തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടികളിലെ ഗുണഭോക്താക്കള്‍ക്ക് മില്‍മയുടെ യു.എച്ച്.ടി. (Ultra-high temperature processing) പാല്‍ നല്‍കാന്‍ തീരുമാനമായി. ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചതാണിത്. മില്‍മ വഴിയാണ് അങ്കണവാടികളില്‍ യു.എച്ച്.ടി. മില്‍ക്ക് വിതരണം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. 

സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെ സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായാണ് അങ്കണവാടികള്‍ വഴി പാല്‍ വിതരണം ചെയ്യുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സഹകരണത്തോടെ സപ്ലിമെന്ററി ന്യൂട്രീഷ്യന്‍ പ്രോഗ്രാമിന്റെ കീഴിലായിരിക്കും ഇത് നടപ്പിലാക്കുക. ഈ പരിപാടിയുടെ ഭാഗമായി പഞ്ചായത്തുകള്‍ക്ക് തുക അനുവദിക്കുന്നതാണ്.

180 മില്ലിലിറ്റര്‍ ഉള്‍ക്കൊള്ളുന്ന പാക്കറ്റുകളിലാണ് യു.എച്ച്.ടി. മില്‍ക്ക് എത്തുന്നത്. അള്‍ട്രാ പാസ്ചറൈസേഷന്‍ ഫുഡ് പ്രോസസ് ടെക്നോളജി ഉപയോഗിച്ച് നിര്‍മ്മിക്കുന്ന യു.എച്ച്.ടി. മില്‍ക്ക് 135 ഡിഗ്രി ഊഷ്മാവിലാണ് സംസ്‌കരിക്കുന്നത്. റെഫ്രിജറേറ്ററിന്റെ ആവശ്യമില്ലാതെ സാധാരണ ഊഷ്മാവില്‍ മൂന്ന് മാസം വരെ കേടുകൂടാതെ സൂക്ഷിക്കാന്‍ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത. തിളപ്പിക്കാതെ തന്നെ ഉപയോഗിക്കാന്‍ കഴിയുന്ന അണുവിമുക്തമായ പാലാണിത്. അതിനാല്‍ തന്നെ അങ്കണവാടികളില്‍ ഉപയോഗിക്കാന്‍ ഇത് ഏറെ സൗകര്യപ്രദമാണെന്നും മന്ത്രി വ്യക്തമാക്കി.

content highlights: UHT milk in Ankanvadis, says Minister KK Shailaja