.jpg?$p=e790025&f=16x10&w=856&q=0.8)
സ്കോട്ട് മോറിസൺ | Photo-AP
ഓസ്ട്രേലിയന്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പൊതുചര്‍ച്ചയില്‍ ഭിന്നശേഷി വിരുദ്ധ പ്രസ്താവന നടത്തി പ്രധാമന്ത്രി സ്കോട്ട് മോറിസണ്‍. ലേബര്‍ പാര്‍ട്ടി നേതാവ് ആന്തണി ആല്‍ബനീസുമായി നടത്തിയ നേർക്കുനേർ ചര്‍ച്ചയിലാണ് മോറിസൺ വിവാദ പ്രസ്താവന നടത്തിയത്. ചർച്ചയിൽ പങ്കെടുക്കാനെത്തിയ ഓട്ടിസം ബാധിതനായ കുട്ടിയുടെ അമ്മയുടെ ചോദ്യത്തിന് തനിക്ക് ഭിന്നശേഷിക്കാരായ കുട്ടികളില്ലാത്തത് 'അനുഗ്രഹ'മായി തോന്നുവെന്നായിരുന്നു മോറിസന്റെ പ്രതികരണം.
"നാഷണല്‍ ഡിസ്ബിലിറ്റി ഇന്‍ഷുറന്‍സ് സ്കീം പ്രകാരം ലേബര്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ ഭാവിയില്‍ എന്റെ മകന് കൂടി ഉപകാരപ്രദമാകുമെന്ന് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്. ഈ പദ്ധതി പ്രകാരം നിങ്ങളുടെ സര്‍ക്കാരിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ ഏതൊക്കെ വിധമെന്നറിയാന് താത്പര്യമുണ്ട്", മോറിസനോട് കാണികളിലൊരാളായ കാതറിന്റെ ചോദ്യം ഇങ്ങനെയായിരുന്നു. മകന്റെ പേരന്തെന്നായിരുന്നു മോറിസന്റെ മറുചോദ്യം.
ഏഥന് എന്ന് മറുപടി ലഭിച്ച ശേഷമുള്ള സ്കോട്ട് മോറിസന്റെ പ്രതികരണമാണ് എല്ലാവരെയും ഞെട്ടിച്ചത് . "ജെനിയും ഞാനും ഇക്കാര്യത്തില്‍ സന്തുഷ്ടരാണ്. ദൈവാനുഗ്രഹത്താല്‍ ഞങ്ങളുടെ രണ്ട് മകള്‍ക്കും ഭിന്നശേഷി പോലെയുള്ള അവസ്ഥകളിലൂടെ കടന്നു പോകേണ്ടി വന്നിട്ടില്ല.", മോറിസണ്‍ പറഞ്ഞു. ഇത്തരത്തില്‍ ഭിന്നശേഷിക്കാരായ മക്കളുള്ള മാതാപിതാക്കള്‍ അവരില്‍ അര്‍പ്പിച്ചിരിക്കുന്ന പ്രതീക്ഷയും വിശ്വാസവും താന്‍ മനസിലാക്കാന്‍ ശ്രമിക്കാറുണ്ടെന്നും മോറിസണ്‍ കൂട്ടിച്ചേര്‍ത്തു. കാതറിന്റെ ചോദ്യത്തിന് കൃത്യമായി മറുപടി നല്‍കാതെയായിരുന്നു മോറിസന്റെ പ്രതികരണം.
വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ മോറിസനോട് അകലം പാലിക്കുന്ന ചിത്രം ഓസ്ട്രേലിയന്‍ സാമൂഹിക പ്രവര്‍ത്തക ഗ്രേസ് ടേം സ്കോട്ട് ട്വിറ്ററിൽ പങ്ക് വെച്ചു. സ്കോട്ട് മോറിസന്റെ നിരന്തര വിമര്‍ശക കൂടിയാണ് ഗ്രേസ്.
മോറിസണ്‍ സര്‍ക്കാര്‍ ഭിന്നശേഷിക്കാരെ പൂര്‍ണമായും അവഗണിക്കുന്ന നിലപാടുകളാണ് സ്വീകരിക്കുകന്നതെന്നാണ് ഓസ്ട്രേലിയന്‍ ഗ്രീന്‍സ് പാര്‍ട്ടി സെനറ്ററും ഭിന്നശേഷിക്കാരുടെ വക്താവുമായ ജോര്‍ദന്‍ സ്റ്റീൽ-ജോണ്‍ വിമര്‍ശിച്ചത്. എന്നാല്‍ നല്ല ഉദേശ്യത്തോട് കൂടിയായിരുന്നു തന്റെ പ്രസ്താവനയെന്നായിരുന്നു മോറിസന്റെ പ്രതികരണം. വിവാദ പ്രസ്താവന തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..