Ketanji Brown Jackson | Photo: AFP
അമേരിക്കന്‍ സുപ്രീം കോടതി ജസ്റ്റിസായി കെതാന്‍ജി ബ്രൗണ്‍ ജാക്‌സണ്‍ നിയമിക്കപ്പെട്ടു. ഇതോടെ സുപ്രീം കോടതി ജസ്റ്റിസ് പദവിയിലെത്തുന്ന ആദ്യ കറുത്ത വര്‍ഗക്കാരിയായി കെതാന്‍ജി ബ്രൗണ്‍ ജാക്‌സണ്‍. വാഷിംഗ്ടണിലെ ഫെഡറല്‍ അപ്പീല്‍ കോടതിയില്‍ ജഡ്ജിയാണ് കെതാന്‍ജി ബ്രൗണ്‍
കെതാന്‍ജി ബ്രൗണ്‍ ജാക്സണിന്റെ നിയമനം വ്യാഴാഴ്ചയാണ് യു.എസ്. സെനറ്റ് അംഗീകരിച്ചത്. 47നെതിരെ 53 വോട്ടുകള്‍ നേടി നീണ്ട കരഘോഷത്തോടെയാണ് കെതാന്‍ജി ബ്രൗണ്‍ തെരഞ്ഞെടുക്കപ്പെട്ടത്. വൈസ് പ്രസിഡന്റ് കമലാഹാരിസിന്റെ അധ്യക്ഷതയിലാണ് വോട്ടെടുപ്പ് നടന്നത്.
അമേരിക്കയ്ക്ക് ഇത് ചരിത്രനിമിഷമെന്നാണ് കെതാന്‍ജി ബ്രൗണിന്റെ നിയമനത്തെ പ്രസിഡന്റ് ജോ ബൈഡന്‍ വിശേഷിപ്പിച്ചത്. വൈറ്റ് ഹൗസില്‍ ബൈഡനൊപ്പമാണ് കെതാന്‍ജി ബ്രൗണ്‍ വോട്ടെടുപ്പ് തത്സമയം വീക്ഷിച്ചത്. സുപ്രീം കോടതിയില്‍ ആദ്യത്തെ കറുത്ത സ്ത്രീ ജസ്റ്റിസിനെ നാമനിര്‍ദ്ദേശം ചെയ്യുമെന്ന ബൈഡന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം കൂടിയാണ് ഇതോടെ നിറവേറിയത്.
സെനറ്റിനും സുപ്രീം കോടതിക്കും യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയ്ക്കും ഇത് ആനന്ദത്തിന്റെയും പ്രചോദനത്തിന്റെയും ദിവസമെന്നാണ് സെനറ്റ് ഭൂരിപക്ഷ നേതാവ് ചക് ഷൂമര്‍ അഭിപ്രായപ്പെട്ടത്.
കെതന്‍ജി ബ്രൗണ്‍ ജാക്സണ് അഭിനന്ദനമറിയിച്ച് അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബറാക് ഒബാമയും രംഗത്തെത്തി. കതാന്‍ജി ബ്രൗണ്‍ ജാക്സണിന്റെ ശബ്ദവും സുപ്രീം കോടതി ബെഞ്ചിലെ സാന്നിധ്യവും അമേരിക്കയെ കൂടുതല്‍ മികച്ച ഒരു രാജ്യമാക്കി മാറ്റുമെന്നും മബാമ പ്രത്യാശിച്ചു
നിലവിലെ സുപ്രീം കോടതി ജസ്റ്റിസ് സ്റ്റീഫന്‍ ബ്രെയര്‍ വിരമിച്ചതിന് ശേഷം ജൂണിലോ ജൂലൈ ആദ്യവാരമോ കെതാന്‍ജി ബ്രൗണ്‍ സ്ഥാനമേല്‍ക്കും. ഭയമോ പ്രീതിയോ കൂടാതെ നിയമം നടപ്പാക്കുമെന്ന് അവര്‍ സെനറ്റര്‍മാരോട് പറഞ്ഞു
അമേരിക്കന്‍ സുപ്രീം കോടതിയുടെ ചരിത്രത്തിലാദ്യമായി ഒന്‍പത് ജസ്റ്റിസുമാരില്‍ നാല് പേരും ഇത്തവണ വനിതകളാണ്. സോണിയ സോട്ടോമേയര്‍, എലീന കേഗന്‍, ആമി കോണി ബാരറ്റ് എന്നിവരാണ് മറ്റ് മൂന്ന് പേര്‍
തുര്‍ഗൂഡ് മാര്‍ഷലിനും ക്ലാരന്‍സ് തോമസിനും ശേഷം മൂന്നാമത്തെ കറുത്ത ജസ്റ്റിസും ആറാമത്തെ വനിതാ ജസ്റ്റിസുമാണ് കെതാന്‍ജി ബ്രൗണ്‍ ജാക്‌സണ്‍. ഒരു സ്വകാര്യ നിയമ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന കെതാന്‍ജി ബ്രൗണ്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ പബ്ലിക് ഡിഫന്‍ഡറായും യുഎസ് ശിക്ഷാ കമ്മീഷന്‍ അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Content Highlights: US Senate Confirms Ketanji Brown Jackson as First Black Woman to Supreme Court
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..