മഹാബലിപുരത്ത് ശില്പങ്ങൾ കൊത്തുന്ന ലോകനാഥൻ
ചെന്നൈ: ലോക ചെസ് ഒളിമ്പ്യാഡിൽ ഏറെ പ്രതീക്ഷയിലാണ് മഹാബലിപുരത്തെ ശില്പ വ്യാപാരികൾ. കല്ലിലും മാർബിളിലും ശില്പങ്ങൾ തീർത്ത് വിൽപ്പന നടത്തുന്ന നിരവധി പേർ മഹാബലിപുരത്തുണ്ട്. കോവിഡ് വ്യാപനത്തെത്തുടർന്ന് കഴിഞ്ഞ രണ്ടു വർഷമായി ഈ മേഖല വറുതിയിലായിരുന്നു.
ഒളിമ്പ്യാഡ് എത്തിയതോടെ കൂടുതൽ വ്യാപാരം നടക്കുമെന്നാണ് പ്രതീക്ഷ. മഹാബലിപുരത്തെത്തുന്ന വിനോദ സഞ്ചാരികൾ ഒരു ചെറു ശില്പംപോലും വാങ്ങാതെ മടങ്ങുന്നത് അപൂർവമാണ്. കൂടുതലായും ദൈവ വിഗ്രഹങ്ങളാണ് ഇവിടെ തയ്യാറാക്കുന്നത്. കല്ലിൽ കൊത്തിയ ചെറു കാഴ്ചവസ്തുക്കളും ലഭ്യമാണ്.
ഒളിമ്പ്യാഡ് തുടങ്ങിയതോടെ ചെസ് താരങ്ങൾക്കു പുറമെ വിനോദ സഞ്ചാരികളും ധാരാളമായി മഹാബലിപുരത്തേക്ക് ഒഴുകുന്നു. മത്സരം തീരാറാകുമ്പോഴക്കും ശില്പ വിൽപ്പന ഗണ്യമായി ഉയരുമെന്ന് വ്യാപാരികൾ പ്രതീക്ഷിക്കുന്നു. ‘ നേരത്തെത്തന്നെ ശില്പങ്ങൾ വാങ്ങിയാൽ എവിടെ സൂക്ഷിക്കും എന്നതാണ് പ്രശ്നം. ചെറു ശില്പങ്ങൾ കൈയിൽ കരുതാം. വലിയ ശില്പങ്ങൾ ഹോട്ടലുകളിൽ എടുത്തു കൊണ്ടു പോയി പിന്നീട് അവരുടെ നാട്ടിലെത്തിക്കാൻ പ്രയാസമാണ്. അതിനാൽ ഒളിമ്പ്യാഡിന്റെ അവസാന രണ്ടു നാളുകളിലാണ് ഞങ്ങൾക്ക് പ്രതീക്ഷ' -ശില്പ വ്യാപാരി മണികണ്ഠൻ പറയുന്നു.
വിദേശികളെക്കാൾ ആഭ്യന്തര സഞ്ചാരികളെയാണ് ശില്പ വ്യാപാരികൾ പ്രതീക്ഷിക്കുന്നത്. ‘മുമ്പ് വിദേശികൾ ഞങ്ങൾ പറയുന്ന വില നൽകി ശില്പങ്ങൾ വാങ്ങിയിരുന്നു. ഇപ്പോൾ സ്ഥിതി മാറി. വലുപ്പമുള്ള ശില്പങ്ങൾ തങ്ങളുടെ നാട്ടിലെത്തിക്കാനുളള ഭാരിച്ച ചെലവാണ് വിദേശികളെ പിന്തിരിപ്പിക്കുന്നത്. മാത്രമല്ല, ഹിന്ദു ദൈവ വിഗ്രഹങ്ങളോട് അവർക്കു വലിയ പ്രതിപത്തിയില്ല' - മഹാബലിപുരത്തെ ശ്രീ ജയഭാരത് ആർക്കിടെക്റ്റ് എന്ന കടയുടെ ഉടമ ലോകനാഥൻ പറഞ്ഞു
നിരവധി രാജ്യങ്ങളിൽ നിന്നും 2,500-ലധികം പേരാണ് ഒളിമ്പ്യാഡിനായി മഹാബലിപുരത്തും പരിസരത്തും താമസിക്കുന്നത്. ഓഗസ്റ്റ് 10 വരെ അവർ ഇവിടെ കാണും.
ആവശ്യക്കാർക്കു നൽകാനായി ധാരാളം ശില്പങ്ങൾ തങ്ങൾ തയ്യാറാക്കി സൂക്ഷിച്ചിരിക്കുകയാണെന്ന് മായൻ ഹാൻഡ്ക്രാഫ്റ്റ്സിലെ രാജേഷ് പറഞ്ഞു. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ഇടമാണ് മഹാബലിപുരം.
നടരാജ ശില്പങ്ങൾ, ബുദ്ധൻ, ആന, വിവിധ മൃഗങ്ങളുടെ ശില്പങ്ങളും വിവിധ സ്തംഭങ്ങളും കൂടുതൽ വിറ്റുപോകുമെന്നാണ് വ്യാപാരികൾ കരുതുന്നത്.
ചെറുതായെങ്കിലും കയറ്റുമതി ഓർഡറുകളും ലഭിക്കുമെന്നും ശില്പ വ്യാപാരികൾക്കു പ്രതീക്ഷയുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..