തിരുവനന്തപുരം: മൈലം ജിവി രാജ സ്‌പോര്‍ട്‌സ് സ്‌കൂളിലെ പ്രിന്‍സിപ്പാൾ ഇന്‍ചാര്‍ജ് സി.എസ് പ്രദീപിനെതിരെ പരാതിയുമായി ജീവനക്കാരി. മൊബൈല്‍ ഫോണ്‍ വഴി അപമര്യാദയായി സംസാരിച്ചുവെന്നും എതിര്‍ത്തതിനാല്‍ മാനസികമായി പീഡിപ്പിക്കുയുമാണെന്നാണ് പരാതി. താന്‍ ഭയന്നിരിക്കുകയാണെന്നും നീതി വേണമെന്നും ഡല്‍ഹി സ്വദേശിനിയായ യുവതി മാതൃഭൂമി ഓണ്‍ലൈനിനോട് പറയുന്നു.

"2021 മാര്‍ച്ചിലാണ് ഇവിടെ ജോലിയില്‍ പ്രവേശിക്കുന്നത്. ഏപ്രില്‍ മുതല്‍ ഫോണില്‍ അപമര്യാദയായി പെരുമാറുകയായിരുന്നു ഇതിനെ ശക്തമായി ഞാന്‍ എതിര്‍ത്തു. ശേഷം ജോലിസ്ഥലത്ത് പലരീതിയില്‍ മാനസികമായി ബുദ്ധിമുട്ടിക്കുകയായിരുന്നു", യുവതി പറയുന്നു.

നവംബര്‍ ഒന്നിനാണ് ഇവര്‍ പരാതി നല്‍കുന്നത്. ഇപ്പോഴും സി.എസ് പ്രദീപ് പ്രിന്‍സിപ്പാള്‍ ഇന്‍ചാര്‍ജാണ്. ഇദ്ദേഹത്തിന് കീഴില്‍ തന്നെ വീണ്ടും ജോലി ചെയ്യേണ്ടി വരുന്നത് ഭയമുണ്ടാക്കുന്നുവെന്നും പരാതിക്കാരി മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

"ഭാഷ പോലും അറിയാതെ ഇത്തരം സാഹചര്യത്തില്‍ നില്‍ക്കുന്നത് ഭയം ജനിപ്പിക്കുന്നുണ്ട്. പോലീസ് നടപടിയെടുക്കുമെന്ന പ്രതീക്ഷയിലാണ് മുന്നോട്ട് പോകുന്നത്", ഇവര്‍ പറയുന്നു. കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ ഉണ്ടായ സംഭവത്തില്‍ സ്‌കൂളില്‍ നിന്ന് സ്ഥലം മാറ്റപ്പെട്ട് തിരികെയെത്തിയ അധ്യാപകനാണ് സി.എസ് പ്രദീപ്

അരുവിക്കര പോലീസ് സ്‌റ്റേഷനിലാണ് പരാതി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കായിക മന്ത്രിക്കും സ്‌പോര്‍ട്‌സ് ഡയറക്ട്രേറ്റിലും യുവതി പരാതി നല്‍കിയിട്ടുണ്ട്.

Content Highlights: Sexual Assault case in GV Raja Sports School Mylam