടുപ്പിലും ഭരണകക്ഷി പരാജയപ്പെട്ടിട്ടില്ല. ഈ റെക്കോഡാണ് ദിനകരന്‍ ഇപ്പോള്‍ പഴങ്കഥയാക്കിയിരിക്കുന്നത്. 

 Read more:ദിനകരന്റെ പോരാട്ടം ഇരട്ട ഇലയോട്

 എഐഎഡിഎംകെ പിടിക്കുക എന്നതായിരിക്കും ഇനിയങ്ങോട്ട് ദിനകരന്റെ ലക്ഷ്യം. ഭരണമുള്ളതുകൊണ്ടുമാത്രം ഇപിഎസ്സിനും ഒ പിഎസ്സിനുമൊപ്പം നില്‍ക്കുന്ന നിരവധി എം എല്‍ എമാരുണ്ട്. ഇവരേയും പാര്‍ട്ടിയുടെ ജില്ലാതല ഭാരവാഹികളേയും കൂടെക്കൂട്ടുക എന്ന ദൗത്യമാണ്  ദിനകരനെ കാത്തിരിക്കുന്നത്. എഐഎഡിഎംകെയ്ക്കുള്ളില്‍ തനിക്ക് സ്ലീപ്പര്‍ സെല്ലുകളുണ്ടെന്ന് ദിനകരന്‍ നേരത്തെ പറഞ്ഞിരുന്നു. ഈ സെല്ലുകള്‍ പുനരുജ്ജീവിപ്പിച്ചുകൊണ്ടായിരിക്കും പാര്‍ട്ടി പിടിക്കാനുള്ള കരുനീക്കത്തിന് ദിനകരന്‍ തുടക്കമിടുക. 

 1987 ല്‍ എം ജി ആര്‍ മരിച്ചപ്പോള്‍ എഐഎഡിഎംകെ  രണ്ടു പക്ഷമായി തമ്മിലടിച്ചിരുന്നു. എംജി ആറിന്റെ ഭാര്യ ജാനകിക്കൊപ്പമായിരുന്നു അന്ന് ഔദ്യോഗിക വിഭാഗം നിലയുറപ്പിച്ചത് . പക്‌ഷേ, 1989 ലെ തിരഞ്ഞെടുപ്പില്‍ ജയലളിത വിഭാഗം മേല്‍ക്കൈ നേടിയതോടെ ജാനകി പക്ഷം ദുര്‍ബ്ബലമായി. ചരിത്രത്തിന്റെ ആവര്‍ത്തനത്തില്‍ ദിനകരനൊപ്പമായിരിക്കും ആത്യന്തികമായി എഐഎഡിഎംകെ നീങ്ങുക എന്ന സൂചനയാണ് ഇപ്പോള്‍ ഉയരുന്നത്. മുഖ്യമന്ത്രി എടപ്പാടി പഴനിസാമിക്കും ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തിനും ജനങ്ങളുടെ വിശ്വാസ്യത നേടിയെടുക്കാനായിട്ടില്ല. എഐഎഡിഎംകെയുടെ പരമ്പരാഗത കോട്ടകളായ തെക്കൻ ജില്ലകളില്‍ ദിനകരന്‍ ഇതിനകം തന്നെ വ്യക്തമായ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്. എഐഎഡിഎംകെ ദിനകരന്‍ പിടിക്കുകയാണെങ്കില്‍ 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം തമിഴകത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനുളള സാദ്ധ്യത തള്ളിക്കളയാനാവില്ല.

 ഡിഎംകെയെ സംബന്ധിച്ചിടത്തോളം കപ്പിനും ചുണ്ടിനുമിടയില്‍ നിന്നാണ് ആര്‍ കെ നഗര്‍ നഷ്ടമായിരിക്കുന്നത്. മണ്ഡലം പിടിക്കുന്നതിനുള്ള  സുവര്‍ണ്ണാവസരമാണ് ഡിഎംകെ കളഞ്ഞുകുളിച്ചത്. 2016 ല്‍ ജയലളിതയ്‌ക്കെതിരെ മത്സരിച്ച സിംല മുത്തുചോഴനെ വീണ്ടും കളത്തിലിറക്കിയിരുന്നെങ്കില്‍ മണ്ഡലം ഡിഎംകെ പിടിക്കുമായിരുന്നുവെന്ന് കരുതുന്നവരുണ്ട്. പക്‌ഷേ, കനിമൊഴിയുമായുള്ള അടുപ്പം സിംലയ്ക്ക് വിനയായി. പാര്‍ട്ടിക്കുള്ളില്‍ സ്റ്റാലിനെതിരെ ഒന്നിച്ചു നീങ്ങാന്‍ അഴഗിരിക്കും കനിമൊഴിക്കും ആര്‍ കെ നഗറിലെ തോല്‍വി ബലം പകര്‍ന്നേക്കും. സ്റ്റാലിന്റെ നേതൃശേഷിയാണ് ആര്‍ കെ നഗറില്‍ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. ഈ ഉപതിരഞ്ഞെടുപ്പില്‍ ഡിഎംകെയുടെ നേതാവ് എം കെ സ്റ്റാലിനായിരുന്നു. അസുഖം മൂലം പൊതുവേദിയില്‍ നിന്നും പാടെ അകന്നു നില്‍ക്കുന്ന കലൈഞ്ജര്‍ കരുണാനിധിയുടെ അഭാവത്തില്‍ സ്റ്റാലിന്‍ തന്നെയാണ് ഡിഎംകെയുടെ സമസ്ത നീക്കങ്ങള്‍ക്കും കുടപിടിച്ചത്. ദിനകരനും  ഔദ്യോഗിക വിഭാഗത്തിനുമിടയില്‍ എഐഎഡിഎംകെ ശിഥിലമായിട്ടും ആര്‍ കെ നഗറില്‍ വിജയക്കൊടി നാട്ടാനായില്ലെന്നത് സ്റ്റാലിന്റെ നില വല്ലാതെ ദുര്‍ബ്ബലമാക്കുന്നുണ്ട്.

 ദിനകരന്റെ വിജയം ബിജെപിക്കും സുവാര്‍ത്തയാവുന്നില്ല. തമിഴകം പിടിക്കാനുള്ള  രൂപരേഖ ഇനിയിപ്പോള്‍ ബിജെപി അഴിച്ചുപണിയേണ്ടി വരും. എഐഎഡിഎംകെ ദിനകരന്റെ കൈയ്യിലായാല്‍ അവിടെ ബിജെപിക്ക് സ്ഥാനമുണ്ടാവില്ല.  ഒപിഎസ്സിനും ഇപിഎസ്സിനുമൊപ്പം നിലയുറപ്പിക്കുന്നതുകൊണ്ട് കാര്യമായൊരു മെച്ചവും ബിജെപിക്കുണ്ടാവാന്‍ പോവുന്നില്ല. ഡിഎംകെയെ പാട്ടിലാക്കാനുള്ള ബിജെപിയുടെ ശ്രമവും വിജയിക്കാനുള്ള സാദ്ധ്യത വിരളമാണ്. തമിഴക രാഷ്ട്രീയത്തില്‍ ദിനകരന്റെ ദിനങ്ങള്‍ തുടങ്ങുകയാണ്. ജയലളിതയ്ക്കു ശേഷം തമിഴകം സ്വന്തമാക്കുകയെന്ന ലക്ഷ്യം ഇനിയിപ്പോള്‍ സ്റ്റാലിനും ഡിഎംകെയ്ക്കും എളുപ്പമല്ല. ഏതു പ്രതിസന്ധിയെയും മറികടക്കാനുള്ള ജനിതകമായിരുന്നു ജയലളിതയുടെ സവിശേഷത. അതിന്റെ നീക്കിയിരുപ്പുകള്‍ എവിടെയൊക്കെയോ ദിനകരനിലുമുണ്ടെന്നു തന്നെയാണ് ആർ കെ നഗര്‍ പറയുന്നത്. 

അതേസമയം സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസുകള്‍ ദിനകരനെ കാത്തിരിക്കുന്നുണ്ട്. ഈ കേസുകളുടെ വിധിയായിരിക്കും ആത്യന്തികമായി ദിനകരന്റെ ഭാവിയെ നിര്‍ണ്ണയിക്കുക. 

Content highlights: Dinakaran in Tamilnadu politics , Dinakaran wins, RK Nagar Byelection