സോയി ടെറി ബ്രൗൺ പാവയുമായി കേരളത്തിലെത്തിയപ്പോൾ. അരികിൽ കൂട്ടുകാരി എറിൻ മായോ | ഫോട്ടോ: വി.കെ. അജി
''ഇവളാണ് ഞങ്ങളുടെ പോരാട്ടത്തിന്റെ അടയാളം. വെളുത്തവരുടെ ലോകത്തില്‍ ഞങ്ങള്‍ കറുത്തവരും ഉയരട്ടെ...'' നെഞ്ചോടു ചേര്‍ത്തുപിടിച്ച പാവക്കുട്ടിയെ ചുംബിച്ച് സോയി പറയുന്നു. 15 വയസ്സുകാരി സോയി ടെറിയും 13 വയസ്സുകാരി എറിന്‍ മായോയും വര്‍ണ വിവേചനത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി നിര്‍മിച്ച പാവകളുമായി കേരളത്തിലെത്തുമ്പോള്‍ അതിനു എത്ര കൈയടി നല്‍കിയാലും അധികമാകില്ല. കാരണം വലിയൊരു പോരാട്ടത്തിന്റെ പ്രതീകമാണ് സോയി ടെറി എന്ന അമേരിക്കന്‍ പെണ്‍കുട്ടി.
''രണ്ടാം വയസ്സില്‍ ഒരു വാഹനാപകടത്തില്‍ ഞാന്‍ ശരീരം തളര്‍ന്നു കിടപ്പിലായി. തളര്‍ന്നു പോയ കൈകള്‍ക്കു ചലനശേഷി വീണ്ടെടുക്കാനുള്ള ചികിത്സയുടെ ഭാഗമായി അമ്മ എന്നെ പാവകളുണ്ടാക്കാന്‍ പഠിപ്പിച്ചു. ആറാം വയസ്സിലാണ് സ്‌കൂളില്‍ ചേര്‍ത്തത്. ക്ലാസിലെ ഏക കറുത്തവര്‍ഗക്കാരിയായതിനാല്‍ പലരും എന്നെ കളിയാക്കി. ആ സങ്കടത്തില്‍നിന്നു രക്ഷപ്പെടാന്‍ ഞാന്‍ വീണ്ടും പാവക്കുട്ടികളുണ്ടാക്കി. മനസ്സില്‍ അമര്‍ഷംകൊണ്ടാവാം പാവകള്‍ക്കൊക്കെ ബ്രൗണ്‍ നിറം കൊടുത്തു''- സോയി കറുത്ത പാവക്കുട്ടികളുണ്ടാക്കാന്‍ തുടങ്ങിയ കഥ പറഞ്ഞു.
വര്‍ണവിവേചനത്തിനെതിരേയുള്ള സന്ദേശമായി സോയി ബ്രൗണ്‍ പാവകള്‍ നിര്‍മിച്ചു കുട്ടികള്‍ക്കിടയില്‍ സൗജന്യമായി വിതരണംചെയ്യാന്‍ തുടങ്ങി. പിന്നീട് അതിനായി സോയീസ് ഡോള്‍ എന്ന സ്ഥാപനവും തുടങ്ങി. സ്ഥാപനത്തിന്റെ സി.ഇ.ഒ. ആയി സോയി പ്രവര്‍ത്തിക്കുമ്പോള്‍ മാനേജരുടെ റോളാണ് കൂട്ടുകാരിയായ എറിനുള്ളത്.
ഒന്നാംക്ലാസില്‍ തുടങ്ങിയ പാവനിര്‍മാണം ഇപ്പോള്‍ പത്താംക്ലാസിലെത്തുമ്പോള്‍ സോയി ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സംരംഭകരിലൊരാളാണ്. ടെന്നീസ് താരം സെറീന വില്യംസ് അടക്കമുള്ളവരുടെ പിന്തുണയും കൂടിയായതോടെ സോയി ഇതിനകം 20-ലേറെ രാജ്യങ്ങളിലായി 30,000-ത്തിലേറെ പാവകള്‍ വിതരണം ചെയ്തു കഴിഞ്ഞു. 'സിംപ്ലി സോയി' എന്ന പുസ്തകവും എഴുതി.
എറണാകുളം മലയാറ്റൂരിലെ ആയുര്‍വേദ റിസോര്‍ട്ടില്‍ ചികിത്സയ്‌ക്കെത്തിയ ബന്ധു മുഖേനയാണ് സോയി കേരളത്തെക്കുറിച്ച് കേട്ടറിഞ്ഞ് ഇവിടെയെത്തിയത്. സാരിയുടുത്ത് ഫോട്ടോയ്ക്കു പോസ് ചെയ്യാന്‍ വന്ന സോയി സംസാരത്തിനിടെ ഒരു കാര്യം കൂടി പറഞ്ഞു....
''നിങ്ങളുടെ നാട്ടില്‍ നിറത്തിന്റെ പേരിലുള്ള വിവേചനം കുറവാണെങ്കിലും മറ്റുപല പ്രശ്‌നങ്ങളും ഇപ്പോഴുമുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കിയത്. ഏതു വിവേചനത്തിന്റെ പേരിലായാലും ശരി, കുട്ടികളെ പരിഹസിക്കാനോ ഒറ്റപ്പെടുത്താനോ ശ്രമിക്കരുത്. കാരണം കുട്ടികളുടെ ആത്മവിശ്വാസമാണ് നല്ല നാളെ സൃഷ്ടിക്കുന്നത്''.
Content Highlights: soy makes brown dolls against racial discrimination
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..