കോഴിക്കോട്: എഴുത്തുകാരി കെ.ആര്‍. മീരയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിലെ വിവാദ കമന്റില്‍ വി.ടി. ബല്‍റാം എം.എല്‍.എക്കെതിരേ പരാതി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ചൂഷണങ്ങള്‍ക്കെതിരേ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഫിലിം ജെന്‍ഡര്‍ ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസ് എന്ന കൂട്ടായ്മയാണ് എം.എല്‍.എക്കെതിരേ പരാതിയുമായി രംഗത്തെത്തിയത്. 

കെ.ആര്‍. മീരയെ ഫെയ്‌സ്ബുക്ക് കമന്റിലൂടെ അധിക്ഷേപിക്കാന്‍ ശ്രമിക്കുകയും അതിനായി അണികളോട് പരസ്യമായി ആഹ്വാനം ചെയ്യുകയും ചെയ്ത വി.ടി. ബല്‍റാമിനെതിരേ നിയമനടപടികള്‍ സ്വീകരിക്കണമെന്നാണ് കൂട്ടായ്മയുടെ ആവശ്യം.

പെരിയ ഇരട്ടക്കൊലപാതകത്തില്‍ സാംസ്‌കാരിക നായകരുടെ നിലപാടില്‍ ഇരട്ടത്താപ്പുണ്ടെന്ന് ആരോപിച്ച വി.ടി ബല്‍റാം എം.എല്‍.എക്കെതിരേ കെ.ആര്‍. മീര ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചിരുന്നു. ഈ ഫെയ്‌സ്ബുക്ക് പോസ്റ്റിന് മറുപടിയായി വി.ടി. ബല്‍റാം എം.എല്‍.എ പോസ്റ്റ് ചെയ്ത കമന്റാണ് പിന്നീട്  വിവാദമായത്. എം.എല്‍.എയുടെ കമന്റ് അശ്ലീലച്ചുവയുള്ളതാണെന്നായിരുന്നു പ്രധാന ആക്ഷേപം. 

Content Highlights: vt balram mla's comment on kr meera's facebook post, cfgcs complaint against vt balram mla