കാടുമൂടിയ കുറിച്യർമല ഗവ. എൽ.പി. സ്കൂൾ കെട്ടിടം
പൊഴുതന: മഹാപ്രളയത്തില്‍ എന്നന്നേക്കുമായി അടഞ്ഞുപോയതാണ് കുറിച്യര്‍മല ഗവ. എല്‍.പി. സ്കൂള്‍. അതിനുശേഷം സ്കൂള്‍മുറ്റത്ത് കുട്ടികളുടെ കളിചിരികളുണര്ന്നില്ല. തകര്‍ന്ന സ്കൂള്‍ ഇന്നും കാടുപിടിച്ചുകിടക്കുകയാണ്. പുതിയൊരു സ്കൂള്‍ കെട്ടിടം പ്രദേശത്ത് വന്നതുമില്ല. 2018 ഓഗസ്റ്റ് ഒമ്പതിലെ ഉരുള്‍പൊട്ടലാണ് കുറിച്യര്‍മലയെ തകര്‍ത്തെറിഞ്ഞത്. കുറിച്യര്‍മല ഗവ. എല്‍.പി. സ്കൂളിലേക്കുള്ള വഴിതന്നെ അടഞ്ഞുപോയി. കല്ലും മണ്ണും നിറഞ്ഞ് സ്കൂളും ഉപയോഗശൂന്യമായി. 2018ല്‍ പുതിയ സ്ഥലത്ത് സ്കൂള്‍ നിര്‍മിക്കാനുള്ള നടപടികള്‍ തുടങ്ങിയെങ്കിലും നാലുവര്‍ഷം പിന്നിടുമ്പോഴും കാര്യമായ പുരോഗതിയുണ്ടായില്ല. സ്കൂള്‍ നിര്‍മിക്കാനായി സേട്ടുക്കുന്നില്‍ അനുയോജ്യമായ 75 സെന്റ് സ്ഥലം കണ്ടെത്തി രേഖകള്‍ വിദ്യാഭ്യാസവകുപ്പിന് നല്‍കിയെങ്കിലും ഇതുവരെ സ്ഥലം വാങ്ങുന്നതിനുള്ള തുക അനുവദിച്ചുകിട്ടാത്തതാണ് പുനര്‍നിര്‍മാണത്തിന് തടസ്സമാവുന്നത്. വിദ്യാഭ്യാസമന്ത്രിയടക്കം സ്ഥലം സന്ദര്‍ശിച്ചതും സ്കൂള്‍ പുനര്‍നിര്‍മാണം ഉറപ്പുനല്‍കിയതുമാണ്. സ്കൂള്‍ പുനര്‍നിര്‍മാണത്തിനായുള്ള മുഖ്യമന്ത്രിയുടെ ഉത്തരവ് പഞ്ചായത്തധികൃതര്‍ക്ക് കിട്ടുകയും ചെയ്തു.
കെട്ടിടം പണിയാനായി പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കിഫ്ബി ഒരുകോടിരൂപ അനുവദിച്ചിരുന്നു. എം.എസ്.ഡി.പി. പദ്ധതിയില്‍ ഉള്‍പ്പെടുത്തി കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് 49 ലക്ഷംരൂപയും അനുവദിച്ചിരുന്നു. കെട്ടിടം പണിയാന്‍ നേരത്തേ പണം അനുവദിച്ചെങ്കിലും സ്ഥലം ഏറ്റെടുക്കാന്‍ പണം അനുവദിക്കാത്തതാണ് പ്രതിസന്ധി. കെട്ടിടം പണിയാന്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും നടക്കാതെ വന്നതോടെ കരാറുകാരന് പിന്‍വാങ്ങുകയും ചെയ്തു. ഇനിയും കാലതാമസം വന്നാല്‍ കണ്ടുവെച്ച സ്ഥലവും നഷ്ടമാവുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികള്‍.
അന്നും ഇന്നും ഒരുപോലെ
ഉരുള്‍പൊട്ടലിനുശേഷം മേല്‍മുറി ഹയാത്തുല്‍ ഇസ്ലാം മദ്രസക്കെട്ടിടത്തിലാണ് താത്കാലികമായി സ്കൂള്‍ പ്രവര്‍ത്തനം മാറ്റിയത്. അന്നത്തെപ്പോലെ ഇന്നും സ്കൂള്‍ മദ്രസക്കെട്ടിടത്തില്ത്തന്നെയാണ്. മദ്രസക്കെട്ടിടത്തിലെ പരിമിതമായ സൗകര്യങ്ങളിലാണ് വിദ്യാര്‍ഥികള്‍ പഠിക്കുന്നത്. പുറത്തിറങ്ങി നടക്കാനുള്ള സ്ഥലമോ കളിസ്ഥലമോ കുട്ടികള്‍ക്കില്ല. സ്ഥലപരിമിതി കാരണം ഓഫീസ് കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ അധ്യാപകരും ബുദ്ധിമുട്ടുകയാണ്. നാലുവര്‍ഷമായിട്ടും സ്കൂള്‍ പുനര്‍നിര്‍മാണം നടക്കാത്തതിനാല്‍ പ്രദേശവാസികള്‍ കുറിച്യര്‍മല സ്കൂള്‍ പുനര്‍നിര്‍മാണ സമരസമിതി രൂപവത്കരിച്ച് പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി പൊഴുതന ഗ്രാമപ്പഞ്ചായത്തിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.
കുട്ടികളും കുറഞ്ഞു
സ്കൂള്‍ ഇന്നുവരും നാളെവരും എന്ന് കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായതോടെ സ്കൂളില്‍ കുട്ടികളും കുറഞ്ഞു. ഒന്നുമുതല്‍ നാലുവരെ 31 കുട്ടികളാണ് കുറിച്യര്‍മല സ്കൂളില്‍ ഈ അധ്യയനവര്‍ഷം പഠിക്കുന്നത്. ഒന്നാംക്ലാസില്‍ ആകെ നാലുകുട്ടികളാണ് ഈ വര്‍ഷം പ്രവേശനം നേടിയത്. കുറിച്യര്‍മല സ്കൂള്‍ ഉണ്ടായിരുന്ന സമയത്ത് ഒന്നുമുതല്‍ നാലുവരെയായി നൂറിലധികം കുട്ടികള്‍ പഠിച്ചിരുന്നു. സ്കൂള്‍ പോയതോടെ ഓരോവര്‍ഷവും കുട്ടികളുടെ എണ്ണവും കുറഞ്ഞുതുടങ്ങി. കുറിച്യര്‍മല, സേട്ട്ക്കുന്ന്, മേല്‍മുറി, വലിയപാറ തുടങ്ങിയ പ്രദേശങ്ങളിലുള്ളവരുടെ ആശ്രയമായിരുന്നു ഈ സ്കൂള്‍.
ചര്‍ച്ച നടത്തി
സ്കൂള്‍ പുനര്‍നിര്‍മാണ നടപടികള്‍ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് സമരസമിതി ഭാരവാഹികള്‍ പൊഴുതന ഗ്രാമപ്പഞ്ചായത്തധികൃതരുമായി ചര്‍ച്ച നടത്തി. സ്ഥലം ഏറ്റെടുത്ത് രജിസ്ട്രേഷന് നടപടികള്‍ വേഗത്തിലാക്കണമെന്ന് സമരസമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഒരുമാസത്തിനകം രജിസ്ട്രേഷന് നടപടികളിലേക്കു കടക്കാമെന്നും ഭരണസമിതിയോഗം ചേര്‍ന്നതിനുശേഷം ഇക്കാര്യം രേഖാമൂലം അറിയിക്കാമെന്നും പഞ്ചായത്തധികൃതര്‍ ഉറപ്പുനല്‍കിയതായും സമരമസമിതി ചെയര്മാന് ബിജു ജോയ്, കണ്‍വീനര്‍ രഞ്ജിത്ത് കൃഷ്ണന് എന്നിവര്‍ പറഞ്ഞു.
എല്ലാവരും പ്രയാസത്തിലാണ് ( രഞ്ജിത്ത് കൃഷ്ണൻ, കുറിച്യർമല സ്കൂൾ പുനർനിർമാണ സമരസമിതി കൺവീനർ)
സ്കൂൾ പുനർനിർമിക്കാത്തതു കാരണം വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും എല്ലാവരും പ്രയാസത്തിലാണ്. സ്ഥലം കണ്ടെത്തിയ സ്ഥിതിക്ക് എത്രയുംവേഗം അത് ഏറ്റെടുക്കാനുള്ള ഫണ്ട് അനുവദിക്കണം. സ്കൂൾ പുനർനിർമിച്ചുകിട്ടാനായി പ്രക്ഷോഭം നടത്തും.
ഈ വർഷം തുടങ്ങണം ( പി.കെ. അബ്ദുൾ കരീം, പി.ടി.എ. പ്രസിഡന്റ്)
സ്കൂൾ കെട്ടിടം നിർമിക്കാനുള്ള സ്ഥലം വാങ്ങാൻ തുക ഉടൻ അനുവദിക്കണം. സേട്ടുക്കുന്നിൽ കണ്ടെത്തിയ സ്ഥലത്ത് സ്കൂൾ തുടങ്ങിയാൽ കൂടുതൽ കുട്ടികൾ പ്രവേശനം നേടാനും സാധ്യതയുണ്ട്.
നടപടി വേഗത്തിലാക്കും (ടി. സിദ്ദിഖ് എം.എൽ.എ.)
കുറിച്യർമല സ്കൂൾ വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. മന്ത്രിയുമായി ചർച്ച നടത്തി സ്ഥലം ഏറ്റെടുപ്പ് വേഗത്തിലാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..