എതിർപ്പ് അവഗണിച്ച് പഞ്ചമിയെ ക്ലാസിലിരുത്തി,കുട്ടികള്‍ ക്ലാസില്‍നിന്ന് ഓടി;പിന്നീടുണ്ടായത് ചരിത്രം


ശ്രീജിത്ത് ഇ.

ഇന്ന് അയ്യങ്കാളി ജയന്തി

പ്രതീകാത്മക ചിത്രം

കീഴ്ജാതിക്കാര്‍ അനുഭവിക്കേണ്ടിവന്ന യാതനകളും വേദനകളും ഒരുപക്ഷേ, കെട്ടുകഥകളേക്കാള്‍ വിചിത്രമായിരിക്കും എന്നാണ് കേരളസമൂഹത്തെ ആഴത്തില്‍ പഠിപ്പിച്ച സാമുവല്‍ മറ്റീര്‍ (1871) അഭിപ്രായപ്പെടുന്നത്. ഇന്നത്തെ സാഹചര്യത്തില്‍ പുലയവിഭാഗത്തില്‍പ്പെട്ട ഒരാള്‍ ഭാവിയില്‍ ഉദ്യോഗസ്ഥനോ, വ്യാപാരിയോ, സ്‌കൂള്‍ അധ്യാപകനോ ആകുമെങ്കില്‍ അത് അവിശ്വസനീയമായ സംഭവമായിരിക്കും എന്നുകൂടി മറ്റീര്‍ പറഞ്ഞുവെക്കുന്നുണ്ട്. തികച്ചും അസാധ്യമെന്നു കരുതിയിരുന്ന ഒരുകാര്യത്തെ അതിവിദൂരമല്ലാത്ത ഒരു കാലത്തുതന്നെ സാധ്യമാക്കിയെടുത്തു എന്ന നിലയിലാണ് അയ്യങ്കാളി കേരളചരിത്രത്തില്‍ ചിരസ്മരണീയനാകുന്നത്.

18 സെന്റിലെ കുടിപ്പള്ളിക്കൂടം

സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടി നടത്തിയ വില്ലുവണ്ടി യാത്രയുടെ (1893) തുടര്‍ച്ചയെന്നോണമാണ് വിദ്യാഭ്യാസരംഗത്ത് അയ്യങ്കാളി ശ്രദ്ധപതിപ്പിക്കുന്നത്. അധഃസ്ഥിത വര്‍ഗങ്ങളുടെ വിദ്യാഭ്യാസത്തെക്കരുതി 19-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ചില പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാന്‍ തിരുവിതാംകൂര്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. കാര്‍ഷികമേഖലയില്‍ അടിമപ്പണിയെടുത്തുകൊണ്ടിരിക്കുന്നവര്‍ വിദ്യാഭ്യാസം വഴി മോചിതരാകുന്നത് സവര്‍ണജന്മിമാര്‍ക്ക് ഹിതകരമായിരുന്നില്ല. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ ഉദ്യമങ്ങള്‍ക്ക് ഫലപ്രാപ്തി ഉണ്ടായതുമില്ല. ഈയൊരു സാഹചര്യത്തില്‍ 1904-ല്‍ വെങ്ങാനൂരിലെ പുതുവല്‍ വിളാകം എന്ന സ്ഥലത്ത് ഒറ്റിയായി വാങ്ങിയ 18 സെന്റ് സ്ഥലത്ത് അയ്യങ്കാളി ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു (പിന്നീട് ആ സ്ഥലം വിലയ്ക്കുവാങ്ങി). തീണ്ടല്‍ജാതിക്കാര്‍ക്കായി അതേ ജാതിക്കാരാല്‍ നിര്‍മിക്കപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ വിദ്യാലയം അതായിരുന്നു എന്ന് കുന്നുകുഴി എസ്. മണിയെപ്പോലുള്ള ഗവേഷകര്‍ അഭിപ്രായപ്പെടുന്നുണ്ട്. എന്നാല്‍, തുടങ്ങിയ ദിനം തന്നെ ആ സ്ഥാപനം സവര്‍ണമാടമ്പിമാരാല്‍ അഗ്‌നിക്കിരയാക്കപ്പെട്ടു. അതേസ്ഥലത്ത് തൊട്ടടുത്ത ദിവസംതന്നെ മറ്റൊന്ന് കെട്ടിപ്പടുക്കാന്‍ അയ്യങ്കാളിക്കും സംഘത്തിനും കഴിഞ്ഞെങ്കിലും സംഘര്‍ഷങ്ങള്‍ അവസാനിക്കാന്‍ സമയമെടുത്തു. സ്‌കൂള്‍ അതിജീവിച്ചു. പുലയസമുദായത്തില്‍പ്പെട്ട രണ്ട് ആശാന്മാര്‍ കുട്ടികളെ അക്ഷരം പഠിപ്പിച്ചു.

പിന്നാക്കക്കാര്‍ക്ക്, പ്രത്യേകിച്ച് പുലയര്‍ക്ക് വിദ്യാഭ്യാസം ലഭിക്കുന്നത് തടയാന്‍ സവര്‍ണമാടമ്പിമാര്‍ കച്ചകെട്ടിയിറങ്ങി. തിരിച്ചടിക്കാന്‍ തയ്യാറായ അയ്യങ്കാളി 'ഞങ്ങളുടെ കുട്ടികളെ പഠിക്കാനനുവദിക്കാത്തപക്ഷം നിങ്ങളുടെ പാടങ്ങളില്‍ മുട്ടിപ്പുല്ല് കിളിര്‍പ്പിക്കു'മെന്ന് സധൈര്യം പ്രഖ്യാപിച്ചു. പറഞ്ഞത് നടത്താനുറച്ച് സെപ്റ്റംബറില്‍ വെങ്ങാനൂര്‍ എലായിലെ നെല്‍പ്പാടങ്ങളിലെത്തി കൃഷിപ്പണികള്‍ പൂര്‍ണമായും നിര്‍ത്തിവെക്കാന്‍ അദ്ദേഹം തൊഴിലാളികളോട് ആവശ്യപ്പെട്ടതോടെ കേരളചരിത്രത്തില്‍ സമാനതകളില്ലാത്ത കാര്‍ഷികസമരത്തിന് പ്രാരംഭംകുറിച്ചു.

സമ്പത്തും അധികാരവും കൈയാളിയിരുന്ന ഭൂവുടമകളോട് ചെറുത്തുനില്‍ക്കാന്‍ കര്‍ഷകത്തൊഴിലാളികള്‍ കഠിനമായി യത്‌നിച്ചു. അവരുടെ കുടുംബങ്ങള്‍ പട്ടിണിയിലായിരുന്നെങ്കിലും സമരഭൂമി സജീവമായിരുന്നു. അയ്യങ്കാളി ആശയപ്രചാരണവുമായി ഗ്രാമങ്ങളില്‍ സഞ്ചരിച്ചു. ആ ധൈഷണികനേതൃത്വത്തിനുകീഴില്‍ സമരസഖാക്കള്‍ അചഞ്ചലരും നിര്‍ഭയരുമായിരുന്നു. തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ ചില പണി ലഭിക്കുന്നതിനും അയ്യങ്കാളി ശ്രമിച്ചിരുന്നു. കാര്‍ഷികസമരം നീണ്ടുപോയതോടെ ജന്മിമാരും പട്ടിണിയുടെ രുചിയറിയാന്‍ തുടങ്ങി. ചിലരെങ്കിലും സ്വയം കൃഷിപ്പണിക്കിറങ്ങിയെങ്കിലും സമ്പൂര്‍ണ പരാജയമായിരുന്നു.

Also Read

അടിമത്തത്തിന്റെ കല്ലുമാല വലിച്ചെറിയാൻ സ്ത്രീകളോടാവശ്യപ്പെട്ടു, ...

In Depth

വില്ലുവണ്ടി തടയാനെത്തിയ മേലാളന്മാർക്ക് ...

ആളിപ്പടർന്ന അയ്യങ്കാളി

സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം നടന്ന മധ്യസ്ഥശ്രമങ്ങള്‍ക്കൊടുവില്‍ അയിത്തജാതിക്കാരുടെ വിദ്യാലയപ്രവേശനത്തെ തടയില്ലെന്ന് താത്കാലികമായെങ്കിലും സമ്മതിക്കാന്‍ ഭൂവുടമകള്‍ നിര്‍ബന്ധിതരായി. 1907-ല്‍ കാര്‍ഷികസമരം അവസാനിച്ചു. അതിനുമുന്നേതന്നെ പുലയര്‍ക്ക് വേണമെങ്കില്‍ ഒരു സ്‌കൂള്‍ സ്ഥാപിച്ച് നടത്താമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. അയ്യങ്കാളി സ്ഥാപിച്ച കുടിപ്പള്ളിക്കൂടം അങ്ങനെ ഔദ്യോഗികസ്വഭാവമുള്ള സ്ഥാപനമായി മാറി (1906). പരമേശ്വരന്‍ പിള്ള എന്ന ഉയര്‍ന്ന ജാതിക്കാരനായിരുന്നു അവിടെ അധ്യാപകന്‍. 1910 മാര്‍ച്ച് ഒന്നാംതീയതി വിദ്യാലയപ്രവേശനത്തെ സംബന്ധിച്ച മറ്റൊരു ഉത്തരവുകൂടി ഇറങ്ങിയിരുന്നെങ്കിലും കാര്യങ്ങള്‍ പഴയ മട്ടില്‍ത്തന്നെ ആയിരുന്നു.

നിശ്ചയദാര്‍ഢ്യത്തിന്റെ ആള്‍രൂപം

1911 ഡിസംബറില്‍ അയ്യങ്കാളി ശ്രീമൂലം പ്രജാസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടു. തന്റെ സഭാപ്രസംഗങ്ങളിലെല്ലാം അധഃകൃതരുടെ വിദ്യാഭ്യാസം ഒരു പ്രധാന വിഷയമായി അദ്ദേഹം അവതരിപ്പിച്ചു. നിരന്തരമായ ശ്രമങ്ങള്‍ക്കൊടുവില്‍ അവര്‍ക്ക് എല്ലാസ്‌കൂളിലും പ്രവേശനം തേടാമെന്ന ഉത്തരവ് നിലവില്‍വന്നു (1914). അതിന്റെ ബലത്തിലും വിദ്യാഭ്യാസഡയറക്ടര്‍ മിച്ചലിന്റെ പ്രത്യേക അനുമതിയുടെ അടിസ്ഥാനത്തിലും ഒതന്നൂര്‍ക്കോണോത്ത് പരമേശ്വരന്റെ മകള്‍ എട്ടുവയസ്സുകാരി പഞ്ചമിയെയും ഒരു വയസ്സിളപ്പമുള്ള സഹോദരന്‍ കൊച്ചുകുട്ടിയെയും കൂട്ടി അയ്യങ്കാളിയും സംഘവും നെയ്യാറ്റിന്‍കര ഊരൂട്ടമ്പലം പെണ്‍പള്ളിക്കൂടത്തിലെത്തി പ്രവേശനം ആവശ്യപ്പെട്ടു. എന്നാല്‍, ഹെഡ്മാസ്റ്റര്‍ വഴങ്ങാന്‍ തയ്യാറായില്ല. അയ്യങ്കാളി ഹെഡ്മാസ്റ്ററെ അവഗണിച്ച് പഞ്ചമിയെ ക്ലാസില്‍കൊണ്ടിരുത്തി. നായര്‍കുട്ടികള്‍ ക്ലാസില്‍നിന്ന് ഓടിപ്പോയി. തുടര്‍ന്ന് വലിയ സംഘട്ടനങ്ങള്‍ നടന്നു.

പഞ്ചമിയുടെ പ്രവേശനംകൊണ്ട് 'അശുദ്ധമായ' വിദ്യാലയം മുമ്പത്തേതുപോലെ, അന്നുരാത്രിതന്നെ അഗ്‌നിക്കിരയാക്കപ്പെട്ടു.

കലാപം വിവിധദിശയിലേക്ക് പടരുകയും ഒരാഴ്ച നീണ്ടുനില്‍ക്കുകയുംചെയ്തു. സമാനമായ കാര്യങ്ങള്‍ വെള്ളിക്കര ചോതിയുടെ നേതൃത്വത്തില്‍ തിരുവല്ലയിലെ പുല്ലാട്ട് മലയാളം മീഡിയം സ്‌കൂളിലും സംഭവിച്ചു.

പഞ്ചമിയുടെ വിദ്യാലയപ്രവേശനത്തിനായി അയ്യങ്കാളി നടത്തിയ ധര്‍മസമരവും തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളും മലയാളവര്‍ഷം 1090-ലാണ് സംഭവിച്ചെന്നതിനാല്‍ തൊണ്ണൂറാമാണ്ട് ലഹള എന്ന് അതറിയപ്പെടുന്നു. ഇക്കാര്യം വിവേകോദയം മാസികയില്‍ 1915 നവംബറില്‍ കുമാരനാശാന്‍ സൂചിപ്പിക്കുന്നുണ്ട്. അയ്യങ്കാളി പഞ്ചമിയുടെ കൈപിടിച്ചുകൊണ്ട് ചരിത്രത്തിലേക്ക് നടന്നുകയറി, കാലം മാറിയെന്ന് ഫ്യൂഡല്‍ മേധാവിത്വത്തെ വ്യക്തമായും ഓര്‍മിപ്പിച്ചുകൊണ്ട്. ഊരൂട്ടമ്പലം ഗവ. യു.പി. സ്‌കൂളിനെ 'മഹാത്മാ അയ്യങ്കാളി പഞ്ചമി മെമ്മോറിയല്‍' എന്ന് പുനര്‍നാമകരണം ചെയ്ത സര്‍ക്കാര്‍നടപടി കേവലം പ്രായശ്ചിത്തം മാത്രമല്ല; ചരിത്രത്തോടുള്ള കടമ നിറവേറ്റല്‍കൂടിയാണ്.

കൊയിലാണ്ടി ഗവ. കോളേജ് ചരിത്രവിഭാഗം അധ്യാപകനാണ് ലേഖകന്‍

Content Highlights: social reformer mahatma Ayyankali's fight, pulaya, education Kerala


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented