Representative image/Canva
ന്യൂഡൽഹി: പട്ടിക ജാതി-വർഗ വിഭാഗക്കാർക്കെതിരായ കുറ്റകൃത്യങ്ങളിൽ സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കി ശിക്ഷാനടപടി ഉറപ്പുവരുത്തണമെന്ന് കേന്ദ്രസർക്കാർ.
പരാതികളിൽ ഉടൻ എഫ്.ഐ.ആർ. രജിസ്റ്റർചെയ്യാനും രണ്ടുമാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാനും ആഭ്യന്തര സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കത്തെഴുതി. എഫ്.ഐ.ആർ. രജിസ്റ്റർചെയ്തശേഷം അന്വേഷണം രണ്ടുമാസത്തിലധികം വൈകിയാൽ ഇതിനായി പ്രത്യേക ഡെപ്യൂട്ടി സൂപ്രണ്ടുമാരെ നിയമിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.
കുറ്റകൃത്യങ്ങളുടെ വിചാരണ വൈകുന്നത് ജില്ലാതലത്തിലും സംസ്ഥാനതലത്തിലും മൂന്നുമാസത്തിലൊരിക്കൽ അവലോകനസമിതി പരിശോധിക്കണം. സെഷൻസ് ജഡ്ജിയുടെ അധ്യക്ഷതയിൽ കളക്ടർ, പോലീസ് സൂപ്രണ്ട്, പബ്ലിക് പ്രോസിക്യൂട്ടർ എന്നിവർ പ്രതിമാസം യോഗവും ചേരണം.
വേഗത്തിലുള്ള വിചാരണയ്ക്കായി പോലീസ് ഉദ്യോഗസ്ഥരും ഔദ്യോഗിക സാക്ഷികളും ഉൾപ്പെടെ എല്ലാ പ്രോസിക്യൂഷൻ സാക്ഷികളെയും കൃത്യസമയത്ത് ഹാജരാക്കാൻ നടപടിയും സംരക്ഷണവും ജില്ലാ പോലീസ് സൂപ്രണ്ട് ഉറപ്പാക്കണം. എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യുന്നതുമുതൽ കോടതി കേസ് തീർപ്പാക്കുന്നതുവരെ പോലീസ് സൂപ്രണ്ടിന്റെ മേൽനോട്ടം നിർബന്ധമായി ഉണ്ടാകണം. ദേശീയ പട്ടികജാതി-പട്ടികവർഗ കമ്മിഷൻ ഉൾപ്പെടെയുള്ളവരിൽനിന്ന് ലഭിക്കുന്ന അതിക്രമറിപ്പോർട്ടുകളിൽ തുടർനടപടി സംസ്ഥാന സർക്കാരുകൾ ഉറപ്പാക്കണം.
പട്ടികവിഭാഗക്കാരുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ പ്രതിരോധനടപടികൾ സ്വീകരിക്കുന്നതിന് അതിക്രമസാധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്തണം. ഇത്തരം പ്രദേശങ്ങളിലെ പോലീസ് സ്റ്റേഷനുകളിലും പോലീസുകാർക്കും അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
വേഗത്തിലുള്ള നടപടികൾക്കായി 1989-ലെ പട്ടിക ജാതി-വർഗ നിയമം 2015-ൽ സർക്കാർ ഭേദഗതി ചെയ്തിരുന്നു. പട്ടികവിഭാഗക്കാരെ ആക്ഷേപിക്കാൻ തല മൊട്ടയടിക്കുക, മീശ വടിക്കുക തുടങ്ങിയവ കുറ്റകൃത്യങ്ങളായി ചേർത്ത് ശിക്ഷ കഠിനമാക്കി.
പ്രത്യേക കോടതികളും വേഗത്തിലുള്ള വിചാരണയും നിയമത്തിൽ ഉൾപ്പെടുത്തി. എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാൻ പ്രാഥമിക അന്വേഷണത്തിന്റെയോ അറസ്റ്റിന് പ്രത്യേക അധികാരികളുടെയോ ആവശ്യമില്ലെന്നും വ്യക്തമാക്കി 2018-ൽ ഭേദഗതിയും വരുത്തിയിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..