ന്യൂഡൽഹി: രാജ്യത്ത് വെളിമ്പ്രദേശത്ത് നടക്കുന്ന മലമൂത്രവിസര്‍ജ്ജനത്തെ കുറിച്ച് അറിയണമെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് തീവണ്ടിയില്‍ യാത്ര നടത്തണമെന്ന് ബിനോയ് വിശ്വം എംപി .

തുറസ്സായ സ്ഥലത്ത്‌ മലമൂത്ര വിസര്‍ജ്ജനം നടത്തിയതിന്റെ പേരില്‍ രണ്ട് കുഞ്ഞുങ്ങളെ തല്ലിക്കൊന്ന വിഷയത്തില്‍ പ്രധാനമന്ത്രിക്കയച്ച കത്തിലാണ് ബിനോയ് വിശ്വം മോദിയോട് ഒരു ട്രെയിന്‍ യാത്ര നടത്തി വാസ്തവം അറിയാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌.

ഗാന്ധിജയന്തി ദിനത്തിന്‌ ഏതാനും ദിവസം മുമ്പ് നടന്ന ഈ സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും പ്രധാനമന്ത്രി തന്റെ ഗാന്ധിജയന്തി ദിനത്തിലെ പ്രസംഗത്തില്‍ വിഷയം പരാമര്‍ശിക്കണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.

"ഈ വര്‍ഷം ഒക്ടോബര്‍ രണ്ട് പരസ്യമായ മലമൂത്ര വിസര്‍ജ്ജനത്തില്‍ നിന്ന് മുക്തി നേടിയ രാജ്യമായി ഇന്ത്യയെ അങ്ങ്‌ പ്രഖ്യാപിക്കും. രാവിലെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് ഒരു തീവണ്ടിയാത്ര നടത്താന്‍ ഞാന്‍ താങ്കളോട് 
ആവശ്യപ്പെടുകയാണ്. യാഥാര്‍ഥ്യം ഇതാണെന്നിരിക്കെയാണ് ഇത്തരമൊരു പ്രഖ്യാപനത്തിനൊരുങ്ങുന്നത്‌", ബിനോയ് വിശ്വം പ്രധാനമന്ത്രിക്കയച്ച് കത്തില്‍ ചോദിക്കുന്നു.

ഗാന്ധി ജയന്തിയുടെ ഭാഗമായി വെളിയിടവിസര്‍ജ്ജനത്തില്‍ നിന്ന് മുക്തി നേടിയ രാജ്യമായി പ്രഖ്യാപനങ്ങൾ നടത്തും മുമ്പ് ആ രണ്ട് കുഞ്ഞുങ്ങളുടെ മരണത്തെ കുറിച്ച് അന്വേഷണം നടത്തേണ്ടതുണ്ടെന്നും ബിനോയ് വിശ്വം ഓർമ്മിപ്പിച്ചു.

"ഇത്തരത്തില്‍ ദളിതരായ കുഞ്ഞുങ്ങളെ കൊല്ലുന്നതില്‍ നിന്ന് ഈ വ്യവസ്ഥിതി അവരെ തടഞ്ഞതേയില്ല. വീട്ടില്‍ കക്കൂസില്ലാത്തതിനാലാണ് ആ കുട്ടികള്‍ക്ക് തുറസ്സായ സ്ഥലത്ത് മലമൂത്ര വിസര്‍ജ്ജനം നടത്തേണ്ടി വന്നത്. 

പൊതു കിണറില്‍ നിന്ന് വെള്ളമെടുക്കാനും സ്‌കൂളിലെ ഇരിപ്പിടം പോലും മറ്റ് കുട്ടികളുമായി പങ്കുവെക്കുന്നതില്‍ പോലും വിലക്കനുഭവിക്കുന്ന കുട്ടികള്‍ കൊലചെയ്യപ്പെട്ടു.

അടിച്ചമര്‍ത്തപ്പെട്ട സമുദായങ്ങളുടെ കണ്ണീരൊപ്പാന്‍ ശ്രമിച്ചയാളാണ് നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി. ഗാന്ധിജിയെ വെടിവെച്ചിട്ടപ്പോൾ ഗോഡ്‌സെ അദ്ദേഹത്തിന്റെ ലക്ഷ്യങ്ങളെ കൂടി ഇല്ലാതാക്കുകയായിരുന്നില്ലേ".

ആ കുടുംബങ്ങളുടെ സങ്കടത്തിന്റെ ആഴമറിയാന്‍ നിങ്ങള്‍ക്കാകുന്നുവെങ്കില്‍ നിങ്ങളുടെ പ്രഭാഷണത്തിന്റെ അവസാന വരികളിലെങ്കിലും അവർക്കായി ഏതാനും ചില വാക്കുകള്‍ കരുതണം, ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.

content highlights: Take Train To North Indian State asks Binoy Viswam to PM Modi, Open defecation