നാലുമാസം,അഞ്ച് രാജ്യങ്ങള്‍ അവസാനം ഇന്ത്യയിലേക്ക്: ഗള്‍ഫ് യുദ്ധകാലത്തെ പാലയനകഥ പറഞ്ഞ് സുബൈദ


കെ.സി രഹനസുബൈദയും കുട്ടികളും പലായനത്തിനിടെ കുർദിസ്ഥാനിൽ അഭയം നൽകിയ കുടുംബത്തിനൊപ്പം, ഇൻസെറ്റിൽ സുബൈദ

1990 ഓഗസ്റ്റ് 12

സുബൈദയും ഇളയ മൂന്നു മക്കളും ഭർത്താവ് സി.എ. സിദ്ദിഖിനൊപ്പം അദ്ദേഹത്തിന്റെ ജോലിസ്ഥലമായ കുവൈത്തിലെ അബ്ബാസിയയിലായിരുന്നു താമസം. മുതിർന്ന നാലു മക്കൾ തൃശ്ശൂർ പെരുമ്പിലാവിലെ അൻസാർ സ്‌കൂളിന്റെ ബോർഡിങ്ങിലും. സമാധാനപരമായി കഴിയവേ, 1990 ഓഗസ്റ്റ് 12-ന് രാവിലെ വന്നൊരു കോളിങ് ബെല്ലിലൂടെയാണ് കുവൈത്തിൽ ജീവിതം മാറിമറിഞ്ഞ കഥയറിഞ്ഞത്. ഇറാഖി പട്ടാളം കുവൈത്ത് കീഴടക്കിയിരിക്കുന്നു. തെരുവിലെങ്ങും റോന്തുചുറ്റുന്ന ഇറാഖി പട്ടാളക്കാർ, പാറിപ്പറക്കുന്ന വിദേശപതാക. കുവൈത്തികളിൽ ഭൂരിഭാഗവും സൗദിയിലേക്ക് കടന്നിരിക്കുന്നു. ടെലിവിഷനിൽ സദ്ദാം ഹുസൈനെക്കുറിച്ചുള്ള വാഴ്ത്തുപാട്ടുകൾ. വീടുകളും കടകളും സ്ഥാപനങ്ങളുമൊക്കെ ഇറാഖികൾ കൊള്ളയടിക്കുന്നു. വീടും സ്വത്തുക്കളുമെല്ലാം ഉപേക്ഷിച്ചാണ് കുടുംബങ്ങൾ രാജ്യംവിടുന്നത്. അപ്പോഴേക്കും സുബൈദ താമസിക്കുന്ന കെട്ടിടവും ഏതാണ്ട് കാലിയായിരുന്നു. എന്നാൽ, വീണുകിട്ടിയ അവസരം മുതലാക്കാനായിരുന്നു സിദ്ദിഖും സുബൈദയും തീരുമാനിച്ചത്. ഇറാഖും കുവൈത്തും ഒരു ഭരണത്തിനുകീഴിൽ വന്നതുകാരണം, ഇറാഖിലേക്ക് വിസ വേണ്ടിയിരുന്നില്ല. ഇവരുടെ കുടുംബവും സുഹൃത്ത് അബൂബക്കറുംകൂടി ഇറാഖിലേക്കുപോയി. അപ്പോഴേക്കും താമസിച്ചിരുന്ന കെട്ടിടത്തിലെ ഇന്ത്യക്കാരെല്ലാംതന്നെ കൈവശമുള്ളതെല്ലാം ഇറാഖികൾക്ക് വിറ്റൊഴിച്ച്, വിമാനത്തിലും കപ്പലിലുമായി നാടുപിടിച്ചിരുന്നു.

ഇറാഖ് സന്ദർശനം കഴിഞ്ഞെത്തിയ കുടുംബം സിദ്ദിഖിന്റെ വിപുലമായ പുസ്തകശേഖരവും വസ്ത്രങ്ങളും ഒഴിച്ചുള്ളതെല്ലാം ഇറാഖികൾക്ക് തുച്ഛവിലയ്ക്ക് വിറ്റു. തുടർന്ന് തങ്ങളുടെ ബി.എം.ഡബ്ല്യു. കാറിൽ നാട്ടിലേക്ക് തിരിക്കാൻ തീരുമാനിച്ചു. മറ്റൊരു വാഹനത്തിലായി സുഹൃത്തും ഭാര്യയും രണ്ടു കുഞ്ഞുങ്ങളും. മൂന്നാമതൊരു വാഹനത്തിലായി അബൂബക്കറും അദ്ദേഹത്തിന്റെ ബന്ധു ശംസുദ്ദീനും. സുബൈദയുടെയും സിദ്ദിഖിന്റെയും വാഹനത്തിന്റെ കാര്യേജ് നിറയെ പുസ്തകങ്ങളും വസ്ത്രങ്ങളും. അത്യാവശ്യം പാത്രങ്ങളും ഒരു സ്റ്റൗവും കൂടെ കരുതി. 1990 ഒക്ടോബർ 12-നാണ് സംഘം കുവൈത്തിൽനിന്ന് യാത്രതിരിച്ചത്. ആദ്യം ഇറാഖിലെ ബസറയിലെത്തി. ഒരു ദിവസത്തെ താമസത്തിനുശേഷം തലസ്ഥാനനഗരമായ ബഗ്ദാദിലും. തുടർന്ന് ഇറാഖ്-തുർക്കി അതിർത്തിപ്രദേശമായ മൗസലിലേക്ക് നീങ്ങി.

എന്നാൽ, അവിടെ കാത്തിരുന്നത് നൂറുകണക്കിനുവരുന്ന അഭയാർഥിക്കൂട്ടങ്ങളായിരുന്നു. തിരിച്ചുപോകാനോ മുന്നോട്ടുനീങ്ങാനോ സാധിക്കാതെ ആശയക്കുഴപ്പത്തിലായ അവസ്ഥ. ഒടുവിൽ രണ്ടും കല്പിച്ച് മൗസലിൽ ഒരു കൂടാരം കെട്ടി താമസം തുടങ്ങി. കൊടുംതണുപ്പിൽ കുഞ്ഞുങ്ങളുമായുള്ള ഈ കൂടാരജീവിതം ഒരു മാസം നീണ്ടു. പ്രാഥമികകൃത്യങ്ങളും കുളിയും അലക്കലുമൊക്കെ സമീപത്തെ പള്ളിയിൽവെച്ച്. തണുപ്പുകാരണം സുബൈദയും മക്കളും രോഗബാധിതരായി. സുബൈദയെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിയും വന്നു. പെട്ടന്നാണ് മൗസലിൽനിന്ന് മാറാൻ നിർദേശം വന്നത്. തുർക്കി അതിർത്തി ലക്ഷ്യമിട്ട് കുർദിസ്താനിലേക്കായിരുന്നു തുടർയാത്ര. അവിടെയും ഒരു മാസത്തെ താമസം. ആദ്യം കൂടാരംകെട്ടിത്തന്നെയായിരുന്നു ജീവിതം. കൊടുംതണുപ്പിൽ കഴിഞ്ഞുകൂടുന്ന അഭയാർഥികളോട് കരുണയോടെയാണ് നല്ലവരായ കുർദുകൾ പെരുമാറിയിരുന്നത്. തുടക്കത്തിൽ തങ്ങളുടെ വീടുകളിൽ കുളിക്കാനും അലക്കാനുമൊക്കെ സൗകര്യം ചെയ്തുകൊടുത്തിരുന്ന കുടുംബങ്ങൾ, പിന്നീട് ഇവർക്കൊപ്പം ഭക്ഷണം കഴിക്കാനും സൗഹൃദം പങ്കുവെക്കാനും തുടങ്ങി. അധികം വൈകാതെ കുടുംബങ്ങളെ തങ്ങളുടെ വീട്ടിൽ താമസിപ്പിക്കാൻവരെ അവർ തയ്യാറായി. ഇതിനിടെ കുവൈത്തിൽനിന്നുള്ള രണ്ടു കുടുംബങ്ങൾകൂടി ഇവർക്കൊപ്പം ചേർന്നു.

ഡിസംബർ 12-ന് ഇന്ത്യൻ നയതന്ത്രകാര്യാലയത്തിൽനിന്ന് പുറപ്പെടാനുള്ള നിർദേശം ലഭിച്ചു. സംഘം തുർക്കിയോട് ചേർന്നുള്ള അതിർത്തിയിലേക്ക് നീങ്ങി. വണ്ടിയുടെ നമ്പർ പ്ലേറ്റ് മാറ്റലും മറ്റുമായി അവിടെയും ദിവസങ്ങൾ കഴിച്ചുകൂട്ടേണ്ടിവന്നു. മൂന്നുദിവസം വണ്ടിയിലായിരുന്നു താമസം. അതിർത്തിയിലെ കസ്റ്റംസ് പരിശോധന കഴിഞ്ഞ് തുർക്കി ലക്ഷ്യമിട്ട് നീങ്ങുന്നതിനിടെയാണ് വാഹനത്തിന്റെ ടയർ പഞ്ചറായത്. രാത്രി വിജനമായ മഞ്ഞുമലകൾക്കിടയിൽവെച്ചായിരുന്നു വാഹനം നിന്നത്. അവിടെയും കരുണയുടെ കരങ്ങളുമായി ഒരു വാഹനമെത്തി. സിദ്ദിഖ് വാഹനത്തിന് കൈകാണിച്ചുനിർത്തി. ഒരു തമിഴനും മുംബൈക്കാരുമടങ്ങുന്ന സംഘം. രാത്രിയായതിനാൽ വാഹനം ശരിയാക്കാൻ കഴിഞ്ഞില്ല. സഹയാത്രികരായി എത്തിച്ചേർന്നവരും കുടുംബത്തിന് തുണയായി ആ രാത്രി വാഹനത്തിൽ കഴിച്ചുകൂട്ടി. നേരം പുലർന്നപ്പോൾ മുംബൈക്കാർ സിദ്ദിഖിനെയും കൂട്ടി ടയർ വാങ്ങാൻ പോയി. തമിഴ്നാട്ടുകാരൻ സുബൈദയ്ക്കും മക്കൾക്കും കാവലായി കൂടെനിന്നു. ടയർ ഘടിപ്പിച്ച് വീണ്ടും യാത്രതുടർന്നു. എന്നാൽ, ദുരിതം പിന്നെയും തുടർന്നു. ഒരു ട്രക്കിനെ മറികടക്കാനുള്ള ശ്രമത്തിനിടെ കാറിന്റെ നിയന്ത്രണംവിട്ടു, മഞ്ഞുതാഴ്‌വരയിലൂടെ തെന്നിനീങ്ങി മഞ്ഞുപാറയിൽ ചെന്നിടിച്ചു. കാറിന്റെ കാരിയർ തെറിച്ചുപോയിരുന്നു. കുടുംബം പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇവരുടെ വാഹനം കാണാത്തതിനെത്തുടർന്ന് ഇവരെ സഹായിച്ച സയ്യിദും അസ്‌കറും തിരിച്ചുവന്നിരുന്നു. തുടർന്ന് അതുവഴിപോയ ഒരു ലോറിക്ക് കൈകാണിച്ചുനിർത്തി. അവരുടെ സഹായത്തോടെ കാർ വലിച്ചുകയറ്റി, യാത്രതുടർന്നു. ദുർഘടംപിടിച്ച യാത്രയായിരുന്നു തുർക്കിയിലേത്. ഒരാഴ്ചയോളമെടുത്തു ഇറാനിലെത്താൻ. ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ നിർദേശപ്രകാരം 67,000 ഇറാനി റിയാൽ ഇന്ത്യൻ എംബസിയിൽനിന്ന് കുടുംബത്തിന് സഹായധനമായി കിട്ടി. ഇറാനിൽ ഒരു ഹോട്ടലിലായിരുന്നു താമസം. കടുത്ത മഞ്ഞും തണുപ്പുമായിരുന്നു എങ്ങും. രാവിലെ എഴുന്നേറ്റപ്പോഴേക്കും കാർ മഞ്ഞുകൊണ്ട് മൂടിയിരുന്നു. തിളച്ച വെള്ളമൊഴിച്ച് കാറിന്മേലുള്ള ഐസ് ഉരുക്കേണ്ടിവന്നു. അതിനിടെ ഹോട്ടലിൽവെച്ച് പരിചയപ്പെട്ട ഒരു ഇറാനി കുടുംബം സുബൈദയെയും കുടുംബത്തെയും തങ്ങളുടെ വീട്ടിൽ താമസിപ്പിച്ചു. ഒരാഴ്ചകഴിഞ്ഞായിരുന്നു പിന്നീടുള്ള യാത്ര. പാഴ്സിയായിരുന്നു അവരുടെ ഭാഷയെങ്കിലും സ്നേഹത്തിനും സൗഹൃദത്തിനും ഭാഷ ഒരു തടസ്സമേ ആയിരുന്നില്ല.

അതിനിടെ വഴിപിരിഞ്ഞുപോയിരുന്ന മറ്റു കുടുംബങ്ങളും ഇവർക്കൊപ്പം ചേർന്നു. പലായനവഴിയിലെല്ലാംതന്നെ ഏറെ കരുണയും സഹായവും ലഭിച്ചെങ്കിലും അയൽരാജ്യമായ പാകിസ്താനിൽ കയ്പേറിയ അനുഭവങ്ങൾ നേരിടേണ്ടിവന്നു. ഇന്ത്യൻ അഭയാർഥി കുടുംബങ്ങൾ അവിടെ പാർപ്പുതുടങ്ങുമോയെന്ന് ഭയന്നിട്ടാകാം, പട്ടാളബന്തവസ്സിൽ, ഉൾറോഡുകളിലൂടെ മാത്രമേ യാത്ര അനുവദിച്ചുള്ളൂ. ഓരോ വാഹനത്തിലും ഓരോ പട്ടാളക്കാർ തോക്കുമായി കയറി. മുന്നിലും പിന്നിലും തോക്കുമായി ഓരോ പട്ടാളജീപ്പ്. കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെയുള്ള യാത്രയിൽ വാഹനത്തിന്റെ സൈലൻസർ പൊട്ടി. ഇതു ശരിയാകാൻതന്നെ നാലു ദിവസമെടുത്തു. താമസസൗകര്യവും ഏറെ മോശം, തണുപ്പിനെ തടുക്കാൻ ചെറിയൊരു ഹീറ്റർ മാത്രം. തണുപ്പുകാരണം കുട്ടികൾ കരയാൻ തുടങ്ങി. മൂന്നുനേരവും കഴിക്കാൻ ദാലും റൊട്ടിയും മാത്രം. ദിവസങ്ങൾ സഞ്ചരിച്ച് ഇന്ത്യൻ അതിർത്തിയിൽ എത്തിയതോടെയാണ് ശ്വാസം നേരെവീണത്.

അതിർത്തിപ്രദേശത്തെ ഗുരുദ്വാരയിലായിരുന്നു ആദ്യം താമസിച്ചത്. സാധനങ്ങൾ കുറെ പാർസൽ അയച്ചു. പിന്നീട് ജലന്ധറിലെത്തി. അവിടെ ഇന്ത്യൻ നയതന്ത്രകാര്യാലയത്തിൽവെച്ച് ഓരോരുത്തർക്കും 5000 രൂപവീതം ലഭിച്ചു. പിറ്റേദിവസം ഒരു പകൽമുഴുവൻ നീണ്ട യാത്രയ്ക്കൊടുവിൽ ഡൽഹിയിലെത്തി. പള്ളിയിലെ ഇമാമുമായി പരിചയപ്പെടുകയും അദ്ദേഹം അന്നത്തെ റെയിൽവേ മന്ത്രി ജാഫർ ഷരീഫിനെ പരിചയപ്പെടുത്തുകയും ചെയ്തു. ജാഫർ ഷരീഫ് തന്റെ വീട്ടിൽ കുടുംബങ്ങൾക്ക് താമസസൗകര്യമൊരുക്കി. അദ്ദേഹത്തിൽനിന്ന് സിദ്ദിഖ് 10,000 രൂപ കടംവാങ്ങി. മോളുടെ കൈയിൽ അണിഞ്ഞിരുന്ന സ്വർണവള വിറ്റ കാശും കൈയിൽക്കരുതി. കേരള ഹൗസിൽ പോയി. പിന്നീട് പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ പോയിക്കണ്ടു. ജസ്റ്റിസ് ഫാത്തിമാബീവിയെയും കണ്ടു. ഇതിനിടെ ഡൽഹിയിലെ താമസം രണ്ടാഴ്ച കഴിഞ്ഞിരുന്നു. ഫെബ്രുവരി ആറിനാണ് സ്വദേശത്തെത്തുന്നത്.

സുബൈദയുടെ ഭർത്താവ്‌ സിദ്ദിഖ്‌ പിൽക്കാലത്ത് അസുഖബാധിതനായി മരണത്തിന് കീഴടങ്ങി. എന്നാൽ, പലായനപാതയിലെ ദുരിതങ്ങൾ സമചിത്തതയോടെ നേരിട്ട അനുഭവപരിചയം ഒറ്റയ്ക്കുള്ള ജീവിതത്തിൽ സുബൈദയ്ക്ക് കരുത്തായെന്നു പറയാം. പറക്കമുറ്റാത്ത ഏഴു മക്കൾക്കും ഉന്നതവിദ്യാഭ്യാസം നൽകിയതും കുടുംബജീവിതത്തിലേക്ക് നയിച്ചതുമൊക്കെ സുബൈദ ഒറ്റയ്ക്കായിരുന്നു. മക്കളെല്ലാം രാജ്യത്തിനകത്തും പുറത്തുമായി ജോലിചെയ്യുന്നു.

വാരന്തപതിപ്പില്‍ പ്രസിദ്ധീകരിച്ചത്‌

Content Highlights: Story of aMalayali who fled during the Gulf War


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022

Most Commented