മോഷണശ്രമത്തിനിടെ യുവതിയെ കത്തികാട്ടി ലൈംഗിക അതിക്രമം നടത്തിയ മണിയന്‍ പിള്ളയ്ക്ക് എതിരേ സ്വമേധയാ കേസെടുക്കാന്‍  വനിത കമ്മീഷന്‍. "തസ്‌ക്കരന്‍- മണിയന്‍പിള്ളയുടെ ആത്മകഥ" എന്ന പേരില്‍ പുസ്തകമെഴുതി ശ്രദ്ധ നേടിയതാണ് ഇയാള്‍. ഒരു ഓൺലൈൻ പോർട്ടലിനു നൽകിയ അഭിമുഖത്തിലാണ് മോഷണം നടത്തിയ വീട്ടിലെ സ്ത്രീയെ ബലാത്സംഗം ചെയ്ത കാര്യം ഇയാൾ വിശദീകരിക്കുന്നത്. വീടുകളില്‍ കയറുമ്പോള്‍ സുന്ദരികളായ സ്ത്രീകളെ കാണുമ്പോള്‍ ആകര്‍ഷണം ഉണ്ടായിട്ടുണ്ടോ എന്ന അഭിമുഖകാരന്റെ ചോദ്യത്തിനുത്തരമായാണ് താൻ നടത്തിയ ലൈംഗികാതിക്രമം ഇയാൾ വിശദീകരിക്കുന്നത്.

കഴുത്തിന് കത്തി ചേര്‍ത്ത് വെച്ച് ഭീഷണിപ്പെടുത്തി ലൈംഗികമായി ആക്രമിച്ചെന്ന് മണിയന്‍ പിള്ള അഭിമുഖത്തിൽ പറയുന്നുണ്ട്. 

സ്ത്രീയെ ബലാസംഗം ചെയ്തിട്ടുണ്ട് എന്ന് വീഡിയോയില്‍ പരാമര്‍ശം ഉള്ള സാഹചര്യത്തില്‍ ബലാല്‍സംഗം കുറ്റം ചുമത്തണമെന്നാണ് കമ്മീഷന്‍ നിര്‍ദേശിക്കുന്നതെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. അഭിമുഖം നടത്തിയ യൂട്യൂബ് ചാനലിനെതിരേ ഐടി ആക്റ്റ് പ്രകാരം കേസ് ചാര്‍ജ് ചെയ്യാനും നിര്‍ദേശം നല്‍കിയതായി  സതീദേവി പറഞ്ഞു.സ്ത്രീത്വത്തെ അപമാനിക്കുന്നതരം പരാമര്‍ശങ്ങള്‍ ഉള്ളതിനാലാണ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തത്. വിഷയത്തെക്കുറിച്ച് അന്വേഷിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കാനും അതുസംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.

മണിയൻ പിള്ളയുടെ അഭിമുഖത്തിനെതിരെ വന്‍പ്രതിഷേധം ഉയര്‍ന്നതോടെ യുട്യൂബ് ചാനൽ വീഡിയോ പിന്‍വലിച്ചു. പാര്‍വതി തിരുവോത്ത് ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ അഭിമുഖത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

Content Highlights: Thakaran maniyanpillayude athmakadha Maniyan pilla Sexual Assualt Case