
Representative image
കോഴിക്കോട്: സര്‍ക്കാര്‍ സംരക്ഷണകേന്ദ്രത്തിലെ അന്തേവാസികളായിരുന്ന ഭിന്നശേഷിക്കുട്ടികള്‍ രണ്ടുവര്‍ഷമായി കൊടും കുറ്റവാളികള്‍ക്കൊപ്പം കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍. ഭിന്നശേഷിക്കാരായ കുട്ടികളുടെ, വെള്ളിമാടുകുന്നിലെ സര്‍ക്കാര്‍ കേന്ദ്രത്തില്‍ ആറുവയസ്സുകാരന്‍ കൊല്ലപ്പെട്ട കേസില്‍ ഉള്‍പ്പെട്ട ഇതേ സ്ഥാപനത്തിലെത്തന്നെ ആറുപേരാണ് ഫോറന്‍സിക് സെല്ലില്‍ കുറ്റവാളികള്‍ക്കൊപ്പം കഴിയുന്നത്.
ചികിത്സയിലുള്ള മുതിര്‍ന്ന കൊലക്കേസ് പ്രതികള്‍ ഉള്‍പ്പെടെയുള്ള കുറ്റവാളികള്‍ക്കൊപ്പമാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്. സംഭവത്തില്‍ ഉള്‍പ്പെട്ട കുട്ടികളെല്ലാം 14നും 17നും ഇടയില്‍ പ്രായമുള്ളവരായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത ഇവരെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുമ്പാകെ ഹാജരാക്കിയശേഷം സര്‍ക്കാര്‍ നിരീക്ഷണകേന്ദ്രത്തില്‍ താമസിപ്പിക്കണമെന്നാണ് ചട്ടം.
മാനസികാരോഗ്യകേന്ദ്രത്തില്‍ പാര്‍പ്പിച്ച് ചികിത്സ തുടരേണ്ടവരല്ല കുട്ടികളെന്ന് സൂപ്രണ്ട് ശിശുക്ഷേമസമിതിക്ക് രേഖാമൂലം അറിയിപ്പുനല്‍കി. തുടര്‍ന്ന് ഇവരെ നേരത്തേ താമസിപ്പിച്ചിരുന്ന വെള്ളിമാടുകുന്ന് ഹോം ഫോര്‍ മെന്റലി ഡെഫിഷ്യന്റ് ചില്‍ഡ്രനില്‍ത്തന്നെ (എച്ച്.എം.ഡി.സി.) താമസിപ്പിക്കാന്‍ സൂപ്രണ്ടിനോട് ശിശുക്ഷേമസമിതി നിര്‍ദേശം നല്‍കി. എന്നാല്‍, കുട്ടികള്‍ ഇപ്പോള്‍ 18 വയസ്സ് പൂര്‍ത്തിയായവരാണെന്നും അതിനാല്‍ തിരിച്ചെടുക്കാന്‍ കഴിയില്ലെന്നുമാണ് ഭിന്നശേഷി കുട്ടികള്‍ക്കുള്ള കേന്ദ്രത്തില്‍നിന്ന് സൂപ്രണ്ടിന് കിട്ടിയ മറുപടി.
കുട്ടികളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ശിശുക്ഷേമസമിതി, ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍, ബച്ച്പന്‍ ബച്ചാവോ അന്തോളന്‍ പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്ന് മാനസികാരോഗ്യകേന്ദ്രത്തില്‍ പ്രത്യേക സിറ്റിങ് നടത്തി. കുട്ടികളെ എത്രയും പെട്ടെന്ന് ഉചിതമായ കേന്ദ്രത്തിലേക്ക് പുനരധിവസിപ്പിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു.
ജില്ലാ കളക്ടര്‍, ജില്ലാ സാമൂഹികനീതി ഓഫീസര്‍, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍, സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍, എച്ച്.എം.ഡി.സി. സൂപ്രണ്ട് എന്നിവരെ രേഖാമൂലം ഈ കാര്യം ശിശുക്ഷേമസമിതി അറിയിക്കുകയും ചെയ്തു. എന്നാല്‍, ഈ അധികാരകേന്ദ്രങ്ങളെല്ലാം പരസ്പരം ൈകയൊഴിയുകയാണ്.
രണ്ടുവര്‍ഷവും നാലു മാസവുമായിട്ടും നിയമസഹായംപോലും ലഭിക്കാതെ നിസ്സഹായരായി കഴിയുകയാണിവര്‍. നിയമസഹായം നല്‍കാന്‍ ശിശുക്ഷേമ സമിതി ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി ചേവായൂര്‍ പോലീസ് വ്യാഴാഴ്ച കുറ്റപത്രം കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി(ഒന്ന്)യില്‍ സമര്‍പ്പിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..