.
ചരിത്രത്തില്‍ ആദ്യമായി ഒരു വനിത മേക്കപ്പ് ആര്‍ട്ടിസ്റ്റിന് സിനി മേക്കപ്പ് യൂണിയനില്‍ അംഗത്വം. ഫെഫ്കയുടെ അഫിലിയേഷനുള്ള വനിത മേക്കപ്പ് ആര്‍ട്ടിസ്റ്റ് യൂണിയനില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായി അംഗത്വം ലഭിക്കാത്തത് മൂലം അവസരങ്ങള്‍ നഷ്ടപ്പെടുന്ന വനിത ആര്‍ട്ടിസ്റ്റുകളെ കുറിച്ചുള്ള മാതൃഭൂമി ഡോട്ട് കോം വാര്‍ത്തയ്ക്ക് ഇംപാക്ട്. മേക്കപ്പ് ആര്‍ട്ടിസ്റ്റായ മിറ്റ ആന്റണിക്ക് ഫെഫ്കയിലാണ് അംഗത്വം ലഭിച്ചത്. അംഗത്വമില്ലാത്തതിനാല്‍ നേരിട്ട അഗവണനകള് മൂലം അവസരങ്ങള്‍ നിഷേധിക്കപ്പെട്ട മിറ്റ ആന്റണിയെ കുറിച്ചും വാര്‍ത്തയില്‍ വിശദമായി പരാമര്‍ശിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ ഫെഫ്ക ഓഫീസില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റും സംവിധായകനുമായ ബി.ഉണ്ണികൃഷ്ണനാണ് അംഗത്വം കൈമാറിയത്.
"ഡബ്ല്യുസിസിയുടെ പിന്തുണ ഏറെ ഗുണം ചെയ്തു. കൂടെ എന്ന ചിത്രത്തില്‍ അജ്ഞലി മേനോന് തന്ന പിന്തുണ, സജിത മഠത്തിലിന്റെ പിന്തുണ എല്ലാം തുണയായി. മറ്റ് സ്ത്രീകള്‍ക്ക് കിട്ടാതിരുന്ന ഒരു അവസരം തനിക്ക് കിട്ടി. ചരിത്ര വിജയം തന്നെയാണിത്. എല്ലാ സ്ത്രീകള്‍ക്കുമായി സമര്‍പ്പിക്കുന്നു", മിറ്റ ആന്റണി പ്രതികരിച്ചു.

ഇതുവരെ 37-ഓളം ചിത്രങ്ങളില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിച്ച മിറ്റ ആന്റണിക്ക് മലയാളത്തില്‍ ആദ്യമായി അവസരമൊരുക്കിയത് ഡബ്ല്യു.സി.സി അംഗം കൂടിയായ അജ്ഞലി മേനോനാണ്. 2018-ല്‍ പുറത്തിറങ്ങിയ കൂടെ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാളത്തിലെ അരങ്ങേറ്റം. മറ്റൊരു അംഗമായ ശ്രുതി ശരണ്യത്തിന്റെ ചിത്രത്തിലും മിറ്റ പ്രവര്‍ത്തിച്ചിരുന്നു. ആദ്യത്തെ ചിത്രം 2013 പുറത്തിറങ്ങിയ ഒരു അറബിക് ചിത്രമായിരുന്നു.
ഉടലാഴത്തില്‍ സജിത മഠത്തിലിന്റെ കൂടെ പ്രവര്‍ത്തിക്കാന്‍ ജീവിതത്തിലെ വഴിത്തിരിവായി കാണുന്നുവെന്നും മിറ്റ കൂട്ടിച്ചേര്‍ത്തു. അംഗത്വമില്ലാത്തത് മൂലം അവസരങ്ങള്‍ നഷ്ടപ്പെടുന്ന ദുരനുഭവങ്ങള്‍ നിരവധി വനിത മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ മാതൃഭൂമിയോട് പങ്ക് വെച്ചിരുന്നു. വിഷയം പരിശോധിച്ച് വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്ന് വനിതാ കമ്മീഷനും മാതൃഭൂമി ഡോട്ട് കോമിനെ അറിയിച്ചിരുന്നു. മൂന്ന് സിനിമയില്‍ ചീഫ് മേക്കപ്പ് ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിച്ചതാണ് മിറ്റയെ അംഗത്വത്തിന് അര്‍ഹയാക്കിയതെന്ന് യൂണിയന് പ്രതികരിച്ചു.
യൂണിയനില്‍ അംഗത്വമില്ലാതിരുന്നിട്ടും രണ്ട് സിനിമകളില്‍ മിറ്റയ്ക്ക് മേക്കപ്പ് ആര്‍ട്ടിസ്റ്റായി അവസരങ്ങള്‍ ഡബ്യുസിസി ഇടപ്പെട്ട് നല്‍കിയെന്നും സജിത മഠത്തില്‍ പ്രതികരിച്ചു. മികവ് കൊണ്ടു തന്നെയാണ് അഞ്ജലി മേനോന് പോലെയുള്ള പ്രഗത്ഭരായ സംവിധായകരുടെ കീഴില്‍ പ്രവര്‍ത്തിക്കാന്‍ മിറ്റയ്ക് അവസരം ലഭിച്ചതെന്നും സജിത കൂട്ടിച്ചേര്‍ത്തു.വനിതകള്‍ക്ക് അംഗത്വം നല്‍കാത്തത് ചൂണ്ടികാട്ടി ഡബ്യുസിസി ഫെഫ്കയ്ക്ക കത്തെഴുതിയിരുന്നു. ഇതിനു വേണ്ടി സാധ്യമായ ഇടപെടലുകളും സംഘടന നടത്തിയിരുന്നു
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..