പ്രതീകാത്മക ചിത്രം | മാതൃഭൂമി
ന്യൂഡല്‍ഹി: ബലാത്സംഗം, പീഡനം, തട്ടിക്കൊണ്ടുപോകല്‍ എന്നിവയുള്‍പ്പെടെ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ റെക്കോഡിട്ട് രാജ്യതലസ്ഥാനം. ഈ വര്‍ഷം ജൂണ്‍ 15 വരെ 962 പീഡനക്കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 1100 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ജൂണ്‍ 15 വരെ ഇതേ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്തതാകട്ടെ 833 കേസുകളും. അറസ്റ്റിലായതാകട്ടെ 926 പേരും.
11 ശതമാനത്തിന്റെ വര്‍ധനയാണ് കേസുകളുടെ എണ്ണത്തിലുണ്ടായിരിക്കുന്നത്. 1271 അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ കഴിഞ്ഞവര്‍ഷം ഇതേസമയത്ത് 1022 കേസുകളാണുണ്ടായിരുന്നത്.
തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് ഈ വര്‍ഷം ഇതുവരെ 1909 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 150 പേരെ അറസ്റ്റ് ചെയ്തു. കേസുകളില്‍ ഏകദേശം ഒന്‍പത് ശതമാനം വര്‍ധനയുണ്ട്. ഈ വര്‍ഷം 2256 ഗാര്‍ഹിക പീഡനക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം ഇത് 1712 ആയിരുന്നു. ഈ വര്‍ഷം 1543 പേരെ അറസ്റ്റ് ചെയ്തപ്പോള്‍ കഴിഞ്ഞവര്‍ഷം അറസ്റ്റിലായത് 965 പേരാണ്.
പൂവാലശല്യവുമായി ബന്ധപ്പെട്ട് ഈ വര്‍ഷം 192 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇത് 192 ആയിരുന്നു. പൂവാല ശല്യകേസുകളില് കഴിഞ്ഞവര്‍ഷം 227 പേരും ഈ വര്‍ഷം 212 പേരും അറസ്റ്റിലായി. സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട് ആകെ ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത് അഞ്ച് കേസുകളാണ്. കഴിഞ്ഞവര്‍ഷം ഇത് ഏഴായിരുന്നു. കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും ഈ കേസില്‍ നാല് അറസ്റ്റാണുണ്ടായിരിക്കുന്നത്.
ഹെല്പ് ലൈന്‍ നമ്പര്‍ ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ പോലീസ് നടപ്പാക്കിയിട്ടും രാജ്യതലസ്ഥാനത്തെ സ്ത്രീകള്‍ക്ക് ജീവനുറപ്പിച്ച് നടക്കാനും ജീവിക്കാനുമാവില്ല എന്നതാണ് കണക്കുകള്‍ തെളിയിക്കുന്നതെന്ന് ജനങ്ങള്‍ പറയുന്നു. വിവാദങ്ങളുണ്ടായിട്ടുപോലും സ്ത്രീകളുടെ സുരക്ഷയ്ക്കായി ഒന്നും ചെയ്യുന്നില്ലെന്നതാണ് സുരക്ഷ ഉറപ്പാക്കേണ്ട ഡല്‍ഹി പോലീസിന്റെ റിപ്പോര്‍ട്ട്തന്നെ പറയുന്നത്. തെക്കന്‍ ഡല്‍ഹിയിലെ അതിസമ്പന്ന മേഖലയില്‍മാത്രം ദിവസവും രണ്ട് സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരയാകുന്നുവെന്നാണ് പോലീസിന്റെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്.
സ്ത്രീകള്‍ക്കുനേരെയുള്ള കുറ്റകൃത്യങ്ങളില്‍ വര്‍ധനയുണ്ടായിട്ടുണ്ടെങ്കിലും കൃത്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതാണ് കേസിലെ വര്‍ധനയ്ക്ക് കാരണമെന്ന് ഡല്‍ഹി പോലീസ് പ്രതികരിച്ചു. 2021ലെ കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കൂടുതല്‍ കേസുകളില്‍ നടപടിയെടുക്കുകയും പ്രതികള്‍ അറസ്റ്റിലാവുകയും ചെയ്തിട്ടുണ്ട്. സ്ത്രീകളെ സഹായിക്കാന്‍ വനിതാ ജീവനക്കാരുള്ള പിങ്ക് ബൂത്തുകള്‍ ഉള്‍പ്പെടെ സ്ത്രീസുരക്ഷ ലക്ഷ്യമിട്ട് വിവിധ സംരംഭങ്ങള്‍ സ്വീകരിച്ചതായി ഡല്‍ഹി പോലീസ് അവകാശപ്പെട്ടു. ആവശ്യമായ നിയമ സഹായങ്ങളും ലഭ്യമാക്കുന്നുണ്ട്. തിരക്കേറിയ സ്ഥലങ്ങളിലും സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും പുറത്ത് വനിതാ പട്രോളിങ് സംഘത്തെ നിയമിച്ചിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..