ഭോപ്പാല്‍: മിടൂ കാമ്പയിനിലൂടെ സ്ത്രീകള്‍ നടത്തിയ വെളിപ്പെടുത്തലുകളെ അപഹസിച്ച് ബിജെപി എംഎല്‍ എ ഉഷ ഥാക്കൂര്‍. കാര്യലാഭത്തിനു വേണ്ടി ധാര്‍മ്മികതയില്‍ വിട്ടുവീഴ്ച ചെയ്ത ശേഷം ആരോപണങ്ങള്‍ ഉന്നയിച്ചിട്ട് കാര്യമില്ലെന്നാണ് ബിജെപി എംഎല്‍എ ആരോപിച്ചത്.  കേന്ദ്രമന്ത്രി എംജെ അക്ബറിനെതിരേ ഒട്ടേറെ വനിത മാധ്യമ പ്രവര്‍ത്തകര്‍ ലൈംഗിക ആരോപണം ഉന്നയിച്ച സാഹചര്യത്തിലാണ് ബിജെപി വനിത നേതാവിന്റെ പ്രതികരണം.  മിടൂകാമ്പയിനിന്റെ ഭാഗമായി ഉയരുന്ന വെളിപ്പെടുത്തലുകള്‍ സംശയാസ്പദമാണെന്നും അവര്‍ ആരോപിച്ചു.

"സ്ത്രീ ശാക്തീകരണം ഉണ്ടാവേണ്ടതുണ്ട്. സ്ത്രീകള്‍ എല്ലാ മേഖലകളിലും അവരുടെ പ്രാഗത്ഭ്യം തെളിയിക്കേണ്ടതുണ്ട്. പക്ഷെ കാര്യലാഭത്തിനു വേണ്ടി ധാര്‍മ്മികതയില്‍ വിട്ടുവീഴ്ച ചെയ്ത ശേഷം ആരോപണങ്ങള്‍ ഉന്നയിച്ചിട്ട് കാര്യമില്ല. ആ വിജയത്തിന് അര്‍ഥമില്ല. ലൈംഗികാതിക്രമത്തിന് വിധേയരായവര്‍ക്കൊപ്പം തന്നെയാണ് ഞങ്ങളെല്ലാം.  പക്ഷെ അഞ്ചും പത്തും വര്‍ഷങ്ങള്‍ക്ക് ശേഷം ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതാണ് എനിക്ക് മനസ്സിലാവാത്ത കാര്യം", ഉഷ ഥാക്കൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.


ഇന്‍ഡോറില്‍ നിന്ന് നിയമസഭയിലെത്തിയ ഥാക്കൂര്‍ പ്രസ്താവന പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത് വന്നിട്ടുണ്ട്.  മാധ്യമങ്ങളെ സമീപിക്കുകയല്ല പകരം പോലീസിനെ കണ്ട് എഫ് ഐആര്‍ ഫയല്‍ ചെയ്യാനുള്ള നടപടികളാണ് കൈക്കൊള്ളേണ്ടതെന്നും മീടൂ കാമ്പയിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായി അവര്‍ പറഞ്ഞു.