ഒറ്റ രാത്രികൊണ്ട് തെരുവുനായ്ക്കളെ വിഷം കൊടുത്ത് കൊന്നാല്‍ പരിഹാരമാകുമോ?


ജി. പ്രമോദ് കുമാർ

കഴിഞ്ഞ പത്തുകൊല്ലം ­സാധാരണ വാക്‌സിനേഷൻ കാമ്പയിൻ തരംഗങ്ങൾപോലെ വന്ധ്യംകരണം നടപ്പാക്കുകയും തെരുവുകളിൽ നായകളെ ഉപേക്ഷിക്കുന്നത് തടയുകയും അവയെ വളർത്തുന്നത് ഒരു വ്യവസ്ഥയുടെ അടിസ്ഥാനത്തിലാക്കുകയും ചെയ്തിരുന്നെങ്കിൽ തെരുവുനായകൾ ­എന്നേ അപ്രത്യക്ഷമായേനെ ഒറ്റരാത്രികൊണ്ട് തെരുവ്‌നായ്ക്കളെ വിഷം കൊടുത്ത് കൊന്നു,പിന്നെ നടന്നത്‌

പ്രതീകാത്മകചിത്രം | Photo: Mathrubhumi

തെരുവുനായശല്യവും പേവിഷബാധയും പൊതുജനാരോഗ്യത്തിൽ ഒന്നാമതെന്നും ലോകത്തിനു മാതൃകയെന്നും അവകാശപ്പെടുന്ന കേരളത്തിന്റെ യഥാർഥ സാമൂഹ്യാരോഗ്യാവസ്ഥയുടെ ഒരു നേർരേഖയും തീരാക്കളങ്കവും പേടിസ്വപ്നവുമാണ്. മനുഷ്യരെ ആക്രമിക്കാൻ ഒരുകൂട്ടം മൃഗങ്ങൾ നഗരങ്ങളെന്നോ ഗ്രാമങ്ങളെന്നോ വ്യത്യാസമില്ലാതെ തെരുവുകളും പൊതുസ്ഥലങ്ങളും കീഴടക്കുന്നത് ഭീതിദമാണ്. മാത്രമല്ല, വെറുതേ നക്കുകപോലും ചെയ്താൽ വാക്‌സിനെടുക്കണമെന്നതും ഇപ്പോൾ കേരളത്തിൽ കേൾക്കുന്ന വാർത്തകൾ പ്രകാരം ഈ വാക്‌സിൻ എടുത്താൽപ്പോലും ചിലപ്പോൾ അസുഖംവന്നു മരിക്കാമെന്നതും പേടിപ്പെടുത്തുന്നു. ഒരു പട്ടി കടിക്കുകയോ നക്കുകയോ ചെയ്താൽ മാസങ്ങൾ മരണത്തിന്റെ പേടിയിൽ ജീവിക്കുക എന്നത് നല്ല ഒരു പൊതുജനാരോഗ്യ മാതൃക അല്ല.

മാലൂക്കയിലെ ബോർഡുകൾ

കുറച്ചൊക്കെ യാത്രചെയ്തിട്ടുള്ള ഞാൻ ‘പേപ്പട്ടിശല്യം സൂക്ഷിക്കണം’ എന്ന് സർക്കാർ പരസ്യംചെയ്തു കണ്ടിട്ടുണ്ട്, ഇൻഡൊനീഷ്യയിലെ മാലൂക്കാ പ്രവിശ്യയിൽ. ജക്കാർത്തയിൽനിന്ന്‌ ഒമ്പതുമണിക്കൂറോളം അകലെ പാപ്പുവ ന്യൂ ഗിനിയ്ക്കടുത്തുള്ള ഒരു കൊച്ചു പ്രവിശ്യയാണിത്‌. അവിടെ എയർപോർട്ടിൽ പലയിടത്തും പുറത്ത്‌ ദ്രംഷ്ട്രകൾ കാണിച്ചുനിൽക്കുന്ന പട്ടിയുടെ പടത്തോടൊപ്പം അങ്ങനെയുള്ള പരസ്യങ്ങളുണ്ടായിരുന്നു. ‘പട്ടി കടിക്കാതെ സൂക്ഷിക്കണം, പേവിഷബാധയുണ്ടാവാം’ എന്ന ബോർഡുകൾ. അന്നെനിക്കതിശയംതോന്നി. ഇങ്ങനെയും ഒരു നാടോ! നമ്മുടെ നാട്ടിലും ഇപ്പോൾ അത്തരം ബോർഡുകൾ വേണമെന്നുതോന്നുന്നു.

പൊതുജനാരോഗ്യത്തിൽ എപ്പോഴും നമ്മൾ കേൾക്കുന്ന ‘പ്രതിരോധമാണ് ചികിത്സയേക്കാൾ നല്ലത്’ എന്ന പ്രമാണം എല്ലാതരം അസുഖങ്ങളിലുമെന്നപോലെ പേവിഷബാധയിലും ബാധകമാണ്. പക്ഷേ, ഇവിടെ ഒരേയൊരു പ്രതിരോധമായി അധികാരികൾ കണക്കാക്കുന്നത് കുത്തിവെക്കുന്ന ‘വാക്‌സിനാ’ണ്, ആ വാക്‌സിൻ എന്തൊക്കെ കാരണങ്ങൾകൊണ്ടാണെങ്കിലും ഒരു പ്രാവശ്യമെങ്കിലും പിഴച്ചാൽ എന്തുചെയ്യും? അതാണ് ഇപ്പോൾ കേരളത്തിൽ സംഭവിച്ചതും സംഭവിച്ചുകൊണ്ടിരിക്കുന്നതും. ഒന്നിലേറെത്തവണ പിഴച്ചുപോയതുകൊണ്ട് വാക്‌സിനെടുത്ത ജനങ്ങൾക്കുപോലും മാസങ്ങളോളം ഭീതിയിൽകഴിയേണ്ട നിലവന്നിരിക്കുന്നു.

ചിട്ടയായ സംവിധാനങ്ങൾ വേണം

വാക്‌സിൻ തന്നെയാണ് പ്രതിരോധം. പക്ഷേ, അതിൽ ഒന്നാമത്തെ വാക്‌സിൻ പട്ടി കടിക്കാതിരിക്കുക എന്നതാണ്. അതിന് പട്ടികൾ തെരുവുകളിൽ ഓടിനടക്കാതിരിക്കണം. അതിന് പട്ടികൾ പൂർണമായും തെരുവിൽനിന്ന്‌ അപ്രത്യക്ഷമാകണം. അടുത്തിടെവന്ന വാർത്തകൾപ്രകാരം സർക്കാരിന്റെ സാംപിൾ സർവേയിൽ ആശങ്കപ്പെടുത്തുന്ന രീതിയിലാണ് പട്ടികൾക്ക് പേവിഷം ബാധിച്ചിരിക്കുന്നതായിക്കണ്ടത്. ഈ വാർത്തകൾ ഭാഗികമായെങ്കിലും ശരിയാണെങ്കിൽ, ഈ വാക്‌സിൻവാർത്തകൾകൂടെ കേൾക്കുമ്പോൾ, തെരുവുപട്ടി കടിച്ചാൽ മാസങ്ങളോളം മരണഭയത്തിൽ കഴിയേണ്ടതുതന്നെ. അത് വ്യക്തിപരമായും സാമൂഹ്യപരമായും ഉണ്ടാക്കുന്ന മാനസികാഘാതം മറ്റൊരു പൊതുജനാരോഗ്യപ്രശ്നമായിമാറും.

വ്യക്തമായ നയവും, അത് നടപ്പാക്കാനുള്ള സംവിധാനങ്ങളുമുണ്ടെങ്കിൽ പട്ടികളെ തെരുവുകളിൽനിന്നും മാറ്റുന്നതും പേവിഷബാധ ഉന്മൂലനം ചെയ്യുന്നതും അസാധ്യമായ കാര്യമല്ല. നാം, അതായത് കേരളജനത, എത്രയോ രൂഢമൂലമായ രോഗങ്ങളെ തുടച്ചുമാറ്റിയിരിക്കുന്നു. വ്യവസ്ഥാപിതമായി വന്ധ്യംകരണവും വാക്‌സിനേഷനും മുടങ്ങാതെ നടപ്പാക്കിയിരുന്നെങ്കിൽ പേവിഷത്തിന്റെ ഉറവിടം എപ്പോഴേ ശുഷ്‌കമായേനെ. കഴിഞ്ഞ പത്തുകൊല്ലത്തിനകം സാധാരണ വാക്‌സിനേഷൻ കാമ്പയിൻ തരംഗങ്ങൾപോലെ വന്ധ്യംകരണം നടപ്പാക്കുകയും തെരുവുകളിൽ നായകളെ ഉപേക്ഷിക്കുന്നത് തടയുകയും അവയെ വളർത്തുന്നത് ഒരു വ്യവസ്ഥയുടെ അടിസ്ഥാനത്തിലാക്കുകയും ചെയ്തിരുന്നെങ്കിൽ തെരുവുനായകൾ എന്നേ അപ്രത്യക്ഷമായേനെ. ഇതൊന്നും ചെയ്യാതെ നോക്കിനിൽക്കുകയും വാക്സിനേഷന് പൊതുജനാരോഗ്യപ്രാധാന്യം കല്പിക്കാതിരിക്കുകയും ചെയ്തതുകൊണ്ടാണ് സ്ഥിതി ഇങ്ങനെയായത്. കുഞ്ഞുകുട്ടികൾക്കും മറ്റുള്ളവർക്കും ഭീഷണിയായി നായകൾ തെരുവുകൾ ഭരിക്കുന്ന സമൂഹം എത്ര പ്രാകൃതമാണെന്ന് എന്തേ നമുക്ക് തോന്നിയില്ല?

പൊതുജനാരോഗ്യപരിപാലന പദ്ധതികളിൽ ആരോഗ്യവ്യവസ്ഥയുടെ സാമൂഹികനിർണയഘടകങ്ങളാണ് പ്രതിരോധത്തിൽ ഏറ്റവും പ്രധാനം. രോഗം വരുന്നത് ശൂന്യാകാശത്തുനിന്നല്ലെന്നും സാമൂഹിക, സാമ്പത്തിക, പരിസ്ഥിതിപരമായ കാരണങ്ങളാലാണെന്നുമുള്ളതാണ്‌ ശാസ്ത്രീയപ്രമാണം. രോഗപ്രതിരോധത്തിലെ ആദ്യത്തെയും ഏറ്റവും പ്രാധാന്യമുള്ളതുമായ നടപടി ഈ ഘടകങ്ങളെ നിയന്ത്രിക്കുക എന്നതാണ്. അത് ചെയ്തില്ലെങ്കിൽ കതിരിൽ വളംവെക്കുന്നതുപോലെയാവും. പേവിഷബാധയുടെ കാര്യത്തിൽ ഈ സാമൂഹികനിർണയഘടകങ്ങൾ തെരുവുകളിൽ പട്ടികൾ വളർന്നുപെരുകുന്നതാണ്. മനുഷ്യരുടെ സഹവാസമില്ലാതെ ജനിച്ചുവളരുന്ന ഇവ വന്യമായി പെരുമാറാൻ സാധ്യതുണ്ട് എന്നാണ് ഇവയെക്കുറിച്ച് പഠിച്ചിട്ടുള്ളവർ പറയുന്നത്. അതുകൊണ്ടാണ് അല്പമെങ്കിലും പ്രകോപിതരായാൽ ഇവ ഓടിച്ചിട്ട് കടിക്കുന്നത്. അതുകൊണ്ട്, മനുഷ്യർ നടക്കേണ്ട തെരുവുകളിൽ പട്ടികൾ കടിക്കുന്നത് അവയെ പ്രകോപിപ്പിച്ചിട്ടാണ് എന്ന് നായസ്നേഹികൾ ന്യായംപറയുന്നതിൽ കാര്യമില്ല.

കൊന്നുകളയലാണോ പരിഹാരം

പക്ഷേ, ചിലർ പറയുന്നപോലെ ഇവയെ തെരുവിൽനിന്ന് മാറ്റുന്നത് കൂട്ടക്കൊലയിലൂടെയല്ല, അത് ഒരു ശാശ്വതപരിഹാരവുമല്ല. ഇത്തരം കൂട്ടക്കൊലകൾ നടക്കുന്നതും പ്രാകൃതസമൂഹങ്ങളിൽ മാത്രമാണ്. കുറച്ചുവർഷങ്ങൾമുമ്പ്‌ കറാച്ചിയിൽ വിഷംകലർന്ന ഇറച്ചികൊടുത്ത്‌ ഒറ്റരാത്രികൊണ്ട് കൂട്ടംകൂട്ടമായി തെരുവുനായകളെ കൊന്നത് ലോകമനസ്സാക്ഷിയെ ഞെട്ടിച്ച വാർത്തയാണ്. വൈകാതെതന്നെ കറാച്ചിയിലെ തെരുവുകൾ വീണ്ടും പട്ടികളെക്കൊണ്ട് നിറഞ്ഞത് ഇത്തരം പരിപാടികളുടെ അശാസ്ത്രീയതയുടെ തെളിവായിരുന്നു.

ഇത് അവസാനിക്കണമെങ്കിൽ പൂർണവന്ധ്യംകരണം നടപ്പാക്കിയേ മതിയാവൂ. ഇപ്പോൾ പേവിഷബാധ ഇത്രയും ബാധിച്ചിരിക്കുന്നു എന്ന് പറയപ്പെടുന്ന അവസ്ഥയിൽ ഇവയെ തെരുവുകളിൽനിന്ന്‌ എത്രയും പെട്ടെന്ന് മാറ്റിപ്പാർപ്പിക്കുന്നതിന്‌ പ്രത്യേക സംവിധാനം ഏർപ്പെടുത്തണം. വളരെ വഷളായിപ്പോയ അവസ്ഥ നമ്മുടെ സർക്കാരും പ്രാദേശിക ഭരണകൂടങ്ങളും വരുത്തിവെച്ചതുതന്നെയായതുകൊണ്ട് അവർതന്നെ അതിന് പ്രതിവിധി കണ്ടെത്തണം. പൊതുജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളിൽ പ്രത്യേകിച്ച്‌ പൊതുജനാരോഗ്യപ്രശ്നങ്ങളിൽ ഹ്രസ്വകാല, ദീർഘകാല തന്ത്രങ്ങൾ ആവശ്യമാണ്. മനുഷ്യജീവന് അപകടമായി തെരുവുകളിലലയുന്ന നായകളെ മാറ്റുക എന്നത് ഹ്രസ്വകാല പദ്ധതി; വന്ധ്യംകരണവാക്‌സിനേഷൻ എന്നതും പട്ടികളെ വളർത്തുന്നത് നിയന്ത്രിക്കുക എന്നതും നിരന്തരമായ ദീർഘകാല പദ്ധതി.

കാര്യങ്ങൾ ഇത്ര വഷളാകുന്നതുവരെ നോക്കിയിരുന്നതും ഒറ്റയടിക്ക്‌ ഇവയെ കൊന്നുകളയാം എന്നു കരുതുന്നതും കണ്ടി​െല്ലന്ന് നടിക്കുന്നതും പൂർണമായ ഭരണപരാജയമാണെന്ന് പറയേണ്ടതില്ലല്ലോ.

(യു.എൻ.ഡി.പി. (ഏഷ്യ പസഫിക്)യുടെ മുൻ സീനിയർ ഉപദേശകനാണ് ലേഖകൻ)

Content Highlights: Stray dog problems in kerala and solution


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022

Most Commented