ശ്രുതി ശരണ്യം | Photo-Facebook/facebook.com/shruti.namboodiri.9
സിനിമ മേഖലയില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ രൂപീകരിക്കണമെന്ന ഹൈക്കോടതി വിധി വരും മുമ്പേ തന്റെ സിനിമാ സെറ്റിൽ മാറ്റം കൊണ്ടുവന്ന സംവിധായികയാണ് ശ്രുതി ശരണ്യം. പത്തുവര്‍ഷത്തിലേറെ സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇവർ 'ബി-32 ടു 44' എന്ന തന്റെ ആദ്യ ഫീച്ചർ ഫിലിമിൽ തന്നെ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി രൂപവത്കരിച്ചു കൊണ്ട് നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. ആഭ്യന്തര പരിഹാര സെൽ മാത്രമല്ല, പരിസ്ഥിതി സൗഹൃദ ഷൂട്ടിങ്, അണിയറ പ്രവര്‍ത്തകരായി സ്ത്രീകള്‍ തുടങ്ങീ ഒട്ടേറെ പ്രത്യേകതകളുമായാണ് ഈ ചിത്രത്തിന്റെ നിർമ്മാണം. പരാതി പരിഹാര സെല്‍ രൂപീകരിക്കണമെന്ന ഹൈക്കോടി വിധി വന്നെങ്കിലും അതിനുള്ള നടപടിക്രമങ്ങള്‍ ഇതുവരെയും പൂര്‍ത്തിയായിട്ടില്ല. നിയമം പ്രാബല്യത്തില്‍ വരുന്നതിന് മുമ്പേ അത് നടപ്പാക്കി വ്യത്യസ്തയാവുകയാണ് ശ്രുതിയും സംഘവും.
അനുചിതമായ ചില മാറ്റങ്ങള്‍ക്ക് പുനഃപരിശോധന ആവശ്യമില്ലെന്നിരിക്കെ അനുയോജ്യമായ ഒരു മാറ്റത്തിന് നിയമം നടപ്പാകും വരെ കാക്കേണ്ടതില്ലെന്ന് പറയുന്നു ശ്രുതി. ''ക്യാമറ ഒഴികെ ഈ സിനിമയില്‍ എല്ലാ മേഖലകളും കൈകാര്യം ചെയ്യുന്നത് സ്ത്രീകളാണെന്നതിനാല്‍ സ്ത്രീ സുരക്ഷ അത്രത്തോളം പ്രധാനപ്പെട്ടതാണ്. പ്രശ്ന പരിഹാര കമ്മിറ്റി രൂപപ്പെടാന്‍ അതൊരു നിയമമായി പ്രാബല്യത്തില്‍ വരും വരെ കാക്കണമെന്ന് വിശ്വസിക്കുന്നില്ല'', ശ്രുതി പറയുന്നു

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ അക്രമിക്കപ്പെടുന്ന സംഭവങ്ങള്‍ നിത്യമാകുന്ന കാലത്ത് 90 വര്‍ഷത്തിലേറെയുള്ള പാരമ്പര്യം അവകാശപ്പെടുന്ന മലയാള സിനിമയില്‍ ശ്രുതിയിലൂടെയാണ് മാറ്റത്തിന് നാന്ദി കുറിക്കുന്നത്.
ചീഫ് അസോസിയേറ്റ്, അസിസ്റ്റന്റ്, കോസ്റ്റ്യൂം, മേക്കപ്പ്ആര്ട്ട് എന്നിങ്ങനെ സിനിമയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും സ്ത്രീകളെ അണിനിരത്തിയാണ് ശ്രുതിയുടെ പുതിയ ചിത്രം പ്രേക്ഷകരിലേക്കെത്തുക. ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റി രൂപീകരിക്കണമെന്ന് ശ്രുതി ശരണ്യം അടങ്ങിയ സംഘം നിര്‍മാണ സംഘത്തോട് നേരിട്ട് ആവശ്യപ്പെടുകയായിരുന്നു. നിലവില്‍ ഇത് അംഗീകരിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ലെങ്കിലും ഇതിന് മുമ്പേ ഇത്തരത്തിലൊരു പ്രശ്ന പരിഹാര കമ്മിറ്റി ശ്രുതിയുടെ നേതൃത്വത്തിലുള്ള സംഘം രൂപീകരിച്ചിരുന്നു.
1973 ല്‍ കവിത എന്ന ചിത്രത്തിലൂടെയാണ് ഒരു സ്ത്രീ സംവിധായിക മലയാളത്തിലേക്ക് രംഗ പ്രവേശനം ചെയ്യുന്നത്.
മലയാള സിനിമയുടെ ചരിത്രത്തിലുടനീളം സ്ത്രീകളോടുള്ള വിവേചനവും, ചൂഷണവും പ്രകടമാണെങ്കിലും കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം എല്ലാ വിവേചനങ്ങൾക്കും ശീലങ്ങൾക്കുമെതിരേയുള്ള പോരാട്ടമായി പരിണമിക്കുകയായിരുന്നു.
പരാതി പരിഹാര സെല്ലെന്ന ആശയത്തിന്റെ ക്രെഡിറ്റ് തനിക്ക് മാത്രമല്ലെന്ന് പറയുന്നു ശ്രുതി. ചിത്രത്തിന്റെ അണിയറ പ്രവർത്തകരാണ് ഇന്റേണല്‍ കംപ്ലയിന്റ കമ്മിറ്റി (ഐസിസി) എന്ന ആശയത്തിന് പിന്നില്‍. കേരള സര്‍ക്കാരിന്റെ കള്‍ച്ചറല്‍ അഫെയേഴ്സ് ഡിപ്പാര്‍ട്ട്മെന്റിന്റെ നിര്‍മാണത്തിലാണ് ശ്രുതിയുടെ ചിത്രം ഒരുങ്ങുന്നത്. 80 ശതമാനത്തിലേറെ അണിയറ പ്രവര്‍ത്തകര്‍ സ്ത്രീകളാണ്. തൊഴിലിടങ്ങളില്‍ സുരക്ഷിതത്വം, തുല്യ വേതനം എന്നിവ ഉറപ്പാക്കാനാണ് പരാതി പരിഹാര കമ്മിറ്റിക്ക് രൂപം നല്‍കിയിരിക്കുന്നത്.
"മലയാള സിനിമയില്‍ സ്ത്രീകള്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രങ്ങളില്‍ പോലും വേതനത്തിന്റെ കാര്യത്തില്‍ തുല്യത ഉറപ്പു വരുത്തപ്പെടുന്നില്ല. വാണിജ്യ മൂലം കണക്കാക്കിയാല്‍ പോലും നടന്മാരുടെ താഴെയായിരിക്കും പ്രധാന നടിമാരുടെ വേതനം. പ്രധാന കഥാപാത്രം കൈകാര്യം ചെയ്യുന്ന നടിമാരുടെ അവസ്ഥ ഇതാണെങ്കില്‍ ചെറു വേഷങ്ങളിലൂടെ സിനിമയെ ഉപജീവന മാര്‍ഗമായി കാണുന്നവരുടെ കാര്യം പറയാനുണ്ടോ", ശ്രുതി ചോദിക്കുന്നു.
"ഇത്തരത്തിലുള്ള വിവേചനങ്ങളില്‍ നിന്നുള്ള മോചനം സ്ത്രീകള്‍ക്ക് ഔദാര്യമല്ല, അവകാശമാണ്. 25 ഓളം സ്ത്രീകള്‍ അണിനിരക്കുന്ന ചിത്രങ്ങളിലാണ് പരാതി പരിഹാര സെല്ലുകള്‍ വേണമെന്ന് നിയമം നിഷ്കര്‍ഷിക്കുന്നത്. തന്റെ ചിത്രത്തില്‍ 25 ഓളം സ്ത്രീകളാണ് അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്", ശ്രുതി കൂട്ടിച്ചേർത്തു.
പരിസ്ഥിതി സുസ്ഥിരത
സ്ത്രീ സൗഹാര്‍ദ പരിതസ്ഥിതി മാത്രമല്ല 'സസ്റ്റെയിനബിള്‍ സിനിമ' എന്ന ആശയം കൂടി ചിത്രത്തിൻറെ നിർമ്മാണ വേളയിൽ മുന്നോട്ട് വെയ്ക്കുന്നുണ്ട്. പരമാവധി പ്ലാസ്റ്റിക മാലിന്യ ശബ്ദമലിനീകരണ മുക്തമാക്കിയുള്ള ഷൂട്ടിങ് ആണ്. ഷൂട്ടിങ് ലൊക്കേഷനിലെ പ്ലാസ്റ്റിക്ക് മാലിന്യവും ശബ്ദമലിനീകരണവും ഒഴിവാക്കാന്‍ യാതൊരു തരത്തിലുള്ള നിയന്ത്രണങ്ങളും നിലവിൽ പുലർത്താറില്ല. പ്രധാന വനമേഖലകളിലെ ചിത്രീകരണങ്ങള്‍ക്ക് മാത്രമാണ് ഡെപ്പോസിറ്റ് തുക വാങ്ങി ചിത്രീകരണം അനുവദിക്കുക. എന്നാല്‍ ഇതും മലിനീകരണത്തിന് കാരണമാകാറുണ്ട്. ഇതിൽ നിന്നെല്ലാം വ്യത്യസ്തമായിരിക്കും ശ്രുതിയുടെ ചിത്രം.
പരമാവധി പകല്‍ വെളിച്ചത്തിലായിരിക്കും 'ബി' ചിത്രീകരിക്കുക. വൈദ്യുതി ക്ഷമത ഉള്ള നിശ്ചിതമായ അളവിലുള്ള ലൈറ്റുകളാകും ഉപയോഗിക്കുക.

' സസ്റ്റെയനബിള്‍ സിനിമ എന്ന ആശയം ലോകത്തെവിടെയും കാര്യക്ഷമമായി നടപ്പാക്കുന്നുണ്ടെന്ന് തോന്നുന്നില്ല. പരിസ്ഥിതി സൗഹാര്‍ദ ചുറ്റുപാടാണ് സസ്റ്റെയനബിള്‍ സിനിമയുടെ ലക്ഷ്യം. പലപ്പോഴും ചിത്രീകരണ വേളയിലുണ്ടാവുന്ന മലിനീകരണ പ്രശ്നങ്ങള്‍ അവഗണിക്കപ്പെടുകയാണ്. ചെലവ് ചുരുക്കാനായി ഇത്തരം പരിസ്ഥിതി സൗഹാര്‍ദ ചിതീകരണങ്ങള് നടക്കാറുണ്ട്. എന്നാല്‍ ചെലവ് ചുരുക്കല്‍ അല്ല, പരിസ്ഥിയോടുള്ള പ്രതിബദ്ധത തന്നെയാണ് ഇത്തരത്തിലൊരു രീതി അവലംബിക്കാന്‍ കാരണമെന്നും" ശ്രുതി കൂട്ടിച്ചേര്‍ത്തു.
നിര്‍മാണ വേളയില്‍ പുനരുപയോഗ, ജൈവ ഉത്പന്നങ്ങള്‍ക്കാകും അണിയറ പ്രവര്‍ത്തകര്‍ മുന്‍തൂക്കം നല്‍കുക. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളെ ചിത്രീകരണത്തില്‍ നിന്നും പൂര്‍ണമായി പുറന്തള്ളി. സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കാനായി പ്രൊഡക്ഷന്റെ പൊതുവാഹനങ്ങളാകും ഉപയോഗിക്കുക. എന്തായാലും 'ബി 32 ടു 44' എന്ന സിനിമ വെള്ളിത്തിരയിലെത്തുന്നതോടെ സംഭവിക്കുന്നത് രണ്ട് വിസ്മയങ്ങളാകും. സ്ത്രീ സുരക്ഷിത തൊഴിലിടമെന്ന പ്രതീക്ഷയും പരിസ്ഥിതി സൗഹാര്‍ദ ചുറ്റുപാടെന്ന ആശയവും.
Content Highlights: shruthi sharanyam about the formation of internal complaint committee and sustainable cinema
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..