ബസ് സ്റ്റോപ്പിലെ ഇരിപ്പടം പങ്കുവെച്ച് വിദ്യാർഥികൾ പ്രതിഷേധിച്ചപ്പോൾ. കെ.എസ്. ശബരീനാഥൻ ഫെയ്സ്ബുക്കിൽ പങ്കുവെച്ച ചിത്രം | Photo:facebook.com/SabarinadhanKS
ശ്രീകാര്യം(തിരുവനന്തപുരം): ഇരിപ്പിടം മുറിച്ചുമാറ്റിയ കാത്തിരിപ്പുകേന്ദ്രത്തില്‍ വ്യത്യസ്ത പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍. വിദ്യാര്‍ഥികള്‍ക്കു സമരത്തിന് പിന്തുണയറിയിച്ച് ജനപ്രതിനിധികളും സാംസ്കാരികനായകരും സ്ഥലത്തെത്തി. ശ്രീകാര്യത്തെ കോളേജ് ഓഫ് എന്‍ജിനിയറിങ്ങിന്റെ (സി.ഇ.ടി.) കവാടത്തിനോടു ചേര്‍ന്ന് കട്ടേല റോഡിന്റെ തുടക്കത്തിലെ കാത്തിരിപ്പ് കേന്ദ്രത്തിലാണ് സംഭവം. ഒന്‍പത് വര്‍ഷങ്ങള്‍ക്കു മുന്‍പ് ശ്രീകൃഷ്ണ നഗര്‍ റസിഡന്റ്സ് അസോസിയേഷന് ഭാരവാഹികളാണ് ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മിച്ചത്.
ഇതുവഴി ബസ് സര്‍വീസ് കുറഞ്ഞതോടെ നാട്ടുകാര്‍ കാത്തിരിപ്പ് കേന്ദ്രത്തെ അധികം ആശ്രയിക്കാതായി. കോളേജ് വിദ്യാര്‍ഥികളാണ് ഇപ്പോള്‍ ഇവിടെയെത്തുന്നത്.
രാത്രി വൈകിയും ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇവിടെ ഒരുമിച്ചിരിക്കുന്നത് പതിവാണ്. ഇതിനെ ചിലര്‍ ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് എട്ടോളം പേര്‍ക്ക് ഇരിക്കാവുന്ന ഇരുമ്പ് ബെഞ്ചിനെ മൂന്ന് ചെറിയ കസേരകളുടെ രൂപത്തിലാക്കി മുറിച്ചുമാറ്റിയത്.
സദാചാരവാദികളാണ് ഇരിപ്പിടം മുറിച്ചുമാറ്റിയതെന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം. സംഭവത്തില്‍ പ്രതിഷേധിച്ച് കോളേജിലെ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെ മടിയില്‍ ഇരുന്നു ഫോട്ടോയെടുത്ത് സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. ഇത് വൈറലായതോടെയാണ് സംഭവം ചര്‍ച്ചയായത്. കാത്തിരിപ്പ് കേന്ദ്രം നവീകരിക്കുന്നതിന്റെ ഭാഗമായി കാലപ്പഴക്കം ചെന്ന കമ്പികള്‍ മാറ്റി പുതിയ ഇരിപ്പിടം പണിയുന്നതിനാണ് ശ്രമിച്ചതെന്ന് റസിഡന്റ്സ് അസോസിയേഷന് ഭാരവാഹികള്‍ പറയുന്നു.
ആധുനിക ബസ് ഷെല്‍ട്ടര്‍ നിര്‍മിക്കും - മേയര്‍
"കാത്തിരിപ്പ് കേന്ദ്രത്തിലെ ഇരിപ്പിടം മുറിച്ചുമാറ്റിയത് അനുചിതവും പുരോഗമന സമൂഹത്തിനു ചേരാത്തതുമാണ്. അവിടെ നഗരസഭയുടെ നേതൃത്വത്തില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ ബസ് ഷെല്‍ട്ടര്‍ നിര്‍മിക്കും", മേയര്‍ ആര്യാ രാജേന്ദ്രന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..