Photo: canva
തിരുവനന്തപുരം: പട്ടികവിഭാഗങ്ങൾക്കുനേരെയുള്ള അതിക്രമങ്ങളിൽ നീതിഉറപ്പാക്കാൻ ആ വിഭാഗങ്ങളിൽനിന്നുള്ള യുവ അഭിഭാഷകരെത്തന്നെ പ്രത്യേകം പരിശീലനം നൽകി സർക്കാർ നിയോഗിക്കുന്നു. ഇതിനായി ജ്വാല (ജസ്റ്റിസ്, വെൽഫെയർ ആൻഡ് ലീഗൽ അസിസ്റ്റൻസ്) എന്ന പേരിൽ പദ്ധതി തുടങ്ങാൻ പട്ടികജാതി-പട്ടികവർഗ വികസനവകുപ്പ് തീരുമാനിച്ചു. പട്ടികവിഭാഗക്കാരായ നിയമബിരുദധാരികളെ എല്ലാ ജില്ലയിലും നിയമസഹായികളായി നിയമിക്കും.
പട്ടികവികസന വകുപ്പിനുകീഴിൽ 14 ജില്ലയിലും ഇങ്ങനെ ലീഗൽ അസിസ്റ്റന്റുമാരുണ്ടാവുമെന്ന് ഉന്നതവൃത്തങ്ങൾ ‘മാതൃഭൂമി’യോടു പറഞ്ഞു. അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ്, ജില്ലാ കോടതികൾ, സ്പെഷ്യൽ കോടതികൾ, ഗവ. പ്ലീഡർമാരുടെ ഓഫീസുകൾ എന്നിവിടങ്ങളിൽ ഇവർക്കു പരിശീലനംനൽകും. ആദ്യഘട്ടത്തിൽ 75 നിയമസഹായികളെ പരിശീലനംനൽകി രംഗത്തിറക്കും. രണ്ടുവർഷമാണ് പരിശീലനം. പ്രതിമാസം 20,000 രൂപ ഓണറേറിയം.
ദൗത്യം ഇങ്ങനെ
പട്ടികവിഭാഗക്കാർക്കെതിരായ അതിക്രമംതടയൽ നിയമത്തിന്റെ പരിധിയിൽവരുന്ന കേസുകളിൽ ആവശ്യമായ നിയമസഹായം, ഇരകൾക്ക് കൗൺസിലിങ്, നിയമബോധവത്കരണം തുടങ്ങിയവയാണ് മുഖ്യചുമതലകൾ. കൂടാതെ, അതിക്രമനിവാരണ നിയമത്തിന്റെ ഭാഗമായുള്ള സാമൂഹിക ഇടപെടലുകളും പുനരധിവാസ പ്രവർത്തനങ്ങളും ഏറ്റെടുക്കും. കോളനികളിൽ നിയമക്യാമ്പുകളും സംഘടിപ്പിക്കും.
കോൾ സെന്റർഏകോപനത്തിന് സംസ്ഥാനതലത്തിൽ ലീഗൽ സെല്ലുണ്ടാവും. ഇതിനുകീഴിൽ മൂന്നു ലീഗൽ കോ-ഓർഡിനേറ്റർമാരും ഒരു ലീഗൽ അഡ്വൈസറും പ്രവർത്തിക്കും. തിരുവനന്തപുരത്ത് പട്ടികജാതി ഡയറക്ടറേറ്റ് കേന്ദ്രീകരിച്ച് ലീഗൽ സെല്ലിനായി 0471 2994717, 2994718 എന്നീ നമ്പറുകളിൽ പ്രത്യേക കോൾ സെന്ററും സജ്ജമാക്കി.
പിന്നാക്കക്കാരുടെ പേരിലുള്ള കേസുകൾ തീർപ്പാക്കാൻ സർക്കാർ നിയമസഹായികൾ
ജ്വാല നീതിയുടെ പ്രകാശം
സംസ്ഥാന-ജില്ലാ തലങ്ങളിൽ പട്ടികവിഭാഗക്കാരായ യുവ അഭിഭാഷകരുടെ നിരതീർത്ത് ‘ജ്വാല’യുടെ പ്രകാശം ഓരോ ഊരിലും കോളനിയിലുമെത്തിക്കും. യുവജനങ്ങൾക്ക് തൊഴിൽമേഖല സൃഷ്ടിക്കാനാവുന്ന വിധത്തിൽ വിഭാവനംചെയ്തിട്ടുള്ളതാണ് പദ്ധതി.
-കെ. രാധാകൃഷ്ണൻ
പട്ടികജാതി-പട്ടികവർഗ വികസനമന്ത്രി
Content Highlights: scheduled castes cases
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..