ദേശീയപാതയിൽ വടകര പുതിയ സ്റ്റാൻഡിന് സമീപത്തെ ടേക്ക് എ ബ്രേക്ക് കേന്ദ്രം
വടകര: ജില്ലാതിര്‍ത്തിയായ അഴിയൂര്‍ മുതല്‍ രാമനാട്ടുകരവരെ ഒരു യാത്ര പോകാം. കൃത്യം 72 കിലോമീറ്റര്‍ ദൂരം. ഈ ദൂരത്തിനിടയില്‍ ആശങ്കയില്ലാതെ കയറാന്പറ്റിയ എത്ര പൊതുശൗചാലയങ്ങളുണ്ട്. ഞെട്ടേണ്ട... രണ്ടോ, മൂന്നോ മാത്രം. ദിവസം അരലക്ഷത്തോളം വാഹനങ്ങള്‍ കടന്നുപോകുന്ന പാതയിലാണ് ഈ ദുഃസ്ഥിതി. ടേക്ക് എ ബ്രേക്ക് പദ്ധതി പ്രകാരം സ്ഥാപിച്ച വഴിയോരവിശ്രമകേന്ദ്രങ്ങളിലെ ശൗചാലയങ്ങള്‍ മാത്രമാണ് മനുഷ്യസൗഹൃദമെന്ന് പറയാനാവുക.
അഴിയൂരിനും രാമനാട്ടുകരയ്ക്കും ഇടയില്‍ ദേശീയപാതയില്‍ പ്രവര്‍ത്തനസജ്ജമായത് ഇത്തരം മൂന്നുകേന്ദ്രങ്ങള്‍ മാത്രമാണ്. വടകരയിലും കൊയിലാണ്ടിയിലും ചോറോടിലും. ചോറോട് പഞ്ചായത്തിലെ കേന്ദ്രം ദേശീയപാതയില്‍നിന്ന് അല്പം മാറിയായതിനാല്‍ യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെടാറില്ല. മറ്റ് ടേക്ക് എ ബ്രേക്ക് കേന്ദ്രങ്ങള്‍ നിര്‍മാണത്തിന്റെ പല ഘട്ടങ്ങളിലാണ്. അഴിയൂര്‍മുതല്‍ രാമനാട്ടുകരവരെയുള്ള സ്ഥലത്ത് ദേശീയപാത ആറുവരിയാക്കുന്ന പ്രവൃത്തി ഊര്‍ജിതമായി നടക്കുകയാണ്. റോഡരികിലെ നൂറുകണക്കിന് കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നു. ഇതുവരെ ദീര്‍ഘദൂരയാത്രക്കാര്‍ക്ക് ആശ്വാസമേകിയിരുന്നത് ഇത്തരം കെട്ടിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ഹോട്ടലുകളിലെയും മറ്റും ശൗചാലയങ്ങളായിരുന്നു.
ഇതെല്ലാം പൊളിക്കുകയും പൊതുശൗചാലയങ്ങള്‍ ഇല്ലാതിരിക്കുകയും ചെയ്യുമ്പോള്‍ ഇനിയുള്ള നാളുകളില്‍ ദേശീയപാതായാത്രക്കാര് ആ 'ശങ്ക' തീര്‍ക്കാന്‍ നെട്ടോട്ടമോടേണ്ടിവരും. ടേക്ക് എ ബ്രേക്ക് കേന്ദ്രങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ദേശീയപാതയോരത്തെങ്കിലും നിര്‍മിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്. എന്നാല്‍, ദേശീയപാതാനവീകരണം തുടങ്ങിയതോടെ സ്ഥലം കണ്ടെത്തുന്നതിനും പ്രവൃത്തിക്കുമെല്ലാം പലയിടത്തും തടസ്സങ്ങളുണ്ട്. പ്രവൃത്തി പൂര്‍ത്തിയായശേഷം യോജിച്ചസ്ഥലം കണ്ടെത്തി നിര്‍മിച്ചാല്‍ മാത്രമേ യാത്രക്കാര്‍ക്ക് ഉപകാരപ്പെടൂ എന്ന വാദവും ഉയരുന്നുണ്ട്.
ഇതാണ് അവസ്ഥ
കണ്ണൂരും മാഹിയും പിന്നിട്ട് ജില്ലയിലേക്ക് പ്രവേശിച്ചാല്‍ ആദ്യത്തെ പഞ്ചായത്താണ് അഴിയൂര്‍. ഇവിടെ ദേശീയപാതയോരത്ത് എവിടെയും പൊതുശൗചാലയങ്ങളില്ല. ടേക്ക് എ ബ്രേക്ക് പദ്ധതിപ്രകാരം വഴിയോരവിശ്രമകേന്ദ്രം നിര്‍മിക്കാന്‍ ഫണ്ട് വകയിരുത്തിയെങ്കിലും യോജിച്ച സ്ഥലം കണ്ടെത്തിയിട്ടില്ല. അഴിയൂര്‍ വിട്ട് ഒഞ്ചിയം പഞ്ചായത്തിലേക്ക് പ്രവേശിച്ചാല്‍ ഇതുതന്നെ സ്ഥിതി. ഇവിടത്തെ ടേക്ക് എ ബ്രേക്ക് കേന്ദ്രം മുട്ടുങ്ങല്പക്രന്തളം റോഡിലെ വെള്ളികുളങ്ങരയിലാണ്. നാദാപുരം റോഡിലെ വാഗ്ഭടാനന്ദ പാര്‍ക്കില്‍ മികച്ച ശൗചാലയങ്ങളുണ്ടെങ്കിലും ദേശീയപാതയില്‍നിന്ന് അല്പം മാറിയുമാണിത്.
വടകര നഗരസഭാപരിധിയില്‍ പുതിയ സ്റ്റാന്‍ഡിനു സമീപമുള്ള വിശ്രമകേന്ദ്രം യാത്രക്കാര്‍ക്ക് ആശ്വാസമാണ്. കുടുംബശ്രീക്കാണ് നടത്തിപ്പുചുമതല. വൃത്തിയും വെടിപ്പുമുള്ള ശൗചാലയങ്ങള്‍ക്കു പുറമേ കോഫീബൂത്തും മുലയൂട്ടല്‍ കേന്ദ്രവുമെല്ലാം ഇവിടെയുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തനമില്ലെന്നതാണ് പോരായ്മ. മൂരാടില്‍ ഒരുകേന്ദ്രംകൂടി തുടങ്ങാന്‍ ലക്ഷ്യമിട്ടുവെങ്കിലും ദേശീയപാതനവീകരണം നടക്കുന്നതിനാല്‍ ഇത് മാറ്റിവെച്ചു. പയ്യോളി നഗരസഭാപരിധിയില്‍ ഇരിങ്ങല്‍ റെയില്‍വേ സ്റ്റേഷന് റോഡില്‍ ഒരു ടേക്ക് എ ബ്രേക്ക് കേന്ദ്രം ഒരുങ്ങുന്നുണ്ട്. പിന്നെയുള്ളത് പയ്യോളി ബസ്സ്സ്റ്റാന്‍ഡിലെ ശൗചാലയമാണ്. ഇത് അത്ര സ്ത്രീസൗഹൃദമല്ല.
തിക്കോടിയിലും നന്തിയിലും മൂടാടിയിലുമൊന്നും പൊതുശൗചാലയങ്ങളേയില്ല. കൊയിലാണ്ടി ടൗണിലെ ടേക്ക് എ ബ്രേക്ക് കേന്ദ്രം മികച്ചരീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ദിവസം 200ഓളം യാത്രക്കാര്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്. വൈകാതെത്തന്നെ 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കും. കൊയിലാണ്ടി നഗരസഭയില്‍ കണയങ്കോടും കൊല്ലം ആനക്കുളത്തും ഓരോ കേന്ദ്രംകൂടി പണിയാന്‍ പദ്ധതിയുണ്ട്. ചേമഞ്ചേരിയില്‍ വിശ്രമകേന്ദ്രം നിര്‍മാണം പൂര്‍ത്തിയായി.
അടുത്തമാസത്തോടെ തുറക്കും. ചെങ്ങോട്ടുകാവിലും ഒരുകേന്ദ്രം നിര്‍മാണഘട്ടത്തിലാണ്. കോഴിക്കോട് ബൈപ്പാസില്‍ എവിടെയും പൊതുശൗചാലയങ്ങള്‍ ഇല്ലെന്നതാണ് ഏറെ വിചിത്രം. ടേക്ക് എ ബ്രേക്ക് കേന്ദ്രങ്ങളും ഇവിടെയില്ല. യോജിച്ച സ്ഥലം കിട്ടാത്തതാണ് പ്രശ്നം. ഹോട്ടലുകളിലെ ശൗചാലയങ്ങളെയാണ് ഇവിടെ യാത്രക്കാര്‍ ആശ്രയിക്കുന്നത്.
വേണ്ടത് ടേക്ക് എ ബ്രേക്ക് മാതൃക
പൊതുശൗചാലയങ്ങളെന്ന് കേള്‍ക്കുമ്പോള്‍ പൊതുവേ മനസ്സില്‍ വരുന്നൊരു ചിത്രമുണ്ട്. ദുര്‍ഗന്ധം വമിക്കുന്ന, വൃത്തിയും വെടിപ്പുമില്ലാത്ത കേന്ദ്രങ്ങള്‍. ഇതിന് അപവാദമാണ് ടേക്ക് എ ബ്രേക്ക് കേന്ദ്രങ്ങള്‍. വൃത്തിയും വെടിപ്പുമുള്ള സ്ത്രീസൗഹൃദ ഭിന്നശേഷീ സൗഹൃദ ശൗചാലയങ്ങള്‍, അമ്മമാര്‍ക്ക് മുലയൂട്ടല്‍ കേന്ദ്രം, കോഫീ ബൂത്ത്... കുടുംബശ്രീ നേതൃത്വത്തിലാണ് മിക്കയിടത്തും നടത്തിപ്പ് എന്നതിനാല്‍ വൃത്തിയില്‍ ഒരു വീട്ടുവീഴ്ചയുമില്ല. ഈ സൗകര്യങ്ങളൊക്കെ ഉണ്ടായിട്ടും പക്ഷേ, ഇത് ഉപയോഗപ്പെടുത്തുന്ന യാത്രക്കാര്‍ കുറവാണ്. ഇത്തരം കേന്ദ്രങ്ങളെക്കുറിച്ച് അറിയാത്തതാണ് പ്രശ്നം.
തിരക്കേറിയ സ്ഥലത്തായിരുന്നിട്ടുകൂടി വടകരയിലെ കേന്ദ്രത്തില്‍ ഒരുദിവസം എത്തുന്നത് അമ്പതിനും നൂറിനും മധ്യേ പേരാണ്. ചോറോടിലെ കേന്ദ്രത്തിലും വളരെകുറച്ചുപേര്മാത്രമാണ് എത്തുന്നത്. യാത്രക്കാരും ഈ കേന്ദ്രങ്ങളെ ഉപയോഗപ്പെടുത്തിയാല്‍ മാത്രമേ നടത്തിപ്പ് സുഗമമാകൂ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..