ചേന്ദമംഗലത്തെ പാലിയംകൊട്ടാരം മ്യൂസിയം
കൊച്ചി: വിനോദസഞ്ചാരത്തിനുവേണ്ടി കോടികള്‍ ഒഴുക്കുമ്പോഴും പാലിയത്തെ വിലമതിക്കാനാവാത്ത ചരിത്രശേഷിപ്പുകള്‍ അവഗണനയുടെ ഇരുട്ടില്‍. 13 വര്‍ഷം കഴിഞ്ഞിട്ടും തീരാത്ത നിര്‍മാണം മുതല്‍, മേല്‍ക്കൂര ചോരുന്നതുവരെയുണ്ട് പരാതികളുടെ നിര. ടൂറിസം വകുപ്പിനും മറ്റും ഒട്ടേറെ പരാതികള്‍ നല്‍കി. ഒടുവിലത്തേത് മുഖ്യമന്ത്രിക്ക് നേരിട്ടു നല്‍കിയിട്ട് രണ്ടുമാസമായി.
ഒരു 'ലോക പൈതൃകദിനം' കൂടി കടന്നുപോകുമ്പോള്‍ എല്ലാം ശരിയാകുമെന്ന് കരുതി കാത്തിരിക്കുകയാണ് ചേന്ദമംഗലത്തെ പാലിയം ഈശ്വരസേവാ ട്രസ്റ്റ്. 2017ന് ശേഷം ഇതുവരെ പാലിയം മ്യൂസിയത്തില്‍ വാര്‍ഷിക അറ്റകുറ്റപ്പണി നടന്നിട്ടില്ല.
സഞ്ചാരികള്‍ക്കായുള്ള വിവരണങ്ങള്‍ മ്യൂസിയത്തില്‍ വെച്ചിട്ടില്ല. 'പാലിയത്തച്ചന്മാര്‍' ഉപയോഗിച്ചിരുന്ന ചില വാളുകളും താളിയോലകളും ട്രസ്റ്റ് ഓഫീസിലാണിപ്പോള്‍. മ്യൂസിയത്തില്‍ അവ വെക്കാന്‍ കാബിനുകള്‍ പണിതിട്ടില്ല.
പലയിടത്തും ചോര്‍ച്ചയുണ്ട്. ചോര്‍ച്ച ശരിയാക്കാന്‍ കിറ്റ്‌കോയ്ക്കായിരുന്നു ചുമതല. അവര്‍ പോയപ്പോള്‍ 'നിര്‍മിതി'ക്കായി മേല്‍നോട്ടം. പക്ഷേ പ്രയോജനമുണ്ടായില്ല, മേല്‍ക്കൂരനിര്‍മിതി നടന്നില്ല!
സഞ്ചാരികള്‍ക്കായി 10 വര്‍ഷം മുന്‍പ് പാലിയത്തെക്കുറിച്ചുള്ള ശബ്ദരേഖ തയ്യാറാക്കിയിരുന്നു. ഡോ. എം.ആര്‍. രാഘവ വാരിയരുടെ നേതൃത്വത്തിലുള്ള വിദഗ്ധസമിതി അതിന് അംഗീകാരവും നല്‍കി.
പക്ഷേ, ഇതുവരെ ആര്‍ക്കും കേള്‍ക്കാനായിട്ടില്ലെന്നു മാത്രം. മ്യൂസിയത്തിന് അകത്തോ പുറത്തോ ദിശാസൂചികകളുമില്ല.
30 ശതമാനം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ബാക്കിയാണെന്ന് പാലിയം ട്രസ്റ്റ് മാനേജര്‍ കൃഷ്ണബാലന്‍ പാലിയത്ത് പറഞ്ഞു. ''പാലിയത്തിനോട് നീതികാട്ടിയത് മന്ത്രിമാരായ തോമസ് െഎസക്കും എം.എ. ബേബിയുമാണ്. ഇപ്പോള്‍ കത്തുകള്‍ക്ക് പലതിനും മറുപടി പോലുമില്ല എന്നതാണ് ദുഃഖകരം.''
''പ്രളയശേഷം 2018ല്‍ അന്നത്തെ ധനമന്ത്രി ഡോ. തോമസ് െഎസക്കിന്റെ നേതൃത്വത്തില്‍ വിപുലമായ യോഗം വിളിച്ചു. പക്ഷേ, തുടര്‍നടപടികളില്ല. കമ്മിറ്റിയും പ്രവര്‍ത്തനം നിലച്ചമട്ടാണ്.
പ്രളയത്തില്‍ കേടുപാടുവന്ന കൊട്ടാരത്തിലെ വിലപ്പെട്ട താളിയോലകളും മറ്റും നേരെയാക്കാന്‍ കൊണ്ടുപോയി. തിരിച്ചുകൊണ്ടുവന്നപ്പോള്‍ താളിയോലകളില്‍ ഒന്ന് നഷ്ടപ്പെട്ടു. ലൈബ്രറി, കഫറ്റേറിയ തുടങ്ങിയവ പ്രോജക്ടില്‍ പറഞ്ഞിരുന്നു. പക്ഷേ, നടപ്പായില്ല. അധികൃതരുടെ അനാസ്ഥ എല്ലാത്തിലും പ്രകടമാണ്. പലതും കോടതി പറഞ്ഞിട്ടുള്ളതിന് വിരുദ്ധം. കോടതിയലക്ഷ്യംതന്നെ. ഈ എണ്‍പതാം വയസ്സില്‍ ഞാന്‍ കോടതിയില്‍ പോകണോ...?''
പാലിയം പൈതൃകം
:രാജ്യത്തെ ഏറ്റവും വലിയ പൈതൃക സംരക്ഷണ പദ്ധതികളിലൊന്നാണ് 'മുസിരിസ്'. ഒരുകാലത്ത് കൊച്ചി രാജവംശത്തോളംതന്നെ പ്രധാന്യമുണ്ടായിരുന്ന പഴയ 'കൊച്ചി രാജ്യ'ത്തിന്റെ പ്രധാനമന്ത്രിമാരായിരുന്ന 'പാലിയത്തച്ചന്‍'മാരുടെ പാലിയംകൊട്ടാരം മ്യൂസിയവും നാലുകെട്ട് മ്യൂസിയവും മുസരിസ് പൈതൃക യാത്രയിലെ പ്രധാന ആകര്‍ഷണമാണ്. സംസ്ഥാനത്ത് വിനോദസഞ്ചാര രംഗത്തെ ആദ്യ സര്‍ക്കാര്‍സ്വകാര്യ സംയുക്തസംരംഭം കൂടിയാണ് പാലിയം മ്യൂസിയങ്ങള്‍. സംരക്ഷണച്ചുമതല സര്‍ക്കാരിനാണ്. ഉടമസ്ഥത പാലിയം ഈശ്വരസേവാ ട്രസ്റ്റിനും.
Content Highlights: World Heritage Day Chendhamangalam Paliyam Eshwara seva trust
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..