പ്രതീകാത്മക ചിത്രം | ഫോട്ടോ:സജീവൻ എൻ.എൻ
തിരുവനന്തപുരം: അങ്കണവാടി, ആശാ വർക്കർമാർ, പ്രീപ്രൈമറി അധ്യാപകർ, പാചകത്തൊഴിലാളികൾ, സാക്ഷരതാ പ്രവർത്തകർ എന്നിവരുടെ വേതനപ്രശ്നങ്ങൾ പരിഹരിക്കുമെന്ന് ധനമന്ത്രി കെ. ബാലഗോപാൽ. എം.എൽ.എ. മാർക്ക് മണ്ഡലത്തിൽ ഒരു ഗ്രാമവണ്ടിക്ക് പ്രത്യേക വികസനഫണ്ടിൽനിന്ന് തുക അനുവദിക്കും. പട്ടയം മിഷന് രണ്ടുകോടി രൂപ നൽകുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
നീര കമ്പനികളുടെ പുനരുദ്ധാരണം: പാക്കേജ് തയ്യാറാക്കും
തിരുവനന്തപുരം: നീര കമ്പനികളുടെ പുനരുദ്ധാരണത്തിന് സർക്കാർ പ്രത്യേക പാക്കേജ് തയ്യാറാക്കുന്നതായി മന്ത്രി പി. പ്രസാദ് നിയമസഭയിൽ പറഞ്ഞു. പദ്ധതി തയ്യാറാക്കാൻ കേരഫെഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നീര ഉത്‌പാദനം നിലച്ചതോടെ സംസ്ഥാനത്ത് 27 നീര കമ്പനികൾ സാമ്പത്തിക പ്രതിസന്ധിയിലാണ്. എട്ട് കമ്പനികൾ ജപ്തി നടപടി നേരിടുകയുമാണ്.
ഗ്രാമവണ്ടിക്ക് ദേശീയ അംഗീകാരം
കെ.എസ്.ആർ.ടി.സി.യുടെ ഗ്രാമവണ്ടി പദ്ധതി ദേശീയതലത്തിൽ നടപ്പാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതായി മന്ത്രി ആന്റണി രാജു പറഞ്ഞു. ഇത്തവണത്തെ ദേശീയ പുരസ്കാരം ഈ പദ്ധതിക്കായിരുന്നു. കഴിഞ്ഞ ഡിസംബറിൽ കെ.എസ്.ആർ.ടി.സി. 222 കോടിയിലധികം രൂപയുടെ ടിക്കറ്റ് വരുമാനം നേടി റെക്കോഡിട്ടു. ഇത് തുടരാൻ വൈവിധ്യവത്‌കരണവും വിപുലീകരണവും നടപ്പാക്കും.
വിദേശപഠനം പഠിക്കും
കേരളത്തിലെ വിദ്യാർഥികൾ പഠനത്തിന് വിദേശത്തേക്ക് പോകുന്നത് സംബന്ധിച്ച് ഉന്നതവിദ്യാഭ്യാസ കൗൺസിൽ പ്രത്യേകപഠനം നടത്തുമെന്ന് മന്ത്രി ആർ. ബിന്ദു അറിയിച്ചു.
ഇതിനായി കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ അധ്യക്ഷനായി സമിതി രൂപവത്കരിച്ചു. സംസ്ഥാനത്ത് സ്വകാര്യ കല്പിത സർകലാശാലകൾ അനുവദിക്കുന്നത് സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ റിപ്പോർട്ട് പഠിച്ച് ശുപാർശനൽകാനും സമിതി രൂപവത്കരിച്ചിട്ടുണ്ട്.
ബിരുദ കോഴ്‌സുകളുടെ ഭാഗമായുള്ള ഇന്റേൺഷിപ്പിന് പ്രത്യേകം ക്രെഡിറ്റ് ഏർപ്പെടുത്തുന്ന രീതിയിൽ പാഠ്യപദ്ധതി പരിഷ്‌കരിക്കും.
Content Highlights: the wage problem of asha workers, soon to be resolved
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..