.jpg?$p=4b643aa&f=16x10&w=856&q=0.8)
Represntative image
കല്പറ്റ: സര്‍ക്കാരിന്റെ ശ്രുതിമധുരം, കാതോരം പദ്ധതികളില്‍ കോക്ലിയര്‍ ഇംപ്ലാന്റ് ശസ്ത്രക്രിയചെയ്ത കുട്ടികളുടെ കേള്‍വിസഹായികള്‍ അറ്റകുറ്റപ്പണി നടത്താനാവാതെ കേടാവുന്നു. സംസ്ഥാനത്ത് അമ്പതോളം കുട്ടികളുടെ ഉപകരണങ്ങള്‍ പൂര്‍ണമായും കേടായി. ഇതോടെ കേള്‍വിശക്തി നഷ്ടമായ അവസ്ഥയിലാണ് ഈ കുട്ടികള്‍. പാതി കേടായ ഉപകരണവുമായി പകുതികേട്ട് നടക്കുന്ന കുഞ്ഞുങ്ങളുമേറെ.
2500ഓളം കുട്ടികളാണ് പദ്ധതികളിലൂടെ കോക്ലിയര്‍ ഇംപ്ലാന്റ് ചെയ്തത്. ശസ്ത്രക്രിയയ്ക്ക് പുറമേ സ്പീച്ച് തെറാപ്പി ഉള്‍പ്പെടെയുള്ള തുടര്‍ചികിത്സകളും നല്കി. കേള്‍വിസഹായിയുടെ ഏതെങ്കിലും ഒരു ഭാഗം കേടായാല്‍ വലിയ തുക വരുമെന്നതിനാല്‍ പരിപാലനസഹായവും ഏര്‍പ്പെടുത്തിയിരുന്നു. ഇതുപ്രകാരം ഒരു കുട്ടിക്ക് 50,000 രൂപ എന്നതോതില്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ നീക്കിവെക്കണം. ഈ തുക സാമൂഹിക സുരക്ഷാമിഷന് വഴിയാണ് അനുവദിച്ചിരുന്നത്.
പദ്ധതിയുടെ ആദ്യഘട്ടത്തിലുണ്ടായിരുന്ന താത്പര്യം ഇപ്പോള്‍ അധികൃതര്‍ക്കില്ലെന്നാണ് ആക്ഷേപം. തദ്ദേശസ്ഥാപനങ്ങളില്‍ മിക്കതും തുക വകയിരുത്തുന്നില്ല. കുട്ടികളെ ശസ്ത്രക്രിയചെയ്ത ആശുപത്രിയില്‍നിന്ന് സാക്ഷ്യപത്രം വാങ്ങിവേണം സാമൂഹിക സുരക്ഷാമിഷനില്‍ അപേക്ഷിക്കാന്‍. അപേക്ഷിച്ചാല്‍ നടപടികള്‍ പൂര്‍ത്തിയാവാന്‍ മൂന്നുനാലു മാസമെടുക്കും. പണമില്ലെങ്കില്‍ അടുത്ത ഫണ്ട് അലോട്ട്മെന്റ്വരെ കാത്തിരിക്കണം. ഈ കാലതാമസം ഇതുവരെചെയ്ത മുഴുവന്‍ ചികിത്സയെയും അട്ടിമറിക്കുമെന്ന് രക്ഷിതാക്കള്‍ പറയുന്നു.
സംസ്ഥാനത്ത് കോഴിക്കോട്, മലപ്പുറം, എറണാകുളം, തിരുവനന്തപുരം ജില്ലകളിലെ ആശുപത്രികളില്‍ മാത്രമേ ശസ്ത്രക്രിയ നടക്കുന്നുള്ളൂ. സാക്ഷ്യപത്രം വാങ്ങാനും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കിട്ടാനും തുടര്‍ചികിത്സയ്ക്കുമെല്ലാം ഈ കേന്ദ്രങ്ങളെ ആശ്രയിക്കണം. എല്ലാ ജില്ലയിലും സര്‍ക്കാര്‍ ഇ.എന്‍.ടി. വിദഗ്ധരെ പദ്ധതിയുടെ എം.പാനല്‍ ഡോക്ടര്‍മാരായി നിയമിക്കണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും പരിഗണിക്കപ്പെട്ടില്ല.
കുട്ടികള്‍ മാനസികപ്രയാസത്തില്‍
സ്പീച്ച് തെറാപ്പി പൂര്‍ത്തിയാക്കിയതിനാല്‍ കുട്ടികള്‍ക്ക് ആംഗ്യഭാഷ അറിയില്ല. ഉപകരണം കേടായി കേള്‍വിശക്തി പോകുന്നതോടെ മാതാപിതാക്കളോടുപോലും ആശയവിനിമയം നടത്താന്‍ കുട്ടികള്‍ക്കാവുന്നില്ല. ഇത് വലിയ മാനസികപ്രയാസമാണ് കുട്ടികളിലും മാതാപിതാക്കളിലും ഉണ്ടാക്കുന്നത്. രക്ഷിതാക്കളുടെ കൂട്ടായ്മവഴി പരസ്പരം സഹകരിച്ചാണ് ചെറിയ ഉപകരണങ്ങള്‍ സംഘടിപ്പിക്കുന്നത്.- എം. അനില്‍കുമാര്‍, രക്ഷിതാവ്, മീനങ്ങാടി.
പ്രത്യേകഫണ്ട് അനുവദിക്കണം
തദ്ദേശസ്വയംഭരണവകുപ്പിനും സാമൂഹിക സുരക്ഷാമിഷനും ഇടയിലെ ഫയല്ക്കുരുക്കുകളില് കുട്ടികളാണ് പ്രയാസപ്പെടുന്നത്. മൂന്നോ നാലോ മാസം വൈകുമ്പോഴേക്കും അതുവരെചെയ്ത ചികിത്സ വെറുതെയാകും. പദ്ധതിക്കായി ബജറ്റില്‍ പ്രത്യേക ഫണ്ട് വകയിരുത്തണം. പദ്ധതിക്ക് എല്ലാ ജില്ലകളിലും ഡോക്ടര്‍മാര്‍ക്ക് ചുമതലനല്കണം.- നജ്മുദ്ദീന് ഓമശ്ശേരി, സംസ്ഥാന വൈസ് പ്രസിഡന്റ്, കോക്ലിയര്‍ ഇംപ്ലാന്റ് അസോസിയേഷന് ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..