പ്രതീകാത്മകചിത്രം
കൊച്ചി: തിളച്ചുമറിയുന്ന ചൂടിലും കാർ പാർക്കിങ്ങിൽ ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാരെ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? ത്രീ പീസ് സ്യൂട്ടും ക്രോസ് ബെൽറ്റും ഫുൾ സ്ലീവും തൊപ്പിയുമിട്ട് നടക്കുന്ന മനുഷ്യരെ ശ്വാസംമുട്ടിക്കുന്ന യൂണിഫോമിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ? കാലാവസ്ഥയ്ക്ക് ചേരാത്ത യൂണിഫോമുകളുടെ ബുദ്ധിമുട്ടുകളെക്കുറിച്ചു നമ്മൾ സംസാരിച്ചു തുടങ്ങേണ്ട സമയമായെന്ന് പറയുകയാണ് സാമൂഹികപ്രവർത്തകയും ഫാഷൻ ഡിസൈനറുമായ ലക്ഷ്മി മേനോൻ. പ്രളയകാലത്ത് അതിജീവനത്തിന്റെ പ്രതീകമായി മാറിയ ചേക്കുട്ടി പാവയെന്ന ആശയത്തിനു പിന്നിൽ പ്രവർത്തിച്ച വ്യക്തിയാണ് ഇവർ. സെക്യൂരിറ്റി ജീവനക്കാരുടെ തൊഴിൽ സൗഹാർദമല്ലാത്ത യൂണിഫോമുകൾ പരിഷ്‌കരിക്കേണ്ട സമയം അതിക്രമിച്ചുവെന്നും അവർ പറയുന്നു.
ഇത് ലക്ഷ്യമിട്ടാണ് ലക്ഷ്മിയുടെ നേതൃത്വത്തിൽ ‘ട്രാൻസ്‌ഫോം എ യൂണിഫോം’ കാമ്പയിൻ തുടങ്ങിയത്. സാധാരണക്കാരും അസംഘടിതരുമായ ഒരുപറ്റം മനുഷ്യരുടെ ജീവിതപ്രശ്നങ്ങളിലേക്കു കൂടിയാണ് കാമ്പയിൻ സംസാരിക്കുന്നത്. ഇത്രയധികം ഡിസൈനർമാരും സാമൂഹിക പ്രവർത്തകരും നമുക്കു ചുറ്റുമുണ്ടായിട്ടും അടിസ്ഥാനവർഗ പ്രശ്നങ്ങളിലേക്ക് നമ്മൾ ശ്രദ്ധ വെക്കാതെ പോകുന്നുണ്ട്.
ഫാഷൻ എന്നാൽ മാറ്റവും സാമൂഹിക ഉത്തരവാദിത്വവും കൂടിയാണെന്നുറപ്പിച്ചുകൊണ്ടാണ് ലക്ഷ്മി തന്റെ കാമ്പയിൻ ശക്തമായി മുന്നോട്ടുവെക്കുന്നത്. 2019-ൽ ബോൾഗാട്ടി ഡിസൈൻ വീക്കിൽ തുടക്കമിട്ട കാമ്പയിൻ കോവിഡിൽ മങ്ങിയെങ്കിലും ഉറച്ച നിലപാടുമായി വീണ്ടും ശക്തി പ്രാപിക്കുകയാണ്.
ആർക്കും പങ്കെടുക്കാം
പൊതുജന ബോധവത്കരണമാണ് കാമ്പയിന്റെ പ്രധാന ലക്ഷ്യം. മനുഷ്യത്വപരവും കാലാവസ്ഥയ്ക്ക് അനുയോജ്യമായതും സെക്യൂരിറ്റിയെന്ന ജോലിയുടെ മഹത്ത്വം നിലനിർത്തുന്നതുമായ യൂണിഫോമുകൾ ആർക്കും ഡിസൈൻ ചെയ്ത് കാമ്പയിനിൽ മത്സരിക്കാം. സെയ്ന്റ് തെരേസാസ് കോളേജുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. തിരഞ്ഞെടുക്കുന്ന യൂണിഫോം സ്വകാര്യ യൂണിഫോം കമ്പനി വിപണിയിൽ ഡിസൈൻ ചെയ്തിറക്കും. സെപ്റ്റംബർ ഒന്നാണ് ഡിസൈനുകൾ ലഭിക്കേണ്ട അവസാന തീയതി. ഡിസൈനുകൾ അയയ്ക്കേണ്ട ഫോൺ: 8330021192.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..