വിഴിഞ്ഞം പദ്ധതി നടപ്പാക്കുമ്പോൾ, തീരദേശത്തെ ആശ്രയിച്ചു കഴിയുന്നവരുടെ ഭാവി എന്ത്


ഡോ. വിനോദ് തോമസ്

കുടിയൊഴിപ്പിക്കേണ്ടിവന്നവരുടെ പുനരധിവാസവും ­ജീവിതോപാധി നഷ്ടപ്പെട്ടവർക്ക് അത് കണ്ടെത്തിനൽകേണ്ടതും പശ്ചാത്തലവികസന പദ്ധതിയുടെ ഉത്തരവാദിത്വമാണെന്ന ലോകമെമ്പാടുമുള്ള കീഴ്‌വഴക്കം ഇവിടെയും ബാധകമാക്കണം

Photo: PTI

വിഴിഞ്ഞം പദ്ധതിമൂലമുണ്ടാകുന്ന പരിസ്ഥിതിനാശത്തിന് പരിഹാരം ഉറപ്പുവരുത്തുകയും കിടപ്പാടം നഷ്ടപ്പെടുന്നവരുടെ അവകാശങ്ങൾ വകവെച്ചുകൊടുക്കുകയും ചെയ്താൽ മാത്രമേ 7525 കോടി മുതൽമുടക്കി വിഴിഞ്ഞത്ത് സ്ഥാപിക്കുന്ന തുറമുഖത്തെയും ടെർമിനലിനെയും ന്യായീകരിക്കാൻ കഴിയൂ. തീരദേശത്തെ ആശ്രയിച്ചു കഴിയുന്നവരുടെ സാമ്പത്തികസ്ഥിതിയും മാറുന്ന കാലാവസ്ഥയും പരിഗണിക്കുമ്പോൾ പരിസ്ഥിതിക്കാണ് ഊന്നൽനൽകേണ്ടതെന്ന് വ്യക്തമാണ്. വികസനത്തിന് തടസ്സംനിൽക്കുന്നത് രാഷ്ട്രീയമായി ദുഷ്‌കരമാണെങ്കിലും തുറമുഖവികസനവും തീരദേശപരിപാലനവും സന്തുലിതമായരീതിയിൽ കൊണ്ടുപോകാൻ ഇത്തരമൊരു സമീപനം ആവശ്യമാണ്.

സിംഗപ്പൂർ, ഷാങ്ഹായ്, ദുബായ് എന്നിവിടങ്ങളിലെ വൻതുറമുഖങ്ങൾ അവിടങ്ങളിലെ സാമ്പത്തികവളർച്ചയ്ക്ക് വഴിതെളിച്ചു എന്നത് വാസ്തവമാണ്. കിഴക്കുപടിഞ്ഞാറൻ കപ്പൽപ്പാതയോട് ചേർന്നുകിടക്കുന്നതും പ്രകൃതിദത്തമായ 20 മീറ്റർ ആഴവും വലിയ കപ്പലുകൾക്ക് അനുയോജ്യമായ ഘടനയും വിഴിഞ്ഞം തുറമുഖത്തിന്റെ മാത്രം പ്രത്യേകതയാണ്. തുറമുഖത്തിന്റെ കരാർപ്രകാരം 67 ശതമാനം ചെലവുവഹിക്കുന്ന സംസ്ഥാനസർക്കാരിന് 3.7 ശതമാനം വരവും 33 ശതമാനം മാത്രം ചെലവുവഹിക്കുന്ന കൺസെഷനയർ കമ്പനിക്ക് 15 ശതമാനം വരവും ലഭിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. വിഴിഞ്ഞത്തിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനത്തിന്റെ നേട്ടമുണ്ടായിട്ടുകൂടി റിയൽ എസ്റ്റേറ്റ് സാധ്യതകളാണ് അദാനി ഗ്രൂപ്പിന് പദ്ധതി കൂടുതൽ ആകർഷകമാക്കുന്നതെന്നാണ് മനസ്സിലാക്കുന്നത്. കേരളത്തിലെ വ്യവസായസംരംഭങ്ങൾക്ക് ഈ തുറമുഖംകൊണ്ട് എന്തെങ്കിലും നേട്ടമുണ്ടാകുമെന്നകാര്യത്തിൽ ഉറപ്പൊന്നുമില്ല.

പ്രശ്നങ്ങൾ പരിഹരിക്കേണ്ടതുണ്ട്

തീരദേശത്ത് കടൽ മണ്ണെടുത്തതുമൂലം 350-ഓളം കുടുംബങ്ങൾക്കാണ് പോയവർഷം കിടപ്പാടം നഷ്ടപ്പെട്ടത്. വിഴിഞ്ഞം പദ്ധതി നമ്മുടെ പരിസ്ഥിതിക്ക് അപരിഹാര്യമായ കോട്ടങ്ങളുണ്ടാക്കും. ലോലമായ പരിസ്ഥിതിയുള്ള പ്രദേശത്ത് വേണ്ടത്ര സുരക്ഷാക്രമീകരണങ്ങളില്ലാതെ നിർമിക്കുന്ന തുറമുഖങ്ങൾ തീരദേശത്തെ ജനങ്ങളുടെ ജീവിതോപാധികളെ മാത്രമല്ല കടലിലെ ജീവികളെയും പ്രതികൂലമായി ബാധിക്കും. കപ്പൽച്ചാലുകൾ ആഴത്തിലാക്കുന്നതുവഴി മണ്ണ് അടിഞ്ഞുകൂടലും തീരദേശത്തെ മണ്ണെടുക്കലുമൊക്കെ വർധിക്കുമെന്നതിന് വിശാഖപട്ടണം, ചെന്നൈ തുറമുഖങ്ങൾ ഉദാഹരണങ്ങളാണ്. വിഴിഞ്ഞത്ത് ഇത് കൂടുതലാകാനാണ് സാധ്യത.

സുരക്ഷാക്രമീകരണങ്ങൾ ഉറപ്പുവരുത്തിയാൽ പ്രകൃതിസംരക്ഷണവും സാമ്പത്തികവളർച്ചയും സുസ്ഥിരതയും ഒരുപോലെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയും. ബ്രേക്ക് വാട്ടർ നിർമാണം കടലിലെ ജൈവസമ്പത്തിനെ പ്രതികൂലമായി ബാധിക്കുമെന്ന് 2017-ലെ പഠനം ചൂണ്ടിക്കാട്ടുന്നുണ്ട്. അടുത്തകാലത്തെ പഠനങ്ങൾ സൂചിപ്പിക്കുന്നതുപ്രകാരം വിഴിഞ്ഞം പൂവാർ പ്രദേശം ജൈവവൈവിധ്യ കേന്ദ്രമാണ്. ഈ പ്രദേശത്തെ കടലോര സംരക്ഷണമേഖലയായി കണക്കാക്കാനാണ് പ്രസ്തുത പഠനറിപ്പോർട്ട് നിർദേശിക്കുന്നത്. ഇത്തരമൊരു സമയബന്ധിത ചട്ടക്കൂടിന്റെ അടിസ്ഥാനത്തിലാണ് പരിസ്ഥിതിയാഘാതപഠനവും ഇവിടത്തെ സസ്യ, ജീവി സമ്പത്തിനെക്കുറിച്ചുള്ള നിരീക്ഷണവും നടത്തേണ്ടത്.

പദ്ധതി നടപ്പിലാക്കുമ്പോൾ

ഏതെങ്കിലും പദ്ധതിമൂലം കുടിയൊഴിപ്പിക്കേണ്ടിവന്നവരുടെ പുനരധിവാസവും ജീവിതോപാധി നഷ്ടപ്പെട്ടവർക്ക് അത് കണ്ടെത്തിനൽകേണ്ടതും പശ്ചാത്തലവികസന പദ്ധതിയുടെ ഉത്തരവാദിത്വമാണെന്ന ലോകമെമ്പാടുമുള്ള കീഴ്‌വഴക്കം ഇവിടെയും ബാധകമാക്കണം.

സമുദ്രത്തിലെ ജൈവവൈവിധ്യത്തെ പ്രതികൂലമായി ബാധിക്കുന്ന നടപടികളുണ്ടായാൽ അതിന്റെ നഷ്ടപരിഹാരം ജീവശാസ്ത്ര, പരിസ്ഥിതിശാസ്ത്ര, സമുദ്രപഠന മേഖലകളിലെ വിദഗ്‌ധരുടെകൂടി പങ്കാളിത്തത്തോടെയുള്ള പരിസ്ഥിതിയാഘാത വിലയിരുത്തലിന്റെ ഭാഗമായി നടത്തണം.

മൂന്നാമതായി തുടർവികസന പ്രവർത്തനങ്ങളാവശ്യമായിവന്നാൽ അതിന് അനുവാദം നൽകുന്നതിന് അധികാരമുള്ള, സ്വതന്ത്രമായി പ്രവർത്തിക്കുന്ന സംവിധാനം രൂപവത്‌കരിക്കണം. ഇവരായിരിക്കണം അവശ്യമായിവരുന്ന സുരക്ഷാസംവിധാനത്തെക്കുറിച്ച് നിർദേശിക്കേണ്ടത്.

കേരളത്തിന്റെ പരിസ്ഥിതിക്ക് അനുകൂലമായരീതിയിൽ പദ്ധതിയിൽ മാറ്റംവരുത്തണം. അതിന് നിയമപരമായ പരിരക്ഷ ലഭിക്കുന്ന കവനന്റിൽ ഏർപ്പെട്ടശേഷമേ പദ്ധതി തുടരാവൂ.

ലോകബാങ്കിന്റെ ഇൻഡിപെൻഡന്റ് ഇവാല്വേഷൻ മുൻ സീനിയർ വൈസ് പ്രസിഡന്റും ഏഷ്യൻ ഡെവലപ്‌മെന്റ്‌ ബാങ്കിന്റെ ഇൻഡിപെൻഡന്റ് ഇവാല്വേഷൻ മുൻ ഡയറക്ടർ ജനറലുമാണ് ലേഖകൻ

Content Highlights: Vizhinjam Project and after effects


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented