പുനരുജ്ജീവിപ്പിക്കണം കടലും കടലോരവും, അനാഥമാവരുത് കുടുംബങ്ങൾ


സരിന്‍.എസ്.രാജന്‍

ദൂരത്തിലുള്ളവര്‍ക്ക് കാഴ്ചയ്ക്ക് ഭംഗി മാത്രമല്ല, കടല്‍ സമ്മാനിക്കുന്നത്. കടലോര മേഖലയിലുള്ളവര്‍ക്ക് കടല്‍ ഉപജീവന മാര്‍ഗം കൂടിയാണ്. എന്നാല്‍ നഷ്ടപ്രതാപത്തിന്റെ അവസ്ഥയില്‍ കഴിയുന്ന തിരുവനന്തപുരത്തിന്റെ കടലോരങ്ങളുടെ യഥാര്‍ത്ഥ അവസ്ഥയെന്ത്?

പ്രതീകാത്മക ചിത്രം | ഫോട്ടോ:സന്തോഷ് കെ.കെ

വിദൂര സ്വപ്നങ്ങളില്‍ പോലുമില്ലാതിരുന്ന നാശം അഭിമുഖീകരിക്കുകയാണ് ഇന്ന് തിരുവനന്തപുരത്തിന്റെ കടലോര പ്രദേശങ്ങള്‍. വാനോളം ഉയര്‍ന്ന സ്വപ്നങ്ങളിലേക്ക് ചിറകടിച്ചുയരാന്‍ കഴിയാതിരിക്കുന്ന അലീനയ്ക്ക് കൂട്ടായി പ്രാവുകളുമുണ്ട്. ഇരുവരും അഭയാര്‍ത്ഥികള്‍. ഓഖി വിതച്ച ദുരന്തത്തിന്റെ ഫലമായി ഇന്നും അവര്‍ അഭയാര്‍ത്ഥികളായി ക്യാംപുകളില്‍ തുടരുകയാണ്. വലിയതുറ ഗവ. യു.പി സ്‌കൂളിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങിക്കൂടുന്ന ഇത്തരത്തിലുള്ള ജീവിതങ്ങള്‍ അങ്ങനെ ഒട്ടനവധി. മനുഷ്യരാശി മൂലമുണ്ടായ പ്രകൃതി ദുരന്തങ്ങള്‍ എങ്ങനെയാണ് കടലിന്റെ മക്കളെയും കടലിനെയും കവര്‍ന്നെടുക്കുന്നതെന്ന് പറയുകയാണ് കെ.എ ഷാജി സംവിധാനം ചെയ്ത STOLEN SHORELINES. എന്ന ഡോക്യുമെന്ററി.

പലരും കാലാവസ്ഥാ വ്യതിയാനത്തെ പഴി പറയുമ്പോഴും മനുഷ്യരാശി മൂലമുണ്ടായ ഘടകങ്ങള്‍ അപ്പാടെ മറക്കുകയാണെന്ന സത്യമാണ് ഡോക്യുമെന്ററി സമൂഹത്തിന് പകര്‍ന്നു നല്‍കുന്നത്. കടലോര പ്രദേശങ്ങളില്‍ താമസിക്കുന്നവരെ മാറ്റി പാര്‍പ്പിച്ച് അവര്‍ക്ക് സംരക്ഷണമൊരുക്കുന്നത് വഴി കടല്‍ത്തീരങ്ങള്‍ തിരികെ കൊണ്ടു വരാമെന്ന നിര്‍ദേശമാണ് സാമൂഹിക പ്രവര്‍ത്തകയായ നളിനി നായ്കിന് പറയാനുള്ളത്. 15 വര്‍ഷത്തോളമുള്ള കാലയളവ് ഇതിനായി വേണ്ടി വന്നേക്കാമെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

വലിയതുറയില്‍ മാത്രം മത്സ്യബന്ധനത്തൊഴിലാളികളുടെ 300 ഓളം കുടുംബങ്ങളാണ് അനാഥരായത്.

7,525 കോടി രൂപയുടെ വിഴിഞ്ഞം-അദാനി തുറമുഖ പദ്ധതി പ്രകൃതിക്ക് കൂടുതല്‍ നാശം വിതയ്ക്കുന്നതാകുമെന്ന് പരിസ്ഥിതി വാദികള്‍ അന്നേ വാദിച്ചിരുന്നു. ഇത് ശരി വെയ്ക്കുന്ന കാഴ്ചയാണ് ഇന്ന് അനന്തപുരിയിലെ കടലോര പ്രദേശങ്ങളില്‍ കാണാന്‍ കഴിയുക. കര കടലെടുക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന് പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ്. 3 ഡസനിലേറെ കടലോര ഗ്രാമപ്രദേശങ്ങള്‍ പൂര്‍ണമായും നാശം അഭിമുഖീകരിക്കും. വരും വര്‍ഷങ്ങളില്‍ വിഴിഞ്ഞം, ശംഖുമുഖം പ്രദേശങ്ങളില്‍ ഇത് വര്‍ധിക്കും. വിമാനത്താവളത്തിന് പോലും നിലനില്‍പ് സാധ്യമാകുകയില്ല. അദാനി പോര്‍ട്ടിന് വടക്കായി സ്ഥിതി ചെയ്യുന്ന കടലോര പ്രദേശങ്ങളില്‍ എന്ത് കൊണ്ട് ഇത്തരം സംഭവങ്ങള്‍ തുടര്‍ക്കഥയാകുന്നുവെന്ന ചോദ്യം ഉയര്‍ന്നു കഴിഞ്ഞു.

2011 ല്‍ പ്രാബല്യത്തില്‍ വന്ന നിയമം അനുസരിച്ച് കര കൂടുതല്‍ കടലെടുക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ തുറമുഖ നിര്‍മാണത്തിന് വിലക്കുണ്ട്. ഇതും മറികടന്നാണ് അദാനി ഗ്രൂപ്പിന്‍റെ വരവ്. നിലവില്‍ അദാനി പോര്‍ട്ടിന് 3.1 കിലോമീറ്റര്‍ പുലിമുട്ട് നിര്‍മാണം മാത്രമാണ് പൂര്‍ത്തിയായിരിക്കുന്നത്. ഇത് പൂര്‍ത്തിയാക്കുമ്പോഴുണ്ടാകുന്ന അനന്തരഫലങ്ങള്‍ പ്രവചനാതീതമായിരിക്കും. എന്നാല്‍ പദ്ധതിയെ എതിര്‍ക്കുന്നവര്‍ ആരോപിക്കുന്ന യാതൊരുവിധ പ്രശ്‌നങ്ങളും ഇല്ലെന്നാണ് അദാനി ഗ്രൂപ്പിന്റെ വാദം.

ഈ പ്രദേശം ജൈവവൈവിധ്യങ്ങളുടെ കലവറയാണ്. പോർട്ട് വരുന്നതോടെ ഇത് നാശത്തിന്റെ വക്കിലെത്തും.

ഹാര്‍ബര്‍ വന്നതോടെ വീടുകള്‍ നഷ്ടപ്പെട്ട കഥയാണ് മത്സ്യബന്ധനത്തൊഴിലാളിയായ പ്രസാദിന് പറയാനുള്ളത്.

നഗരത്തോട് ചേര്‍ന്ന കിടന്ന പ്രധാന ടൂറിസം കേന്ദ്രമായ ശംഖുമുഖത്തും ഇപ്പോള്‍ ആളുകള്‍ തീരെ കുറവാണ്. വിമാനത്താവളത്തോട് ചേര്‍ന്ന കിടക്കുന്ന കര കടലെടുത്തിരിക്കുകയാണ്. കോവളം, വിഴിഞ്ഞം, വലിയതുറ, പൂന്തുറ എന്നിവിടങ്ങളിലുള്ള നൂറ് കണക്കിന് മത്സ്യബന്ധനത്തൊഴിലാളികളുടെ കുടുംബങ്ങള്‍ ഇന്ന് ദുരിതാശ്വാസ ക്യാംപുകളില്‍ പാര്‍ക്കുകയാണ്. പ്രവേശനോത്സവത്തിന്റെ ചൂട് എത്താത്ത പ്രദേശത്തെ സ്‌കൂളുകള്‍ ദുരന്തത്തിന്‍റെ ബാക്കിപത്രമാണ്.

തിരുവനന്തപുരത്തിന്റെ കടലോരപ്രദേശങ്ങളില്‍ ആദ്യമായി കര കടലെടുക്കുന്നത് 1970-കളില്‍ വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണ സമയത്തുള്ള പുലിമുട്ട് നിര്‍മാണവേളയിലാണെന്ന് ഇന്റര്‍നാഷണല്‍ ഓഷ്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട് മുന്‍ ഗവേഷകന്‍ കൂടിയായ എ.ജെ വിജയന്‍ പറയുന്നു.

നഷ്ടപ്പെട്ട പ്രതാപ കാലത്തിന്റെ ഓര്‍മകള്‍ പങ്ക് വെയ്ക്കുന്ന കടല്‍ തീരങ്ങളുടെ നിലവിലെ അവസ്ഥയില്‍ അനന്തപുരിക്ക് പറയാനുള്ളതും മറ്റൊന്നല്ല. കച്ചവട താത്പര്യങ്ങള്‍ക്ക് ജൈവൈവിധ്യത്തിന്റെ കലവറയായ സമുദ്രങ്ങള്‍ വിധേയമാകുമ്പോള്‍ സംഭവിക്കുന്നതിവിടെയും നടക്കുന്നു. സംരക്ഷണമെന്ന പേരില്‍ കടല്‍ഭിത്തികള്‍ സ്ഥാപിച്ചതും കര കടലെടുത്തതും നിമിത്തം വഴി മുട്ടി പോകുന്നത് മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗം കൂടിയാണ്. മത്സ്യബന്ധനം ഉപജീവന മാര്‍ഗമാക്കിയവര്‍ക്ക് കടല്‍ഭിത്തികള്‍ കടലിലേക്കുള്ള പോക്ക് വരവിന് തടസ്സം സൃഷ്ടിക്കുന്നു. കടലോരങ്ങളോട് ചേര്‍ന്നുള്ള അശാസ്ത്രീയമായ നിര്‍മാണ രീതികള്‍ പലപ്പോഴും കര കടലെടുക്കാനുള്ള കാരണങ്ങളാകുന്നു.

അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ നാലിലൊന്നും ആഗിരണം ചെയ്‌തെടുക്കുന്നത് സമുദ്രങ്ങളാണ്. ഇത് ആഗോള താപനത്തെ ഒരു പരിധി വരെ ചെറുക്കുന്നുണ്ട്. പക്ഷെ ആ കരുതല്‍ മനുഷ്യര്‍ക്ക് കടലിനോടില്ല. ഭവിഷ്യത്തുകളില്‍ ഏറിയ പങ്കും അനുഭവിക്കേണ്ടി വരുന്നതാകട്ടെ തിരുവനന്തപുരത്തിന്റെ കടലോര പ്രദേശങ്ങളും.

ഇതിന്റെ ഭീകരതയെ അതിന്റെ പൂര്‍ണ രൂപത്തില്‍ അവതരിപ്പിക്കാനും സംവിധായകന് കഴിഞ്ഞിട്ടുണ്ട്. അലീനയും സഹോദരങ്ങളും ഒരു മൊബൈല്‍ ഫോണ്‍ മാത്രം ഉപയോഗിച്ചാണ് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നത്. പരിമിത സാഹചര്യങ്ങളില്‍ പോലും പ്രാവുകളെ പരിപാലിച്ചാണ് അലീന ആനന്ദം കണ്ടെത്തുന്നത്.

കുത്തകകളുടെ ചതിയുടെയും വഞ്ചനയുടെയും കഥയ്ക്കിടയില്‍ അലീന പ്രതീകമാകുകയാണ്. മറ്റുള്ള അഭയാര്‍ത്ഥികള്‍ക്കൊപ്പം അവളും നാളെ എന്ന പ്രതീക്ഷയിലാണ് ജീവിക്കുന്നത്. ഇന്നല്ലെങ്കില്‍ നാളെ ഒരു പുനരധിവാസം സാധ്യമാകുമെന്ന വിശ്വാസമുണ്ട്. പക്ഷേ പുനരധിവാസം അവര്‍ക്ക് മാത്രമാണ് സുരക്ഷിതത്വം വാഗ്ദാനം ചെയ്യുന്നത്. കടലിനും കടല്‍ത്തീരങ്ങള്‍ക്കുമല്ല. കടലോര മേഖലയിലുള്ളവരുടെ പുനരധിവാസവും കടലിന്റെ പുനരുജ്ജീവനവുമാണ് സാധ്യമാകേണ്ടതെന്ന സന്ദേശമാണ് ഡോക്യുമെന്ററി നല്‍കുന്നത്. കെ.എ ഷാജിയുടെ സംവിധാനത്തിലൊരുങ്ങിയ ഡോക്യുമെന്ററി കടല്‍ത്തീരങ്ങള്‍ കവര്‍ച്ച ചെയ്യപ്പെടുമ്പോഴുണ്ടാകുന്ന പ്രത്യാഘാതങ്ങളുടെ ആഴം വെളിപ്പെടുത്തുന്നു.

Content Highlights: Stolen Shorelines-a deep visual impact story on shorelines of Trivandrum

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022


Priyanka gandhi

1 min

രാഹുല്‍ തയ്യാറല്ലെങ്കില്‍ പ്രിയങ്ക അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന് ചിന്തന്‍ ശിബിരത്തില്‍ ആവശ്യം

May 14, 2022

More from this section
Most Commented