വേഷം കെട്ടലല്ല സന്യാസമെന്ന് ധരിച്ച, സിദ്ധികള്‍ പ്രദര്‍ശനത്തിനായി അവതരിപ്പിക്കാത്ത ചട്ടമ്പി സ്വാമി


ജി. സജിത് കുമാര്‍

ഒരുപറ്റം നായ്ക്കളുമൊത്ത് ഉണ്ണാനിരുന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ  ഞെട്ടിച്ച സ്വാമികള്‍. വിദ്യാധിരാജ ചട്ടമ്പിസ്വാമി ജയന്തി ഇന്ന്

ചട്ടമ്പി സ്വാമികൾ

മസ്തജീവജാലങ്ങളെയും ആത്മനിര്‍വിശേഷം പരിഗണിച്ച യോഗി, ജാതിഭേദങ്ങളുടെ വേലിക്കെട്ടിനപ്പുറം നിന്നവരെ മാറോടുചേര്‍ത്ത മനുഷ്യസ്‌നേഹി, അന്ധവിശ്വാസത്തിലധിഷ്ഠിതമായ അനാചാരങ്ങളെ വെല്ലുവിളിച്ച വിപ്ലവകാരി. ഇതെല്ലാമായിരുന്നു വിദ്യാധിരാജ ചട്ടമ്പിസ്വാമികള്‍.

മനുഷ്യര്‍ മാത്രമല്ല ചേരയും അണ്ണാനും എലിയും ഉറുമ്പും തവളയുമൊക്കെ അദ്ദേഹത്തിന്റെ വാത്സല്യപാത്രങ്ങളായിരുന്നു. പലപ്പോഴും ഈ ജീവികള്‍ അദ്ദേഹത്തിന്റെ ദേഹവും കിടക്കയും താവളമാക്കി. പ്രതാപം ബോധ്യപ്പെടുത്താനായി വീട്ടില്‍ വിരുന്നിനു ക്ഷണിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ സ്വാമികള്‍ അമ്പരപ്പിച്ചത് ഒരുപറ്റം നായ്ക്കളുമൊത്ത് ഉണ്ണാനിരുന്നാണ്. വിഷമിക്കാനൊന്നുമില്ല, ഇവരൊക്കെ കഴിഞ്ഞജന്മം സര്‍ക്കാര്‍ ഉദ്യോഗസ്ഥരായിരുന്നു എന്ന് ശക്തമായ ഒരു താക്കീതും നല്‍കിയാണ് അദ്ദേഹം മടങ്ങിയത്.

ജാതിയിലെ ശ്രേഷ്ഠതയല്ല മനുഷ്യന്റെ ശ്രേഷ്ഠതയെന്ന് സ്വാമികള്‍ വിശ്വസിച്ചു. ആര്യാവര്‍ത്തത്തിലെ ചാതുര്‍വര്‍ണ്യത്തിന് കേരളത്തില്‍ ഒരു സ്ഥാനവുമില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ജാതീയമായി താഴേക്കിടയിലുള്ളവര്‍ക്കൊപ്പം ഇരിക്കാനും ആഹാരം കഴിക്കാനും മടിച്ചില്ല. പ്രാചീനകേരളത്തില്‍ ബ്രാഹ്‌മണര്‍ക്കുണ്ടെന്നു കരുതപ്പെട്ട അപ്രമാദിത്വത്തെ അദ്ദേഹം വെല്ലുവിളിച്ചു. പരശുരാമന്‍ മഴുവെറിഞ്ഞു സൃഷ്ടിച്ചതാണ് കേരളമെന്ന ഐതിഹ്യത്തെ പ്രാചീനമലയാളമെന്ന കൃതിയിലൂടെ പൊളിച്ചെഴുതി. ഈശ്വരസൃഷ്ടങ്ങളായ വേദങ്ങള്‍ പഠിക്കാന്‍ ബ്രാഹ്‌മണര്‍ക്കേ അധികാരമുള്ളൂ എന്ന വാദത്തെ വേദോപനിഷത്തുകളെ ആധാരമാക്കിത്തന്നെയാണ് അദ്ദേഹം തിരുത്തിക്കുറിച്ചത്. വേദാധികാര നിരൂപണം എന്ന ഗ്രന്ഥം യാഥാസ്ഥിതികസങ്കല്പങ്ങളില്‍ തീക്കൊള്ളികൊണ്ടു കുത്തുന്ന ഫലമാണുണ്ടാക്കിയത്. എല്ലാവരുടെയും സ്വഭാവത്തെ പരിശുദ്ധമാക്കേണ്ട വേദത്തിന്, ശൂദ്രര്‍ പഠിച്ചാല്‍ മഹിമ കുറയുമെങ്കില്‍ ആ മഹിമ എത്രത്തോളം നിലനില്‍ക്കുമെന്നാണ് സ്വാമി ചോദിച്ചത്. വേഷം കെട്ടലല്ല സന്ന്യാസമെന്നും അദ്ദേഹം ധരിച്ചിരുന്നു.

കാവിവസ്ത്രത്തിനുപകരം വെള്ളമുണ്ടും തോളില്‍ തോര്‍ത്തുമായിരുന്നു വേഷം. സിദ്ധികള്‍ പ്രദര്‍ശനത്തിനുവേണ്ടി അവതരിപ്പിക്കുന്നതും അദ്ദേഹത്തിന്റെ രീതിയല്ലായിരുന്നു. യോഗചര്യകളല്ല ജീവിതവിശുദ്ധിയാണ് പ്രധാനമെന്ന് വിശ്വസിച്ചു.

ബ്രഹ്‌മചാരികള്‍ക്കുമാത്രമല്ല ഗൃഹസ്ഥന്മാര്‍ക്കും സന്ന്യാസചര്യയാകാം എന്നു വിധിച്ചു. സാമൂഹികമായ മാറ്റത്തിന് മൈതാനപ്രസംഗമല്ല ഗൃഹസദസ്സുകളിലെ പ്രഭാഷണമാണ് തന്റെ മാര്‍ഗമായി സ്വീകരിച്ചത്. ജീവകാരുണ്യത്തെയും സദാചാരത്തെയും ജീവിതവിശുദ്ധിയെയും മാനുഷികസമത്വത്തെയും പറ്റിയുമാണ് അദ്ദേഹം പ്രഭാഷണം നടത്തിയത്. ആ ഉദ്ബോധനങ്ങള്‍ കേരളീയ സമൂഹത്തിന്റെ മനഃസാക്ഷിയില്‍ പുരോഗമനചിന്തയുടെ സ്വര്‍ണനൂലിഴകള്‍ പാകി.

ഋഷിയും ജ്ഞാനിയും ആത്മീയാചാര്യനുമായ ചട്ടമ്പിസ്വാമികളുടെ അന്വേഷണബുദ്ധി ചെന്നെത്താത്ത വൈജ്ഞാനികമേഖലകളില്ല. വേദാന്തം, തര്‍ക്കം, തന്ത്രവിദ്യ എന്നിവയില്‍ മാത്രമല്ല സംഗീതം, ചിത്രരചന, പാചകം എന്നിവയിലും അദ്ദേഹത്തിന്റെ അന്വേഷണം വ്യാപരിച്ചു. രാജ്യചരിത്രം, സ്ഥലചരിത്രം, നരവംശചരിത്രം, ഭൂമിശാസ്ത്രം, ജ്യോതിശ്ശാസ്ത്രം, ശരീരശാസ്ത്രം, വൈദ്യശാസ്ത്രം, പരിസ്ഥിതിവിജ്ഞാനം തുടങ്ങി സകലകലകളിലും വിജ്ഞാനശാഖകളിലും അദ്ദേഹം ആഴത്തിലുള്ള അറിവുകള്‍ നേടിയിരുന്നു. പന്മനയിലെ പച്ചപ്പുനിറഞ്ഞ കാവാണ് അദ്ദേഹം സമാധിസ്ഥാനമാക്കാന്‍ തിരഞ്ഞെടുത്തത്.

സ്വാമിയുടെ ബഹുമുഖപ്രതിഭയെ ആറ്റിക്കുറുക്കിയതായിരുന്നു ശ്രീനാരായണഗുരു സമര്‍പ്പിച്ച ചരമശ്ലോകം. സര്‍വജ്ഞന്‍, ഋഷി, സദ്ഗുരു, പരിപൂര്‍ണ കലാനിധി, മഹാപ്രഭു എന്നീ വിശേഷണങ്ങളിലൂടെയാണ് ആ പ്രതിഭയെ തൊട്ടറിഞ്ഞ ഗുരു ആദരിച്ചത്.

Content Highlights: social reformer Chattampi Swamikal jayanthi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


ksrtc

1 min

5.20 കോടി PFI കെട്ടിവെച്ചാല്‍ മാത്രം ജാമ്യം, അബ്ദുള്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം-ഹൈക്കോടതി

Sep 29, 2022

Most Commented