സത്യത്തിന്റെ വേഷംകെട്ടിയ നുണകൾ


ജി. പ്രമോദ് കുമാർ

കുത്തകമുതലാളിമാർക്കും സാമൂഹികമാധ്യമങ്ങളിലെ കൂലിപ്പടകൾക്കും ­പ്രോക്സികൾക്കും മുന്നിൽ കീഴടങ്ങേണ്ടതല്ല ­സത്യമറിയാനുള്ള ജനങ്ങളുടെ ­അവകാശം. അത് ദുർബലമാവുമ്പോൾ ക്ഷീണിക്കുന്നത് നമ്മുടെ ­ജനാധിപത്യമാണ്. പൂർണമായ വിവേചനബുദ്ധിയോടെ തീരുമാനമെടുക്കാനുള്ള കഴിവാണ്‌ ജനാധിപത്യത്തിന്റെ കാതൽ.അതില്ലാതാക്കുക എന്നതാണ് സത്യാനന്തര ­രാഷ്ട്രീയ-വർഗീയ ­പ്രചാരകരുടെ ലക്ഷ്യം

Representational Image | Photo: canva.com

സത്യാനന്തരലോകമെന്ന പ്രയോഗം നാം കേൾക്കാൻതുടങ്ങിയത് 2016-ൽ ആണെങ്കിലും രാഷ്ട്രീയ-വർഗീയ താത്‌പര്യങ്ങൾ സംഘടിത പ്രചാരവേലകളിലൂടെ നമ്മുടെ അറിവുകളെയും ബോധത്തെയും സ്വാധീനിക്കാൻ എക്കാലവും ശ്രമിച്ചുകൊണ്ടേയിരിക്കയായിരുന്നു. പക്ഷേ, പച്ചക്കള്ളങ്ങൾ അത്യാധുനിക സാങ്കേതികതയുടെ സഹായത്തോടെ പൂർണസത്യമാണ് എന്നതരത്തിൽ അവതരിപ്പിക്കുന്നത് ഒരു ബഹുവ്യാപ്തരോഗമായി എന്ന് ലോകം മനസ്സിലാക്കിയത് 2016-ൽ ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായി മത്സരിക്കുമ്പോഴാണ്‌.

സത്യത്തെ തമസ്കരിക്കുന്നവർഎന്തുനുണയും വർഗീയവിദ്വേഷവും വിവരക്കേടുകളും വിചിത്രമായ വാഗ്ദാനങ്ങളും ബഹുഭൂരിപക്ഷം സാധാരണജനങ്ങൾക്കും പഥ്യമാവുന്നരീതിയിൽ പറഞ്ഞുഫലിപ്പിക്കാമെന്ന പുതിയ സാധ്യത, സത്യത്തെ തമസ്കരിച്ചുകളഞ്ഞു എന്നുപറഞ്ഞാൽ അതിശയോക്തിയാവില്ല. നമ്മുടെതന്നെ ദേശീയ-പ്രാദേശിക അനുഭവങ്ങൾ നോക്കിയാൽ, 2016-നുമുമ്പ്‌ അത് ഇവിടെത്തന്നെയല്ലേ വിജയകരമായി പരീക്ഷിക്കപ്പെട്ടതെന്ന്‌ തോന്നിയേക്കാം. സി.എ.ജി.യുടെ 1,60,000 കോടി എന്ന ഒരിക്കലും തെളിയാത്ത ഊഹക്കണക്ക് ഒരു രാജ്യത്തിന്റെ രാഷ്ട്രീയഭാവിയെത്തന്നെ മാറ്റിമറിച്ചത്, ഓക്സ്‌ഫഡ്‌ ഡിക്‌ഷണറി ‘സത്യാനന്തരം’ എന്ന വാക്കിനെ ‘വേഡ് ഓഫ് ദി ഇയർ’ ആയി തിരഞ്ഞെടുക്കുംമുമ്പായിരുന്നു എന്നോർക്കുക.

നിർവചനപ്രകാരം യഥാർഥവസ്തുതകളെ മറച്ചുെവച്ച് പൊതുബോധത്തെയും പൊതു അഭിപ്രായത്തെയും സ്വാധീനിക്കുന്ന രീതിയിൽ വികാരങ്ങളെയും അഭിപ്രായങ്ങളെയും വാർത്തകളായി, അല്ലെങ്കിൽ സത്യംതന്നെയായി, പ്രചരിപ്പിക്കുന്നതാണ് സത്യാനന്തരലോകം. മുമ്പൊക്കെ തീർത്തും പ്രചാരവേലയാണെന്ന് മനസ്സിലാക്കാൻ കഴിയുന്ന തരത്തിൽ പാർട്ടി-സമുദായ പത്രങ്ങളിലൂടെയും ടെലിവിഷൻ ചാനലുകളിലൂടെയും കവലപ്രസംഗങ്ങളിലൂടെയും ലഘുലേഖകളിലൂടെയും മറ്റുമായിരുന്നു ഈ പരിപാടിയെങ്കിൽ, ഇന്ന് നമ്മുടെ മനസ്സും പ്രവൃത്തിയും വായിച്ചെടുക്കാൻ സാധിക്കുന്ന സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഇത് നടപ്പാക്കുന്നത്.

സത്യത്തിന്റെ വേഷംകെട്ടിയ നുണകൾ

ദശകങ്ങളോളം സത്‌പേരുണ്ടായിരുന്ന സ്ഥാപനങ്ങൾപോലും മാധ്യമവ്യവസായത്തിന്റെ മാറുന്ന സാമ്പത്തികചുറ്റുപാടിൽ ഇതിൽ വീണുപോവുകയാണ്. കാരണം, ഓരോ പ്രാവശ്യവും സത്യം പുറത്തുവരുന്നതിനുമുമ്പുതന്നെ സത്യവേഷംകെട്ടിയ നുണകൾ ജനങ്ങളുടെ അടുത്തെത്തിപ്പോവുന്നു. പിന്നീട് ആ നുണകൾക്കാണ് സത്യത്തിനെക്കാളും വിശ്വസനീയത. അത് ചിലപ്പോൾ വെറുതേ പരക്കുന്നതാവാം; മിക്കപ്പോഴും ബോധപൂർവം പരത്തുന്നതും. സൗകര്യവും സമയവുമില്ലാത്തതുകൊണ്ടും പൊതു അഭിപ്രായം മറിച്ചായതുകൊണ്ടും അതിനെ തിരുത്താൻനിൽക്കാതെ അതിനോടൊപ്പം ചേരുകയെന്നത് മുഖ്യധാരാമാധ്യമങ്ങളുടെപോലും വ്യവസ്ഥയാവുമ്പോൾ എന്തുചെയ്യും? എണ്ണമറ്റ വാർത്താവ്യാളികൾ ഏതാണ്ട് ഒരേശബ്ദത്തിൽ ഇങ്ങനെ നുണകൾ വിളിച്ചുപറഞ്ഞുകൊണ്ടിരിക്കും. അതിനെ എതിർത്തുനിൽക്കുന്നവർ തിരസ്കരിക്കപ്പെടും. പണ്ടേ പറയുന്ന ഒരു സത്യമുണ്ട്: ‘മാധ്യമങ്ങൾ സത്യത്തെ അളക്കുന്നത്, എന്താണ് ജനഹിതവും (popular) സൗകര്യപ്രദവും (expedient) എന്നുനോക്കിയാണ്’ എന്ന്. അതാണിവിടെ സംഭവിക്കുന്നത്.

ഇതിൽ വിചിത്രമായ ഒരു കൂട്ടർ സ്വയംപ്രഖ്യാപിത മാധ്യമധാർമികതയുടെ പോരാളികളായ കുറെപ്പേരാണ്. വസ്തുതകൾ പരിശോധിക്കുന്ന (ഫാക്ട് ചെക്കിങ്) ചില സംരംഭങ്ങൾ ഒഴിച്ചുനിർത്തിയാൽ ഈ സത്യാനന്തരവിരുദ്ധരും ഏറക്കുറെ സത്യാനന്തരപ്രചാരവേലയിൽത്തന്നെ ഏർപ്പെട്ടിരിക്കുന്നവരാണെന്നുകാണാം. കാരണം, ഇവരും യഥാർഥത്തിൽ ഈ ലോകത്തിന്റെ ഗുണഭോക്താക്കളാണ്.

ഇവരുടെ നേതൃത്വത്തിൽ അടുത്തിടെ കൂണുപോലെ മുളച്ചുപൊന്തിയ, ഇപ്പോഴും മുളച്ചുപൊന്തുന്ന ഡിജിറ്റൽ പ്രസിദ്ധീകരണങ്ങളൊന്നും വസ്തുതയെന്തെന്ന്‌ അന്വേഷിക്കുന്നവരല്ല. മറിച്ച്, രാഷ്ട്രീയമോ സാമുദായികമോ ആയ അവരുടെ അജൻഡയനുസരിച്ച് അവരുടേതായ സത്യം സൃഷ്ടിക്കുന്നവരാണ്. ചർച്ചകളും അഭിമുഖങ്ങളും ട്രോളുകളുമൊക്കെയാണ് അവരുടെ ഉള്ളടക്കം, പക്ഷേ, മിക്കപ്പോഴും അതിന്റെ അടിസ്ഥാനംതന്നെ നുണകളാണ്. അടുത്ത കാലത്ത് ഇത്തരത്തിലുള്ള ധാരാളം പരിപാടികൾ പ്രചരിക്കുന്നുണ്ട്. ഇവരുടെയൊക്കെ പ്രചോദനമെന്തെന്നറിയാൻ ഇവരുടെ സാമ്പത്തികസ്രോതസ്സ് അഥവാ ബിസിനസ്‌ മോഡൽ എന്തെന്ന്‌ അന്വേഷിച്ചാൽമതി. ഇവരാരും വാർത്തകളുടെ ഉറവിടങ്ങൾ തേടിപ്പോവുകയോ സത്യം കണ്ടുപിടിക്കാൻ മെനക്കെടുകയോ ചെയ്യുന്നില്ല. മൗലികമായ അന്വേഷണാത്മക റിപ്പോർട്ടുകൾ പുറത്തുകൊണ്ടുവരുന്നില്ല. പകരം, സ്റ്റുഡിയോയിലിരുന്ന് അവരുടെ

അല്ലെങ്കിൽ അവരുടെ രാഷ്ട്രീയ/വർഗീയ സ്പോൺസർമാരുടെ അജൻഡപ്രകാരം അവരുടേതായ സത്യങ്ങൾ സൃഷ്ടിക്കുകയാണ്. ഇക്കൂട്ടത്തിൽ ഏറ്റവും അപകടകാരികൾ എന്തിനെയും ട്രോളുകളായി മാറ്റുന്ന, വാർത്താലോകത്തിന് ഏറ്റവും അവശ്യംവേണ്ട, പ്രവൃത്തിപരിചയമില്ലാത്ത കുറെ കുട്ടികളാണ്.

അടിച്ചേൽപ്പിക്കുന്ന ദുരന്തം

ഈ സത്യാനന്തരലോകത്തിൽ സത്യത്തോടൊപ്പം നിഗ്രഹിക്കപ്പെടുന്ന മറ്റുഘടകങ്ങളാണ് വസ്തുതകൾ, ഡേറ്റ എന്നിവ. പരമ്പരാഗത മാധ്യമങ്ങളിലായാലും സാമൂഹികമാധ്യമങ്ങളിലായാലും നുണകൾക്ക് അല്ലെങ്കിൽ പ്രചാരവേലകൾക്ക് വക്രമായി ‘േഡറ്റ’ ഉപയോഗിക്കുക എന്നത് ഇപ്പോൾ പലരും ഉപയോഗിക്കുന്ന ഒരു കൗശലമാണ്. ഗൗരവമായ മാധ്യമപ്രവർത്തനത്തിൽ വസ്തുതകൾ, ഡേറ്റ എന്നിവയുപയോഗിച്ച് കാര്യങ്ങൾ സമർഥിക്കുകയെന്നത് ബഹുമാന്യമായ ഒരു കാര്യമാണെന്നതിനാൽ സത്യാനന്തരപ്രചാരകരും അതുതന്നെ ചെയ്യുന്നു. പക്ഷേ, അടിസ്ഥാനപരമായി ഈ ഡേറ്റ സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്ന വാർത്തയ്ക്ക്, അല്ലെങ്കിൽ വാദത്തിനുമാത്രം ശാസ്ത്രീയമായ അടിസ്ഥാനം പകരുന്നതാണോ അതോ അതുപറയുന്ന വാദവുമായി യോജിച്ചുപോകുന്നതുമാത്രമാണോ എന്നാരും ചിന്തിക്കില്ല. കാരണം, വസ്തുതകളുപയോഗിച്ച് കാര്യങ്ങൾ വിശകലനംചെയ്യുന്നതിൽ പരിശീലനം ലഭിച്ചിട്ടുള്ളവരല്ല സാധാരണജനങ്ങൾ. അല്പമെങ്കിലും ശാസ്ത്രീയപരിശീലനം ലഭിച്ചവർക്ക് വഷളത്തമായി തോന്നുന്ന ഈ പ്രവണതയും ഈ ലോകം നമ്മുടെയും പുതിയ തലമുറയുടെയും പുറത്ത് അടിച്ചേൽപ്പിക്കുന്ന മറ്റൊരു ദുരന്തമാണ്.

വ്യാജനിർമിതിയിൽ ഏർപ്പെടുന്ന അപകടകാരികൾ

ഒരുപക്ഷേ, ഈ കപടവാർത്താലോകത്തെ ഏറ്റവും കലുഷിതമാക്കുന്നത് സാമൂഹികമാധ്യമങ്ങളും നമ്മൾ എന്തുവായിക്കണമെന്ന്, അൽഗോരിതങ്ങൾ ഉപയോഗിച്ച് ബഹുരാഷ്ട്ര സാമൂഹികമാധ്യമക്കമ്പനികൾ നിശ്ചയിക്കുന്നതുമാണ്. രാഷ്ട്രീയത്തിന്റെ കാര്യത്തിലാണെങ്കിൽ വലതും ഇടതും വ്യതാസമില്ലാതെ പാർട്ടികൾ വലിയ പ്രോക്സിപ്പടകളെത്തന്നെ ഇതിനായി സൃഷ്ടിക്കുന്നു. അവരുടെ മുഴുവൻസമയ തൊഴിൽ നുണകളും കപടവാർത്തകളും അർധസത്യങ്ങളും ട്രോളുകളും നിർമിക്കുക എന്നതാണ്. സാമൂഹികമാധ്യമക്കമ്പനികൾ അത് അൽഗോരിത ഉപായങ്ങളാൽ ലക്ഷക്കണക്കിന് മനുഷ്യരിലെത്തിക്കുന്നു. ഉദാഹരണത്തിന്, സംസ്കാരശൂന്യമായ ഭാഷയിൽ അസംബന്ധമെഴുതിവിടുന്ന ഒരാളിന്റെ രാഷ്ട്രീയ അശ്ലീല ട്വീറ്റുകൾ വായിക്കുകയെന്നതാണ് ഈ സത്യാനന്തരലോകത്തെ എന്റെ ദുരന്തം. യഥാർഥജീവിതത്തിൽ അങ്ങനെയൊരാളിന് എന്റെ ശ്രദ്ധ പിടിച്ചുപറ്റാനാവണമെന്നില്ല. ഇതുപോലെ ആയിരക്കണക്കിനുപേരാണ് മുഴുവൻസമയ വ്യാജനിർമിതികളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്നത് എന്നത് ഇതിനുപിന്നിലെ ഉപജാപത്തെയും സാമ്പത്തികശക്തിയെയും ഭയപ്പെടുത്തുന്നതാക്കുന്നു.

സത്യത്തെ മുറുകെപ്പിടിക്കുക

ഇതിനുള്ള മറുപടി, ന്യൂയോർക്ക് ടൈംസ്‌പോലുള്ള മാധ്യമങ്ങൾചെയ്യുന്നപോലെ നമ്മുടെ നാട്ടിലെ വ്യവസ്ഥാപിതമാധ്യമങ്ങളും സത്യത്തിന്റെപുറകെ പോവുക എന്നതാണ്. അഴിമതിയും കെടുകാര്യസ്ഥതയും ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളെയും രാഷ്ട്രീയ അധാർമികതയെയുമൊക്കെ പുറത്തുകൊണ്ടുവരുന്ന അന്വേഷണാത്മക പത്രപ്രവർത്തനം തിരിച്ചുകൊണ്ടുവരുക. ജേണലിസത്തിന്റെ പ്രതാപം തിരിച്ചുപിടിക്കുക, അതിന് പണംകണ്ടെത്തുക പ്രയാസമുള്ള കാര്യംതന്നെയെങ്കിലും. അടുത്തിടെ ന്യൂയോർക്ക് ടൈംസ് ഒരു റിപ്പോർട്ട് തയ്യാറാക്കാൻമാത്രം അവരുടെ റിപ്പോർട്ടർക്ക് അനുവദിച്ചത് പതിമ്മൂന്നുമാസമായിരുന്നു. അതിന് നന്നായി പരിശീലനംസിദ്ധിച്ച മാധ്യമപ്രവർത്തകരും പണവും കൂടിയേ തീരൂ. കുത്തകമുതലാളിമാർക്കും സാമൂഹികമാധ്യമങ്ങളിലെ കൂലിപ്പടകൾക്കും പ്രോക്സികൾക്കും മുന്നിൽ കീഴടങ്ങേണ്ടതല്ല സത്യമറിയാനുള്ള ജനങ്ങളുടെ അവകാശം. അത് ദുർബലമാവുമ്പോൾ ക്ഷീണിക്കുന്നത് നമ്മുടെ ജനാധിപത്യമാണ്. പൂർണമായ വിവേചനബുദ്ധിയോടെ തീരുമാനമെടുക്കാനുള്ള കഴിവാണ്‌ ജനാധിപത്യത്തിന്റെ കാതൽ. അതില്ലാതാക്കുക എന്നതാണ് സത്യാനന്തര രാഷ്ട്രീയ-വർഗീയ പ്രചാരകരുടെ ലക്ഷ്യം.

ഇതൊരു തുടക്കമാവട്ടെ- കെ. ഗോപാലകൃഷ്ണൻ, മാതൃഭൂമി മുൻപത്രാധിപർ

ത്യത്തെയും വസ്തുതകളെയും നുണകളുടെ കൂമ്പാരത്തിൽ മൂടിവെക്കാൻ ശ്രമിക്കുന്ന ഈ മോശം സമയത്ത്, ഈ ലോക വാർത്താദിനത്തിൽ സത്യപാതയിൽ നൂറു വർഷമായി ചരിക്കുന്ന മാതൃഭൂമി എന്ന മഹദ്സ്ഥാപനം ഇത്തരമൊരു വിഷയം സംവാദമാക്കുന്നതിൽ സന്തോഷമുണ്ട്. പ്രബലശക്തികളുടെ താത്‌പര്യങ്ങൾക്കുവേണ്ടി സത്യ െത്ത മൂടിവെക്കുന്നതിനു ബോധപൂർവമായ ശ്രമങ്ങൾ എമ്പാടും നടന്നുകൊണ്ടിരിക്കുകയാണ്. മാധ്യമമേധാവികളും അധികാരികളും പത്രപ്രവർത്തകരും ഇതിനെതിരേ സംയുക്തമായി പൊരുതേണ്ടതുണ്ട്. അസത്യം പ്രചരിപ്പിക്കുന്ന ­പി.ആർ. സ്ഥാപനങ്ങൾ കൂണുപോലെ വളരുന്നു. അസത്യ വാർത്തകൾക്കെതിരേ, അതു ചമയ്ക്കുന്ന ഇരുണ്ട ശക്തികൾക്കെതിരേ നിസ്സംഗരായിരിക്കാൻ ആവില്ല. രാജ്യത്തെ പ്രധാന മാധ്യസ്ഥാപനങ്ങളും അവരെ നയിക്കുന്നവരും പങ്കെടുക്കുന്ന മാതൃഭൂമിയുടെ ആഭിമുഖ്യത്തിലുള്ള ഈ സംവാദം അതിനെതിരായ ആത്മാർഥമായ ഒരു തുടക്കമാവട്ടെ.

- യു.എൻ.ഡി.പി. (ഏഷ്യ പസഫിക്)യുടെ മുൻ സീനിയർ ഉപദേശകനും മുൻ പത്രപ്രവർത്തകനുമാണ്‌ ലേഖകൻ

Content Highlights: world news day, fake news, fact check, mathrubhumi, G pramod kumar, news today,latest news


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented